Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയ്ക്ക് ഒരു രക്തസാക്ഷി; തിരൂർ ചെമ്മണ്ണൂർ ജ്യൂവലേഴ്‌സിനുള്ളിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കത്തിച്ച ഇസ്മായിൽ മരിച്ചു; സ്വർണ്ണക്കട മുതലാളിക്ക് എതിരെ കേസെടുക്കാതിരിക്കാൻ ഗൂഡനീക്കങ്ങൾ; കുടുംബത്തെ സമ്മർദ്ദത്തിലാക്കി സ്വാഭാവിക ആത്മഹത്യയാക്കാൻ നീക്കം

ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയ്ക്ക് ഒരു രക്തസാക്ഷി; തിരൂർ ചെമ്മണ്ണൂർ ജ്യൂവലേഴ്‌സിനുള്ളിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കത്തിച്ച ഇസ്മായിൽ മരിച്ചു; സ്വർണ്ണക്കട മുതലാളിക്ക് എതിരെ കേസെടുക്കാതിരിക്കാൻ ഗൂഡനീക്കങ്ങൾ; കുടുംബത്തെ സമ്മർദ്ദത്തിലാക്കി സ്വാഭാവിക ആത്മഹത്യയാക്കാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരൂരിലെ ചെമ്മണ്ണൂർ ജ്യൂലേഴ്‌സിൽ എത്തി പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. താനൂർ കെ. പുരം പട്ടരുപറമ്പ് സ്വദേശി പട്ടശ്ശേരി ഇസ്മായിൽ (48) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരീരത്തിന്റെ എഴുപത് ശതമാനവും അത്മഹത്യാശ്രമത്തിൽ പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ ചെമ്മണ്ണൂർ ജ്യൂലേഴ്‌സിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാരുണ്യത്തിന്റെ മിശിഹയെന്ന് സ്വയം അവകാശപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ തിരൂർ ഷോറൂമിൽ നിന്നും ആഭരണങ്ങൾ വാങ്ങാൻ തീരുമാനിച്ചതാണ് ഇസ്മായിലിന് വിനയായത്. മുഴുവൻ പണം നൽകിയില്ലെങ്കിലും ചെറിയ സാവകാശത്തിൽ പണം നൽകിയാൽ മതിയെന്ന ജൂവലറിക്കാരുടെ വാഗ്ദാനത്തിൽ ഇസ്മായിൽ വീഴുകയായിരുന്നു. എന്നാൽ, ചെറിയ മാസത്തെ സാവകാശത്തിന്റെ പേരിൽ സ്വർണ്ണത്തിന് വൻതുകയാണ് ഇവർ ഈടാക്കിയത്. പണിക്കൂലിയുടെ പേരിൽ വൻതുക ആഭരണങ്ങൾക്ക് ഈടാക്കിയതോടെയാണ് ഇദ്ദേഹം താൻ അകപ്പെട്ടത് വൻകെണിയിലാണെന്ന് ബോധ്യമായത്. ഒടുവിൽ ജൂവലറിക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് ആത്മഹത്യ ചെയ്യാനായി ഷോറൂമിലെത്തിയത്. തന്റെ വാദങ്ങൾ കടയിലെ ജീവനക്കാർ അംഗീകരിക്കാതെ വന്നതോട് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് കേസുകളും ഇസ്മായിലിനെതിരെ ചുമത്തി. എന്നാൽ കൊള്ളപ്പലിശയ്ക്ക് പണം ഈടാക്കാൻ ശ്രമിച്ചതാണ് പ്രശ്‌നകാരണമെന്ന വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. ഇന്നലെയോടെ കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നു. ഇസ്മായിലിന്റെ കുടുംബത്തിന് വൻതുക വാഗ്ദാനം ചെയ്ത് കേസ് ഒതുക്കാനാണ് ശ്രമം. ഇസ്മായിൽ ഗുരുതരാവസ്ഥയിൽ ആയതിനാൽ കുടുംബം ഒന്നിനോടും പ്രതികരിച്ചില്ല. മരണത്തോടെ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ സ്വാഭാവിക ആത്മഹത്യയാക്കി മുതലാളിയെ രക്ഷിക്കാനും ശ്രമം ഊർജ്ജിതമാണ്. ഇത്രയും സംഭവം നടന്നിട്ടും തിരൂരിലെ കട ഇന്നലെയും മുടക്കം കൂടാതെ പ്രവർത്തിച്ചു.

ഈ വർഷം ഫെബ്രുവരിയിലാണ് മകളുടെ വിവാഹത്തിനായി ഇസ്മായിൽ തിരൂരിലെ ജൂവലറിയുടെ ബ്രാഞ്ചിൽ നിന്നും സ്വർണം വാങ്ങിയത്. ജൂവലറിയുടെ കമ്മീഷൻ ഏജന്റായ സാജിത എന്ന സ്ത്രീ മുഖേനായാണ് അദ്ദേഹം ആഭരണം എടുക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം, അഞ്ച് ലക്ഷത്തോളം രൂപയുടെ സ്വർണം വാങ്ങി. പണം അടക്കാനായി ഏതാനും മാസത്തെ സാവകാശവും നൽകിയിരുന്നു. തുടക്കത്തിൽ മൂന്ന് ലക്ഷത്തി ലഅറുപതിനായിരം രൂപയാണ് നൽകിയത്. എന്നാൽ മുഴുവൻ സ്വർണ്ണത്തിന്റെയും വില അപ്പോൾ നിശ്ചയിക്കാതെ പണം നൽകിയ ആഭരണങ്ങളുടെ വില മാത്രമാണ് രേഖപ്പെടുത്തിയത്. മുഴുവൻ സ്വർണ്ണത്തിന്റെ ബില്ലും നൽകാൻ തയ്യാറായില്ല.

സ്വർണം നൽകുന്നതിന് മുമ്പായി ഇസ്മായിൽ മുദ്രപത്രങ്ങളിൽ ഒപ്പിട്ടു കൊടുത്തിരുന്നു. കൂടാതെ നിയമവിരുദ്ധമായിരുന്നിട്ടും ബ്ലാക് ചെക് ലീഫുകളും ജൂവലറിക്കാർ വാങ്ങിവച്ചു. പിന്നീട് സാമ്പത്തിക ഞെരുക്കത്താൽ നിശ്ചിത തീയതി കഴിഞ്ഞിട്ടും ജൂവലറിക്കാർക്ക് പണം നൽകാൻ സാധിച്ചില്ല. ഇതോടെ അടക്കേണ്ട പണം കുത്തനെ ഉയർത്തുകയാണ് ചെമ്മണ്ണൂർ ജൂവലറിക്കാർ ചെയ്തതെന്നാണ് ഇസ്മായിലിന്റെ ബന്ധുക്കൾ നൽകുന്ന സൂചന. ഇതോടെ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് ഇടപാട് തീർക്കാൻ സാധിക്കാത്ത വിധത്തിലേക്ക് സംഖ്യ വളർന്നു. പണിക്കൂലിയുടെ പേരിലായിരുന്നു ജൂവലറി അമിത തുക ഈടാക്കിയത്. ഈ പണിക്കൂലി അമിതമായി തോതിൽ ഉയർത്തിയതോടെ ഇസ്മായിലിന് എളുപ്പം കടം തീർക്കാൻ സാധിക്കാതെ വന്നു.

ഇതിനിടെ ഇടനിലക്കാരിയായ സാജിതയിൽ നിന്നും ജൂവലറി സ്വർണ്ണാഭരണങ്ങൾ പിടിച്ചുവാങ്ങിയിരുന്നു. ഇസ്മായിൽ പണം അടക്കാത്തതിന്റെ പേരിൽ സാജിതയുടെ പക്കൽ നിന്നും 19 പവനാണ് പിടിച്ചുവാങ്ങിയത്. ഇസ്മയിൽ പണം അടച്ചാൽ മാത്രമേ സ്വർണം വിട്ടുനൽകൂവെന്നാണ് ഇവരോട് ചെമ്മണ്ണൂർ ജൂവലറിക്കാർ പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്ഥലം വിറ്റ് കടം തീർക്കാൻ ഇസ്മയിൽ ശ്രമിച്ചുവരികയായിരുന്നു. ഉമ്മയുടെ പേരിലുള്ള ഭൂമി വിൽക്കാനായിരുന്നു പരിപാടി. ഇക്കാര്യം പറഞ്ഞ് സാവകാശം തേടുകയും ചെയ്തു. എന്നാൽ എളുപ്പത്തിൽ വിൽപ്പന നടക്കാതിരിന്നതും ഇസ്മായിലിനെ പ്രതിരോധത്തിലാക്കി.

ഭൂമിസംബന്ധമായ കാര്യം കൂടി സംസാരിക്കാൻ വേണ്ടിയാണ് ഇസ്മായിൽ ഇന്ന് ജൂവലറിയിൽ എത്തിയത്. എന്നാൽ പണവും ഭൂമിയും നഷ്ടമാകുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിൽപെട്ടാണ് ഇയാൾ ആത്മഹത്യക്ക് തുനിഞ്ഞത്. അതു കൊണ്ട് തന്നെ ന്യായമായും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കടയ്‌ക്കെതിരെ കേസ് എടുക്കേണ്ടതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP