Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും മുൻ ഒല്ലൂർ എംഎൽഎയുമായിരുന്ന എ.എം പരമൻ അന്തരിച്ചു; കൊഴിഞ്ഞു പോയത് തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച നേതാവ്

മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും മുൻ ഒല്ലൂർ എംഎൽഎയുമായിരുന്ന എ.എം പരമൻ അന്തരിച്ചു; കൊഴിഞ്ഞു പോയത് തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച നേതാവ്

തൃശ്ശൂർ: മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും മുൻ ഒല്ലൂർ എംഎൽഎയുമായിരുന്ന എ.എം. പരമൻ അന്തരിച്ചു. 92 വയസ്സായിരുന്നു. 1926 ൽ ഐനി വളപ്പിൽ മാധവന്റേയും ചിറ്റത്തുപറമ്പിൽ ലക്ഷ്മിയുടേയും മകനായി ജനിച്ച അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂർ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളിൽ പ്രമുഖനുമാണ്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

ദീർഘകാലം എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചു വർഷങ്ങളായി പൂങ്കുന്നത്തുള്ള വസതിയിൽ വിശ്രമത്തിലായിരുന്നു. 1987 മുതൽ 1992 വരെ ഒല്ലൂർ അസ്സംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് എം എൽ എ യായിരുന്നു. ദീർഘകാലം തൃശ്ശൂർ മുനിസിപ്പൽ കൗൺസിലറായും സേവനമനുഷ്ഠിച്ച അദ്ദേഹം ജില്ലയിലെ എണ്ണമറ്റ തൊഴിലാളി യൂണിയനുകളുടെ സംഘാടകനും ഭാരവാഹിയുമായിരുന്നു.

തൃശ്ശൂർ സീതാറാം മില്ലിലെ തൊഴിലാളിയായിരിക്കുമ്പോൾ അവിടത്തെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്തു വരുന്നത്. രാജഗോപാൽ മിൽ, വനജാമിൽ, ലക്ഷ്മി മിൽ, അളഗപ്പ ടെക്സ്റ്റയിൽസ്, നാട്ടിക കോട്ടൺ മിൽ, ഓട്ടു കമ്പനിത്തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ നേതാവായിരുന്നു. കൂടാതെ തൃശ്ശൂർ നഗരത്തിലെ ഷോപ് എംപ്ലോയീസ് യൂണിയൻ, ചുമട്ടുതൊഴിലാളി യൂണിയൻ, ഓട് - മൺപാത്ര വ്യവസായം, തഴപ്പായ നെയ്ത്തു, പ്ലാന്റേഷൻ തുടങ്ങി നിരവധി യൂണിയനുകളുടെ നേതാവായിരുന്നു.

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച നേതാവിനെയാണ് എ എം പരമന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. മൃതദേഹം ഇന്ന് മൂന്ന് മണിവരെ സിപിഐ തൃശൂർ ജില്ലാകൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്‌ക്കാരം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP