Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ കെ ബാലചന്ദർ അന്തരിച്ചു; വിട പറഞ്ഞത് രജനീകാന്തിനെയും കമൽഹാസനെയും സിനിമാ ലോകത്ത് കൈപിടിച്ചുയർത്തിയ ഇതിഹാസ വ്യക്തിത്വം

പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ കെ ബാലചന്ദർ അന്തരിച്ചു; വിട പറഞ്ഞത് രജനീകാന്തിനെയും കമൽഹാസനെയും സിനിമാ ലോകത്ത് കൈപിടിച്ചുയർത്തിയ ഇതിഹാസ വ്യക്തിത്വം

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ കെ ബാലചന്ദർ(84) അന്തരിച്ചു. തെന്നിന്ത്യൻ സിനിമാ രംഗത്തെ ഇതിഹാസമായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് വൈകീട്ട് ചെന്നൈയിലായിരുന്നു. മൂത്രാശയത്തിലെ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായി ഒരാഴ്‌ച്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ബാലചന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രജനികാന്തിനേയും കമൽഹാസനേയും തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് കെ.ബാലചന്ദർ. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദിയിലും അദ്ദേഹം സിനിമ സംവിധാനം ചെയ്തിരുന്നു. അദ്ദേഹം 1974ൽ സംവിധാനം ചെയ്ത 'അവൾ ഒരു തുടർക്കഥൈ' എന്ന ചിത്രത്തിലാണ് കമൽഹാസൻ ആദ്യമായി സിനിമയിലെത്തിയത്. ബാലചന്ദറിന്റെ 1975ലെ ചിത്രമായ 'അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു രജനീകാന്തിന്റെ രംഗപ്രവേശം.

നടൻ പ്രകാശ് രാജിനേയും അഭിനയ രംഗത്തേക്ക് കൊണ്ടുവന്നത് ബാലചന്ദറാണ്. 45 വർഷം നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2006ൽ ഇറങ്ങിയ 'പൊയ്' ആണ് അവസാന ചിത്രം. 'അപൂർവ്വ സഹോദരങ്ങൾ' ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ബാലചന്ദർ.

സിനിമയിലേക്ക് തന്നെ കൈപിടിച്ച് ഉയർത്തിയ പ്രിയ സംവിധായകന്റെ രോഗവിവിരമറിഞ്ഞ് കമൽഹാസൻ ഫേസ്‌ബുക്ക് പേജിൽ കുറിപ്പിട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഉത്തമവില്ലന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചൽസിലുള്ള കമൽ, ദിവസങ്ങൾ മുൻപ് അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്നറിയിച്ചിരുന്നു. ഈ കൂടിക്കാഴ്‌ച്ച യാഥാർത്ഥ്യമാകും മുമ്പായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷാചിത്രങ്ങൾക്ക് പുറമേ മലയാളത്തിലും ഹിന്ദിയിലും ഒരോ ചലച്ചിത്രങ്ങളും അദ്ദേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1980ൽ പുറത്തിറങ്ങിയ തിരകൾ എഴുതിയ കാവ്യം ആണ് ബാലചന്ദർ സംവിധാനം ചെയ്ത മലയാള ചിത്രം. 1981ൽ പുറത്തിറങ്ങിയ ഏക് ദൂജേ കേ ലിയേ ആണ് ഹിന്ദിയിൽ സംവിധാനം നിർവഹിച്ച ചിത്രം.

കവിതാലയ പ്രൊഡക്ഷൻസ് എന്ന പേരിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയുമുണ്ട്. ഇന്ത്യൻ സിനിമക്ക്, പ്രത്യേകിച്ച് തമിഴ് സിനിമക്ക് മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം(1987), ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം (2011) തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദർ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത് ഇയക്കുനർ ശിഖരം എന്ന വിളിപ്പേരിലാണ്. അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്രജീവിതത്തിനിടയിൽ ചെറുതും വലുതുമായ നൂറുകണക്കിന് താരങ്ങളെ വാർത്തെടുക്കാൻ ബാലചന്ദറിന് സാധിച്ചു.

1930 ജൂലൈ 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ച ബാലചന്ദർ ചിദംബരത്തെ അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി സുവോളജി ബിരുദം നേടിയ ശേഷം തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയിൽ സ്‌കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1960കളിൽ അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ സൂപ്രണ്ടായി ജോലിചെയ്തുകൊണ്ടിരുന്ന കാലത്താണ് നാടകത്തിലേക്കും സിനിമയിലേക്കും കടക്കുന്നത്.

എം.ജി.ആറിന്റെ ആവശ്യപ്രകാരം ദൈവത്തായി എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് കാൽകുത്തിയത്. 1965ൽ നാണൽ, നീർക്കുമിഴി എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1975ൽ അദ്ദേഹം സംവിധാനം ചെയ്ത അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് കടന്നു വന്നത്. കമൽഹാസനും രജനീകാന്തും തങ്ങളുടെ അഭിനയജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഒന്നിച്ചെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം അദ്ദേഹം അന്തുലേനി കത എന്ന പേരിൽ തെലുങ്കിലും സംവിധാനം ചെയ്തു.

1978ൽ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന ചിത്രത്തിലൂടെ അദ്ദേഹം കമൽഹാസനെ തെലുഗു സിനിമയിൽ അവതരിപ്പിച്ചതും ബാലചന്ദർ ആയിരുന്നു. 1985ൽ സ്വന്തമായി കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത സിന്ധുഭൈരവി ഏറെ ജനപ്രീതി നേടി. 2006ൽ പുറത്തു വന്ന പൊയ്' ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ. കുചേലൻ, തിരുവണ്ണാമലൈ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ കവിതാലയയുടെ ബാനറിൽ ഏറ്റവുമൊടുവിൽ(2008ൽ) പുറത്തിറങ്ങിയത്. ഏതാനും ടെലിവിഷൻ പരമ്പരകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇതിനിടെ രെട്ടൈ ചുഴി എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷമണിഞ്ഞ് അഭിനയരംഗം ബാലചന്ദർ മികവുപുലർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP