Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്മന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു; വിടവാങ്ങുന്നത് ആദ്യ കേരള നിയമസഭയിലെ അംഗം; സൗമ്യ ഇടപെടലുകളിലൂടെ രാഷ്ട്രയത്തിൽ നിറഞ്ഞ സിപിഐയുടെ തലമുതിർന്ന നേതാവിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം; സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

മുന്മന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു; വിടവാങ്ങുന്നത് ആദ്യ കേരള നിയമസഭയിലെ അംഗം; സൗമ്യ ഇടപെടലുകളിലൂടെ രാഷ്ട്രയത്തിൽ നിറഞ്ഞ സിപിഐയുടെ തലമുതിർന്ന നേതാവിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം; സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായർ(90) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു മുൻ മന്ത്രി. വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടർന്നിരുന്നത്. ഇന്ന് പന്ത്രണ്ട് മണിയോടെയായിരുന്നു മരണം. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ശാന്തികവാടത്തിലാണ് സംസ്‌കാരം.

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് 12 മണി മുതൽ കവടിയാറിലെ പണ്ഡിറ്റ് കോളനിയിലുള്ള വസതിയിൽ പൊതുദർശനം. കാലിഫോർണിയയിൽ എൻജിനീയറായ മകൻ ജയചന്ദ്രൻ വെള്ളിയാഴ്ച രാവിലെ എത്തും. ഈ സാഹചര്യത്തിലാണ് സംസ്‌കാരം വെള്ളിയാഴ്ചത്തേയ്ക്ക് നിശ്ചയിച്ചത്.

സിപിഐയുടെ തലമുതിർന്ന നേതാവായിരുന്നു. സൗമ്യവ്യക്തിത്വത്തിന് ഉടമയായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ. രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നപ്പോൾ വിവാദമുണ്ടാക്കാതെ ശ്രദ്ധിച്ച അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ വിവാദമായിരുന്നു. എ. ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബർ രണ്ടിനാണ് ചന്ദ്രശേഖരൻ നായർ ജനിച്ചത്, മനോരമ നായരാണ് ഭാര്യ. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധാനം ചെയ്തത്. സിപിഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയർമാൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

1928 ഡിസംബർ രണ്ടിനാണ് ചന്ദ്രശേഖരൻ നായരുടെ ജനനം. പിതാവ് കൊല്ലം, എഴുകോൺ, ഇടയിലഴികത്ത് ഈശ്വരപിള്ള എന്ന ഈശ്വരപിള്ള വക്കീൽ, ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. കൊല്ലം, ഇരുമ്പനങ്ങാട്, മുട്ടത്തുവയലിൽ മീനാക്ഷിയമ്മയാണ് മാതാവ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ, തൊള്ളായിരത്തി അൻപത്തിരണ്ടിൽ അംഗമായ സഖാവ് ചന്ദ്രശേഖരൻ നായർ, പാർട്ടി കൊട്ടാരക്കര ടൗൺ സെൽ സെക്രട്ടറി, ലോക്കൽ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, ദേശീയ കൺട്രോൾ കമ്മിഷൻ അംഗം, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

തൊള്ളായിരത്തി അൻപത്തിയേഴിലും അറുപത്തിയേഴിലും കൊട്ടാരക്കരയിൽ നിന്നും എഴുപത്തിയേഴിലും എൺപതിലും ചടയമംഗലത്തുനിന്നും എൺപത്തിയേഴിൽ പത്തനാപുരത്തുനിന്നും തൊണ്ണൂറ്റിആറിൽ കരുനാഗപള്ളിയിൽ നിന്നുമടക്കം പത്തൊൻപത് വർഷം കേരള നിയമസഭയിൽ അംഗമായിരുന്നു. മുഖ്യമന്ത്രി സി അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് തൊള്ളായിരത്തി എഴുപതിൽ കൊട്ടാരക്കരയിൽ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു. തൊള്ളായിരത്തിഅൻപത്തിയേഴിൽ ഒന്നാം കേരള നിയമസഭയിൽ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. അറുപത്തിയേഴിൽ മൂന്നാം കേരള നിയമസഭയിൽ ഭൂപരിഷ്‌കരണ ബില്ലിന്റെയും സർവകലാശാലാ ബില്ലിന്റെയും സെലക്ട് കമ്മിറ്റി അംഗമായിരുന്നു.

1980-81ൽ ഭക്ഷ്യപൊതുവിതരണ ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി. 1987-91ൽ ഭക്ഷ്യപൊതുവിതരണംമൃഗസംരക്ഷണംക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായി. 1996-2001ൽ ഭക്ഷ്യപൊതുവിതരണംഉപഭോക്തൃകാര്യംവിനോദസഞ്ചാര വികസനം നിയമം മൃഗസംരക്ഷണം ക്ഷീരവികസനം ക്ഷീരവികസന സഹകരണസംഘങ്ങൾ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. കേരളവികസന മാതൃക ഇനി എങ്ങോട്ട്? ഹിന്ദുമതം, ഹിന്ദുത്വം, ചിതറിയ ഓർമകൾ, മറക്കാത്ത ഓർമകൾ എന്നീ പുസ്തകങ്ങളുടെ കർത്താവാണ്. ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാഡമിയുടെ കെ ആർ നമ്പൂതിരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

'ജനയുഗ'ത്തിന്റെ മാനേജിങ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന ചന്ദ്രശേഖരൻ നായർ, 2007 മുതൽ ജനയുഗം ദിനപത്രത്തിൽ 'ഇടപെടൽ' എന്ന പംക്തി എഴുതുന്നു. മലയാള മനോരമ ദിനപത്രത്തിലും കുറച്ചുകാലം ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു. ഭാര്യ മനോരമ നായർ റിട്ട.ഹെഡ്‌മിസ്ട്രസ് ആണ്. ഗീതയും ജയചന്ദ്രനുമാണ് മക്കൾ. ഗീതയുടെ ഭർത്താവ് മുൻ ലേബർ കമ്മിഷണർ സി.രഘുവാണ്. കാലിഫോർണിയയിൽ എഞ്ചിനീയറായ മകൻ ജയചന്ദ്രന്റെ ഭാര്യ ലക്ഷ്മി കാലിഫോർണിയയിൽ ഹൃദ്രോഗ വിദഗ്ധയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP