Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കെ ഇ മാമൻ അന്തരിച്ചു; അന്ത്യം നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ; വിട പറഞ്ഞത് വാർദ്ധക്യത്തിന്റെ അവശതകൾ മറന്നും പൊതുവിഷയങ്ങളിൽ ഇടപെട്ട് പുതുതലമുറയ്ക്ക് പ്രചോദനമായ വ്യക്തിത്വം

സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കെ ഇ മാമൻ അന്തരിച്ചു; അന്ത്യം നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ;  വിട പറഞ്ഞത് വാർദ്ധക്യത്തിന്റെ അവശതകൾ മറന്നും പൊതുവിഷയങ്ങളിൽ ഇടപെട്ട് പുതുതലമുറയ്ക്ക് പ്രചോദനമായ വ്യക്തിത്വം

തിരുവനന്തപുരം: കേരളത്തിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയായ കെ ഇ മാമൻ അന്തരിച്ചു. 97 വയസ്സായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പക്ഷാഘാതം, വാർധക്യ സഹജമായ രോഗങ്ങളുമാണ് മരണകാരണം. ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് അദ്ദേഹത്തിലേക്ക് മാറ്റിയത്.

നാല് വർഷത്തോളമായി നെയ്യാറ്റിൻകരയിലെ ഈ ആശുപത്രി അധികൃതരുടെ പരിചരണയിൽ കഴിയവേയാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. 1921ൽ ജനിച്ച് അദ്ദേഹം കോളേജ് വിദ്യാഭ്യാസ കാലത്താണ് സ്വാതന്ത്ര്യസമര സേനാനിയായത്. ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തിരുന്നു. പൊതു രംഗത്ത് സജീവമായി നിന്ന വ്യക്തിത്വമാണ് അദ്ദേഹം. പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മാമനെ എല്ലാവർക്കും പരിചിതമായ വ്യക്തിത്വമാണ്.

കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മൻ, ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. അവിവാഹിതനാണ്. കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനാണ് ഈപ്പൻ മാമ്മൻ എന്ന പേരിൽ അറിയപ്പെടുന്ന കെ ഇ മാമൻ. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു കെ ഇ മാമന്റെ വീട്. തിരുവനന്തപുരം ആർട്സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ട്രാവൻകൂർ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രസിഡന്റായി അദ്ദേഹം. കോട്ടയം തിരുനക്കരയിൽ നടന്ന യോഗത്തിൽ സ്വാതന്ത്ര്യസമരത്തിനായി വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തതിന്റെ പേരിൽ ലോക്കപ്പിലടച്ചു.

കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന് മുന്നിൽ നിന്ന സി.കേശവന്റെ പ്രസംഗങ്ങൾ കേട്ടാണ് കെ ഇ മാമൻ പൊതുരംഗത്തേക്ക് ഇറങ്ങഇയത്. പൊതുരംഗത്തെ തീപ്പൊരി നേതാവായി മാറിയതോടെ തിരുവിതാംകൂറിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പോലും സർ സിപി, മാമ്മനെ അനുവദിച്ചില്ല. ഇതിനിടെയാണ് തിരുവനന്തപുരം ആർട്സ് കോളജിൽ നടന്ന യോഗത്തിൽ സർ സിപിക്കെതിരെ മാമ്മൻ ആഞ്ഞടിച്ചത്. അതോടെ കോളജിൽനിന്ന് പുറത്താക്കപ്പെട്ടു. തുടർപഠനത്തിന് എറണാകുളം മഹാരാജാസിൽ ശ്രമിച്ചെങ്കിലും അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ തിരുവിതാംകൂറിനു പുറത്തുള്ള തൃശൂർ സെന്റ് തോമസ് കോളജിൽ പഠിച്ച് ഇന്റർമീഡിയറ്റ് പൂർത്തീകരിച്ചു. 1940ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിനു ചേർന്നു.

എന്നാൽ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതോടെ അവിടെനിന്നും പുറത്താക്കപ്പെട്ടു. പുറത്താക്കുമ്പോൾ സ്‌കോട്ട്ലൻഡുകാരനായ പ്രിൻസിപ്പൽ റവ. ബോയിഡ് പറഞ്ഞു: നിന്റെ ധൈര്യത്തെയും രാജ്യസ്നേഹത്തെയും ഞാൻ അനുമോദിക്കുന്നു. പക്ഷേ കോളജിൽ നിന്ന് പുറത്താക്കാതെ നിവൃത്തിയില്ല. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് രാജ്യമെങ്ങും യുവാക്കൾ പഠനമുപേക്ഷിച്ച് രാജ്യത്തിന്റെ മോചനത്തിനു വേണ്ടി ഇറങ്ങുന്ന കാലമായിരുന്നു അത്. അന്നത്തെ ആയിരങ്ങൾക്കൊപ്പം ചേരാനായിരുന്നു കോളജിൽ നിന്ന് പുറത്തായ മാമ്മന്റെയും തീരുമാനം. 1943ൽ നാട്ടിൽ തിരിച്ചെത്തി ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഇരുപത്തിരണ്ടാം വയസിൽ താമസം തിരുവല്ലയിലേക്ക് മാറ്റി. തുടർന്ന് തിരുവല്ലയും കോട്ടയവുമായിരുന്നു ദീർഘകാലം പ്രവർത്തനകേന്ദ്രം. 1996ലാണ് വീണ്ടും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

ജീവിതത്തിന്റെ അവസാന കാലം മുഴുവൻ അദ്ദേഹം കഴിച്ചു കൂട്ടിയത് നിംസിലെ ആശുപത്രി മുറിയിലായിരുന്നു. നാല് വർഷത്തോളം അദ്ദേഹ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെ സ്യൂട്ട് മുറിയിൽ കഴിച്ചു കൂട്ടി. ആശുപത്രി കിടക്കയിൽ ഇരിക്കുമ്പോഴും പൊതുരംഗത്ത് സജീവമായി ഇടപെട്ടിരുന്നു അദ്ദേഹം. അഴിമതിയോട് സന്ധിയില്ലാ സമരം നടത്തിയിരുന്നു കെ ഇ മാമൻ.

താൻ ശക്തമായി പ്രതികരിക്കുന്നതു കൊണ്ട് വേണമെങ്കിൽ എന്റെ സ്വാതന്ത്ര്യ സമര പെൻഷൻ കട്ട് ചെയ്തോട്ടെ എന്ന് പോലും അദ്ദേഹം പറയുമായിരുന്നു. സിസ്റ്റർ അഭയയുടെ കേസ് എന്തായി. ആ കൊച്ചു പെൺകുട്ടിയെ അച്ചന്മാർ തല്ലിക്കൊന്നു കിണറ്റിൽ ഇട്ടില്ലേ. പഠിച്ചു കൊണ്ടിരിക്കയല്ലേ ആ കൊച്ചിന് അങ്ങിനെ സംഭവിച്ചത്. കാണാൻ പാടില്ലാത്തത് കണ്ടു എന്നതാണ് ആ കുട്ടിക്ക് സംഭവിച്ച ദുർഗതിക്ക് കാരണം. കൊന്നു കളഞ്ഞില്ലേ ആ കുട്ടിയേ. അതും ജീവിതമറിയാൻ തുടങ്ങിയിട്ട് പോലുമില്ലാത്ത കൊച്ചു പ്രായത്തിൽ. ആ കേസിന് എന്താണ് സംഭവിക്കുന്നത്. അഭയയെ കൊന്നവർ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയല്ലേ. ഇവിടെ ഇതിന്നെതിരായി ശബ്ദങ്ങൾ ഉയരാത്തതെന്ത്? - അദ്ദേഹം ആശുപത്രി കിടക്കയിൽ കിടന്ന് ഈ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP