Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്ര മാറ്റിയിട്ടാലും മേൽക്കൂര തകർത്ത് അകത്തു കയറും; ഉണ്ടാക്കി വെക്കുന്ന ഭക്ഷണങ്ങളും തുണികളും വരെ കൊണ്ടു പോകും; പണി കഴിഞ്ഞു മടങ്ങുന്ന മകന് പല ദിവസങ്ങളിലും പട്ടിണി: വാനരക്കൂട്ടത്തിന്റെ ആക്രമണം സഹിക്കാനാവാതെ വെള്ളറടയിൽ വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചതിന് ഉത്തരവാദിയാര്?

എത്ര മാറ്റിയിട്ടാലും മേൽക്കൂര തകർത്ത് അകത്തു കയറും; ഉണ്ടാക്കി വെക്കുന്ന ഭക്ഷണങ്ങളും തുണികളും വരെ കൊണ്ടു പോകും; പണി കഴിഞ്ഞു മടങ്ങുന്ന മകന് പല ദിവസങ്ങളിലും പട്ടിണി: വാനരക്കൂട്ടത്തിന്റെ ആക്രമണം സഹിക്കാനാവാതെ വെള്ളറടയിൽ വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചതിന് ഉത്തരവാദിയാര്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചില നിമിഷങ്ങളിൽ എത്ര ധീരത ഉള്ളവരാണെങ്കിലും തീർത്തും നിസ്സഹായരാകുന്ന അവസ്ഥയുണ്ടാകും. നിരാശയുടെ പടുകുഴിയിൽ എത്തുന്ന ആ ഘട്ടത്തിൽ മരണത്തെ പുൽക്കുന്നവരാണ് ഏറെയും. നിരാശയുടെ പടുകുഴിയിലിൽ ജീവിച്ച് പൊരുതി മടുത്ത ഒരു വീട്ടമ്മ വെള്ളറടയിൽ ആത്മാഹത്യ ചെയ്തു. ആ വീട്ടമ്മയുടെ എതിരാളികളായിരുന്നത് വാനരസേനയാണ്. ജീവിതത്തിൽ വിടാതെ പിന്തുടർന്ന വാനരകൂട്ടത്തിനോട് പൊരുതി മനം മടുത്ത് ആസിഡ് കഴിച്ചാണ് നിസ്സഹായയായ വീട്ടമ്മ ജീവനൊടുക്കിയത്. വെള്ളറട കത്തിപ്പാറ കളത്തൂർ കൊമ്പാടി തെക്കേക്കര വീട്ടിൽ പരേതനായ മുത്തയ്യന്റെ ഭാര്യ പുഷ്പാഭായി (52) ദാരുണമായ വിധത്തിൽ മരണത്തെ പുൽകിയത്.

തൊഴിലുറപ്പു പദ്ധതി തൊഴിലാളിയായിരുന്നു പുഷ്പ്പഭായി. ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തിയ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുരങ്ങുകൾ ജീവിക്കാനനുവദിക്കുന്നില്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും ആശുപത്രിയിൽ ഡോക്ടറോടു വ്യക്തമാക്കിയതായി ബന്ധുക്കൾ പറഞ്ഞു.

കൂനിച്ചികൊണ്ടകെട്ടി മലനിരകളുടെ അടിവാരത്തോടടുത്താണു പുഷ്പാഭായിയുടെ വീട്. ചുറ്റും റബർതോട്ടങ്ങളാണ്. സമീപവാസികളിൽ ചിലർ വാനരശല്യത്തിൽ സഹികെട്ടു താമസം മാറിയിരുന്നു. സുരക്ഷിതമായ വീടല്ല പുഷ്പാഭായിയുടേത്. പുതിയ വീടു നിർമ്മിക്കാൻ ധനസഹായത്തിനു പലവട്ടം അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. ഭർത്താവ് മുത്തയ്യൻ മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ടു കഴിഞ്ഞ മാർച്ച് 22ന് ആണു മരിച്ചത്. പകൽ വീട്ടിലാരും ഉണ്ടാകാറില്ല.

മിക്ക ദിവസവും പുഷ്പഭായി ജോലി കഴിഞ്ഞു വരുമ്പോഴേക്കും വീടിന്റെ മേൽക്കൂരയിൽ പാകിയിരുന്ന ആസ്ബസ്റ്റോസ് ഉണ്ടാകില്ല. ഷീറ്റുകൾ പലവട്ടം കുരങ്ങന്മാർ തകർത്തിരുന്നു. ഉള്ളിലിറങ്ങുന്ന വാനരക്കൂട്ടം വീട്ടുസാധനങ്ങൾ നശിപ്പിച്ചാണു മടങ്ങാറുള്ളത്. പാകംചെയ്തു വയ്ക്കുന്ന ആഹാരം തട്ടികമഴ്‌ത്തുന്നതും പതിവായിരുന്നു. പുഷ്പാഭായി തൊഴിലുറപ്പു ജോലി കഴിഞ്ഞെത്തുമ്പോൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരിക്കും. ഇങ്ങനെ എല്ലാ ദിവസവും വാനരന്മാരുടെ ആക്രമണത്തിൽ ജീവിതം തന്നെ ദുസ്സഹമായിരുന്നു ഇവരുടെ.

നിർമ്മാണ തൊഴിലാളിയായ മകനു രാത്രി ഭക്ഷണം നൽകാനും കഴിഞ്ഞിരുന്നില്ല. അരിയും പലവ്യഞ്ജനങ്ങളും വലിച്ചെറിഞ്ഞു നശിപ്പിക്കുന്ന വാനരക്കൂട്ടം തുണികളും വീട്ടുപകരണങ്ങളും എടുത്തുകൊണ്ടു പോകും. വിരട്ടിയോടിക്കാൻ ശ്രമിച്ചാൽ അക്രമാസക്തരാകുന്ന അവസ്ഥയുമാകും. വന്യമൃഗമെന്ന പരിഗണന ഉള്ളതിനാൽ ഇവയെ തുരത്തിയോടിക്കാൻ നാട്ടുകാർക്കു ഭയമാണ്. വ്യാഴാഴ്ചയും പുഷ്പാഭായി ജോലികഴിഞ്ഞെത്തിയപ്പോൾ ആഹാരമെല്ലാം നശിപ്പിച്ച നിലയിലായിരുന്നു. ഇന്നലെ പുഷ്പാഭായി പണിക്കു പോയില്ല. രാവിലെ അയൽവാസിയോടു കുരങ്ങന്മാർ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ഒരാഴ്ചയായി കുരങ്ങന്മാർ എല്ലാം നശിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പുഷ്പയെ വീട്ടിൽ ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തിയത്. സംസ്‌കാരം നടത്തി. മക്കൾ: റീജ, റിജു. മരുമകൻ: ഷൈജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP