Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമ്പത്ത് എംപിയുടെ അച്ഛനും മുതിർന്ന സിപിഐ(എം) നേതാവുമായ കെ അനിരുദ്ധൻ അന്തരിച്ചു; വിടവാങ്ങിയത് ജയിലിൽ കിടന്ന് ആർ ശങ്കറെ അട്ടിമറിച്ച ജയന്റ് കില്ലർ

സമ്പത്ത് എംപിയുടെ അച്ഛനും മുതിർന്ന സിപിഐ(എം) നേതാവുമായ കെ അനിരുദ്ധൻ അന്തരിച്ചു; വിടവാങ്ങിയത് ജയിലിൽ കിടന്ന് ആർ ശങ്കറെ അട്ടിമറിച്ച ജയന്റ് കില്ലർ

തിരുവനന്തപുരം: മുതിർന്ന സിപിഐ(എം) നേതാവും മുൻ എംഎ‍ൽഎയുമായ കെ. അനിരുദ്ധൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 1963ലെ രണ്ടാം നിയമസഭയിൽ അംഗമായിരുന്നു. ട്രേഡ് യൂനിയൻ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന അനിരുദ്ധൻ തിരുവനന്തപുരത്ത് ഇടതുപക്ഷത്തെ കരുത്തനായ നേതാവായിരുന്നു. ഭാര്യ ഗവ. വിമൺസ് കോളജ് മുൻ അദ്ധ്യാപിക പ്രൊഫ. കെ. സുധർമ. മൃതദേഹം പകൽ 11വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിലും ഒരു മണിക്കൂറിന് ശേഷം വിജെടി ഹാളിലും പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ.

വഴുതയ്ക്കാട്ട് മിഞ്ചിൻ റോഡിലെ സ്വവസതിയായ 'ഗ്രേസ് കോട്ടേജിൽ' ഞായറാഴ്ച രാത്രി 11.40ഓടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ സുധർമയും മക്കളായ എ.സമ്പത്ത് എംപി.യും എ.കസ്തൂരിയും സമീപത്തുണ്ടായിരുന്നു. 1963ലെ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭാ സാമാജികനായ അദ്ദേഹം, 1967ൽ എംപി.യുമായി. അന്ന് മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയ്‌ക്കെതിരായി അവിഭക്ത സിപിഐ. സ്ഥാനാർത്ഥിയായി കെ.അനിരുദ്ധൻ നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ചു. പിന്നീട്, പട്ടം ഗവർണറായി നിയമിതനായതിനെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് അനിരുദ്ധൻ നിയമസഭാംഗമായി. 1965ൽ ജയിലിൽ കിടന്നുകൊണ്ടാണ് മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറിനെതിരെ ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഐ(എം). സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. അതോടെ അനിരുദ്ധനെ 'ജയന്റ് കില്ലർ' എന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചു. 1967 ചിറയിൻകീഴ് പാർലമെന്റ് മണ്ഡലത്തിലും ആർ ശങ്കറെ പരാജയപ്പെടുത്തി.

തിരുവനന്തപുരത്ത് പൊട്ടക്കുഴിയിൽ കൃഷ്ണൻ കോൺട്രാക്ടറുടെയും ചക്കി ഭഗവതിയുടെയും മകനായി 1924 സെപ്റ്റംബർ എട്ടിനാണ് അനിരുദ്ധന്റെ ജനനം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂൾ, എസ്എംവി സ്‌കൂൾ, കന്യാകുമാരി ജില്ലയിലെ കോട്ടാർ കവി മണി ദേശികവിനായകം പിള്ളൈ സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യഭ്യാസം. സ്വാതന്ത്യ്‌ര സമരത്തിൽ പങ്കെടുത്തതിന് സെന്റ് ജോസഫ്‌സ് സ്‌കൂളിൽനിന്നും എസ്എംവി സ്‌കൂളിൽനിന്നും പുറത്താക്കി. കോട്ടാർ സ്‌കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടി. സർ സി പി രാമസ്വാമി അയ്യർക്കെതിരെ വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകിയതിനെത്തുടർന്ന് പൊലീസിന്റെ നോട്ടപ്പുള്ളിയായി.

79ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥിയായി വിജയിച്ചു. 80ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. 89ൽ തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ പ്രഥമ പ്രസിഡന്റായി. 1965-66 ലും 1975ലെ അടിയന്തരാവസ്ഥക്കാലത്തും ട്രാൻസ്‌പോർട്ട് സമരം, മിച്ചഭൂമിസമരം എന്നിവയിൽ പങ്കെടുത്തതിനുൾപ്പെടെ ആറു വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചു. നിരവധി തവണ പൊലീസ്, ഗുണ്ടാ മർദനങ്ങളേറ്റുവാങ്ങി. ഇലക്ട്രിസിറ്റി, ട്രാൻസ്‌പോർട്ട്, പ്രൈവറ്റ് മോട്ടോർ, പ്രസ് മുതലായ മേഖലകളിലെ യൂണിയനുകൾ കെട്ടിപ്പടുത്തു. സിഐടിയു രൂപീകരിച്ചതുമുതൽ തലസ്ഥാന ജില്ലയിലും, സംസ്ഥാനത്തും വിവിധ യൂണിയനുകൾക്ക് നേതൃത്വം നൽകി.

തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ച വിശ്വമേഖലയുടെയും വിശ്വകേരളത്തിന്റെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. മരണ വിവരമറിഞ്ഞ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP