Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്കരക്കാഴ്‌ച്ചയിലെ വൈദികൻ സിനിമാ ഷൂട്ടിങ് കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വച്ച് ഹൃദയാഘാതത്താൽ മരിച്ചു; അന്തരിച്ച ജോസഫ് ന്യൂയോർക്കിലെ എസ്‌ബിഐ ഉദ്യോഗസ്ഥൻ

അക്കരക്കാഴ്‌ച്ചയിലെ വൈദികൻ സിനിമാ ഷൂട്ടിങ് കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വച്ച് ഹൃദയാഘാതത്താൽ മരിച്ചു; അന്തരിച്ച ജോസഫ് ന്യൂയോർക്കിലെ എസ്‌ബിഐ ഉദ്യോഗസ്ഥൻ

ന്യൂജേഴ്‌സി: പ്രവാസി മലയാളികളുടെ ജീവിതകഥ അക്കരക്കാഴ്‌ച്ചകൾ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സീരിയൽ നടൻ അന്തരിച്ചു. ജോസഫ് മാത്യു കുറ്റോലമഠം(61)മാണ് വിമാനയാത്രക്കിടെ ഉണ്ടായ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ നിന്ന് ഷാർലറ്റിലേക്ക് മടങ്ങുമ്പോൾ വിമാനത്തിൽ വച്ചാണ് മരണം. അക്കര കാഴ്ചകൾ എന്ന സീരിയലിലൂടെയാണ് ജോസഫ് മാത്യു ശ്രദ്ധേയനായത്. വൈദികന്റെ വേഷമായിരുന്നു ഈ സീരിയലിൽ ഇദ്ദേഹത്തിന്.

അക്കരക്കാഴ്ചകൾ സംവിധാനം ചെയ്ത അബി വർഗ്ഗീസിന്റെ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ വേളയിലാണ് ജോസഫ് മാത്യു മരണപ്പെട്ടത്. ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിലെ നായകൻ. ഷാർലറ്റിലേക്കു മടങ്ങവേയാണ് ഹൃദയാഘാതമുണ്ടായത്. വിമാനത്തിലെ ഡോക്ടർമാർ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ന്യൂജേഴ്‌സിയിലെ സർഗാത്മക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ജോസഫ് മാത്യു നാടക കൂട്ടായ്മകളിലും സജീവമായിരുന്നു. കഴിഞ്ഞ ഒക്‌ടോബറിൽ ന്യൂജഴ്‌സിയിൽ ഫൈൻ ആർട്‌സ് മലയാളം തിയ്യേറ്റർ അവതരിപ്പിച്ച മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകത്തിന്റെ പ്രൊഡ്യൂസറായും ഫൈൻ ആർട്‌സ് മുൻ പ്രസിഡന്റ് കൂടിയായ ജോസഫ് മാത്യൂ കുറ്റോലമഠം പ്രവർത്തിച്ചിരുന്നു. ന്യൂയോർക്കിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

തിരുവനന്തപുരം പാപ്പനംകോട് കുറ്റോലമഠം പരേതരായ റവ. ഫാ. കെ സി മാത്യുസിന്റെയും ശോശാമ്മ മാത്യൂസിന്റെയും എട്ടുമക്കളിൽ ഏഴാമനായിരുന്നു ജോസഫ് മാത്യു. 1991ൽ അമേരിക്കയിലെത്തി അദ്ദേഹം അവിടെ സ്ഥിരതാമസം ആക്കുകയായിരുന്നു. പ്രിയ സഹപ്രവർത്തകന്റെ വേർപാട് അക്കരക്കാഴ്‌ച്ചകളുടെ പിന്നണി പ്രവർത്തകരെയും അഭിനേതാക്കളെയും ദുഃഖത്തിലാഴ്‌ത്തി. വിവിധ നാടകങ്ങളിൽ വേഷമിട്ടിട്ടുള്ള അദ്ദേഹത്തിന്റെ വേർപാടിൽ കലാരംഗം ഒന്നാകെ മ്ലാനമായി. വരുന്ന ഏപ്രിൽ മാസത്തിൽ അറ്റ് ലാന്റയിൽ വച്ച് അവതരിപ്പിക്കാനിരുന്ന 'പഞ്ചനക്ഷത്ര സ്വപ്നം' എന്ന നാടകത്തിൽ അഭിനയിക്കാനിരിക്കവേയാണ് അന്ത്യം സംഭവിച്ചത്.

മരണവാർത്തയറിഞ്ഞ് സ്വന്തം സഭയായ വെസ്റ്റ് നയാക് സിറിയൻ ഓർത്തഡോക്‌സ് സഭയിലെ അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് എൽദോ മോർ തീത്തോസ്, സിറിയൻ ഓർത്തഡോക്‌സ് സെമിനാരി റസിഡന്റ്‌റ് മെത്രോപ്പൊലീത്ത കുര്യാക്കോസ് മോർ മുതലായവർ അദ്ദേഹത്തിന്റെ വസതിയിലെത്തി പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥനകൾ നടത്തി. ജോലിക്കിടയിലെ ഇടവേളകളിൽ കലാപ്രവർത്തനത്തിനു സമയം കണ്ടെത്തിയിരുന്ന അദ്ദേഹം 'മഴവില്ല് പൂക്കുന്ന ആകാശം' എന്ന നാടകത്തിന്റെ പ്രൊഡ്യൂസർ കൂടിയായിരുന്നു.

സംസ്‌ക്കാരം ശനിയാഴ്ച ന്യുജെഴ്‌സിയിൽ വച്ച് നടക്കും. ഭാര്യ: പത്തനാപുരം കൂടൽ പള്ളിവടക്കേതിൽ തങ്കമണി ജോസഫ് (ആർഎൻ ഹാക്കൻസാക്ക് മെഡിക്കൽ സെന്റർ, ന്യുജെഴ്‌സി). മക്കൾ: നിഷാ ജോസഫ് (ബെഗൻസ് പ്രൊമിസ്, ന്യൂയോർക്ക്), നോവാ ജോസഫ് (ക്വസ്റ്റ് ഗ്രൂപ്പ്, ന്യൂയോർക്ക്).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP