Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം വി രാഘവൻ അന്തരിച്ചു; യാത്രയായത് കേരളം കണ്ട ഏറ്റവും തന്റേടിയായ രാഷ്ട്രീയ നേതാവ്; അവസാനിച്ചത് പാർക്കിൻസൺസ് രോഗം നൽകിയ ദുരിതങ്ങളുടെ കാലം

എം വി രാഘവൻ അന്തരിച്ചു; യാത്രയായത് കേരളം കണ്ട ഏറ്റവും തന്റേടിയായ രാഷ്ട്രീയ നേതാവ്; അവസാനിച്ചത് പാർക്കിൻസൺസ് രോഗം നൽകിയ ദുരിതങ്ങളുടെ കാലം

കണ്ണൂർ: സിഎംപി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ എം വി രാഘവൻ (81) അന്തരിച്ചു. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു മരണം. രാഘവന്റെ സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11 ന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

മറവി രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. അദ്ദേഹം സ്ഥാപക ചെയർമാൻ കൂടിയായ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധയെത്തുടർന്ന് സെപ്റ്റംബർ 17 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരിയ തോതിൽ ഹൃദയാഘാതവും ആമാശയത്തിലേക്ക് രക്തസ്രാവവുമുണ്ടായിരുന്നു.

പാർക്കിൻസൺസ് രോഗം പിടിപെട്ട അദ്ദേഹം രണ്ടു വർഷത്തോളമായി പൊതുരംഗത്ത് സജീവമല്ലായിരുന്നു. എന്നിട്ടും കഴിഞ്ഞ ദിവസം പരിയാരം ആയുർവേദ കോളേജിലെ പൊതുപരിപാടിയിൽ പങ്കെടുത്തു. സി.വി. ജാനകിയാണ് ഭാര്യ. മക്കൾ: എം.വി. ഗിരിജ (അർബൻ ബാങ്ക്), എം.വി. ഗിരീഷ് കുമാർ(പിടിഐ, തിരുവനന്തപുരം), എം.വി. രാജേഷ്, എം.വി. നികേഷ് കുമാർ (റിപ്പോർട്ടർ ടിവി). മരുമക്കൾ: റിട്ട. പ്രഫ. ഇ. കുഞ്ഞിരാമൻ, ജ്യോതി (പെൻഷൻ ബോർഡ് പിആർഒ), പ്രിയ, റാണി (റിപ്പോർട്ടർ ടിവി).

മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയുണ്ടാക്കുന്നതിന് സംഘടനാ പ്രവർത്തനം തുടങ്ങിയ രാഘവൻ എഴുപതുകളിലും എൺപതുകളിലും കേരളത്തിൽ സിപിഎമ്മിന്റെ അനിഷേധ്യ നേതാവായിരുന്നു. മുസ്ലിം ലീഗിനെ സിപിഎമ്മിനോട് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബദൽ രേഖാ വിവാദത്തോടെ രാഘവനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ഡിവൈഎഫ്‌ഐയെ കെട്ടിപ്പെടുക്കുന്നതിൽ സജീവ പങ്കാളിയായ രാഘവൻ 1986നു ശേഷം യുഡിഎഫിനൊപ്പമായിരുന്നു. കണ്ണൂരിൽ സിപിഎമ്മിന് ശക്തമായ അടിത്തറയുണ്ടാക്കിയ നേതാവ് അങ്ങനെ സിപിഎമ്മിന്റെ കണ്ണിലെ കരടുമായി. എന്നാൽ അവസാന നാളുകളിൽ സിപിഎമ്മിനോട് അടുക്കാനും താൽപ്പര്യം കാട്ടി. പക്ഷേ സിപിഎമ്മിൽ മടങ്ങിയെത്താൻ രാഘവന് ആയുമില്ല.

1933 മെയ് അഞ്ചിന് കണ്ണൂരിലാണ് മേലേത്തു വീട്ടിൽ രാഘവൻ എന്ന എം.വി.രാഘവന്റെ ജനനം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സിപിഎമ്മിലും പ്രവർത്തിച്ചു. പതിനാറാം വയസിൽ രാഷ്ട്രീയ രംഗത്തെത്തി. ബദൽ രേഖ അവതരിപ്പിച്ചതിന്റെ പേരിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് 1986ൽ രാഘവൻ കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (സി.എംപി) രൂപവത്കരിച്ചു.

1991, 2001 എന്നീ വർഷങ്ങളിലെ യു.ഡി.എഫ് സർക്കാരിൽ സഹകരണ, തുറമുഖ വകുപ്പ് മന്ത്രിയായി. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന ബഹുമതിയും രാഘവന് സ്വന്തമാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ രാഘവൻ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

16ാം വയസ്സിൽ പാർട്ടി പ്രവർത്തനം തുടങ്ങി. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചതിനെത്തുടർന്നു നേതാക്കൾ ഒളിവിൽ പോയപ്പോൾ പതിനഞ്ചാം വയസിൽ ബ്രാഞ്ചിനെ നയിച്ചു. 1964ൽ സിപിഐ പിളർന്നു സിപിഐ(എം) രൂപം കൊണ്ടപ്പോൾ സിപിഎമ്മിലായി. 1964 മുതൽ ഒന്നരപതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി. 1967 ൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി. 1970 ലാണ് ആദ്യ നിയമസഭാ മൽസരം. അന്നത്തെ മാടായി മണ്ഡലത്തിൽ നിന്നു ജയിച്ചു. 1977 ൽ തളിപ്പറമ്പിലും 1980ൽ കൂത്തുപറമ്പിലും 1982 ൽ പയ്യന്നൂരിലും സിപിഐ(എം) സ്ഥാനാർത്ഥിയായി ജയം.

നക്‌സലിസം യൂവാക്കളെ പാർട്ടിയിൽ നിന്നും അകറ്റിയ കാലത്ത് സിപിഎമ്മിന് കരുത്തായത് എംവിആറിന്റെ നേതൃത്വമാണ്. സഹയാത്രികനായ വർഗീസ് നക്‌സലിസത്തിലേക്ക് വഴിമാറിയപ്പോഴും പാർട്ടിക്കൊപ്പം രാഘവൻ നിലകൊണ്ടു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും വിദ്യാർത്ഥികളുടേയും യുവാക്കളുടേയും സംഘടനയായി മാറ്റിയെടുത്തു. കേരളത്തിലുടനീളം സഞ്ചരിച്ച് യുവ നേതാക്കളെ സജ്ജരാക്കി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയുമെല്ലാം രാഘവന്റെ വാക്കുകൾ കേട്ട് വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തനം നടത്തിയ നേതാക്കളാണ്.

സാക്ഷാൽ ഇ.എം.എസിനെ എതിർത്ത് ബദൽരേഖ അവതരിപ്പിക്കുന്നതിനു നേതൃത്വം നൽകുകയും ചെയ്തതോടെ പാർട്ടിക്കു പുറത്തേക്കുള്ള വഴിയെത്തി. കണ്ണൂർ ലോബിയും നയനാരും ഒപ്പമുണ്ടാകുമെന്ന് കരുതി. ബദൽ രേഖയിൽ വിഎസും രാഘവനെ എതിർത്തു. തെറ്റു തിരുത്തി പ്രിയ സഘാവിനെ ഒപ്പം നിർത്തണമെന്നായിരുന്നു പാർട്ടിയിലെ ബഹുഭൂരിഭാഗവും ആഗ്രഹിച്ചത്. പക്ഷേ സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസ് ആണെന്നും കോൺഗ്രസിനെതിരെ മുസ്‌ലിംലീഗുമായും കേരള കോൺഗ്രസുമായും തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കണമെന്ന ആവശ്യത്തിൽ എംവിഅർ ഉറച്ചു നിന്നു. അങ്ങനെ 1986 ജൂൺ 23 ന് എം.വി.ആറിനെയും കൂട്ടരെയും പാർട്ടി പുറത്താക്കി

1986 ജൂലൈ 27 ന് കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (സിഎംപി)രൂപീകരിച്ചു. അന്നുമുതൽ ഇന്ന് വരെയും പാർട്ടി ജനറൽ സെക്രട്ടറി. സിപിഎമ്മിൽ നിന്ന് പുറത്ത് പോയകൂത്തുപറമ്പ് വെടിവയ്‌പ്പ്, പാപ്പിനിശേരി സ്‌നേക് പാർക്ക് കത്തിച്ച സംഭവം എന്നിവയിൽ എംവിആറിനോടുള്ള സമീപനം സിപിഐ(എം) കടുപ്പിച്ചു. ശാരീരിക ആക്രമങ്ങൾ പോലും ഉണ്ടായി. അതൊന്നും കൊണ്ട് രാഘവൻ തളർന്നില്ല. യുഡിഎഫിലെ പ്രധാന നേതാവായി കമ്മ്യൂണിസ്റ്റ് കോട്ടകളിൽ വിള്ളലുണ്ടാക്കി രാഘവൻ മുന്നേറി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും രാഘവന് ജയിക്കാനായില്ല. ഇതൊടെ അധികാര രാഷ്ട്രീയത്തിന് നീണ്ട ഇടവേളയുമെത്തി.

സിഎംപി രൂപീകരിച്ച ശേഷം 1987 ൽ അഴീക്കോട്ട് സിപിഎമ്മിലെ പ്രധാന ശിഷ്യൻ കൂടിയായ ഇ.പി. ജയരാജനെ തോൽപിച്ചു നിയമസഭയിലെത്തി. 1991 ൽ കഴക്കൂട്ടത്തു നിന്ന ജയിച്ച് മന്ത്രിയായി. 1996 ൽ ആറന്മുളയിൽ കടമ്മനിട്ട രാമകൃഷ്ണനോടു ആദ്യപരാജയം. തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് 2001 ൽ ജയിച്ച് വീണ്ടും മന്ത്രിയായി. 2006 ൽ പുനലൂരിലൂം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നെന്മാറയിലും പരാജയപ്പെട്ടു. പത്തു തിരഞ്ഞെടുപ്പുകളുടെ കണക്കുപട്ടികയിൽ ഏഴു ജയം, മൂന്നു തോൽവി. 1991ലെ കെ. കരുണാകരൻ മന്ത്രിസഭയിലും 1995 - 96ലെ എ.കെ. ആന്റണി മന്ത്രിസഭയിലും സഹകരണ മന്ത്രിയായും 2001 ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ സഹകരണ, തുറമുഖ മന്ത്രി എന്നീ നിലകളിലും എം.വി.ആർ പ്രവർത്തിച്ചു.

പക്ഷേ കുറേക്കാലമായി യുഡിഎഫിലെ അവഗണനയിൽ അതൃപ്തനായിരുന്നു. ചെറുപാർട്ടികളെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് പൊതു വേദിയിൽ പറഞ്ഞു. പരിയാരം സഹകരണ മെഡിക്കൽ കോളേജിലെ യുഡിഎഫ് തീരുമാനത്തേയും അംഗീകരിച്ചില്ല. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിനെ രാഘവൻ എല്ലാ അർത്ഥത്തിലും എതിർത്തു. ആ അതൃപ്തി പൊട്ടിത്തെറിയിലേക്ക് എത്തുന്ന ഘട്ടവുമെത്തി. ഇതിനിടെയിലാണ് രോഗം കിടപ്പിലാക്കിയത്. സിഎംപിയിലെ ഭിന്നതയുടെ സ്വരങ്ങളും രാഘവനെന്ന പേരുയരുമ്പോൾ കെട്ടടങ്ങി. ഇടതുപക്ഷത്തേക്ക് വീണ്ടും കൃത്യമായി പറഞ്ഞാൽ സിപിഎമ്മിലേക്ക് തിരിച്ച് പോകണമെന്ന് രാഘവൻ ആഗ്രഹിച്ചെന്ന് കരുതുന്നവരും വിശ്വസിച്ചവരുമുണ്ട്.

പഴയ ശിഷ്യന്മാരാണ് ഇന്ന് സിപിഎമ്മിന്റെ തലപ്പത്ത്. രാഷ്ട്രീയ ഗുരുവിനെ മടക്കിയെത്തിക്കാൻ അവരും മനസ്സുകൊണ്ട് തയ്യാറായി. പക്ഷേ എവിടേയൊ തട്ടി നീങ്ങക്കൾ തടസ്സപ്പെട്ടു. ഇതിനിടെയിലാണ് രാഘവൻ പൂർണ്ണമായും കിടപ്പിലായത്. അങ്ങനെ സിപിഎമ്മിലേക്കുള്ള മടക്കമെന്ന ആഗ്രഹം ബാക്കിയാക്കി വിപ്ലവ നക്ഷത്രം വിടവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP