Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹസ്യമായി കാൻസറിനോട് പൊരുതി തോറ്റു; വിഖ്യാത ഗായകൻ ഡേവിഡ് ബോവി അന്തരിച്ചു; ബ്രിട്ടൻ ഒരു പോലെ കരയുമ്പോൾ ആഘോഷവുമായി സ്‌കോട്ടിഷ് നാഷണലിസ്റ്റുകൾ

രഹസ്യമായി കാൻസറിനോട് പൊരുതി തോറ്റു; വിഖ്യാത ഗായകൻ ഡേവിഡ് ബോവി അന്തരിച്ചു; ബ്രിട്ടൻ ഒരു പോലെ കരയുമ്പോൾ ആഘോഷവുമായി സ്‌കോട്ടിഷ് നാഷണലിസ്റ്റുകൾ

ചില കലാകാരന്മാർ അങ്ങനെയാണ്. ദൈവം അവർക്ക് അനുഗ്രഹിച്ച് തന്ന അതുല്യമായ കഴിവുകളിലൂടെ അവർ നമ്മുടെ ഹൃദയത്തിൽ ചേക്കേറിക്കളയും. തുടർന്ന് കുറേ നാൾ നമ്മെ ആനന്ദിപ്പിച്ച് കൊണ്ട് അവിടെ തുടരുന്ന അവർ മരണമെന്ന അനിവാര്യമായ വേർപിരിയലിലൂടെ നമ്മുടെ മനസിൽ നികത്താൻ പറ്റാത്ത ശൂന്യത സൃഷ്ടിച്ച് കൊണ്ട് ഒരു നാൾ എന്നെന്നേക്കുമായി കടന്ന് പോവുകയും ചെയ്യും. ഭൗതികമായി ഇല്ലാതായാലും അവരുടെ അനശ്വരമായ കല തീർത്ത കാലാതിവർത്തിയായ സൃഷ്ടികൾ നൊമ്പരപ്പെടുത്തുന്ന ഓർമയായി നമ്മുടെ മനസിൽ അവശേഷിക്കുകയും ചെയ്യും. ഇപ്പോൾ കാൻസറിന് കീഴടങ്ങി മരണത്തിന്റെ തീരത്തേക്ക് തുഴഞ്ഞു പോയ വിഖ്യാത ഗായകൻ ഡേവിഡ് ബോവിയുടെ ജീവിതത്തെയും ഇത്തരത്തിൽ നിർവചിക്കാവുന്നതാണ്. തികച്ചും രഹസ്യമായി കാൻസരിനോട് പൊതുതിത്തോറ്റാണ് അദ്ദേഹം മരണത്തിന് വഴങ്ങക്കൊടുത്തിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ മരണം മൂലമുണ്ടായ നികത്താനാവാത്ത നഷ്ടമോർത്ത് ബ്രിട്ടൻ ഒരു പോലെ കരയുമ്പോൾ ബോവിയുടെ മരണം ആഘോഷിക്കുകയാണ് സ്‌കോട്ടിഷ് നാഷണലിസ്റ്റുകൾ. സ്‌കോട്ട്‌ലൻഡ് യുകെയുടെ അനിവാര്യമായ ഘടകമായി തുടരണമെന്നതിന് വേണ്ടി എന്നും നിലകൊണ്ട ബോവിയുടെ നിലപാടാണ് അവരെ ഈ വിശ്രുത ഗായകന്റെ ശത്രുവാക്കി മാറ്റിയത്. ആ ഏകതാ ബോധമാണ് ബോവിയിൽ കാൻസർ വളർത്തിയതെന്നും അവർ പറയുന്നു.

ബ്രിട്ടനിലെ ഏറ്റവും വിജയിച്ച ഗായകനും സ്വതന്ത്രമായ ലൈംഗികതയുടെ വക്താവുമാണ് കടന്ന് പോയിരിക്കുന്നത്. ആറ് ദശാബ്ദങ്ങൾ നീണ്ട അതുല്യമായ സംഗീത ജീവിതത്തിനുടമയാണ് ഇദ്ദേഹം. ഇക്കാലത്തിനിടെ എക്കാലത്തെയും ഏറ്റവും വലിയ റെക്കോർഡിങ് ആർട്ടിസ്റ്റായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.യുകെയിലെ അഞ്ച് നമ്പർ വൺ സിംഗിൾസുകളടക്കം മൊത്തത്തിൽ 111 സിംഗിളുകളാണ് അദ്ദേഹം ബോവി പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ 26 സ്റ്റുഡിയോ ആൽബങ്ങൾ, 46 കോംപിലേഷൻ ആൽബങ്ങൾ, അഞ്ച് ഇപികൾ, മൂന്ന് സൗണ്ട് ട്രാക്കുകൾ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ മൗലികമായ സൃഷ്ടികളായി പുറത്തിറങ്ങിയിട്ടുണ്ട്.രണ്ട് ബ്രിട്ടീഷ് അവാർഡുകൾ, ജർമനിയിലെ രണ്ട് പുരസ്‌കാരങ്ങൽ, മൂന്ന് എംടിവി അവാർഡുകൾ തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 51 മ്യൂസിക് വീഡിയോകളിലൂടെ സിനിമാരംഗത്തും ബോവി തന്റെ അതുല്യമായ സാന്നിധ്യമറിയിച്ചിരുന്നു.1976ലെ ദി മാൻ ഹു ഫെൽ ടു എർത്ത് മുതൽ 2001ലെ സൂലാൻഡർ വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു സംഗീതകാരനെന്നതിന് പുറമെ സ്വതന്ത്രമായ ലൈംഗിക ജീവിതം നയിക്കാൻ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യത്തിന്റെ പേരിലും ബോവി ശ്രദ്ധേയനായിരുന്നു. തന്റെ അതുല്യമായ പ്രതിഭയാലും വ്യക്തിത്വത്താലും നിരവധി പേരെ തന്നിലേക്കാകർഷിക്കാൻബോവിക്ക് സാധിച്ചിരുന്നു. പ്ലേ മോഡൽ സിംഗറും ചാർലി ചാപ്ലിന്റെ വിധവയുമായ നൈ സൈമൻ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. നിരവധി ഭിന്ന ലിംഗക്കാരെയും അദ്ദേഹം തന്റെ ലൈംഗിക പങ്കാളികളാക്കിയിരുന്നു. ഒരേ സമയം നിരവധി പേരുമായി ലൈംഗികമായി ബന്ധപ്പെടുന്നതിലും അദ്ദേഹം ഹരം കണ്ടെത്തുകയും വിമർശനങ്ങൾ ഏറ്റു വാങ്ങുകയുംചെയ്തിരുന്നു.വർഷങ്ങൾക്ക് മുമ്പ് ജോനാതൻ റോസുമായുള്ള ഒരു അഭിമുഖത്തിനിടെ താൻ സ്വവർഗാനുരാഗിയാണോ അതല്ല ബൈസെക്ഷ്വലാണോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഓസ്‌കർ അവാർഡ് ജേതാവായ സൂസൻ സാറൻഡൻ, സിംഗറായ ലുലു തുടങ്ങിയവർ തങ്ങൾക്ക് ബോവിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.

സൗത്ത്‌ലണ്ടനിലെ ബ്രിക്സ്റ്റണിലാണ് ഡേവിഡ് റോബർട്ട് ജോൺസ് എന്ന ബോവി 1947 ജനുവരി എട്ടിന് ജനിച്ചത്. മാർഗററ്റ് ആയിരുന്നു അമ്മ.വെയ്റ്ററസും ചാരിറ്റി വർക്കറുമായ ജോൺ ജോൺസായിരുന്നു പിതാവ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീതത്തിലുള്ള അതുല്യമായ കഴിവ് ബോവി പ്രകടിപ്പിച്ചിരുന്നു. തന്റെ മൂത്ത സഹോദരനായ ടെറിയുടെ ബൃഹത്തായ റോക്ക് കലക്ഷനിലൂടെയായിരുന്നു ബോവിക്ക് സംഗീതത്തിൽ താൽപര്യം ജനിച്ചത്. തുടർന്ന് ബോവിയുടെ കുടുംബം സൗത്ത് ഈസ്റ്റ് ലണ്ടിലേക്ക് നീങ്ങുകയും അദ്ദേഹം ബ്രോംലെ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിന്ന് 16ാം വയസിൽ ഗ്രാജ്വേഷൻ നേടുകയുംചെയ്തു. നിരവധി മ്യൂസിക് ബാൻഡുകൾക്ക് രൂപം കൊടുത്തബോവി ഒരു ഗ്രൂപ്പിനെ നയിക്കുകയും ചെയ്തിരുന്നു. ഡേവി ജോൺസ് എന്നായിരുന്നു അദ്ദേഹം ആദ്യം സ്വയം വിളിച്ചിരുന്നത്. എന്നാൽ പിൽക്കാലത്ത് ബോവി എന്ന് പേര് മാറുകയായിരുന്നു. ഒരു സോളോ ആർട്ടിസ്റ്റായി അറിയപ്പെടാനായിരുന്നു ബോവിക്ക് താൽപര്യം. തുടർന്ന് അദ്ദേഹം പൈ റെക്കോർഡ്‌സിനു വേണ്ടി മൂന്ന് സംഗിൾസുകളും അദ്ദേഹത്തിന്റെ ആദ്യ ആൽബവും റിലീസ് ചെയ്തു. ദിവേൾഡ് ഓഫ് ഡേവിഡ് ബോവി എന്നായിരുന്നു ഇതിന്റെ പേര്. എന്നാൽ ആ റെക്കോർഡുകൾ വൻ വിജയമായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് അതിന്റെ അനുഭവ പരിചയം സിദ്ധിച്ചിരുന്നു. തുടർന്ന് ബോവി 1967ൽ സ്‌കോട്ട്‌ലൻഡിലെ ബുദ്ധസന്യാസി മഠത്തിലേക്ക് പോവുകയായിരുന്നു. തുടർന്ന് ലണ്ടനിലേക്ക് മടങ്ങിയെത്തിയ ബോവി 1968ൽ ആർട്‌സ് ഗ്രൂപ്പായ ഫെതേർസ് ആരംഭിച്ചു.

പ്രസ്തുത ഗ്രൂപ്പ് പിന്നീട് വേർപിരിയുകയും തുടർന്ന് അദ്ദേഹം 1969ൽ ബെക്കൻഹാം ആർട്‌സ് ലാബ് സൃഷ്ടിക്കുയും ചെയ്തു. തുടർന്നായിരുന്നു അദ്ദേഹം ഹിറ്റായ സ്‌പേസ് ഓഡിറ്റി എന്ന സൃഷ്ടി ആ വർഷം ജൂലൈ 11ന് പുറത്തിറക്കിയത്. ബോവിയുടെ ആദ്യത്തെ യുകെ നമ്പർ വണ്ണായിരുന്നു അത്. തുടർന്ന് 1972ൽ ദി റൈസ് ആൻഡ് ഫാൾ ഓഫ് സിഗി, സ്‌പൈഡേർസ് ഫ്രം മാർസ് തുടങ്ങിയ നിരവധി ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കി. ഇതിൽ ആദ്യത്തേതിലൂടെ അദ്ദേഹം താരമാവുകയും രണ്ടാമത്തേത്തിലൂടെ അന്താരാഷ്ട്രതലത്തിൽ തിളങ്ങുന്ന താരമാവുകയും ചെയ്തു.1970 മാർച്ചിൽ ബോവി ആൻജിയെ വിവാഹം കകഴിച്ചും അവർക്ക് സോവി ബോവി എന്നൊരു മകനുണ്ട്.ഇപ്പോൾ ഒരു സിനിമാ സംവിധായകനായ സോവി ഡൻകൻ ജോൺസ് എന്നാണറിയപ്പെടുന്നത്. ഒരു ദശാബ്ദത്തിന് ശേഷം ബോവി ഭാര്യയിൽ നിന്ന് വേർപിരിയുകയായിരുന്നു. ബോവിയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള വാർത്തകളായിരുന്നു ഈ ബന്ധം തകർത്തത്. ആദ്യഘട്ടത്തിൽ സംഗീതരംഗത്ത് ബോവി നേടിയെടുത്ത വിജയം പിന്നീട് കുറച്ച് കാലം ഇല്ലാതായിരുന്നു.

തുടർന്ന് 1993ൽ സോളോ ആൽബമായ ബ്ലാക്ക് ടൈ വൈര്‌റ് നോയ്‌സിലൂടെ അദ്ദേഹം ശക്തമായ തിരിച്ച് വരവ് നടത്തുകയായിരുന്നു. തുടർന്ന് അദ്ദേഹം സൂപ്പർമോഡലായ ഇമാനെ വിവാഹം കഴിക്കുകയും ന്യൂയോർക്കിൽ സെറ്റിൽ ചെയ്ത് ടൂറും റെക്കോർഡിംഗുകളും തുടരുകയും ചെയ്തു. 2003ൽ അദ്ദേഹം റിയാലിറ്റി റീലീസ്‌ചെയ്യുന്നത് വരെ ഈ പതിവ് തുടർന്നു. ഈ 23ാമത്തെ ആൽബം അദ്ദേഹത്തിന്റേതായി പുറത്ത് വന്ന അവസാന സ്റ്റുഡിയോ ആൽബമായിരുന്നു.തുടർന്ന് 2006ൽ ബോവി പ്രസ്റ്റീജ് എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് മുതൽ 2013 വരെ അദ്ദേഹം പുതിയ സംഗീതവുമായി എത്തിയിരുന്നില്ല.2013ലാണ് അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ട നെക്സ്റ്റ് ഡേ സംഗീത വിസ്മയം തീർത്തിരുന്നത്. ഈ ആൽബത്തിലൂടെ അദ്ദേഹം മെർക്കുറി പ്രൈസ് ഷോർട്ട് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു.തുടർന്ന് ഈ വർഷം മരണത്തിന് രണ്ട് ദിവസം മുമ്പ് അദ്ദേഹം ബ്ലാക്ക് സ്റ്റാർ എന്ന ആൽബം റീലീസ് ചെയ്തു. തന്റെ 66ാം പിറന്നാളിന്റെ അന്നായിരുന്നു ഇത് പുറത്തിറക്കിയത്.റോക്ക് സംഗീത രംഗത്തെ വയോവയോധികനാണ് ബോവിയെന്ന് പറയാം.

അവസാന കാലത്ത് നരകതുല്യമായ ജീവിതമായിരുന്നു ബോവി നയിച്ചിരുന്നത്. കഴിഞ്ഞ വർഷങ്ങളിലായി ആറ് ഹാർട്ട് അറ്റാക്കുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. തുടർന്ന് അവസാനം കാൻസർ ബാധിതനായി 18 മാസങ്ങളോളം അദ്ദേഹം രോഗത്തോട് രഹസ്യമായി പൊരുതിയാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. സ്‌കോട്ട് ലൻഡ് എന്നും യുകെയുടെ അനിവാര്യമായ ഭാഗമായി തുടരണമെന്ന അദ്ദേഹത്തിന്റെ എന്നത്തേയും നിലപാടുകളാണ് സ്‌കോട്ട്‌ലൻഡ് നാഷണലിസ്റ്റുകളുടെ ശത്രുവായി അദ്ദേഹത്തെ മാറ്റിയത്. ഇപ്പോൾ അവർ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇതിൽ ബോവിയുടെ ആരാധകർ കടുത്ത പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്. ലൈംഗിക അരാജക വാദിയായ ബോവി മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്ന ആളാണെന്നും സ്‌ക്ടോട്ട്‌ലന്റ് ദേശീയവാദികൾ ആരോപിക്കുന്നു. സ്‌കോട്ടിഷ് റഫറണ്ടത്തിന്റെ സമയത്ത് ഓൺലൈനിലൂടെ നിരവധി ആക്ഷേപങ്ങൾ നേരിടേണ്ടി വന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ബോവി.ഏതായാലും എല്ലാ വിവാദങ്ങളും വിമർശനങ്ങളും ബാക്കിയാക്കി ബോവി അവസാന യാത്ര പോയിരിക്കുകയാണ്. എന്നാലും അദ്ദേഹം ബാക്കി വച്ചു പോയ അനശ്വരമായ സംഗീത വിസ്മയങ്ങൾ അദ്ദേഹത്തെ ആരാധകരുടെ ഹൃദയങ്ങളിൽ എക്കാലവും നിലനിർത്തുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP