Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നതനിലയിലുള്ള ആൺമക്കൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ആങ്ങളമാരെ പേടിച്ചു മകളും കൈയൊഴിഞ്ഞു; ആരോരും തുണയില്ലാതെ ഗാന്ധിഭവനിൽ അഭയം നേടിയ വാഴൂർ മുൻ എംഎൽഎ ഒടുവിൽ ജീവിതത്തോടു വിടചൊല്ലി; കടയണിക്കാടു പുരുഷോത്തമൻ പിള്ളയ്ക്കു കണ്ണീരോടെ യാത്രാമൊഴി

ഉന്നതനിലയിലുള്ള ആൺമക്കൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ആങ്ങളമാരെ പേടിച്ചു മകളും കൈയൊഴിഞ്ഞു; ആരോരും തുണയില്ലാതെ ഗാന്ധിഭവനിൽ അഭയം നേടിയ വാഴൂർ മുൻ എംഎൽഎ ഒടുവിൽ ജീവിതത്തോടു വിടചൊല്ലി; കടയണിക്കാടു പുരുഷോത്തമൻ പിള്ളയ്ക്കു കണ്ണീരോടെ യാത്രാമൊഴി

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ആരും തുണയില്ലാതെ ഒടുവിൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിയ വാഴൂർ മുൻ എംഎൽഎ കടയണിക്കാടു പുരുഷോത്തമൻ അന്തരിച്ചു. ഉത്രാടദിനമായ ചൊവ്വാഴ്ച ഗാന്ധിഭവനിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഉന്നതനിലയിൽ ഉണ്ടായിരുന്ന ആൺമക്കൾ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ആങ്ങളമാരെ പേടിച്ച് മകൾ കൈയൊഴിയുകയും ചെയ്തതോടെയാണു പുരുഷോത്തമൻ പിള്ള വാർധക്യത്തിൽ ഒറ്റപ്പെടലിന്റെ തുരുത്തിലെത്തിയത്. മക്കൾ ഉപേക്ഷിച്ച നിലയിൽ പലയിടങ്ങളിൽ കറങ്ങി നടക്കുന്നതു കണ്ട് സിപിഐയുടെ പ്രാദേശിക നേതാക്കളാണ് അവരുടെ പഴയ എംഎൽഎയെ പുരുഷോത്തമൻ പിള്ളയെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്. ജീവിതകാലത്ത് ഉപേക്ഷിച്ച മക്കൾ അന്ത്യസമയത്ത് എത്തിയിരുന്നെങ്കിലും മൃതദേഹം കൊണ്ടുപോകുമോ അതോ ഗാന്ധിഭവനിൽ തന്നെ ഭൗതികശരീരം ഉപേക്ഷിച്ചു പോകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ദിവസങ്ങൾക്ക് മുമ്പാണ് പത്തനാപുരം ഗാന്ധിഭവനെന്ന സ്നേഹ വീടിനെ കണ്ണീരിലാക്കി സോണി ബി തെങ്ങമത്തിന്റെ മരണവാർത്തയെത്തിയത്. ആദർശ ധീരനായ തെങ്ങമം ബാലകൃഷ്ണനെന്ന മുൻ എംഎൽഎയുടെ മകന് അവസാന നാളുകളിൽ താങ്ങും തണലുമായി ഗാന്ധി ഭവൻ. സോണി ബി തെങ്ങമത്തിന്റെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് പരിചരണത്തിനായി മുൻ സിപിഐ നേതാവിനെ പത്താനപുരത്ത് എത്തിയത്. ഭാര്യയുടെ സാന്നിധ്യത്തിൽ പരിചരണങ്ങൾ തുടരുന്നതിനിടെ രോഗം കലശലായി. അങ്ങനെ എഐവൈഎഫിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പദവി വരെ എത്തിയ സോണി ഓർമ്മയായി.

ഇതിൽ നിന്നും വിഭിന്നമായിരുന്നു സിപിഐ നേതാവായ വാഴൂർ മുൻ എംഎൽഎ അഡ്വ. കടയണിക്കാട് പുരുഷോത്തമൻ പിള്ളയുടെ കഥ. വാർദ്ധക്യകാലത്ത് ആരും തിരിഞ്ഞു നോക്കാനില്ലാത്ത മുൻ എംഎൽഎ. അതായിരുന്നു കടയണിക്കാട് പുരുഷോത്തമൻ പിള്ള.

സിപിഐ പ്രവർത്തകർ ഗാന്ധിഭവനിൽ എത്തിച്ചപ്പോൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണെന്നും പോകാൻ മറ്റിടങ്ങൾ ഒന്നുമില്ലെന്നുമാണ് പിള്ള പറഞ്ഞത്. രണ്ട് ആൺമക്കളും മകളുമാണ് പുരുഷോത്തമൻ പിള്ളയ്ക്ക്. പിതാവ് ഇവിടെയുണ്ടെന്നും വന്നാൽ കൊണ്ടുപോകാമെന്നും ഗാന്ധിഭവനിൽ നിന്ന് പലതവണ വിളിച്ചു പറഞ്ഞിട്ടും മക്കൾ എത്തിയില്ല. തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റെ കെ പി ജയചന്ദ്രനാണ് ഒരു മകൻ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പോലുള്ള രാഷ്ട്രീയ ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.

എൺപത്തിയേഴ് വയസുണ്ടായിരുന്നു. ഓർമ്മക്കുറവും അലട്ടിയിരുന്നു. സംസാരിക്കാൻ പോലുമാവാത്ത വിധം അവശനുമായി.  കടുത്ത രോഗങ്ങളോട് മല്ലിടുന്ന ഇദ്ദേഹത്തെ ഗാന്ധിഭവൻ പ്രവർത്തകർ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് മാറിമാറി കൊണ്ടുപോയിരുന്നു. ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗാന്ധിഭവൻ പ്രവർത്തകർ ഇക്കാര്യം പലതവണ ആൺമക്കളെ വിളിച്ചു പറഞ്ഞിരുന്നു. മക്കളെ അന്വേഷിച്ച് പത്രത്തിൽ പരസ്യംവരെ കൊടുത്തു. എന്നിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.

മകളും ഭർത്താവും ഒരുതവണ വന്നു കണ്ടിരുന്നു. എന്നാൽ തന്നോടൊപ്പം അച്ഛനെ താമസിപ്പിച്ചാൽ പ്രശ്‌നമുണ്ടാക്കുമെന്നാണ് സഹോദരന്മാരുടെ ഭീഷണിയെന്ന് ഇവർ പറഞ്ഞിരുന്നു. മക്കളെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ച വിവരം അറിയിച്ച സിസ്റ്ററോട് തലസ്ഥാനത്തെ അഭിഭാഷക സംഘടനാ നേതാവായ മകൻ കെ പി ജയചന്ദ്രൻ മോശമായി സംസാരിച്ചതായി ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ മറുനാടനോട് പറഞ്ഞിരുന്നു. എംഎൽഎ പെൻഷൻ എടുക്കാൻ ഗാന്ധിഭവന് അദ്ദേഹം അനുമതി നൽകിയിരുന്നു. എന്നാൽ അത് സ്വീകരിക്കാതെയായിരുന്നു കടയണിക്കാട് പുരുഷോത്തമൻ പിള്ളയെ ഗാന്ധിഭവൻ പരിചരിച്ചത്.

അഞ്ച് വർഷം മുമ്പ് ഭാര്യ സുഭദ്രാമ്മ മരിച്ചതോടെ കെ.പി. പിള്ളയെന്ന സഖാവിന് കാലിടറുകയായിരുന്നു. എഐഎസ്എഫ് രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഇദ്ദേഹം റോസമ്മ പുന്നൂസിന്റെ ഡമ്മിയായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിളർന്നപ്പോൾ സിപിഐക്കൊപ്പം നിന്നു. 1967ൽ കേരള കോൺഗ്രസിലെ കെ. നാരായണക്കുറുപ്പിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ഇദ്ദേഹം മൂന്ന് വർഷത്തിനുള്ളിൽ രണ്ട് മന്ത്രിസഭയുടെ കാലത്ത് നിയമസഭാംഗമായിരുന്നു. ഇ എം എസിനെ അട്ടിമറിച്ച് സിപിഐയും കോൺഗ്രസും കൈകോർത്ത് അച്യുതമേനോൻ മുഖ്യമന്ത്രി ആയതും ഈ കാലഘട്ടത്തിലാണ്. കോളജ് വിദ്യാഭ്യാസത്തിനായി ആലപ്പുഴയിലെത്തിയ കാലത്ത് വി എസ്. അച്യുതാനന്ദനുമായി ഉണ്ടായ സൗഹൃദവും ചർച്ചയായതാണ്. എറണാകുളത്തും തിരുവനന്തപുരത്തുമായി വക്കീൽപഠനം പൂർത്തീകരിച്ചതോടെ മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു.

1967ലും 1969 ലും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 32ാം വയസ്സിൽ നിയമസഭയിലത്തെി. പൊൻകുന്നം, കോട്ടയം കോടതികളിൽ അഭിഭാഷകനായും പ്രവർത്തിച്ചു. 2011ലെ തെരഞ്ഞെടുപ്പിലും പ്രചാരണരംഗത്ത് ഉണ്ടായിരുന്നു. മക്കളും ഉപേക്ഷിച്ചതോടെ ഒറ്റക്കായി. തുടർന്ന് പുരുഷോത്തമൻപിള്ളയെ കോട്ടയം ജില്ലയിലെ ആദ്യകാല സഹപ്രവർത്തകർ ചേർന്നാണ് ഗാന്ധിഭവനിൽ എത്തിച്ചത്. മക്കളെ കാണാൻ ഒരിക്കൽ പോയെങ്കിലും വീട്ടിൽ പ്രവേശിപ്പിക്കാത്തതിനാൽ മടങ്ങിയത്തെിയതാണെന്ന് ഗാന്ധിഭവൻ അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP