Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയി അന്തരിച്ചു; വിട പറഞ്ഞത് ബിജെപിയെ ആദ്യമായി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറ്റിയ കരുത്തനായി നേതാവ്; 'ഭാരതരത്‌നം' നൽകി രാജ്യം ആദരിച്ച മഹാനേതാവിന്റെ വിയോഗം ഒരു പതിറ്റാണ്ട് മറവിയെ പുൽകി കഴിഞ്ഞ ശേഷം; കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇഷ്ടപ്പെട്ട പ്രിയനേതാവിന്റെ വിയോഗത്തിൽ തേങ്ങി ഭാരതം

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയി അന്തരിച്ചു; വിട പറഞ്ഞത് ബിജെപിയെ ആദ്യമായി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറ്റിയ കരുത്തനായി നേതാവ്;  'ഭാരതരത്‌നം' നൽകി രാജ്യം ആദരിച്ച മഹാനേതാവിന്റെ വിയോഗം ഒരു പതിറ്റാണ്ട് മറവിയെ പുൽകി കഴിഞ്ഞ ശേഷം;  കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇഷ്ടപ്പെട്ട പ്രിയനേതാവിന്റെ വിയോഗത്തിൽ തേങ്ങി ഭാരതം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നതനായ നേതാവുമായ എ ബി വാജ്പേയി (94)അന്തരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസനാളിയിലെ അണുബാധ വൃക്കരോഗങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. വിയോഗവേളയിൽ ബിജെപി നേതാക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു.

1999 മുതൽ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്, രോഗം കാരണം 2009 മുതൽ പൊതുവേദികളിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഒരു പതിറ്റാണ്ടായി മറവി രോഗം ബാധിച്ചു കിടക്കയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. രാജ്യം ഭാരതരത്നം നൽകി ആദരിച്ച മഹാനായ നേതാവിന്റെ വിയോഗത്തിന്റെ തേങ്ങലിലാണ് ഭാരതം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായിരുനന്നു വാജ്പേയി. ഏറെക്കാലമായി മറവിരോഗത്തിന്റെ പിടിയിലാണ് മുൻ പ്രധാനമന്ത്രി.

ബിജെപിയേയും സംഘപരിവാർ രാഷ്ട്രീയത്തേയും എതിർക്കുന്നവർ പോലും എ ബി വാജ്‌പേയിയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നു എന്നതാണ് ശ്രദ്ധേയം. 'ആരോടുമില്ല പ്രീണനം, എല്ലാവരോടും തുല്യനീതി' അതാണദ്ദേഹത്തിന്റെ തത്ത്വചിന്ത. അതുകൊണ്ടുതന്നെയാവും വാജ്‌പേയ് സർവസമ്മതനായത്. വാഷിങ്ടണിൽ നെഹ്‌റു ഒരു വിരുന്നിൽ വാജ്‌പേയിയെ പരിചയപ്പെടുത്തിയത് ഭാരത പ്രധാനമന്ത്രിയാകാൻ കഴിയുന്ന ഒരു പാർലമെന്റേറിയൻ എന്നാണ്. ജനസംഘത്തിന്റെ ഏറ്റവും വലിയ വിമർശകൻ പണ്ഡിറ്റ് നെഹ്‌റുവായിരുന്നു.

എങ്കിലും വാജ്‌പേയിയോട് സ്‌നേഹപൂർവ്വമായ സമീപനമായിരുന്നു നെഹ്‌റുവിന്. ഇതു തന്നെയാണ് തുടർന്ന് വന്ന രാഷ്ട്രീയ എതിരാളികളും വാജ്‌പേയിയോട് സ്വീകരിച്ചത്. 1957ൽ മുപ്പതാം വയസ്സിലാണ് പാർലമെന്റിലെത്തുന്നത്. കന്നി പ്രസംഗംതന്നെ വിദേശനയത്തെ കുറിച്ച്. ആകാശത്തിന് കീഴെയുള്ള സകല പ്രശ്‌നങ്ങളിലും കൈയിടുക എന്ന നെഹ്‌റുവിന്റെ ശൈലിയെ കുറിച്ചായിരുന്നു പ്രസംഗം.

'ഒരാൾക്ക് പ്രസംഗിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. ജനസംഘത്തെ ദുർവ്യാഖ്യാനിക്കുന്നതിനെ കുറിച്ച് 'താങ്കൾ എല്ലാ ദിവസവും ശീർഷാസനം നടത്തുന്ന ആളാണെന്നറിയാം, ശീർഷാസനത്തിൽ ജനസംഘത്തെ കാണരുതെന്ന്' നെഹ്‌റുവിനെ ഉപദേശിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. വാചകം തീരും മുമ്പേ കൈയടിച്ചത് നെഹ്‌റു. മറുപടി പ്രസംഗത്തിൽ നെഹ്‌റു വാജ്‌പേയിയെ അഭിനന്ദിക്കുകയും ചെയ്തു. 'താങ്കളുടെ വാഗ്‌ധോരണിയിൽ ഞാൻ പൂർണമായും മുഴുകിപ്പോയി. എനിക്കസൂയ തോന്നുന്നു. നിങ്ങൾപറയുന്ന മുഴുവൻ കാര്യങ്ങളോടും യോജിക്കാൻ കഴിയുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം.' ഒരിക്കൽ ഇന്ദിരാഗാന്ധി പറഞ്ഞതാണിത്.

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ ഐക്യരാഷ്ട്രസഭയുടെ ജനീവാ സമ്മേളനം ഇന്ത്യയെ സംബന്ധിച്ച് നിർണായകമായിരുന്നു. പ്രശ്‌നം ആഗോള വിഷയമാക്കാൻ പാക്കിസ്ഥാൻ രംഗത്തുണ്ടാകും. കാശ്മീർ പ്രശ്‌നം അവർ ഉന്നയിക്കും മേൽക്കൈ നേടാൻ ശ്രമിക്കും. ഇന്ത്യയെ ആരുനയിക്കും. അന്വേഷണം ചെന്നു നിന്നത് അടൽജിയിൽ. നരസിംഹറാവു ഏൽപ്പിച്ച ദൗത്യം വാജ്‌പേയ് പൂർത്തിയാക്കി. ഇന്നും കാശ്മീരിൽ മുൻകൈ നേടാൻ അടൽജിക്ക് കഴിയുന്നില്ല. ഐക്യരാഷ്ട്രസഭയിലെ വാജ്‌പേയിയുടെ പ്രകടന്നത്തെ വിദേശകാര്യമന്ത്രി എന്ന നിലയിൽ സംഘത്തിൽപ്പെട്ട സൽമാൻ ഖുർഷിദ് വിശദീകരിച്ചത് 'അപാരം അത്ഭുതം അടൽജി' എന്നാണ്. കാർഗിലിൽ പാക്കിസ്ഥാൻ ആക്രമണമഴിച്ചുവിട്ടപ്പോൾ അതിനെ ചെറുക്കാനുള്ള വാജ്‌പേയി സർക്കാരിന്റെ ശ്രമങ്ങൾക്ക് സമസ്ത ലോക രാഷ്ട്രങ്ങളും ധാർമ്മിക പിന്തുണ നൽകി.

വിദ്യാർത്ഥി നേതാവ്, പത്രാധിപർ, രാഷ്ട്രീയ പ്രവർത്തകൻ, മികച്ച പാർലമെന്റേറിയൻ, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്‌പേയി. അമ്പതു വർഷം പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ അംഗമായി തുടരാൻ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും അടൽബിഹാരി വാജ്‌പേയിയാണ്. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിക്കാൻ ഭാഗ്യമുണ്ടായ കോൺഗ്രസ്സിതര നേതാവും വാജ്‌പേയി മാത്രമാണ്. കൃഷ്ണ ബിഹാരിക്കും കൃഷ്ണാ ദേവിക്കും മകനായി 1924 ഡിസംബർ 25ന് അടൽ ബിഹാരി ജനിച്ചു. വളർന്ന് വിദ്യാഭ്യാസം നേടി രാഷ്ട്രമീമാംസ, ചരിത്രം, നിയമം എന്നിവയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അടൽബിഹാരി പത്രപ്രവർത്തനത്തിലും സജീവമായി പങ്കാളിയായി. രാഷ്ട്രധർമ്മ, പാഞ്ചജന്യ, സ്വദേശ്, വീര അർജ്ജുൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. മുത്തച്ഛൻ ശ്യാംലാൽ ഹിന്ദിയിൽ നല്ലൊരു കവിയായിരുന്നു. ആ പാരമ്പര്യം ലഭിച്ചത് അടൽജിക്ക്.

1951ൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച് ഡോ. ശ്യാമപ്രസാദ് മുഖർജി, ഒരു ദേശീയ പ്രതിപക്ഷ കക്ഷിയുടെ രൂപീകരണത്തിനുവേണ്ടി പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വലംകൈയായി ഒപ്പമുണ്ടായിരുന്നതും അടൽബിഹാരി വാജ്‌പേയിയാണ്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗമായും സ്ഥാപകാദ്ധ്യക്ഷന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 1957ൽ അടൽജി ലോക്‌സഭാംഗമായി. അടിയന്തരാവസ്ഥയിൽ ജയിൽവാസം കഴിഞ്ഞിറങ്ങിയ ഉടൻ 1977ൽ ജനതാഗവൺമെന്റ് രൂപീകരിച്ചപ്പോൾ അതിൽ വിദേശകാര്യമന്ത്രിയായി. 1980ൽ ജനതാപാർട്ടി തകർന്നു. ബിജെപി രൂപമെടുത്തു. അതിന്റെയും ആദ്യത്തെ അധ്യക്ഷനായി വാജ്‌പേയി തന്നെ തിരഞ്ഞെടുക്കപ്പെട്ടു.

1996ൽ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങിപ്പോരുമ്പോൾ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. 1998 ഫെബ്രുവരിയിൽ ആരും ഭരണമേറ്റെടുക്കാനില്ലാത്ത സാഹചര്യത്തിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തി. ബിജെപിക്കു 179 സീറ്റും കോൺഗ്രസിനു 139 സീറ്റും കിട്ടി. രാജ്യം അനാഥമാകരുതെന്നാഗ്രഹിച്ച 13 പാർട്ടികൾ ബിജെപിക്കു പിന്തുണ നൽകാൻ മുന്നോട്ടുവന്നു. അങ്ങനെ 1998 മാർച്ച് 13ന് വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1999 സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പുനടന്നു. അപ്പോഴും ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഘടകകക്ഷികളുടെ പിന്തുണയിൽ വാജ്‌പേയിയുടെ നേതൃത്വത്തിൽ ദേശീയജനാധിപത്യസഖ്യം നിലവിൽ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സർക്കാർ 2004 മെയ് 13 വരെ നിലനിന്നു. പൊഖ്‌റാൻ ആണവ സ്‌ഫോടനം, കാർഗിൽ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയിൽ വാജ്‌പേയി പ്രകടിപ്പിച്ച മിടുക്ക് അനുകരണീയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP