Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവകവി ജിനേഷ് മടപ്പള്ളി ജോലിചെയ്ത സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ; വിഷാദവും വേദനകളും എന്നും വാക്കുകളിൽ നിറച്ച കവി ഒടുവിൽ വിടപറയാൻ തിരഞ്ഞെടുത്തതും ആത്മഹത്യയുടെ വഴിതന്നെ; രണ്ടാഴ്ച മുമ്പുണ്ടായ അമ്മയുടെ വേർപാട് ജിനേഷിനെ അലട്ടിയിരുന്നതായി അടുപ്പക്കാർ; കവിയുടെ ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ സോഷ്യൽമീഡിയയിൽ ഓർമ്മക്കുറിപ്പുകൾ നൽകി ആസ്വാദകരും സുഹൃത്തുക്കളും

യുവകവി ജിനേഷ് മടപ്പള്ളി ജോലിചെയ്ത സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ; വിഷാദവും വേദനകളും എന്നും വാക്കുകളിൽ നിറച്ച കവി ഒടുവിൽ വിടപറയാൻ തിരഞ്ഞെടുത്തതും ആത്മഹത്യയുടെ വഴിതന്നെ; രണ്ടാഴ്ച മുമ്പുണ്ടായ അമ്മയുടെ വേർപാട് ജിനേഷിനെ അലട്ടിയിരുന്നതായി അടുപ്പക്കാർ; കവിയുടെ ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ സോഷ്യൽമീഡിയയിൽ ഓർമ്മക്കുറിപ്പുകൾ നൽകി ആസ്വാദകരും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യുവകവിയായ ജിനേഷ് മടപ്പള്ളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അദ്ദേഹം ജോലിചെയ്തിരുന്ന വടകര ഒഞ്ചിയം യുപി സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്. തന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് ജിനേഷ് ഈ ലോകത്തോട് വിടപറയുന്നത്.

ഒഞ്ചിയം യുപി സ്‌കൂളിൽ പ്യൂൺ ആയിരുന്നു ജിനേഷ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിലെ കോണിപ്പടിക്ക് മുകളിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അവിവാഹിതനാണ്. ജിനേഷിന്റെ അമ്മ രണ്ടാഴ്‌ച്ച മുമ്പാണ് നിര്യാതയായത്. അമ്മ നഷ്ടപ്പെട്ട വേദനയും അദ്ദേഹത്തെ അലട്ടിയിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. വടകര രയരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്. അരക്ഷിത യൗവനത്തെയും സമൂഹത്തിലെ അമർത്തിയ നിലവിളികളേയും തന്റെ കവിതകളിലേക്ക് തീക്ഷ്ണമായി ആവാഹിച്ച കവിയായിരുന്നു ജിനേഷ്.

പല വിഷയങ്ങളിലും ആത്മഹത്യയെന്ന വിഷയം ഒരു മർമ്മംപോലെ ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്നു. വിഷാദത്തെ പ്രണയിച്ച കവിയെന്ന നിലയിൽ ആസ്വാദകർക്കിടയിൽ ഇടംപിടിച്ച ജിനേഷ് ഒടുവിൽ എല്ലാവരോടും വിടപറയാൻ ആത്മഹത്യയിൽ തന്നെ അഭയംപ്രാപിച്ചു.

2009ൽ പുറത്തിറങ്ങിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകൾ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങൾ.

നിരവധി കവിതാപുരസ്‌കാരങ്ങൾ നേടിയ ജിനേഷിന് വലിയൊരു സുഹൃദ് വൃന്ദവുമുണ്ട്. 1982 ൽ കോഴിക്കോട് ജില്ലയിലെ കെടി ബസാറിൽ ജനിച്ച ജിനേഷ് ഊരാളുങ്കൽ വിവി എൽപി സ്‌കൂൾ, ജിവിഎച്ച്എസ്എസ് മടപ്പള്ളി, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളെജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി.

കവിതാലോകത്തെ പുത്തൻതലമുറക്കാർക്കിടയിൽ സുപരിചിതനായ ജിനേഷിന് നവകവിതാലോകത്ത് ആയിരക്കണക്കിന് ആസ്വാദകരുമുണ്ട്. സാഹിത്യവേദികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ജിനേഷ്. കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചശേഷം ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.

നല്ലൊരു കവിയെന്ന നിലയിൽ ഏറെ ആരാധകരുണ്ടായിരുന്ന ജിനേഷിന് ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട് സോഷ്യൽ മീഡിയയിൽ. ജിനേഷിന്റെ ആകസ്മികമായ വേർപാട് വലിയ വേദനയോടെയാണ് സോഷ്യൽമീഡിയ ഉൾക്കൊള്ളുന്നത്. ജിനേഷിന്റെ ആസ്വാദകരിൽ പലരും അദ്ദേഹത്തെയും കവിതകളേയും അനുസ്മരിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പുകളും നൽകി.

തന്റെ ഫേസ്‌ബുക്ക് ടൈംലൈനിൽ ഇക്കഴിഞ്ഞ മാർച്ച് 13ന് ജിനേഷ് പോസ്റ്റ് ചെയ്തത് 'ആദികവിത ചോരതുപ്പുമ്പോൾ' എന്ന കവിതയാണ്. അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തെ അധികരിച്ചുള്ള ഈ കവിതയും ഏറെ ചർച്ചചെയ്യപ്പെട്ടു. ആ കവിത ചുവടെ:

ആദികവിത ചോരതുപ്പുമ്പോൾ
കവിത /ജിനേഷ് മടപ്പള്ളി

കൊല്ലപ്പെട്ടതിനു ശേഷം
എഴുതപ്പെടുന്ന കവിതകൾ
വൈകിയെത്തിയവയാണ്

നേരത്തേ പുറപ്പെടാഞ്ഞതിന്റെ
കുറ്റബോധവും പേറിയാണ് അത് വരുന്നത്
സാക്ഷിമൊഴിയായി അവ പരിഗണിക്കപ്പെടുകയില്ല
ന്യായാധിപൻ വായിക്കണമെന്നില്ല
എങ്കിലും വഴിപിഴച്ച നീതിക്ക് അതൊരു ചൂണ്ടുപലകയാവാം

മധൂ,
കാടുകയറേണ്ടത്
പതിനേഴാമത്തെ വയസ്സിലാണെന്ന്
കവികളെപ്പൊലെ നീയും അറിഞ്ഞോ

നീ മറ്റൊന്നുമായിരുന്നില്ല
ഉള്ളിലും പുറത്തും പൂത്തുലഞ്ഞ കാട്

അകത്തെ കാടിന്റെ മുഴക്കം
പിടിച്ചെടുക്കാനാവാത്തവർ
ഞങ്ങൾക്ക് അന്നവും വെള്ളവും അഭയവും തന്നു

അതിന്റെ ഇരമ്പം കേട്ടവർ
നിന്നോട് കാണിച്ചതിൽ പലതും
ഞങ്ങളോടും കാണിച്ചു

കറപിടിച്ച ആ സഞ്ചിക്കകത്തെ
വന്മുതലുകൾ എന്തൊക്കെയായിരുന്നു

കൽക്കരി പാടങ്ങളേയും
പാറമടകളേയും
വനസഞ്ചയങ്ങളേയും
തീറെഴുതിക്കൊടുത്തതിന്റെ
അസ്സൽ രസീതികൾ

കൊന്നും കൊല്ലിച്ചും ആളെകൂട്ടുന്ന ക്വട്ടേഷൻ മേപ്പുകൾ

അല്ല
ഒരു പിടി അരി

വേവിക്കാനറിയാതെ
വേവുന്നവന്
എന്തിനായിരിക്കണം

വിശക്കുമ്പോൾ
മറ്റുള്ളവർ കഴിക്കുന്നതിന്റെ
നേർത്ത ഓർമ പുതുക്കലുകൾ മാത്രമായിരുന്നു അത്

പിന്നെ മല്ലി
അരികിലില്ലാത്ത അമ്മയുടെ പേരുള്ള
പൊടിപാക്കറ്റ്

എഴുതിയിട്ടും
എഴുതിയിട്ടും ആർത്തി മാറാതെ
ഞങ്ങൾ മരണത്തെ
കവിതകളിൽ നിരത്തി

പേര് ചോദിച്ചപ്പോൾ
മരിച്ച അച്ഛന്റെ പേര് പറഞ്ഞ്
അത്തരം കവിതകൾക്കെല്ലാം
നീ ഒറ്റശീർഷകം നൽകി

ജീവിച്ചിരിക്കാനുള്ള അർഹതയുടെ
മുഴുവൻ തെളിവുകളേയും ഒഴുക്കിക്കളഞ്ഞു

നിന്റെ ഭാഷ
തച്ചുടക്കപ്പെട്ടില്ലായിരുന്നെങ്കിൽ
നീ കവിതകളെഴുതുമായിരുന്നു

നിന്റെ ലിപിയിലെ വക്കടർന്ന ചില അക്ഷരങ്ങളെ എത്തിച്ചുതരട്ടെ

എഴുതുമോ നീ
നിനക്ക് പ്രിയപ്പെട്ട
പാറയിടുക്കിനേയും തേക്കിൻകൂപ്പിനേയും തൊട്ട്

അരുവികളേയും
മീൻചാട്ടങ്ങളേയും പിന്നിട്ട്

ഉടലിനാൽ എഴുതപ്പെട്ട
ഏറ്റവും ദയനീയമായ
അവസാനത്തെ കവിതപോലെയല്ല

ജീവിതം ഉരുക്കിവാറ്റി
കാട്ടുചൂര് നിറച്ച കവിത

തീർച്ചയായും എഴുതണം

നീ അത്രമേൽ
ഞങ്ങളിൽ പെട്ടവനാണ്..

അമല ഷഫീഖ് നൽകിയ കുറിപ്പ് ചുവടെ:

ഇനിയൊരിക്കലും സുഹൃത്താകില്ലാത്ത

എന്നാൽ കൂടുതൽ വായിക്കാനിടയുള്ള
ഇന്നീ ഭൂമിയിലില്ലാത്ത
ഒരുവനെ കുറിച്ചാണീ കുറിപ്പ്.

Jinesh Madappally

അയാൾ ഇന്നലെ സ്വയമുപേക്ഷിച്ച് പോയി.

ഉണ്ണി ആർ പ്രകാശനം ചെയ്ത ജിനേഷ് മടപ്പള്ളിയുടെ നാലാമത്തെ കവിതാ സമാഹാരം 'രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതൾ' ട്രാൻസ്‌ജെണ്ടർ ആക്ടിവിസ്റ്റ് വിജയരാജമല്ലിക ആദ്യ പ്രതി ഏറ്റുവാങ്ങിയ ഒരു ചിത്രം ശ്രദ്ധയിൽ പെട്ടതോടെയാണ് ജിനേഷിനെ വായിക്കാൻ തുടങ്ങിയത്. എനിക്കും അയാൾക്കുമിടയിൽ 64 Mutual friends ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ friends list 5k എത്താനായതിനാലും വായിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നതിനാലും അദ്ദേഹത്തെ ഫോളോ ചെയ്ത് വായിച്ച് വന്നു.

ജിനേഷ് നിഷ്‌കളങ്കനായ കവി ആണെന്നും ആ ആത്മാർത്ഥ തന്നെ അത്ഭുതപെടുത്തി എന്നും ഉണ്ണി. ആർ അഭിപ്രായപെട്ടതായ് വായിച്ചു. 'ഉടലിന് പ്രാധാന്യം നൽക്കുന്ന തന്നെ പോലെ ഉള്ളവർക്ക് ഇങ്ങനെ എഴുതാൻ സാധിക്കില്ല. ജിനേഷിന്റെ കവിതകൾ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതാണ്' എന്നാണ് ഉണ്ണി ആർ പറഞ്ഞത്. അദ്ദേഹത്തിന്റെ സത്യസന്ധമായ അഭിപ്രായത്തെ മാനിക്കുന്നു.

ഇന്നിപ്പോൾ മറ്റൊരു ലോകത്തേക്ക് പോയ, കവിതകളിൽ കൂടി മാത്രമറിയുന്ന ജിനേഷ് എന്ന മനുഷ്യന് എവിടെയായിരുന്നാലും വേദനകളിൽ നിന്ന് മുക്തിയും മനസ്സിന് സമാധാനവും ലഭിക്കട്ടെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ. അതല്ലെങ്കിൽ എല്ലാം പൂർണ്ണവിരാമത്തിലെത്തിച്ച് അദ്ദേഹം വേദനകളിൽ നിന്ന് രക്ഷപെട്ടു എന്ന് ആശ്വസിക്കാനേ കഴിയൂ.

ഈ അവസരത്തിൽ പി. സുരേഷ് പറഞ്ഞ വാക്കുകൾ കടമെടുക്കുന്നു
***********************************************

'ഇടിമിന്നലിൽ പിളർന്ന
വീടിന്റെ ലോൺകുടിശ്ശിക
അടയ്ക്കാൻ വിധിക്കപ്പെട്ട
ഒരാളെപ്പോലെയാണ്
ഞാൻ നിന്നെ സ്‌നേഹിക്കുന്നത്.
എല്ലാം തകർന്നിട്ടും
ഇഷ്ടം തുടരുന്നു'.

പ്രണയം പ്രഹരമാകുന്നു. വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹ ബന്ധങ്ങളുഴിയിൽ എന്നറിയാം കവിക്ക്. അതാണ് അതിജീവന തന്ത്രം.

'ശസ്ത്രക്രിയക്കിടക്കോർമ്മ തെളിയുന്ന
മസ്തിഷ്‌ക രോഗി തൻ ഞെട്ടിക്കരച്ചിൽ പോൽ
വന്നതെന്തിനെൻ നിദ്രയിലേക്കു നീ'

എന്ന വരിയിൽ തടഞ്ഞാണ് ആദ്യമായി വീണ് മുറിവേറ്റത് എന്ന് ഓർക്കുന്നു. ചങ്ങമ്പുഴയോ പി.യോ എന്നെ മുറിവേല്പിച്ചിരുന്നില്ല. ഇപ്പോൾ, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകൾ എന്റെ മജ്ജയിൽ ഈയമായി ഉരുകി വീഴുന്നു. ഈ പ്രണയത്തിന്റെ ബൈബിൾ എഴുതാൻ നീ എത്ര തവണ കുരിശേറിയിട്ടുണ്ടാവും ജിനേഷ് ? പ്രണയത്തിന്റെ പ്രഹരത്തിൽ ചുട്ടുപഴുത്ത ഒരു ഹൃദയമുണ്ട് ഓരോ അക്ഷരത്തിലും. എത്രവട്ടം ബലിയായി മാറണം സ്‌നേഹത്തിന്റെ മൂന്നാം നാളിൽ ഉയിർക്കാൻ?

നഷ്ടപ്രണയത്തിന്റെ തീവ്രവേദനയിൽ നിന്നുള്ള കണ്ണീരിനാൽ ഓരോ പേജിലും ബുക്മാർക്ക് വെച്ച ഈ പുസ്തകം ഞാനാർക്കും കൊടുക്കില്ല....

എന്ന് പി. സുരേഷ് പറഞ്ഞ് നിർത്തുമ്പോൾ ആ പുസ്തകം വാങ്ങി വായിക്കുക എന്നതേ എനിക്ക് ചെയ്യാനുള്ളൂ. ഒരിക്കലും അറിയാത്ത ഒരു മനുഷ്യന്, അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിരുന്നു എന്നതുകൊണ്ട് മാത്രം ഇങ്ങനെയൊരു മരണാനന്തര കുറിപ്പെഴുതുക എന്നത് മാതമെ ചെയ്യാനുള്ളു..

ചില കവിതകൾ ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP