Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം സത്യഭാമ അന്തരിച്ചു; വിടപറഞ്ഞത് സംസ്ഥാന സർക്കാരിന്റെ ആദ്യ നൃത്തനാട്യ പുരസ്‌കാരം ലഭിച്ച കലാകാരി

പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം സത്യഭാമ അന്തരിച്ചു; വിടപറഞ്ഞത് സംസ്ഥാന സർക്കാരിന്റെ ആദ്യ നൃത്തനാട്യ പുരസ്‌കാരം ലഭിച്ച കലാകാരി

പാലക്കാട്: പ്രശസ്ത മോഹിനിയാട്ട നർത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കലാമണ്ഡലം മുൻ പ്രിൻസിപ്പലായിരുന്നു. സംസ്ഥാന സർക്കാരിന്റെ ആദ്യ നൃത്തനാട്യ പുരസ്‌കാരം ലഭിച്ച കലാകാരിയാണ് സത്യഭാമ. 2014 ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ഷഡ്ക്കാല ഗോവിന്ദമാരാർ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ സത്യഭാമയെ തേടിയത്തെിയിട്ടുണ്ട്.

മോഹിനിയാട്ടത്തിൽ ഘടനാപരമായ മാറ്റം വരുത്തിയ കലാകാരിയാണ് സത്യഭാമ. മോഹിനിയാട്ടത്തെ ലളിതമാക്കാൻ കഴിഞ്ഞതാണ് അവരുടെ പ്രധാന നേട്ടം. പുതിയ അടവും ഭംഗിയുള്ള മുദ്രകളുമുണ്ടാക്കി സത്യഭാമ മോഹിനിയാട്ടത്തെ ഇന്നത്തെ നിലയിലേക്ക് പരിഷ്‌ക്കരിച്ചു. 'മോഹിനിയാട്ടം: ചരിത്രം,സിദ്ധാന്തം, പ്രയോഗം' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

മോഹിനിയാട്ട ശൈലിയിൽ കണ്ണകി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ നൃത്തനാടകങ്ങളും അവർ ഒരുക്കി. കലാമണ്ഡലത്തിൽ പഠിച്ച് വളർന്ന് അവിടെ തന്നെ അദ്ധ്യാപികയായി ഒടുവിൽ അവിടെ നിന്ന് പ്രിൻസിപ്പലായിട്ടാണ് അവർ വിരമിച്ചത്. കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരാണ് ഭർത്താവ്.മക്കൾ: വേണുഗോപാലൻ, ലതിക, രാധിക, ശശികുമാർ.

ഷൊർണൂരിനടുത്തുള്ള പരുത്തിപ്ര വേണാടുവീട്ടിൽ അമ്മിണിയമ്മയുടേയും കൃഷ്ണൻനായരുടേയും മകളായി 1937ൽ ജനിച്ച സത്യഭാമ ഷൊർണൂർ കെ.വി.ആർ. ഹൈ സ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ്‌സ്‌കൂൾ വിദ്യാഭ്യാസം നിർത്തി കലാമണ്ഡലത്തിൽ ചേർന്നത്.

ചിന്നമ്മ അമ്മയുടെ കീഴിൽ ആദ്യമായി കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ വന്ന അഞ്ചുകുട്ടികളിൽ അവസാനം ചേർന്ന വിദ്യാർത്ഥിനിയാണ് സത്യഭാമ.പഠനം പൂർത്തിയാക്കി ഏറെത്താമസിയാതെ അവരെ കലാമണ്ഡലത്തിൽ നൃത്തവിഭാഗം അദ്ധ്യാപികയായി നിയമിക്കുകയും ചെയ്തു.

മോഹിനിയാട്ടവും ഭരതനാട്യവും രംഗത്തവതരിപ്പിച്ച് പ്രശസ്തയായ നർത്തകി എന്ന നിലയിലല്ല, പക്വമതിയായ ഒരധ്യാപിക എന്ന നിലയിൽ പ്രസ്ഥാനത്തിന് അടിത്തറയിട്ടുറപ്പിച്ചതിനാലാണ് സത്യഭാമ ടീച്ചറുടെ സേവനം ആദരിക്കപ്പെടുന്നത്. കലാമണ്ഡലത്തിൽ നൃത്തവിഭാഗത്തിന്റെ ചുമതലയേറ്റപ്പോൾ മോഹിനിയാട്ടത്തിലെ ഇനങ്ങൾ വികസിപ്പിക്കുന്നതിനും രണ്ടുമൂന്നുമണിക്കൂർ നേരത്തേയ്ക്കുള്ളനൃത്തപരിപാടികൾ സംവിധാനംചെയ്ത് ശീലിപ്പിക്കുന്നതിലുമാണ് അവർ ഉത്സാഹിച്ചത്.

മഹാകവിയടെ സാമൂഹ്യപ്രാധാന്യമുള്ള പലകവിതകളും 'നാഗില' തുടങ്ങിയ പ്രസിദ്ധ കൃതികളും അവർ നൃത്തരൂപത്തിൽ സംവിധാനം ചെയ്തു. മോഹിനിയാട്ടത്തിന്റേയും ഭരതനാട്യത്തിന്റേയും സങ്കരമാർഗങ്ങൾ ഇതിനുപയോഗിച്ചു. കഥകളിയോടും ഭരതനാട്യത്തോടും കടപ്പെട്ടും എന്നാൽ മോഹിനിയാട്ടത്തനിമ നിലനിർത്തിയും ഉപയോഗിക്കാവുന്ന നാല്പതോളം അടവുകൾ അവർ ചിട്ടപ്പെടുത്തി. ഇതൊക്കെ അതാതുകാലത്തെ വിദ്യാർത്ഥിനികളെ പരിശീലിപ്പിക്കുകയും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ അവർ അവയൊക്കെ സാർവത്രികമായി പ്രചരിപ്പിക്കുകയും ചെയ്തു. നൃത്തപരിശീലനത്തിന് കലാമണ്ഡലത്തിൽ ഒരുസ്‌കീമും സിലബസുംരൂപപ്പെട്ടത് സത്യഭാമയുടെകാലത്താണ്.

1954ൽ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തിൽ മലയ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ സംഘത്തിൽ അംഗമായിരുന്നു. 1957ൽ കലാമണ്ഡലത്തിൽ അഡീഷണൽ അദ്ധ്യാപികയായി. 1993ൽ പ്രിൻസിപ്പൽ ആയിരിക്കേ വിരമിച്ചു. മോഹിനിയാട്ടത്തിൽ അഞ്ചു വർണങ്ങൾ, പതിനൊന്നു പദങ്ങൾ, ഒരു തില്ലാന എന്നിവ പുതിയതായി സംവിധാനം ചെയ്തു. ചില കവിതകൾ മോഹിനിയാട്ടരൂപത്തിൽ ആവിഷ്‌കരിച്ചു. ബാലേകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നു കേരളത്തിൽ അറിയപ്പെടുന്ന ഒട്ടുമിക്ക മോഹിനിയാട്ടനർത്തകിമാരും അദ്ധ്യാപകരും സത്യഭാമയുടെ ശിഷ്യരോ പ്രശിഷ്യരോ ആണ്.

കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര സർക്കാറിന്റെ സീനിയർ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. മൃദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാമണ്ഡലത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം നാല് മണിക്ക് ഷൊർണൂർ ശാന്തികവാടത്തിൽ സംസ്‌കരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP