Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആചാര്യ മഹാമണ്ഡലേശ്വർ കാശികാനന്ദഗിരി മഹാരാജ് സമാധിയായി; ഓർമ്മയായത് ആചാര്യ മഹാമണ്ഡലേശ്വർ പദവിയിലെത്തിയ ആദ്യ മലയാളി

ആചാര്യ മഹാമണ്ഡലേശ്വർ കാശികാനന്ദഗിരി മഹാരാജ് സമാധിയായി; ഓർമ്മയായത് ആചാര്യ മഹാമണ്ഡലേശ്വർ പദവിയിലെത്തിയ ആദ്യ മലയാളി

ഡെറാഡൂൺ: അദ്വൈത വേദാന്തത്തിലെ കുലപതി ആചാര്യ മഹാമണ്ഡലേശ്വർ കാശികാനന്ദഗിരി മഹാരാജ്(91) ഡെറാഡൂണിൽ സമാധിയായി. ഭാരതീയ സന്യാസ പാരമ്പര്യത്തിന്റെ ഏറ്റവും ഉയർന്ന പദവിയായ ആചാര്യ മഹാമണ്ഡലേശ്വർ പദവിയിലെത്തിയ ആദ്യ മലയാളിയാണ് അദ്ദേഹം. അഭിനവ ശങ്കരാചാര്യർ എന്നാണ് അറിയപ്പെട്ടിരുന്നത്.

ശനിയാഴ്ച ഹരിദ്വാറിൽ സമാധിയിരുത്തൽ ചടങ്ങ് നടക്കും. മഹാപണ്ഡിതൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശികാനന്ദഗിരി മഹാരാജ് പൂർവാശ്രമത്തിൽ ചെർപ്ലശ്ശേരി സ്വദേശിയായിരുന്നു. കുംഭമേളകളിൽ ആദിശങ്കരന്റെ അനുയായികളായ സന്യാസിസംഘത്തെ നയിച്ചുകൊണ്ട് പ്രഥമസ്‌നാനം നിർവഹിച്ചിരുന്നത് ഗിരിമഹാരാജായിരുന്നു. 246 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കുറച്ച് ദിവസം മു്മ്പ് ഉത്തരകാശിയിലുള്ള ആശ്രമത്തിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന സ്വാമിയെ ഹിമാലയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വ്യാഴാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ശിഷ്യനായ മോഹനാനന്ദഗിരിയായിരിക്കും അടുത്ത മഹാമണ്ഡലേശ്വർ.

ഭാരതീയ സന്ന്യാസി പരമ്പരയിലെ മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തെ ന്യായദർശനത്തിന്റെ അവസാനവാക്കായാണ് കണക്കാക്കുന്നത്. 1924 ലായിരുന്നു ജനനം. ആത്മാന്വേഷകനായി പതിനഞ്ചാം വയസ്സിൽ കാശിയിലേക്ക് നടന്നുപോയി. വാരണാസിയിലെ സംസ്‌കൃത സർവകലാശാലയിലായിരുന്നു പഠനം. സ്വാമികൾ ബി.എക്ക് പഠിക്കുമ്പോൾ അവിടെ എം.എക്ക് പഠിപ്പിച്ചിരുന്ന പുസ്തകങ്ങളിൽ മൂന്നെണ്ണവും സ്വാമികളുടേതായിരുന്നു.

1924ൽ പാലക്കാട് ചേർപ്പുളശേരിയിലാണ് സ്വാമി ജനിച്ചത്. പതിനഞ്ചാം വയസിൽ ആത്മീയതയിലേക്കിറങ്ങിയ അദ്ദേഹം ദക്ഷിണാമൂർത്തി മഠത്തിൽ നരസിംഹഗിരി മഹാരാജിൽ നിന്നാണ് ദീക്ഷ സ്വീകരിച്ചത്. വേദങ്ങൾ, ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം തുടങ്ങിയ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജി വേദാന്തം, ന്യായശാസ്ത്രം, വ്യാകരണം, ഉപനിഷത്ത് വ്യാഖ്യാനങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഭഗവദ്ഗീതയുടെ വ്യാഖ്യാനങ്ങളിൽ അഗാധവും ബൃഹദുമായ വ്യാഖ്യാനങ്ങളിൽ പലതും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഈശോവാസ്യോപനിഷത്തിന്റെ ഒന്നാം ശ്ലോകത്തിന് മാത്രം അദ്ദേഹം 30 വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്. നിത്യചൈതന്യയതിക്ക് ഈശോവാസ്യം ഉപദേശിച്ചുകൊടുത്തതും അദ്ദേഹമായിരുന്നു. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്വാമിജിക്ക് ആശ്രമമുണ്ട്. ഈ വർഷം ഫെബ്രവരിയിൽ അദ്ദേഹം കേരളത്തിൽ പര്യടനം നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP