Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗാനമാധുര്യം കൊണ്ട് വിസ്മയം തീർത്ത എം എസ് വിശ്വനാഥൻ വിടവാങ്ങി; ജനപ്രിയ സംഗീത സംവിധായകന്റെ മരണം ചെന്നൈയിൽ; ഓർമ്മയാകുന്നത് തെന്നിന്ത്യൻ സിനിമയിലെ ഭാവഗാന ചക്രവർത്തി

ഗാനമാധുര്യം കൊണ്ട് വിസ്മയം തീർത്ത എം എസ് വിശ്വനാഥൻ വിടവാങ്ങി; ജനപ്രിയ സംഗീത സംവിധായകന്റെ മരണം ചെന്നൈയിൽ; ഓർമ്മയാകുന്നത് തെന്നിന്ത്യൻ സിനിമയിലെ ഭാവഗാന ചക്രവർത്തി

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എംഎസ് വിശ്വനാഥൻ അന്തരിച്ചു. 87 വസ്സായിരുന്നു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു മരണം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്ന എംഎസ്‌വിയും നില പെട്ടെന്ന് മോശമാകുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

ചിട്ടപ്പെടുന്ന ഗാനങ്ങളുടെ മാധുര്യം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച സംഗീതസംവിധായകനാണ് എംഎസ് വിശ്വനാഥൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി സിനിമകളുടെ സംഗീത സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള എംഎസ് വിശ്വനാഥൻ ശിവജി ഗണേശൻ നായകനായി അഭിനയിച്ച പാനം എന്ന സിനിമയിലൂടെയാണ് തന്റെ ചലച്ചിത്ര യാത്രക്ക് തുടക്കം കുറിച്ചത്. തെന്നിന്ത്യയുടെ ജനപ്രിയ സംഗീതസംവിധായകനായിരുന്നു എം എസ് വിശ്വനാഥൻ. ഭാവഗാന ചക്രവർത്തി' എന്നർഥംവരുന്ന 'മെല്ലിശൈ മന്നൻ' എന്ന് തമിഴ്‌നാട്ടിൽ അറിയപ്പെടുന്ന എംഎസ് വി തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ആയിരത്തി ഇരുനൂറിലേറെ സിനിമകൾക്ക് സംഗീതം നൽകി.

എം എസ് വി, സുഹൃത്ത് ടി കെ രാമമൂർത്തി ജോടികൾ ദശകങ്ങളോളം ഹിറ്റ്ഗാനങ്ങൾ ഒരുക്കി. ഇരുവരും 86 തമിഴ് ചിത്രങ്ങൾക്ക് സംഗീതം നൽകി. പാശമലർ, ആയിരത്തിൽ ഒരുവൻ, എങ്ക വീട്ടുപിള്ളൈ തുടങ്ങിയവ അവയിൽ ചിലതുമാത്രം. 1965ൽ ഹിറ്റ് ജോടി വേർപിരിഞ്ഞു. എംഎസ്വി ഒറ്റയ്ക്കും തമിഴകത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളൊരുക്കി. തമിഴ്ചലച്ചിത്ര പ്രതിഭ കെ ബാലചന്ദറിന്റെ ചിത്രങ്ങൾക്കുവേണ്ടി നിത്യഹരിതഗാനങ്ങൾ സൃഷ്ടിച്ചു. ഭാര്യ ജാനകി 2012ലും സഹസംഗീതകാരൻ ടി കെ രാമമൂർത്തി അടുത്തവർഷവും അന്തരിച്ചു. നാല് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.

മലയാളവും തമിഴും കന്നടയും അടക്കമുള്ള തെന്നിന്ത്യൻ സിനിമാസംഗീതത്തിന് എംഎസ്‌വി നൽകിയ സംഭാവനകൾ വളരെ വലുതാണ്. ''ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി'' (ലങ്കാദഹനം), ''നിനയ്ക്ക് തെരിന്ത മനമേ'' (ആനന്ദജ്യോതി), ''ശൊന്നതു നീ താനാ...'' (നെഞ്ചിൽ ഒരു ആലയം), ''ഓടിവാ നിലവേ...'' (ഉയർന്ത മനിതൻ), ''എന്നെ എടുത്ത്, തന്നൈ കൊടുത്ത്...'' (പടകോട്ടി), ''ചിന്നം ചെറുകൺമലർ...'' (പതിഭക്തി), ''മലര്ക്ക് തെന്റെൽ പകൈയാനാൽ...'' (എങ്ക വീട്ടുപിള്ളൈ) ''കൺപൊണ പോക്കിലേ...'' (പണം പടൈത്തവൻ), ''എങ്കേ നിമ്മതി...'' (പുതിയ പറവൈ), ''നിലാവേ എന്നിടം...'' (രാമു), ''നാളാം നാളാം തിരുനാളാം...'' (കാതലിക്ക നേരമില്ലൈ) തുടങ്ങി എത്ര കേട്ടാലും മതി വരാത്ത നിരവധി ഈണങ്ങൾ എംഎസ്‌വിയുടെതായി പിറന്നിട്ടുണ്ട്്്.

1928 ജൂൺ 24നു പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻനാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ് മനങ്കയത്ത് സുബ്രമണ്യൻ വിശ്വനാഥൻ എന്ന എംഎസ് വിശ്വനാഥൻ ജനിച്ചത്. നാലാം വയസ്സിൽ അച്ഛന്റെ മരണവും ദാരിദ്ര്യവും മൂലം അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും അന്ന് മുത്തച്ഛനാണ് വിശ്വനാഥനെ രക്ഷിച്ചത്. ദാരിദ്രം നിറഞ്ഞ ജീവിതം വിശ്വനാഥനെ സിനിമാതീയേറ്ററിൽ കടല വിൽപ്പനക്കാരനാക്കി. സംഗീതത്തോടുള്ള താൽപര്യം എംഎസ് വിയെ നീലകണ്ഠ ഭാഗവതരിൽ എത്തിച്ചു. തിയേറ്ററിന് മുന്നിൽ കടലവിറ്റ് നടന്ന ചരിത്രവും ഈ സംഗീതജ്ഞനുണ്ട്. അവിടെ നിന്നാണ് എം എസ് വി എന്ന സംഗീതജ്ഞന്റെ പിറവി.

പതിമൂന്നാം വയസിൽ എം എസ് വി തന്റെ ആദ്യ കച്ചേരി നടത്തി. 1952 ൽ പാനം എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് സിനിമാസംഗീതലോകത്തേയ്ക്ക് കടക്കുന്നത്. ടി കെ രാമമൂർത്തി എന്ന വയലിൻ വിദ്വാനുമായി ചേർന്ന് വിശ്വനാഥൻ രാമമൂർത്തി എന്ന പേരിലാണ് എംഎസ്‌വി ആദ്യകാലത്ത് ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി നൂറിൽ അധികം ചിത്രങ്ങൾക്ക് ഈ കൂട്ടുകെട്ട് സംഗീതം പകർന്നിട്ടുണ്ട്. 1965 ൽ ഈ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷമാണ് എം എസ് വി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.

1965 മുതൽ ഏകദേശം 1100 ൽ അധികം സിനിമകൾക്ക് ്അദ്ദേഹം സംഗീതം നൽകിയിടുണ്ട്. തമിഴ്‌സിനിമാലോകത്ത് അതിപ്രശസ്തനായി നിന്ന സമയത്തും എംഎസ്‌വി നിരവധി മലയാള സിനിമകൾക്കുവേണ്ടി സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. 1971 ൽ പുറത്തിറങ്ങി ലങ്കാദഹനം എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് പണിതീരാത്ത വീട്, ജീസസ്, വെല്ലുവിളി, വാടകവീട്, ലോറി, കോളിളക്കം, മർമ്മരം, ഐയ്യർ ദ ഗ്രേറ്റ് തുടങ്ങി നിരവധി മലയാള സിനിമകളിലെ ഗാനങ്ങൾക്ക് എംഎസ് വി ഈണം പകർന്നിട്ടുണ്ട്.

എംഎസ് വിശ്വനാഥൻ ഈണം നൽകിയ പ്രശസ്ത മലയാള ഗാനങ്ങൾ

ഈശ്വരനൊരിക്കൽ വിരുന്നിനുപോയി ( ലങ്കാദഹനം)
അറബിക്കടലിളകിവരുന്നു (മന്ത്രകോടി)
കണ്ണുനീർത്തുള്ളിയെ (പണിതീരാത്ത വീട്)
ആകാശരൂപിണി (ദിവ്യദർശനം)
അമ്പലവിളക്കുകൾ (ദിവ്യദർശനം)
വീണപൂവേ കുമാരാശാന്റെ വീണപൂവേ (ജീവിക്കാൻ മറന്നുപോയ സ്ത്രീ)
ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം)
നിശീഥിനി നിശീഥിനി ( യക്ഷഗാനം)
മുത്തുക്കുടക്കീഴിൽ (രാജയോഗം)
ഹരിവരാസനം (ശബരിമലയിൽ തങ്ക സൂര്യോദയം)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP