Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങിയത് നിയമരംഗത്തെ പ്രതിഭാശാലി; മുൻ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചു; ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാദിച്ചതോടെ രാജ്യം ശ്രദ്ധിച്ച വ്യക്തിത്വം

പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങിയത് നിയമരംഗത്തെ പ്രതിഭാശാലി; മുൻ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചു; ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാദിച്ചതോടെ രാജ്യം ശ്രദ്ധിച്ച വ്യക്തിത്വം

മറുനാടൻ ബ്യൂറോ

പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരൻ അന്തരിച്ചു.70 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിൽസയിലായിരുന്നു.

കൊച്ചി കച്ചേരിപ്പടിയിലെ 'തനുശ്രീ'യിലായിരുന്നു താമസം. നിലവിൽ സംസ്ഥാന സർക്കാരിന്റെ നിയമപരിഷ്‌കാര കമീഷൻ അംഗമാണ്. ഭരണഘടന, ക്രമിനൽ നിയമങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു എം.കെ. ദാമോദരൻ. തലശ്ശേരി ചെങ്ങര സി. ശങ്കരൻ നായരുടെയും മുതലാടത്ത് കുറുങ്ങോടൻ മാധവിയമ്മയുടെ മകനാണ്. 1963ൽ എറണാകുളം ലോ കോളജിൽ നിന്ന് ബി.എൽ പാസായി. 1964 ജൂലൈ 18ന് സനതെടുത്തു. തലശ്ശേരി മുൻ മുനിസിപ്പൽ ചെയർമാൻ എ.വി.കെ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1977വരെ മലബാറിലെ വിവിധ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്ത ശേഷം എറണാകുളത്തേക്ക് മാറി.

പാനൂർ സോമൻ വധക്കേസ്, കാസർകോട് ഹംസ വധക്കേസ്, അടവിച്ചിറ ജയിംസ് വധക്കേസ്, വർഗീസ് വധക്കേസ്, തലശ്ശേരി, പുതുപ്പള്ളി, തൃശ്ശിലേരി, താവം തുടങ്ങിയ നിരവധി കൊലക്കേസുകളിൽ ഹാജരായിട്ടുണ്ട്. ലോട്ടറി കേസിൽ സാന്റിയാഗോ മാർട്ടിനും ലാവലിൻ കേസിൽ പിണറായി വിജയനും വേണ്ടി ഹൈക്കോടതിയിൽ ഹാജരായി.

ജില്ലാ കൗൺസിലിൽ എംപിമാർക്കും എംഎ‍ൽഎമാർക്കും അംഗത്വം നൽകിയതിനെതിരെയും സി.പി.എം, സിപിഐ പ്രവർത്തകരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് ഫോട്ടോ എടുക്കുന്നതിനെതിരെയും ചടയൻ ഗോവിന്ദൻ നൽകിയ കേസുകളിലും സഹകരണ ഓർഡിനൻസിനെതിരായ കേസിലും യഹോവാ സാക്ഷികൾക്ക് ബലം പ്രയോഗിച്ച് രക്തം നൽകുന്നത് സംബന്ധിച്ച അൽഫോൻസ് കണ്ണന്താനത്തിന്റെ ഉത്തരവിനെതിരായ കേസിലും ഹാജരായിട്ടുണ്ട്.

കാലിക്കറ്റ് സർവകലാശാലയുടെയും പി.എസ്.സിയുടെയും ഹൈക്കോടതി സ്റ്റാന്റിങ് കോൺസലറായി സേവനം അനുഷ്ടിച്ചു. അടിയന്തരവാസ്ഥ കാലത്ത് ആറു മാസം തടവുശിക്ഷ അനുഭവിച്ചു. 1980ൽ തലശ്ശേരി മുനിസിപ്പൽ കൗൺസിലറായി. 19 തൊഴിലാളി യൂണിയനുകളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.

 നായനാർ സർക്കാരിന്റെ കാലത്ത് അഡ്വ.ജനറലായിരുന്നു എം.കെ.ദാമോദരൻ.ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകനായിരുന്നു. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യനിയമോപദേഷ്ടാവ് സ്ഥാനത്ത് എം.കെ.ദാമോദരൻ എത്തിയത് വിവാദമായിരുന്നു. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ദാമോദരൻ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞത്.

സംസ്ഥാന സർക്കാരിനെതിരായ കേസുകളിൽ സർക്കാരിന്റെ നിയമോപദേഷ്ടാവായ മുൻ അഡ്വക്കേറ്റ് ജനറൽ എം.കെ. ദാമോദരൻ ഹാജരാകുന്നത് വൻ വിവാദമായ സാഹചര്യത്തിലാണ് കുമ്മനം പൊതുതാൽപര്യഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറൽ ഉണ്ടെന്നിരിക്കെ അഡ്വ.എം.കെ. ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധവും സ്വേച്ഛാപരവുമാണെന്നായിരുന്നു ഹർജിയിലെ ആരോപണം.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ ദാമോദരൻ സർക്കാർ എതിർ കക്ഷിയായ ക്രിമിനൽ കേസുകളിലുൾപ്പെടെ പ്രതികൾക്കു വേണ്ടി ഹാജരാകുന്നു. ഈ പദവി സ്പെഷ്യൽ സെക്രട്ടറിക്കു തുല്യമെന്നിരിക്കെ സർക്കാർ ഫയലുകൾ പരിശോധിക്കാൻ ദാമോദരനു കഴിയുമെന്ന് കാട്ടിയായിരുന്നു ഹർജി.

ദാമോദരനെ ഉപദേഷ്ടാവ് സ്ഥാനത്ത് നിയമിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ലീഗൽ അഡൈ്വസർ എന്ന തസ്തികയിലായിരുന്നു ദാമോദരന്റെ നിയമനം.

വിവാദ ലോട്ടറി നടത്തിപ്പുകാരൻ സാന്റിയാഗോ മാർട്ടിന് വേണ്ടിയും കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരന് വേണ്ടിയും ഹാജരായ എം.കെ.ദാമോദരൻ ക്വാറി ഉടമകൾക്ക് വേണ്ടിയും സർക്കാരിനെതിരെ ഹാജരായത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സർക്കാർ എതിർകക്ഷിയായുള്ള കേസുകളിൽ സർക്കാരിനെതിരെ ദാമോദരൻ കോടതിയിൽ ഹാജരാകുന്നതിനെ മുഖ്യമന്ത്രി നിയമസഭയിൽ ന്യായീകരിച്ചിരുന്നു. പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കുന്ന ഉപദേഷ്ടാവായതിനാൽ ദാമോദരന് കോടതിയിൽ ഏത് കേസിലും ഹാജരാകുന്നതിന് തടസമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

 യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരെയുണ്ടായ വിജിലൻസ് കേസിലും അദ്ദേഹം വക്കാലത്തേറ്റെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP