Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാമറാമാനും നടനുമായ എൻഎൽ ബാലകൃഷ്ണൻ അന്തരിച്ചു; ഓർമ്മയാകുന്നത് അടൂരിന്റേയും അരവിന്ദന്റേയും ജോൺ എബ്രഹാമിന്റേയും പ്രിയ സ്റ്റിൽ ഫോട്ടോഗ്രാഫർ; തടിയൻ രൂപവുമായി 160ഓളം സിനിമകളിലെ ചെറിയ വേഷങ്ങളെ അനുഗ്രഹീതമാക്കിയ കലാകാരൻ

ക്യാമറാമാനും നടനുമായ എൻഎൽ ബാലകൃഷ്ണൻ അന്തരിച്ചു; ഓർമ്മയാകുന്നത് അടൂരിന്റേയും അരവിന്ദന്റേയും ജോൺ എബ്രഹാമിന്റേയും പ്രിയ സ്റ്റിൽ ഫോട്ടോഗ്രാഫർ; തടിയൻ രൂപവുമായി 160ഓളം സിനിമകളിലെ ചെറിയ വേഷങ്ങളെ അനുഗ്രഹീതമാക്കിയ കലാകാരൻ


തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും സിനിമാ നടനുമായ എൻഎൽ ബാലകൃഷ്ണൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു മരണം. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്.

സ്റ്റിൽ ഫോട്ടോഗ്രാഫറായി സിനിമാരംഗത്തെത്തി നടനായി പേരെടുത്ത വ്യക്തിയാണ് എൻ.എൽ. ബാലകൃഷ്ണൻ. ശരീരത്തിന്റെ വലിപ്പത്തിലൂടെ സിനിമയിൽ ശ്രദ്ധേയനായി. സൗഹൃദങ്ങളുടെ പിൻബലത്തിൽ സിനിമാക്കാരുടെ ബാലണ്ണനായി ബാലകൃഷ്ണൻ മാറി. ക്യാമറയോടുള്ള കമ്പം തന്നെയാണ് സിനിമയിലേക്ക് അടുപ്പിച്ചത്. അടൂർ ഗോപാലകൃഷ്ണൻ, ജി അരവിന്ദൻ തുടങ്ങിയ പ്രമുഖരുടെ പ്രിയ ക്യാമറാമാനായിരുന്നു അദ്ദേഹം. സൗഹൃദങ്ങളുടെ കരുത്ത് തടിയൻ ശരീരമുള്ള ബാലകൃഷ്ണനെ വെള്ളിത്തിരയിലെ പ്രിയങ്കരനാക്കി.

കടുത്ത പ്രമേഹമായിരുന്നു ബാലകൃഷ്ണനെ അലട്ടിയിരുന്നത്. കാലിലെ മുറിവുകൾ ഉണങ്ങിയില്ല. ഇതിനിടെയിൽ ക്യാൻസർ രോഗവും സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിൽസ ഏൽക്കാതെ വന്നപ്പോഴാണ് മെഡിക്കൽ കോളേജിൽ ചികിൽസയ്ക്ക് എത്തുന്നത്. ഡോക്ടർമാരുടെ സ്‌നേഹപൂർവ്വമായ ഉപദേശത്തെ തുടർന്ന് തടികുറയ്ക്കാനായി ഭക്ഷണം കുറച്ചു. 145 കിലോ ഭാരമുണ്ടായിരുന്നത് കുറച്ച് 120 കിലോ വരെയാക്കി. മദ്യപാനവും വേണ്ടെന്ന് വച്ചു. പക്ഷേ രോഗം കുറയ്ക്കാൻ ഇതൊന്നും മതിയായിരുന്നില്ല. ഒടുവിൽ ആരോടും പരിഭവവും പരാതിയും പറയാതെ മരണത്തിന് കീഴടങ്ങി.

നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ എൽ ബാലകൃഷ്!ണൻ 1943ന് തിരുവനന്തപുരം പൗഡിക്കോണത്താണ് ജനിച്ചത്. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് പെയ്ന്റിംഗിൽ ഡിപ്ലോമ നേടി. കേരള കൗമുദിയിൽ ഫോട്ടോ ജേർണലിസ്റ്റായിരുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫറായിട്ടാണ് സിനിമയിലെത്തുന്നത്. ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ തുടങ്ങിയ പ്രമുഖരുടെയടക്കം നൂറ്റിയെഴുപതോളം ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. നടനായി പേരെടുക്കുമ്പോഴും എൻഎൽ ബാലകൃഷ്ണന്റെ പ്രണയം എന്നും ക്യാമറയോടായിരുന്നു.

രാജീവ് അഞ്ചലിന്റെ അമ്മാനം കിളി എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായത്. ഓർക്കാപ്പുറത്ത്, ജോക്കർ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, പട്ടണപ്രവേശം തുടങ്ങിയവയാണ് നടനെന്ന നിലയിൽ എൻ എൽ ബാലകൃഷ്ണന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ. എൻ എൽ ബാലകൃഷ്ണൻ 162 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2013ൽ ഇറങ്ങിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാണ് അവസാനം അഭിനയിച്ച ചിത്രം. ബ്ലാക് ആൻഡ് വൈറ്റ് എന്ന പേരിൽ ഒരു പുസ്തകവും എൻ എൽ ബാലകൃഷ്ണൻ രചിച്ചിട്ടുണ്ട്. 2012ൽ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭാ അവാർഡും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാർക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

എൻ എൽ ബാലകൃഷ്ണന്റെ ഭക്ഷണ സ്‌നേഹവും മദ്യപാന ശീലവും സിനിമാവൃത്തങ്ങളിലെ സ്ഥിരം ചർച്ചയായിരുന്നു. എന്തും ബാലേട്ടനെന്ന ബാലകൃഷ്ണൻ വയറു നിറയെ കഴിക്കും. നല്ല മദ്യത്തോടും പ്രത്യേക സ്‌നേഹം. വിദേശ നിർമ്മിത മദ്യ കുപ്പികളുടെ അപൂർവ്വ കളക്ഷനുമുണ്ടായിരുന്നു. മോഹൻലാൽ അടക്കമുള്ള പ്രമുഖർ യാത്ര കഴിഞ്ഞെത്തുമ്പോൾ മുന്തിയ ഇനം മദ്യം ബാലകൃഷ്ണന് സമ്മാനമായി നൽകുക പതിവായിരുന്നു. മദ്യപാനികളുടെ അവകാശത്തിന് വേണ്ടിയും ശബ്ദമയുർത്തുക പതിവായിരുന്നു. ത്രിസ്റ്റാർ ബാറുകൾക്ക് നിരോധനമേർപ്പെടുത്താനുള്ള സർക്കാരിന്റെ മദ്യനയത്തേയും വിമർശിച്ചു. എന്നാൽ രോഗം കീഴടക്കിയതോടെ മദ്യപാനമെന്ന സ്വഭാവം എൻഎൽ ബാലകൃഷ്ണൻ ഒഴിവാക്കുകയും ചെയ്തു.

പത്താം ക്ലാസിൽ തോറ്റപ്പോൾ ഹിന്ദിസാറായ വലിയശാല സുകുമാരൻ നായരാണ് ചിത്രരചന പഠിക്കാൻ ബാലകൃഷ്ണനെ ഉപദേശിച്ചത്. അങ്ങനെ പാളയത്ത് അന്നത്തെ സ്‌കൂൾ ഓഫ് ആർട്‌സിലെത്തി. അവിടെ അടുത്തുള്ള മെട്രോ സ്റ്റുഡിയോയിൽ മാനേജർ തോമസ് ജോസഫിനെ പരിചയപ്പെട്ടതോടെ ഫോട്ടോഗ്രാഫിയും പഠിച്ചു. വീട്ടിൽത്തന്നെ കർട്ടനും മറ്റും ഉപയോഗിച്ച് ഡാർക്ക്‌റൂം സെറ്റ് ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ പ്രോസസ് ചെയ്‌തെടുത്തു.അച്ഛൻ നാരായണൻ 350 രൂപയ്ക്ക് വാങ്ങിത്തന്ന 'യാഷികഡി' ക്യാമറയായിരുന്നു ആദ്യം കൈയിലെത്തിയത്. അമ്മയുടെ ചിതാഭസ്മത്തിന് മുന്നിൽ നിലവിളക്ക് കത്തിച്ചുവച്ചതിന്റെ ചിത്രമാണ് ആദ്യമായി ക്യാമറയിൽ ബാലകൃഷ്ണൻ ക്യാമറയിലേക്ക് പകരൻത്തിയത്.

അമ്മയുടെ മരണത്തോടെ അച്ഛൻ മറ്റൊരുവിവാഹം കഴിച്ചു. ഏകമകനായതിനാൽ ബാലകൃഷ്ണൻ ഒറ്റയ്ക്കായി. അമ്മാവന്റെ മകൾ നളിനിയാണ് കൂട്ടിനെത്തിയത്. സ്‌കൂൾ ഓഫ് ആർട്‌സിൽ പഠിക്കുമ്പോൾ തന്നെ കിള്ളിപ്പാലം രജിസ്ട്രാർ ഓഫീസിലെത്തി ഇരുവരും വിവാഹിതരായി ജീവിതം തുടങ്ങി. പഠനം കഴിഞ്ഞിറങ്ങിയപ്പോൾ മൺവിള ബോയ്‌സ് ടൗണിൽ അനാഥക്കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്ന ജോലി കിട്ടി. ദിവസം അഞ്ചുരൂപയായിരുന്നു ശമ്പളം. 'രൂപലേഖ സ്റ്റുഡിയോ' ഉടമ കെ.എൻ.പിള്ളയെ കണ്ടപ്പോൾ സിനിമയ്ക്ക് ഫോട്ടോയെടുക്കാൻ അവസരവും ഒരുങ്ങി.

ബാലകൃഷ്ണന്റെ താത്പര്യം മനസ്സിലാക്കി വെള്ളായണി കാർഷിക കോളേജിലെ 'കള്ളിച്ചെല്ലമ്മ'യുടെ ലൊക്കേഷനിലേക്ക് ക്ഷണിച്ചു. പിന്നീട് അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളുടെ ഫോട്ടോഗ്രാഫറായി. 'സ്വയംവര'ത്തിന്റെ പോസ്റ്റർ രചനയ്‌ക്കെത്തിയ ജി.അരവിന്ദനെ പരിചയപ്പെട്ടത് ആത്മബന്ധമായി വളർന്നു. അരവിന്ദന്റെ 11 സിനിമകളുടേയും ഫോട്ടോഗ്രാഫർ ബാലകൃഷ്ണനാണ്. ഇതിനിടെ പത്രപ്രവർത്തനത്തിലും ഇദ്ദേഹം ഒരുകൈ നോക്കി. 'കേരള കൗമുദി'യായിരുന്നു കർമരംഗം. എം.എസ്. മണിയുടെ സഹോദരൻ മധുവുമായുള്ള പരിചയമാണ് പത്രത്തിലെത്തിച്ചത്. എന്നാൽ അത് അധികം തുടരാനായില്ല. പിന്നീട് സിനിമയിൽ കൂടുതൽ സജീവമായി.

'നെല്ലി'ന്റെ ചിത്രീകരണത്തിനിടെ സംവിധായകൻ രാമു കാര്യാട്ട് റഷ്യൻ നിർമ്മിത 'ഫെഡ്4' ക്യാമറ ബാലകൃഷ്ണന് സമ്മാനിച്ചു. കുട്ടിക്കാലം മുതലേ തടി കൂടുതലാണ് ബാലകൃഷ്ണന്. അതാണ് താത്പര്യമില്ലാതിരുന്നിട്ടും ബാലകൃഷ്ണനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. ആദ്യ സിനിമയിൽ തന്നെ നായകവേഷം ലഭിച്ചെങ്കിലും പടം പെട്ടിയിലായിപ്പോയി. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത 'അമ്മാനം കിളി'യിൽ കൊക്കണാംപാണ്ടിയെന്നതായിരുന്നു കഥാപാത്രം. 1985ലാണ് ഷൂട്ട് ചെയ്തത്. പക്ഷേ, പടം പുറത്തിറങ്ങിയില്ല.

എങ്കിലും അഭിനയിക്കാനുള്ള അവസരങ്ങൾ പിന്നെയും തേടിയെത്തി. 150ഓളം സിനിമകളിലും നൂറോളം സീരിയലുകളിലും വേഷമിട്ടു. മോഹൻലാലുമായുള്ള സൗഹൃദവും സിനിമയിൽ ബാലണ്ണനെ സജീവമാക്കി. ഭാര്യ : നളിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ലക്ഷ്മി, ജയാബാലൻ, ജയകൃഷ്ണൻ എന്നിവരാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP