Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താഴെതട്ടിലെ പ്രവർത്തനത്തിലൂടെ എംജിആറിന്റെ വിശ്വസ്തനായി; മക്കൾ തിലകം കളമൊഴിഞ്ഞപ്പോൾ 'അമ്മയുടെ' അനുയായി ആയി; ജാനകി രാമചന്ദ്രനിൽ നിന്നും പാർട്ടിയെ ജയലളിതയ്‌ക്കൊപ്പമെത്തിച്ച പ്രധാനി; പനീർശെൽവം കളം നിറഞ്ഞപ്പോൾ ശശികലയ്ക്കു വേണ്ടി കരുക്കൾ നീക്കി; തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അറിയാം

താഴെതട്ടിലെ പ്രവർത്തനത്തിലൂടെ എംജിആറിന്റെ വിശ്വസ്തനായി; മക്കൾ തിലകം കളമൊഴിഞ്ഞപ്പോൾ 'അമ്മയുടെ' അനുയായി ആയി; ജാനകി രാമചന്ദ്രനിൽ നിന്നും പാർട്ടിയെ ജയലളിതയ്‌ക്കൊപ്പമെത്തിച്ച പ്രധാനി; പനീർശെൽവം കളം നിറഞ്ഞപ്പോൾ ശശികലയ്ക്കു വേണ്ടി കരുക്കൾ നീക്കി; തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിത മാത്രം കളം നിറഞ്ഞുനിന്നിരുന്ന തമിഴ് രാഷ്ട്രീയത്തിൽ അത്ര സുപരിചിതമായ പേരായിരുന്നില്ല എടപ്പാടി കെ. പളനിസ്വാമി എന്നത്. എന്നാൽ അമ്മയുടെ വിശ്വസ്തൻ എന്ന നിലയിൽ അണ്ണാഡിഎംകെ പാർട്ടിക്കുള്ളിൽ തീർത്തും പ്രിയപ്പെട്ടവനായിരുന്നു സേലം ജില്ലയിലെ നെടുംകുളം ഗ്രാമവാസിയായ ഈ 63കാരൻ. ജയയുടെ മരണത്തിനു പിന്നാലെ ചിന്നമ്മ ശശികലയോടു കാട്ടിയ കൂറാണ് പളനിസ്വാമിയെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിൽ അവരോധിതനാക്കിയിരിക്കുന്നത്.

ജയലളിതയുടെ കാലത്ത് തന്നെ അമ്മയുടെയും ചിന്നമ്മ ശശികലയുടെയും വിശ്വസ്തനായിരുന്നു എടപ്പാടി. ഭരണത്തിന്റെ താക്കോൽ കൈമാറേണ്ട ഘട്ടങ്ങളിലെല്ലാം ജയ തെരഞ്ഞെടുത്തത് പനീർശെൽവത്തെയായിരുന്നെങ്കിലും ശശികലയുടെ ഗുഡ്ബുക്കിൽ എന്നും പനീർശെൽവത്തെക്കാൾ മുന്നിലായിരുന്നു പളനിസ്വാമി.

ജയയുടെ മരണത്തെ തുടർന്ന് പുതിയ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി എംഎൽഎമാരിൽ നിന്നും ഒപ്പ് ശേഖരണം നടന്നപ്പോൾ തന്നെ പനീർശെൽവത്തിന് പുറമെ പളനിസ്വാമി, ശശികല എന്നിവർക്കും പിന്തുണ നൽകുന്ന പ്രമേയം ഒപ്പിട്ട് വാങ്ങിയിരുന്നുവെന്നാണ് സൂചന. അമ്മയുടെ എക്കാലത്തെയും വിശ്വസ്തനായ പനീർശെൽവത്തെ ഒഴിവാക്കുന്നത് വിവാദങ്ങൾക്കും സംശയങ്ങൾക്കും വഴിവയ്ക്കുമെന്ന ഭീതിയാണ് പളനിസ്വാമിയെ അവരോധിക്കുന്നതിൽ നിന്നും അന്ന് ശശികലയെ പിന്തിരിപ്പിച്ചത്.

ശശികലക്കെതിരെ പനീർശെൽവം കരുനീക്കങ്ങൾ ആരംഭിച്ച സമയം മുതൽ ഇതിനെ പ്രതിരോധിക്കാൻ പളനിസ്വാമി മുന്നിലുണ്ടായിരുന്നു. എംഎൽഎമാരുടെ പിന്തുണ ശശികലക്കാണെന്ന് ഉറപ്പിച്ചത് പളനിസ്വാമി ആദ്യ ഘട്ടം തന്നെ നടത്തിയ ഈ നീക്കങ്ങളാണ്. ഒടുവിൽ ശശികലക്ക് പിന്തുണ നൽകുന്ന എംഎൽഎമാരെ റിസോട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഇവർ ഒത്തുകൂടിയതും പളനിസ്വാമിയുടെ വീട്ടിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ഏഴു കോടിയിലധികം വരുമാനമുള്ള പളനിസ്വാമി ബിഎസ്എസി അഗ്രിക്കൾച്ചർ ബിരുദദാരി കൂടിയാണ്. 40 വർഷം നീണ്ട രാഷ്ട്രീയ ജീവത്തിൽ അണ്ണാഡിഎംകെയുടെ ഏറ്റവും താഴെത്തിട്ടിലുള്ള പ്രവർത്തകനായി തുടങ്ങിയാണ് പളനിസ്വാമി ഒടുക്കം മുഖ്യമന്ത്രി പദത്തിലേറുന്നത്. സേലത്തെ ഗൗണ്ടർ സമുദായത്തിൽപ്പെട്ട കാർഷിക കുടുംബത്തിൽ ജനയിച്ച പളനിസ്വാമി 1974ൽ ഒരു സാധാരണ അംഗമായി അണ്ണാഡിഎംകെയിൽ ചേർന്നാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. എടപ്പാടി പഞ്ചായത്തിലെ സിലുവംപാളയത്തിലെ പാർട്ടി സെക്രട്ടറിയായി അവരോധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തെളിഞ്ഞുതുടങ്ങി

അണ്ണാ ഡിഎംകെയുടെ സ്ഥാപക നേതാവ് എംജിആറിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു പളനിസ്വാമി. 1987 ൽ എംജിആർ കാലം ചെയ്തതോടെ അണ്ണാഡിഎംകെ രണ്ടായി പിളർന്നു. ഒന്നു ജയലളിതയുടെ നേതൃത്വത്തിലും രണ്ട് എംജിആറിന്റെ ഭാര്യ ജാനകിയുടെ നേതൃത്വത്തിലും. ജയലളിതയ്‌ക്കൊപ്പം നിലയുറപ്പിക്കാനായിരുന്നു എടപ്പാടിയുടെ തീരുമാനം. 1990ൽ പാർജയലളിതയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി. എന്നും തന്നെ പിന്തുണച്ചിരുന്ന എടപ്പാടിക്ക് സേലം ജില്ലയുടെ പാർട്ടി സെക്രട്ടറി സ്ഥാനം നല്കിയാണ് ജയലളിത നന്ദി പ്രകടിപ്പിച്ചത്.

സ്വന്തം മണ്ഡലമായാ എടപ്പാടി അദ്ദേഹത്തിന് തറവാടു പോലെയായിരുന്നു. 1989, 1991, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിൽഎടപ്പാടിയിൽനിന്നു ജയിച്ച് പളനിസ്വാമി നിയമസഭയിലെത്തി. 2001ലും 2006ലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. 1998 ൽ തിരുചെങ്കോട് മണ്ഡലത്തിൽനിന്നു ജയിച്ചു ലോക്‌സഭാംഗവുമായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ പത്തിലും അണ്ണാഡിഎംകെ വെന്നിക്കൊടി പാറിച്ചത് പളനിസ്വാമിയുടെ പ്രവർത്തനമികവിലായിരുന്നു. ഇതിനുള്ള അംഗീകാരമായിട്ടാണ് ജയലളിത് അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ഹൈവേ, തുറമുഖ വകുപ്പ് മന്ത്രി പദം നല്കിയത്.

തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് പളനിസ്വാമി തമിഴ് രാഷ്ട്രീയത്തിലെ നിർണാക സാന്നിധ്യമായി മാറിയത്. അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീംകോടതി വിധി പ്രതികൂലമായതിനെത്തുടർന്ന് ശശികലയ്ക്ക് പകരക്കാരനെ തേടേണ്ടിവന്നു. കോടതി വിധി വന്ന ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ശശികല പളനിസ്വാമിയെ നേതാവായി പ്രഖ്യാപിച്ചത്.

ജാതിസമവാക്യങ്ങൾ നിർണായകമായ തമിഴ് രാഷ്ട്രീയത്തിൽ ഗൗണ്ടർ സമുദായക്കാരനായ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിർദ്ദേശിച്ച ശശികലയുടെ നീക്കം ഒരു തരത്തിർ സമർത്ഥമായ തന്ത്രം കൂടിയായിരുന്നു. തേവർ സമുദായാംഗമായ പനീർശെൽവത്തെ ഫലപ്രദമായി നേരിടാൻ ഗൗണ്ടർ സമുദായത്തിൽപ്പെട്ട പളനിസ്വാമിക്കാകുമെന്നാണ് ശശികല കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP