Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഷീലയുടെ സഹോദരീപുത്രൻ; വടകരയിൽ കുഴൽപ്പണക്കാരെ വട്ടം ചുറ്റിച്ചു; കുറ്റവാളികളെ കുരുക്കാൻ 'സ്‌പൈഡർ പൊലീസ്' പദ്ധതി തയ്യാറാക്കി; പൊലീസുകാർ മടിച്ചു നിന്നപ്പോൾ ലാത്തിയുമായി ഇറങ്ങി കുട്ടിസഖാക്കളെ അടിച്ചൊതുക്കി താരമായി; വടകര വെടിപ്പാക്കി ആലുവ വഴി കൊച്ചിയിലേക്ക്; 'ഇതാണ്ടാ പൊലീസ്' എന്നു തെളിയിച്ച യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

ഷീലയുടെ സഹോദരീപുത്രൻ; വടകരയിൽ കുഴൽപ്പണക്കാരെ വട്ടം ചുറ്റിച്ചു; കുറ്റവാളികളെ കുരുക്കാൻ 'സ്‌പൈഡർ പൊലീസ്' പദ്ധതി തയ്യാറാക്കി; പൊലീസുകാർ മടിച്ചു നിന്നപ്പോൾ ലാത്തിയുമായി ഇറങ്ങി കുട്ടിസഖാക്കളെ അടിച്ചൊതുക്കി താരമായി; വടകര വെടിപ്പാക്കി ആലുവ വഴി കൊച്ചിയിലേക്ക്; 'ഇതാണ്ടാ പൊലീസ്' എന്നു തെളിയിച്ച യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

അർജുൻ സി വനജ്

കൊച്ചി: പൊലീസ് ഓഫീസറായ സുരേഷ് ഗോപിയുടെ ആക്ഷൻ സീനുകൾ കണ്ട് തഴക്കമാർന്ന മലയാളി അതുപോലൊരു പൊലീസ് ഓഫീസറെ തങ്ങൾക്കും ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. എന്നാൽ ഈ ഭാഗ്യം കൈവന്നിരിക്കുന്നത് ഇപ്പോൾ കൊച്ചി നഗരവാസികൾക്കാണ്.

തെറ്റ് ചെയ്തത് പൊലീസാണെങ്കിൽ പോലും മുഖം നോക്കാതെ നടപടിയെടുത്തു ശീലമുള്ള യുവ ഐ.പി.എസ് ഓഫീസർ. വർഗീയ സംഘർഷങ്ങൾക്ക് പേരു കേട്ട നാദാപുരത്തേയും, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരന്തരം വേദിയായ വടകരയുടെ ഗ്രാമപ്രദേശങ്ങളേയും ഉടച്ചുവാർത്തയാളാണു യതീഷ്ചന്ദ്ര. അക്രമം കാട്ടുന്നത് എത്രവലിയ നേതാവാണെങ്കിലും പൊതുമധ്യത്തിലിട്ടും കൈകാര്യം ചെയ്യുമെന്ന് തെളിയിച്ചു ഈ ഐപിഎസുകാരൻ. അതിനപ്പുറത്ത് മലയാളികൾ എന്നും സ്നേഹിക്കുന്ന പ്രമുഖനടി ഷീലയുടെ അനിയത്തിയുടെ മകൻ. അങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക് പാത്രമാണ് യതീഷ്ചന്ദ്രയെന്ന കർണ്ണാടക സ്വദേശിയായ 32 കാരൻ. ജനിച്ചത് കർണ്ണാടകയിലെ ദവങ്കരയിലാണെങ്കിലും മികച്ച രീതിയിൽ മലയാളം സംസാരിക്കും. പൂർണ്ണ വെജിറ്റേറിയൻ. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെയ്ക്കാറുണ്ട് ഇദ്ദേഹം.

അങ്കമാലിയിൽ എൽഡിഎഫ്. പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത സംഭവത്തെ അടിച്ചമർത്തിയതോടെയാണ് യതീഷ്ചന്ദ്രയ്ക്ക് ആരാധകരും അതുപോലെ ശത്രുക്കളും വർദ്ധിച്ചത്. ഒപ്പം ഈ പേര് കേരളം ചർച്ചചെയ്യാൻ തുടങ്ങിയതും. അതിനാൽ തന്നെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന അന്നു മുതൽ കേരളത്തിന്റെ ഏതെങ്കിലും ഒരു മൂലയിലേക്ക് തന്നെ ഒതുക്കുമെന്ന പ്രതീക്ഷയിലായിരുന്നു യതീഷ്ചന്ദ്ര. എന്നാൽ പെട്ടെന്നാണ് കൊച്ചി ഡിസിപിയായി ചുമതല ലഭിക്കുന്നത്. ഇത് യതീഷ്ചന്ദ്രയിൽ ആത്മവിശ്വാസവും സന്തോഷവും ഉളവാക്കിയെന്നാണ് ഇദ്ദേഹത്തിന്റെ സൗഹൃദവലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

വിവാദങ്ങൾ

2015 മാർച്ചിലെ ഹർത്താൽ ദിനത്തിൽ തടഞ്ഞുവച്ചിരിക്കുന്ന വാഹനങ്ങൾ കടത്തി വിടാൻ പ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ഇതേച്ചൊല്ലി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എന്നാൽ ലാത്തിചാർജ്ജ് നടത്താൻ ഉത്തരവിട്ടെങ്കിലും കൂടെ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു. ഇതോടെയാണ് യതീഷ്ചന്ദ്രതന്നെ ലാത്തിയുമായി നിരത്തിലിറങ്ങിയത്. സംഘർഷത്തിൽ സിപിഐ(എം) ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. 'ഇതാണ്ടാ പൊലീസ്' എന്ന് സഹപ്രവർത്തകർക്ക് ഉപദേശവും നൽകിയാണ് ഇദ്ദേഹം സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്. ഇതിൽ ഇടതുപ്രവർത്തകരുടെ പ്രതിഷേധം ഇരമ്പി.

പ്രതിഷേധക്കാരനെന്ന പേരിൽ വയോധികനായ ആളെ യതീഷ് തല്ലുന്ന ചിത്രങ്ങളും വീഡിയോയും അന്ന് പ്രചരിച്ചിരുന്നു. ജനങ്ങളെ തല്ലുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ബിആർപി ഭാസ്‌കർ അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ തന്റെ ഡ്യൂട്ടിയുടെ ഭാഗമായാണ് ലാത്തിച്ചാർജ്ജ് നടത്തിയതെന്ന വാദമാണ് യതീഷ് ഉന്നയിച്ചത്. സംഭവത്തിൽ വിമർശനവുമായി പിണറായിയും വിഎസും രംഗത്തെത്തിയപ്പോൾ സംഘർഷം നടക്കുമ്പോൾ മുന്നിലുള്ളത് സിപിഐ(എം) നേതാവാണോയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് ആലുവ റൂറൽ എസ്‌പി ഉയർത്തിയത്.

ഹർത്താലിന്റെ മറവിൽ വാഹനങ്ങൾ തടയുകയായിരുന്ന സിപിഐ(എം) നേതാക്കളേയും പ്രവർത്തകരേയും ഓടിച്ചിട്ടു തല്ലിയത് സോഷ്യൽ മീഡിയയിൽ യതീഷ്ചന്ദ്രയ്ക്ക് സപ്പോർട്ടേഴ്സിനേയും ഒപ്പം ശത്രുക്കളേയും ലഭിക്കുന്നതിനും കാരണമായി. വി സപ്പോർട്ട് യതീഷ്ചന്ദ്ര എന്ന ഫേസ്‌ബുക്ക് പേജ് ഒരു വിഭാഗം ഉണ്ടാക്കിയപ്പോൾ, ഇടത് സൈബർ പ്രവർത്തകരുടെ നേതൃത്വത്തിൽ വി ഹേറ്റ് യതീഷ്ച്രന്ദ്ര എന്ന പേജും പ്രത്യക്ഷപ്പെട്ടു. മദ്യപിച്ച് ഇരുചക്രവാഹനം ഓടിച്ച പൊലീസുകാരനെ ബ്രീത്ത് അനലൈസർ ടെസ്റ്റിന് വിധേയനാക്കി ചാർജ് ചെയ്യാൻ യതീഷ്ചന്ദ്ര കാണിച്ച ആർജ്ജവം പൊലീസുകാരിൽ ഇദ്ദേഹത്തിന് നിരവധി ശത്രുക്കളേയും സൃഷ്ടിച്ചു.

തണ്ടർബോൾട്ട്സിനെ വെള്ളം കുടിപ്പിച്ച പരീക്ഷ

സംഭവം നടക്കുന്നത് 2014 അവസാന ഘട്ടത്തിലാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് വിനിയോഗിച്ചിരിക്കുന്ന തണ്ടർബോൾട്ട് കമാൻഡോകളുടെ ആദ്യ ബാച്ചിന്റെ ഹവീൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷാ നടത്തിപ്പിനുള്ള ബോർഡിന്റെ ചുമതലക്കാരനായിരുന്നു യതീഷ് ചന്ദ്ര. 'കഴിവുള്ളവരെ മാത്രമേ താൻ ജയിപ്പിക്കൂ' എന്ന തന്റെ നിലപാട് അദ്ദേഹം ആദ്യമേ വ്യക്തമാക്കിയിട്ടാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തത്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിങ്ങനെ രണ്ടുപരീക്ഷകൾ ജയിച്ചാലേ കമാൻഡോകൾക്ക് ഹവീൽദാർമാരായി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഏതിലെങ്കിലും തോറ്റാൽ തോറ്റ പരീക്ഷ മാത്രം വീണ്ടും ജയിക്കണം.

പക്ഷേ 2015 മാർച്ച് രണ്ടിനു പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ തണ്ടർബോൾട്ട് സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ശരിക്കും തളർന്നുപോയി. പ്രമോഷൻ പരീക്ഷയിൽ പങ്കെടുത്ത 177 പേരിൽ രണ്ടുപരീക്ഷയും വിജയിച്ചത് ആകെ 51 പേർ മാത്രം. ഫലം പുറത്തറിഞ്ഞാൽ കേരള പൊലീസിനുതന്നെ നാണക്കേടാകുമെന്നു പറഞ്ഞ് ഫലം റദ്ദാക്കി വീണ്ടും മറ്റൊരു ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തിൽ അധികൃതർ പരീക്ഷ നടത്തി. പക്ഷേ ഇതിനെതിരെ സേനയ്ക്കകത്ത് അമർഷം പുകഞ്ഞിരുന്നു. സേനയുടെ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥരുടെ അനുയായികൾ തോറ്റതുകൊണ്ടാണ് ഫലം റദ്ദാക്കിയെതെന്നും ഇത് തങ്ങളുടെ മനോവീര്യം തകർക്കുമെന്നും പരീക്ഷ ജയിച്ചവർ വാദിച്ചു.

2011 സെപ്റ്റംബറിലാണ് തണ്ടർബോൾട്ട് ബറ്റാലിയന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആദ്യബാച്ചിനെ കേരളത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിക്കുകയായിരുന്നു.

മലയാളം അറിയുന്ന കന്നടക്കാരൻ

2011 ലെ കേരള കേഡർ ഐപിഎസ് ബാച്ചുകാരനാണ് 32 കാരനായ യതീഷ്ചന്ദ്ര. ഇലട്രോണിക്സ് എഞ്ചിനീയറിങിൽ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാൻ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്.

ഹൈദരബാദ് വല്ലഭായി പാട്ടേൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡിൽ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്. യതീഷ്ചന്ദ്രയുടെ പൊലീസ് ജോലിക്ക് എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് ഇവർ. ശ്യാമളയുടെ സഹായത്തോടെയാണ് ഹലോ കേരള പൊലീസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചത്.

വടകര വെടിപ്പാക്കി ആലുവയിലേക്ക്...

2014 ലെ പുതുവർഷപുലരിയിലാണ് വടകരയിൽ എ.എസ്‌പിയായി ആദ്യ പോസ്റ്റിംങ് ലഭിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യപോസ്റ്റിംങ് ലഭിച്ചത് ഏറെ സന്തോഷമുളവാക്കിയെന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ടിപി കേസിന് ശേഷം സംഘർഷങ്ങൾ പതിവായ വടകര മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിൽ യതീഷ്ചന്ദ്രയുടെ പ്രയത്നം എടുത്ത് പറയേണ്ടതാണ്. വർഗ്ഗീയ പ്രശ്നങ്ങൾക്ക് പേര് കേട്ട നാദാപുരത്തെ ഏറെക്കുറേ ശാന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല, പൊതുജനങ്ങളുമായും മാദ്ധ്യമപ്രവർത്തകരുമായും ഇദ്ദേഹത്തിനുള്ള ബന്ധവും ഏറെ ജനകീയമായിരുന്നു.ഷാഡോ പൊലീസിംങ് സംവിധാനത്തിലൂടെ കുഴൽപ്പണക്കാരുടെ പേടിസ്വപ്നമായിമാറിയതും വളരെപ്പെട്ടന്നായിരുന്നു. വടകരയിൽ നിന്ന് മാത്രം ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കുഴൽപണമാണ് ഇദ്ദേഹം പിടിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ഓപ്പറേഷൻ കുബേര വഴി നിരവധി കൊള്ളപ്പലിയക്കാരെ ഇരുമ്പഴിക്കുള്ളിൽ ആക്കാനും ഈ യുവ പിഎസ് ഓഫീസറിന് സാധിച്ചു.

ടിപി കേസ് പ്രതികളെ മറ്റൊരുകേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കോടതിയിൽ ഹാജരാക്കി തിരികെ വരുബോൾ മഹിയിൽ നിന്ന് മദ്യം വാങ്ങിയെന്ന് വിവരത്തെ തുടർന്ന്, ദേശീയ പാതയിൽ കാത്ത് നിന്ന എ.എസ്‌പി പൊലീസുകാരെ മദ്യവുമായി കയ്യോടെ പിടികൂടുകയായിരുന്നു. സാധാരണക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട്, അവരെ ഇൻഫോർമറാക്കിയുള്ള രീതിയായിരുന്നു യതീഷ്ചന്ദ്രയുടേത്.

വടകരയിൽ നിന്ന് കേരള ആംഡ് പൊലീസ് കണ്ണൂർ ബറ്റാലിയൻ സൂപ്രണ്ടായിയായിരുന്നു പടിയിറക്കം. വളരെപെട്ടന്ന് തന്നെ ആലുവയിൽ റൂറൽ എസ്‌പിയായി നിയമനം ലഭിച്ചു. എറണാകുളം റൂറലിന്റെ അമ്പത്തിയൊന്നാമത് എസ്‌പിയായാണ് യതീഷ്ചന്ദ്ര ചുമതലയേൽക്കുന്നത്. ഇക്കാലത്ത് നടപ്പാക്കിയ സ്പൈഡർ പൊലീസ് പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകലം കുറയ്ക്കുക വഴി കുറ്റകൃത്യങ്ങളെക്കുറിച്ച് എളുപ്പം പൊലീസിന് അറിവ് ലഭ്യമാക്കുന്നതിലും യതീഷ്ചന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഒപ്പം ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ വഴി പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പൊലീസുമായി സംവദിക്കാനുള്ള വേദിയും ഇദ്ദേഹം ഒരുക്കി. സ്പൈഡർ പൊലീസ് ലോഗോ പതിച്ച പൊലീസ് വാഹനങ്ങൾ ഇപ്പോഴും എറണാകുളത്തിന്റെ ഗ്രാമങ്ങളിൽ റോന്ത് ചുറ്റുകയാണ്. ആലുവ ബസ്റ്റാന്റിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന റെഡ് ബട്ടന് പിന്നിലും യതീഷ്ചന്ദ്രയുടെ ഇലട്രോണിക്സ്് ബുദ്ധിയാണ്. ബസ്റ്റാന്റിന് സമീപം എന്ത് തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാലും ഈ ബട്ടൺ ഒരു തവണ അമർത്തിയാൽ ഉടനടി കൺട്രോൾ റൂമിലും എസ്‌പിയുടെ മൊബൈലിലും വിവിരം ലഭിക്കും. ഇതുവഴി ഉടൻതന്നെ ഫ്ളൈയിംങ് സ്‌ക്വാഡിന് സ്ഥലത്ത് എത്തിച്ചേരാനാകും. വിദ്യാർത്ഥികളടക്കം ഈ സംവിധാനം നിരവധി തവണ വിജയകരമായി ഉപയോഗിച്ചുട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP