Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുഞ്ഞാലിക്കുട്ടിയുടെ എഫ്എമ്മും സൂരജും അടുപ്പക്കാരോ? പൊതുമരാമത്ത് സെക്രട്ടറിയെ പിടിക്കാൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടി; വിജിലൻസ് റെയ്ഡിലേക്ക് നയിച്ചത്‌ ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളും

കുഞ്ഞാലിക്കുട്ടിയുടെ എഫ്എമ്മും സൂരജും അടുപ്പക്കാരോ? പൊതുമരാമത്ത് സെക്രട്ടറിയെ പിടിക്കാൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടി; വിജിലൻസ് റെയ്ഡിലേക്ക് നയിച്ചത്‌ ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളും

തിരുവനന്തപുരം: വിജിലൻസ് കേസിൽ കുടുങ്ങിയ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. സൂരജിന്റെ സ്വത്തുവകകളെ സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ആവശ്യം. സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയുടെ സഹായത്തോടെ തനിക്ക് കിട്ടിയ തെളിവുകൾ വിജിലൻസിന് മന്ത്രി കൈമാറുമെന്നാണ് സൂചന.

സംസ്ഥാന പൊലീസിൽ ഡിഐജി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഡിക്ടറ്റീവ് ഏജൻസി പ്രവർത്തിക്കുന്നത്. കൊച്ചി ആസ്ഥാനമാക്കിയുള്ള ഈ അന്വേഷണ സമിതിയിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. ഐബിയിൽ നിന്നും റോയിൽ നിന്നും വിരമിച്ചവർ വരെയുണ്ട്. ഇതിനൊപ്പം സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ മാത്രം പ്രവർത്തിച്ച് വിരമിച്ച മിടുക്കരുണ്ടത്രേ. ഇവരാണ് സൂരജിന്റെ സ്വത്ത് വിവരവും മറ്റും പൊതുമരാമത്ത് മന്ത്രിക്ക് നൽകിയത്. ഇതിനെ തുടർന്നാണ് രണ്ട് മാസം മുമ്പ് ഇബ്രാഹിംകുഞ്ഞിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ ടി കുഞ്ഞുമുഹമ്മദ് രാജി വച്ചതെന്നാണ് സൂചന. സൂരജിന്റെ സഹോദരിയുടെ മകളും കുഞ്ഞുമുഹമ്മദിന്റെ മകനും തമ്മിലെ വിവാഹക്കാര്യവും ഡിക്ടറ്റീവുകളാണ് മന്ത്രിയെ അറിയിച്ചത്.

മുസ്ലിം ലീഗിനെ ഒതുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് സൂരജിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന അഭ്യൂഹം ശക്തമാണ്. റെയ്ഡിലൂടെ കുഞ്ഞാലിക്കുട്ടിയേയും സൂരജിനേയും ബന്ധിപ്പിക്കുന്ന നിരവധി രേഖകൾ കണ്ടെത്തിയെന്നും സൂചനയുണ്ട്. എന്നാൽ കളമശ്ശേരി-കടകംപള്ളി ഭൂമി ഇടപാടിൽ സലിംരാജിനെ രക്ഷിക്കാനായി മുഖ്യമന്ത്രി നടത്തിയ ഓപ്പറേഷനായിരുന്നു റെയ്‌ഡെന്നും ഗൂഡാലോചനാ തിയറിയുണ്ട്. ഇതു രണ്ടിലേതായാലും തനിക്ക് കുഴപ്പമില്ലെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ നിലപാട്. തനിക്കെതിരെ നീങ്ങിയ ഐഎഎസ് ഉദ്യോഗ്‌സഥനെ എന്തുവില കൊടുത്തു തളയ്ക്കാനാണ് നീക്കം. സൂരജന്റെ ഭീഷണിക്ക് വഴങ്ങി വിജിലൻസ് അന്വേഷണം അട്ടിമറിച്ചാൽ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസി നൽകിയ തെളിവുകൾ പുറത്തുവിടുമെന്നാണ് ഭീഷണി.

സുരജിനേയും കുഞ്ഞാലിക്കുട്ടിയേയും ബന്ധിപ്പിക്കുന്ന തെളിവുകളും പൊതുമരാമത്ത് മന്ത്രിയുടെ കൈയിലുണ്ട്. റജീനയുമായി ബന്ധപ്പെട്ട പീഡന ആരോപണ സമയത്ത് ഉയർന്ന് കേട്ട പേരാണ് എഫ് എം എന്ന ഹിലാൽ മുഹമ്മദെന്ന വിവാദ വ്യവസായി. സുരജും എഫ് എമ്മും തമ്മിലെ ബന്ധവും ഡിക്ടറ്റീവ് ഏജൻസി കണ്ടെത്തിയിട്ടുണ്ടത്രേ. കോഴിക്കോട് കളക്ടറായിരുന്നപ്പോൾ സൂരജിന്റെ ഔദ്യോഗിക വസതിയിലായിരുന്നു എഫ് എം കൂടുതൽ സമയവും ചെലവഴിച്ചതെന്നാണ് സൂചന. ഇതിന്റെ തെളിവുകളും പൊതുമരാമത്ത് മന്ത്രിയുടെ കൈയിലുണ്ട്. സൂരജിന്റെ ഇത്തരം അവിഹിത ബന്ധങ്ങളും വിജിലൻസ് അന്വേഷിക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ വാദം.

മുസ്ലിംലീഗിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇബ്രാഹിംകുഞ്ഞിനെ സൂരജിനെതിരെ ആഞ്ഞടിക്കാൻ പ്രേരിപ്പിച്ചത്. വിജിലൻസ് റെയ്ഡിന് വളരെ മുമ്പ് തന്നെ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ പറ്റി പൊതുമരാമത്ത് മന്ത്രി വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജ് അംഗീകാരം നൽകിയ വിവാദ റിലയൻസ് കേബിൾ ഇടപാട് മന്ത്രി തടഞ്ഞത്. ഇതോടെ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഇബ്രാഹിം കുഞ്ഞിന്റെ ഏറ്റുമുട്ടൽ പരസ്യമായി. കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും തമ്മിലെ ഭിന്നത പരിഹരിക്കാൻ ആരു ശ്രമിച്ചിട്ടും ഫലവും ഉണ്ടായില്ല. ഇതിനിടെയാണ് സൂരജിന്റെ വിജിലൻസ് റെയ്ഡ് എത്തുന്നത്.

മറ്റാർക്കോ വേണ്ടി നടന്നതാണ് ആ റെയ്‌ഡെങ്കിലും തന്റെ ശത്രുക്കൾക്കെതിരെ ഇതിനെ ആയുധമാക്കാനാണ് പൊതുമരാമത്ത് മന്ത്രിയുടെ തീരുമാനം. സുരജിനെതിരെ നിർണ്ണായക വിവരങ്ങൾ തന്റെ പക്കലുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പൊതുമാരമത്ത് മന്ത്രി അറിയിച്ചതായാണ് വിവരം. സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയെ കൊണ്ട് ആറു മാസം മുമ്പ് തന്നെ സൂരജിന്റെ ഇടപാടുകളുടെ പൂർണ്ണ ചിത്രം പൊതുമാരാമത്ത് മന്ത്രി ശേഖരിച്ചിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായാണ് സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായത്. എന്നാൽ മന്ത്രിയോട് ആലോചിക്കാതെ തന്നിഷ്ട പ്രകാരം നീങ്ങി. കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയുള്ളതിനാലായിരുന്നു അത്. ഇതിനൊപ്പം സിപിഐ(എം) നേതാവ് എളമരം കരീമിന്റെ അജണ്ടയും പൊതുമാരമത്ത് വകുപ്പിൽ നടപ്പായി തുടങ്ങി. ഇതിനെ മന്ത്രി പരസ്യമായി ചോദ്യം ചെയ്തു. ഇതോടെ മന്ത്രിക്കെതിരെ കുഞ്ഞാലിക്കുട്ടിക്കടുത്ത് പരാതിയുമായി സൂരജ് എത്തി. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണം തനിക്ക് തന്നെയായിരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. ഇതിനിടെയാണ് റിലയൻസിന്റെ ഇടപാട് ശ്രദ്ധയിൽപ്പെട്ടത്. അത് റദ്ദാക്കി വകുപ്പ് മന്ത്രി തിരിച്ചടിച്ചു. തന്റെ ഓഫീസിനുള്ളിലും ഈ ലോബിയുടെ ആളുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് തിരിച്ചറിഞ്ഞത് ഈ ഘട്ടത്തിലാണ്.

മന്ത്രിയുടെ സ്വന്തം പേഴ്‌സണൽ സ്റ്റാഫ് അംഗം കണ്ണിലെ കരടായി. ഇതോടെയാണ് സ്വകാര്യ ഡിക്ടറ്റീവിന്റെ സഹായം ഇബ്രാഹിം കുഞ്ഞ് തേടിയത്. വകുപ്പിനുള്ളിൽ തന്നെ കുടുക്കാൻ എന്തെങ്കിലും നടക്കുന്നുവോ എന്ന് നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതിനൊപ്പം സൂരജിന്റേയും പേഴ്‌സണൽ സ്റ്റാഫ് അംഗമായ കെ ടി കുഞ്ഞുമുഹമ്മദിന്റേയും നീക്കങ്ങളും പരിശോധിച്ചു. സൂരജിന്റെ അവിഹിത സ്വത്തിന്റെ കണക്ക് കൃത്യമായി തന്നെ ഡിക്ടറ്റീവ് ഏജൻസി കണ്ടെത്തി. സൂരജിന്റെ സഹോദരിയുടെ മകളെ കുഞ്ഞുമുഹമ്മദിന്റെ മകൻ കല്ല്യാണം കഴിക്കാൻ പോകുന്നതായും മനസ്സിലാക്കി.

ഇതോടെ കുഞ്ഞുമുഹമ്മദിനെ പരസ്യമായി തന്നെ മന്ത്രി ചോദ്യം ചെയ്തു. ഇതിനൊടുവിൽ പേഴ്‌സണൽ സ്റ്റാഫ് അംഗത്വം കുഞ്ഞുമുഹമ്മദ് രാജി വച്ചു. സൂരജിന്റെ വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെത്തിയ 25 ലക്ഷം രൂപ സഹോദരിയുടെ മകളുടെ വിവാഹാ ആവശ്യത്തിനായുള്ളതാണെന്ന് സൂരജ് മൊഴി നൽകിയിരുന്നു. യഥാർത്ഥത്തിൽ അത് കുഞ്ഞുമുഹമ്മദിന്റെ മകനുള്ള സ്ത്രീധനമാണെന്നാണ് ഡിക്ടറ്റീവ് ഏജൻസി മന്ത്രിയെ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഏതായാലും തനിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നിരീക്ഷണം തുടരാൻ ഡിക്ടറ്റീവ് ഏജൻസിയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP