Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് ബുക്കിലും ബാഗ്ലൂർ ഡെയ്‌സിലും കസറി പ്രേക്ഷക ശ്രദ്ധ നേടി; മലരിന്റെ പിന്നാലെ യുവാക്കൾ പാഞ്ഞ സമയത്ത് കാഞ്ചനമാലയായി എത്തി പ്രണയം പെയ്യിച്ചു; ചാർലിയും മൊയ്തീനും പാർവ്വതിയെ സൂപ്പർതാരമാക്കിയത് ഇങ്ങനെ

നോട്ട് ബുക്കിലും ബാഗ്ലൂർ ഡെയ്‌സിലും കസറി പ്രേക്ഷക ശ്രദ്ധ നേടി; മലരിന്റെ പിന്നാലെ യുവാക്കൾ പാഞ്ഞ സമയത്ത് കാഞ്ചനമാലയായി എത്തി പ്രണയം പെയ്യിച്ചു; ചാർലിയും മൊയ്തീനും പാർവ്വതിയെ സൂപ്പർതാരമാക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചാർളിയുടെ ചിത്രീകരണം പൂർത്തിയായി മൂന്നു മാസം തികഞ്ഞിട്ടും പാർവതിയെന്തേ പുതിയ സിനിമകളിലൊന്നും കരാർ ഒപ്പിട്ടില്ലാ എന്നതാണ് ആരാധകരെ വലയ്ക്കുന്ന ചോദ്യം. എന്നാൽ ആരാധകരുടെ ഈ ആശങ്കകളോട് പാർവ്വതിക്കും ചിലത് പറയാനുണ്ട്. തനിക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു കഥ വന്നില്ലാ എന്നതാണ് പാർവ്വതിയുടെ പ്രതികരണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ. എന്നാൽ ഈ കാത്തിരിപ്പ് വേദനയാണെന്നും പാർവ്വതി പറയുന്നു. ഇത് തന്നെയാണ് മലയാളത്തിന്റെ പ്രിയ നായികയായി പാർവ്വതിയെ മാറ്റിയത്. ഓരോ കഥാപാത്രത്തിലും ഇഷ്ടപ്പെടുന്ന വ്യത്യസ്തത. അതുകൊണ്ട് തന്നെ കരുതലോടെയുള്ള തെരഞ്ഞെടുപ്പും. മലയാളത്തിലെ മികച്ച നടിയായി മാറുന്ന പാർവ്വതിയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും അതുകൊണ്ട് മാത്രമാണ്.

പ്രേമവും മലരും ക്യാമ്പസുകളിൽ പ്രണയ മഴ പെയ്യിച്ച് മുന്നേറുമ്പോഴായിരുന്നു കാഞ്ചനമാലയുടെ വരവ്. എന്ന് നിന്റെ മൊയ്തീനിലൂടെ പാർവ്വതി നാട്ടിൻപുറത്തെ ശുദ്ധ പ്രണയമെന്നത് വരച്ച് കാട്ടി. ചതിയും കള്ളവുമില്ലാതെ കാഞ്ചന മൊയ്തിനായി കാത്തിരുന്നത് മലയാളിയുടെ മനസ്സിൽ നൊമ്പരമായി. വിവിധ കാലഘട്ടത്തിലൂടെ കാഞ്ചനമാലയായി പാർവ്വതി ജീവിച്ചു. പിന്നെ ചാർളി. തികഞ്ഞ പക്വതയോടെ ചാർളിയെ തേടി ടെസ യാത്ര തിരിച്ചു. ഈ യാത്രയിലും നിറഞ്ഞത് പാർവ്വതിയുടെ മികവ് തന്നെയാണ്. സംസ്ഥാന അവാർഡ് നിർണ്ണയ ജൂറിക്ക് മുന്നിൽ മികച്ച നടിയാകാൻ പാർവ്വതിയല്ലാതെ മറ്റൊരു പേരുമില്ലായിരുന്നു. വിവാദങ്ങളില്ലാതെ മികച്ച നടിയുടെ തെരഞ്ഞെടുപ്പ് അവാർഡ് സമിതി പൂർത്തിയാക്കി. ഇത് കഠിനാധ്വാനത്തിനും കാത്തിരിപ്പിനുമുള്ള അംഗീകാരമാണ്.

ഹിറ്റുകളിലൂടെ മലയാളിയുടെ പ്രീയങ്കരിയായി പാർവ്വതി മാറികഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂർ ഡെയ്‌സും എന്ന് നിന്റെ മൊയ്തീനും ഒടുവിലെത്തിയ ചാർളിയുമൊക്കെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. റോഷൻ ആൻഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ സിനിമയിൽ ശ്രദ്ധേയയായ പാർവ്വതി സത്യൻ അന്തിക്കാട് ചിത്രം വിനോദയാത്രയിലൂടെയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നീണ്ട ഇടവേള. നീണ്ടനാളുകൾക്ക് ശേഷം ധനുഷ് ചിത്രം മരിയാനിലെ നായികാ റോളിലൂടെയാണ് രണ്ടാം വരവും. പിന്നീട് ഒന്നും പിഴച്ചില്ല. എന്നിട്ടും നല്ലതിന് മാത്രമായി കാത്തിരിക്കുന്നു. ബാഗ്ലൂർ ഡെയ്‌സിലെ സെറയിൽ നിന്നും മൊയ്തീനിലേക്കുള്ള കാഞ്ചനമാലയിലേക്കുള്ള കൂടുമാറ്റം. അവിടെ നിന്ന് ചാർളിയിലെ ടെസ. തീർത്തും വ്യത്യസ്തമായ വേഷങ്ങൾ. പക്ഷേ എല്ലാം പാർവ്വതിയെന്ന നടിയിൽ സുരക്ഷിതയായി.

'ഇങ്ങനെ ഒരു കഥാപാത്രം എന്നെ വിശ്വസിച്ചേൽപ്പിക്കുക, അത് എനിക്കു കിട്ടിയ ഒരു ഉത്തരവാദിത്തമാണ്. അത് അതിന്റെ എല്ലാ റെസ്‌പെക്ടോടും കൂടി മനോഹരമായി തന്നെ ചെയ്തുകൊടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു'-എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയെ കുറിച്ച് പാർവ്വതി പറയുന്നത് ഇങ്ങനെയാണ്. കാഞ്ചനമാല എന്ന കഥാപാത്രം ചെയ്യുന്നതിനു നാലഞ്ചുമാസം മുമ്പു തന്നെ തയ്യാറെടുപ്പുകൾ നടത്തി. ശരീരഭാരം കൂട്ടി. ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ അന്നത്തെ പ്രധാന സംഭവങ്ങൾ എന്നിവ അറിയാൻ ശ്രമിച്ചു. വേഷവിധാനം, ശരീരഘടന കാഞ്ചനമാല കാണാൻ എങ്ങനെയായിരുന്നു, ദേഹപ്രകൃതം തുടങ്ങിയ കാര്യങ്ങളൊക്കെ മനസിലാക്കിയെന്നും പാർവ്വതി പറയുന്നു. ചാർളിയിലെ ടെസയും വെല്ലുവിളികൾ ഏറെയുള്ള കഥാപാത്രമായിരുന്നു. ചാർളിയെന്ന സിനിമയുടെ യാത്ര മുഴുവൻ പാർവ്വതിയുടെ കഥാപാത്രത്തിലൂടെയായിരുന്നു.

ബാഗ്ലൂർ ഡെയിസിലെ സാറ എന്ന കഥാപാത്രത്തിന് ശേഷം പാർവ്വതിയെ മറ്റൊരു ചിത്രത്തിലും നമ്മൾ കണ്ടില്ല. അതിന് വ്യക്തമായ കാരണവുമുണ്ട്. ബാഗ്ലൂർ ഡെയിസിന് ശേഷം പാർവ്വതി മറ്റൊരു ചിത്രത്തിനും ഡേറ്റ് കൊടുക്കാതെ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് വേണ്ടി മാത്രം അർപ്പിക്കുകയായിരുന്നു. അതാണ് പാർവ്വതിയെന്ന നടിയെ വ്യത്യസ്തയാക്കുന്നതും. ബാഗ്ലൂർ ഡെയിസിലെ സാറ എന്ന കഥാപാത്രത്തിന് ശേഷം കാഞ്ചനമാലയിലെത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്ന് പാർവ്വതി പറയുന്നു. പക്ഷേ ഈ മാറ്റം നല്ലതിന് വേണ്ടിയായിരുന്നു. കാഞ്ചനമാലയിലേക്ക് ഉണ്ടായ ഈ മാറ്റത്തിൽ കോസ്റ്റിയും ഡിസൈനേഴ്‌സ്, മേക്കപ്പ് കാര്യങ്ങൾ നോക്കിയവർക്കും അതിൽ വലിയ പങ്കുണ്ടെന്നും പാർവതി പറയുന്നു.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് പാർവ്വതിയെ മലയാള സിനിമാ ലോകം ഇന്ന് വിളിക്കുന്നത്. തെറ്റുകളെ ചൂണ്ടിക്കാട്ടാനും തിരുത്താനും മടിയില്ലാത്ത നായിക. ആരുടേയും കാരുണ്യമില്ലാതെ സിനിമയിൽ തുടരുകയാണ് ലക്ഷ്യം. ഇതിനുള്ള അംഗീകരാമാണ് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം. ജാതിപ്പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറയാനും പാർവ്വതി മടിച്ചില്ല. തന്റെ പേര് പാർവ്വതി എന്നാണെന്നും പാർവ്വതി മേനോൻ എന്നറിയപ്പെടുന്ന നടി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി തെറ്റായ പേരിലാണ് താൻ അറിയപ്പെടുന്നത്. എന്നാൽ ഒരിക്കലും ജാതിപ്പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് തന്റെ പേരിനൊപ്പം മേനോൻ ചേർക്കരുതെന്നും പാർവ്വതി തുറന്നു പറഞ്ഞു. അങ്ങനെ ജീവിതത്തിലും അസ്തിത്വം നേടിയെടുത്ത കലാകാരിയാണ് പാർവ്വതി.

നടിമാർ ആരുടെയും പൊതുസ്വത്തല്ലെന്നും അവരുടെ അഭിനയം കണ്ടു മാത്രം വിലയിരുത്തിയാൽ മതിയെന്നു പറയാനും ഭയമില്ല. തന്റെ അഭിപ്രായം എന്താണെങ്കിലും അത് എവിടെയും തുറന്ന് പറയാൻ താരത്തിന് മടിയില്ല. എന്ന് വിചാരിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി എന്തും പറയുന്ന സ്വഭാവവും തനിക്കില്ല. അങ്ങനെ പേരിന് വേണ്ടി പലരും പല തന്ത്രങ്ങളും പയറ്റി നോക്കുന്നവരുണ്ടെന്നും പാർവ്വതി പറയുന്നു. ഞാൻ സിനിമയിൽ മാത്രമേ അഭിനയിക്കൂ.. പരസ്യ ചിത്രങ്ങളിലൊ മറ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളിലൊ പങ്കെടുക്കില്ല. എനിക്ക് പണം ആവശ്യമാണ്, അത് ഞാൻ ചോദിച്ച് വാങ്ങാറുണ്ട്. പക്ഷേ എന്റെ ആഡംബര ജീവിതത്തിന് വേണ്ടി ഞാൻ ഉപയോഗിക്കില്ല. വസ്ത്രം മാറുന്ന പോലെ കാമുകനെ മാറ്റാൻ ഞാനില്ലെന്നും പാർവ്വതി പറയുന്നു. അങ്ങനെ മറ്റ് നടികളിൽ നിന്ന് വേറിട്ട വഴികളിലൂടെയാണ് പാർവ്വതിയുടെ ജീവിത യാത്രയും.

റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്‌ലാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്‌സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു.

ഔട്ട് ഓഫ് സിലബസിൽ എത്തുമ്പോൾ തന്നെ സിനിമയാണ് തന്റെ വഴിയെന്ന് പാർവ്വതി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ ഔട്ട് ഓഫ് സിലബസ്, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലൊക്കെ പാർവ്വതി നിറഞ്ഞുനിന്നെങ്കിലും ഫ്ളാഷിൽ സൂപ്പർ സ്‌റാർ മോഹൻലാലിന്റെ നായികയായിട്ടും തിരക്കുള്ള താരമായ് മാറാൻ കഴിഞ്ഞില്ല. ഈ സിനിമകളൊന്നും തന്നെ തിയറ്റർ വിജയം നേടിയില്ല. പൂ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. തമിഴിലും പക്ഷേ പാർവതി ക്ലച്ചു പിടിച്ചില്ല. മലയാളം,തമിഴ്, കന്നഡ ഭാഷകളിലായ് പത്തു ചിത്രം പൂർത്തിയാക്കിയ പാർവ്വതി അപ്പോഴും നിരാശയായില്ല. അഭിനയത്തിനപ്പുറം സിനിമയുടെ മറ്റു മേഖലയിലേക്ക് ശ്രദ്ധമാറ്റി. തിരക്കഥ, സംവിധാനം തുടങ്ങിയ രംഗംങ്ങളിൽ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പും തുടങ്ങി. ഇതോടെ സിനിമ എത്രത്തോളം സീരിയസായ വിഷയമാണെന്ന് ഈ നടി തിരിച്ചറിഞ്ഞു. സെറയും കാഞ്ചനമാലയും ടെസയുമെല്ലാം കരുത്താർജ്ജിച്ചത് രണ്ടാം വരവിലെ ഈ തിരിച്ചറിവിൽ നിന്ന് തന്നെയാണ്.

സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതിയെ കിട്ടില്ല. സംസ്ഥാന അവാർഡ് നൽകുന്ന ഉത്തരവാദിത്തം ബോധവുമായി കൂടുതൽ മികച്ച ചിത്രങ്ങൾക്കായി കാത്തിരിക്കാനാണ് പാർവ്വതിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP