Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

26-ാം വയസിൽ എംഎൽഎ; 29-ാം വയസിൽ മന്ത്രി; 46-ാം വയസിൽ പ്രവർത്തകസമിതി അംഗം; 47-ാം വയസിൽ കെപിസിസി പ്രസിഡന്റ്; ഷഷ്ടിപൂർത്തിയാകും മുമ്പ് പ്രതിപക്ഷ നേതാവും: ഗുരുക്കന്മാർ അവസരം തേടുമ്പോഴും ചെന്നിത്തല വളർന്നതു ശരവേഗത്തിൽ

26-ാം വയസിൽ എംഎൽഎ; 29-ാം വയസിൽ മന്ത്രി; 46-ാം വയസിൽ പ്രവർത്തകസമിതി അംഗം; 47-ാം വയസിൽ കെപിസിസി പ്രസിഡന്റ്; ഷഷ്ടിപൂർത്തിയാകും മുമ്പ് പ്രതിപക്ഷ നേതാവും: ഗുരുക്കന്മാർ അവസരം തേടുമ്പോഴും ചെന്നിത്തല വളർന്നതു ശരവേഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 26-ാം വയസിൽ എംഎൽഎ. മൂന്നു കൊല്ലം കൂടി കഴിഞ്ഞപ്പോൾ സംസ്ഥാനം കണ്ടതിൽ വച്ചേറ്റവും പ്രായം കുറഞ്ഞ മന്ത്രി. പാർട്ടിയുടെ ഉന്നതസമിതി അംഗം, ലോക്‌സഭാംഗം. ഏറ്റവുമൊടുവിലായിതാ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനവും.

കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രാഷ്ട്രീയരംഗത്തു തന്റേതായ സ്ഥാനങ്ങൾ ഉറപ്പിച്ചതു ശരവേഗത്തിലാണ്. തനിക്കു മുമ്പു പാർട്ടിയിലെത്തിയവരും തനിക്കൊപ്പം പാർട്ടിയിലെത്തിയവരുമൊക്കെ ഒരുസ്ഥാനമുറപ്പിക്കാൻ പ്രയാസപ്പെടുമ്പോഴാണ് കടമ്പകളൊക്കെ കടന്നുള്ള ചെന്നിത്തലയുടെ മുന്നേറ്റം.

ഷഷ്ടിപൂർത്തി സമ്മാനമായാണിപ്പോൾ ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചിരിക്കുന്നത്. വരുന്ന ഒമ്പതിനു ചെന്നിത്തല 60 വയസിലേക്കു പ്രവേശിക്കുകയാണ്. പല ഉന്നതപദവികളും കടന്ന് ഇപ്പോൾ ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ റോളിൽ തിളങ്ങുകയെന്ന ഗൗരവമേറിയ ജോലിയാണു പാർട്ടി രമേശിനെ ഏൽപ്പിച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായായിരുന്നു പല നേട്ടങ്ങളും രാഷ്ട്രീയജീവിതത്തിൽ രമേശിനെ തേടിയെത്തിയത്. 26ാം വയസ്സിൽ എംഎൽഎ ആയതും 29ാം വയസ്സിൽ മന്ത്രിയായതും മുതൽ ഇപ്പോൾ പ്രതിപക്ഷ നേതാവായതും അങ്ങനെ തന്നെ. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാനില്ലെന്ന് സ്വയം പ്രഖ്യാപിച്ചതോടെയാണ് ആ പദവി രമേശിനെത്തേടിയെത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത രമേശിന്റെ നേതൃപാടവം സഭയിലും തുണയാകുമെന്നാണു പാർട്ടിയുടെ വിശ്വാസം. ഹൈക്കമാൻഡിനും രമേശിന്റെ കാര്യത്തിൽ ഏറെ പ്രതീക്ഷയാണുള്ളത്.

ലീഡർ എന്നു ജനങ്ങൾ സ്‌നേഹപൂർവം വിളിക്കുന്ന കെ കരുണാകരനാണു വളരെ ചെറുപ്പത്തിൽ തന്നെ രമേശിനെ കൈപിടിച്ചുയർത്തിയത്. കരുണാകരനുശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുന്ന ഐ ഗ്രൂപ്പ് നേതാവെന്ന പ്രത്യേകതയും രമേശിനുണ്ട്.

കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായി 1970ൽ ചെന്നിത്തല ഹൈസ്‌കൂളിലാണു രമേശ് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. 1980ൽ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്ടു നിന്നു സിപിഐ(എം) നേതാവ് അഡ്വ. പി.ജി. തമ്പിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. തൊട്ടടുത്ത വർഷം എൻഎസ്‌ഐ ദേശീയ പ്രസിഡന്റായി ഡൽഹിയിലേക്ക്. തുടർന്നായിരുന്നു പടിപടിയായി രാഷ്ട്രീയ വളർച്ച. 1985ൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി. 1986ൽ 28 ാം വയസ്സിൽ കരുണാകരൻ മന്ത്രിസഭയിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ചുമതലയേറ്റു. അതേ കൊല്ലം തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായി.

ഹരിപ്പാട്ടു നിന്നു '87 ൽ വീണ്ടും നിയമസഭാംഗമായി. '89ൽ കോട്ടയത്തു സിറ്റിങ് എംപി സുരേഷ് കുറുപ്പിനെ തോൽപിച്ചു പാർലമെന്റിലേക്ക്. 1990ൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയും ദക്ഷിണേന്ത്യക്കാരനുമായിരുന്നു രമേശ്. 1991ൽ കോട്ടയത്തു നിന്നു വീണ്ടും പാർലമെന്റിലേക്ക്. 1995ൽ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 1996ൽ വീണ്ടും കോട്ടയം എംപി. 1998ൽ എഐസിസി സെക്രട്ടറിയായി. '99ൽ മാവേലിക്കരയിൽ നിന്നു പാർലമെന്റംഗമായി. 2001ൽ അഞ്ചു സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള എഐസിസി സെക്രട്ടറിയായി. 2004ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ അംഗത്വം ലഭിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള രമേശിന്റെ മടക്കം 2005ലാണ്. തിരിച്ചെത്തിയതു കെപിസിസി പ്രസിഡന്റ് ആയി. സംഘടന കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വമായിരുന്നു രമേശിന്. 2011ൽ ഹരിപ്പാട്ടു നിന്നു വീണ്ടും നിയമസഭയിലെത്തി. വിവാദങ്ങൾ നിറഞ്ഞ കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ 2014ൽ ആഭ്യന്തര- വിജിലൻസ് വകുപ്പു മന്ത്രിയായി ചുമതലയേറ്റു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നു ജയിച്ച ഏക യുഡിഎഫ് സ്ഥാനാർത്ഥിയും രമേശാണ്. ഹരിപ്പാട്ടു നിന്നു നാലാം തവണയും വൻ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഭാര്യ അനിതയും മക്കളായ ഡോ. രോഹിത്തും രമിത്തും പൂർണ പിന്തുണയുമായി രമേശിനൊപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP