Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റേഷൻ കടയും കൊപ്രാക്കച്ചവടവും നടത്തി മകനെ വളർത്തി; കമൽ അയൽപക്കക്കാരനായപ്പോൾ സിനിമാബന്ധം തുടങ്ങി; ഇതിഹാസ വിജയിച്ചപ്പോൾ നായകനായി: സ്‌മോക്ക് പാർട്ടിയിൽപ്പെട്ട ഷൈൻ ചാക്കോയ്ക്ക് നഷ്ടമാകുന്നത് സ്വപ്‌നതുല്യമായ കരിയർ

റേഷൻ കടയും കൊപ്രാക്കച്ചവടവും നടത്തി മകനെ വളർത്തി; കമൽ അയൽപക്കക്കാരനായപ്പോൾ സിനിമാബന്ധം തുടങ്ങി; ഇതിഹാസ വിജയിച്ചപ്പോൾ നായകനായി: സ്‌മോക്ക് പാർട്ടിയിൽപ്പെട്ട ഷൈൻ ചാക്കോയ്ക്ക് നഷ്ടമാകുന്നത് സ്വപ്‌നതുല്യമായ കരിയർ

കൊച്ചി: മലയാള സിനിമയിൽ തിളങ്ങുന്ന താരമായി മാറുക എന്നത് എളുപ്പമുള്ള പരിപാടിയല്ല. വിജയിച്ചവരുടെ കഥ മാത്രമേ പ്രേക്ഷകർ അറിഞ്ഞിട്ടുള്ളൂ. പരാജയപ്പെട്ടവരുടെ എണ്ണം വിജയികളേക്കാർ കൂടുതലാണ്. മികച്ചൊരു തുടക്കം കിട്ടിയിട്ടും മയക്കുമരുന്നിന്റെ വലയിൽ വീണ് കരജീവിതം ഹോമിക്കപ്പെട്ട താരങ്ങളുടെ പട്ടികയിലേക്കാണ് കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ ഷൈൻ ടോമിന്റെ പോക്കും. സിനിമയോടുള്ള അഭിനിവേശം കൊണ്ട് കഷ്ടപ്പെട്ടെത്തി ഒടുവിൽ മികച്ച അവസരങ്ങൾ വരാൻ തുടങ്ങിയ വേളയിലാണ് ഷൈൻ കൊക്കെയ്ൻ കേസിൽ പെടുന്നത്. കേസും, കൂട്ടവുമായി നടക്കുന്ന നടന് ഇനി എത്ര അവസരങ്ങൾ ലഭിക്കുമെുന്ന കാര്യം മാത്രം സംശയത്തിലാണ്.

ഗോഡ്ഫാദറില്ലാതെ സിനിമയിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന അവസ്ഥയിൽ നിന്നും ഒറ്റയ്ക്ക് പൊരുതികയറിയ വ്യക്തിത്വമായിരുന്നു ഷൈൻ ടോമിന്റേത്. കുട്ടിക്കാലം മുതൽ സിനിമ സ്വപ്‌നം കണ്ട കുട്ടിയായിരുന്നു ഷൈൻ. കൊപ്രാക്കച്ചവകടക്കാരനായ സി പി ചാക്കോയാണ് ഷൈനിന്റെ പിതാവ്. ജിതിൻ എന്നായിരുന്നു അദ്ദേഹം മകന് ആദ്യം പേരിട്ടത്. പിന്നീട് പേര് പരിഷ്‌ക്കരിച്ച് ഷൈൻ ടോം ചാക്കോ എന്നാക്കി. സ്‌കൂൾ കാലഘട്ടത്തിൽ ഷൈൻ തിളങ്ങുന്ന താരം തന്നെയായിരുന്നു. കലാവേദികളിലൊക്കെ ശോഭിച്ച ഷൈൻ തന്റെ കരിയർ സിനിമയാണെന്ന് അന്നേ തിരിച്ചറിഞ്ഞിരിക്കണം. മോണോ ആക്ടുമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വരെ ഷൈൻ ശോഭിച്ചിരുന്നു.

ഷൈനിന്റെ കുട്ടിക്കാലത്തെ സിനിമാ സ്വപ്‌നം കൂടുതൽ പൂവണിയുന്നത് സംവിധായകൻ കമൽ പൊന്നാനിയിൽ അയൽവാസിയായി എത്തിയതോടെയാണ്. കമൽസാറിന്റെ ഗുഡ്‌ലിസ്റ്റിൽ ഇടംപിടിക്കാനായിരുന്നു പിന്നീട് ഷൈനിന്റെ ശ്രമം. അധികം വൈകാതെ അതിന് സാധിക്കുകയും ചെയ്തു. കമലിന്റെ ആരാധകനും വീട്ടിലെ സന്ദർശകനുമായി ഷൈൻ മാറി. എങ്കിലും തനിക്ക് സിനിമാ നടൻ ആകണമെന്ന ആഗ്രഹം ഷൈൻ പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് +2 കഴിഞ്ഞതോടെയാണ് കമലിനെ സിനിമാ മോഹം അറിയിച്ചത്. ഇതോടെ ഷൈനിനെ 'നമ്മൾ' എന്ന സിനിമയിൽ അസിസ്റ്റന്റാക്കി കമൽ. എന്നാൽ അധികമാരും അറിയാതെ പോയി. എന്നാൽ സിനിമാക്കാരുമായുള്ള ബന്ധം കാത്തുസൂക്ഷിച്ച് ഷൈൻ തന്റെ മേഖലയിൽ സജീവമായി നിന്നു.

തൃശൂർ സെന്റ് തോമസ് കോളേജിലെ ബികോം വിദ്യാർത്ഥിയായത്തിയ ഷൈൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കോളേജിന്റെ ഹീറോയായി മാറിയിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയും സാഹിത്യ അക്കാദമിയും സൗഹൃദങ്ങളുടെ പുത്തൻ വേദികളായി. സാഹിത്യ അക്കാദമിയിലെ ചർച്ചകളിലും നാടകങ്ങളിലും സജീവമായി. രാജ്യാന്തര നാടകോത്സവത്തിന് തൃശൂർ വേദിയായതോടെ ഷൈൻ മുഴുവൻ സമയ തൃശൂർക്കാരനായി. കമലിനൊപ്പം ക്യാമറയ്ക്ക് പിന്നിൽ വർഷങ്ങൾ ജോലി ചെയ്ത ശേഷമാണ് അഭിനയിക്കണമെന്ന മോഹം ഷൈനിൽ ഉദിക്കുന്നത്. ഒടുവിൽ കമൽ തന്നെയാണ് ഷൈനിന്റെ അഭിനയ മോഹം പൂവണിയിച്ചതും. ഗദ്ദാമയിലെ ബഷീർ എന്ന സുപ്രധാന വേഷമാണ് കമൽ ഷൈനിനായി നൽകിയത്.

ബഷീറായി ഷൈൻ തിളങ്ങുകയും ചെയ്തു. ഇതിനിടെ 'ഈ അടുത്തകാലത്തിൽ' സീരിയർ കില്ലറുടെ വേഷവും ചെയ്തു ഷൈൻ. തുടർന്നങ്ങോട്ട് കയറ്റത്തിന്റെ നാളുകളായിരുന്നു ജീവിതത്തിൽ. ആഷിഖ് അബുവും സമീർ താഹിറും അമൽ നീരദും ഫഹദ് ഫാസിലും എല്ലാം സുഹൃത്തുക്കളായി. കൂട്ടത്തിൽ നിരവധി ഫോട്ടോഗ്രാഫർമാരുണ്ട്. അവരുടെ ഫോട്ടോകൾക്ക് മോഡൽ കൂടിയായതോടെ ഡിമാന്റ് ഉയർന്നു. ആയിടെയ്ക്കാണ് രാജീവ് രവിയുടെ ഫോൺ വന്നത്. അന്നയും റസൂലും സിനിമയിൽ റസൂലിന്റെ സുഹൃത്തുക്കളിലൊരാളായി വേഷം. അബുവായി ഷൈൻ തിളങ്ങി. ആളുകൾ കൂടുതലായി തിരിച്ചറിഞ്ഞു. ചാപ്‌റ്റേഴ്‌സ് സിനിമയിലെ ചൂണ്ട വിനോദും ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ നായകനെന്ന നിലയിൽ ഷൈനിനെ വിജയിപ്പിച്ച സിനിമ എത്തിയത് പിന്നീടായിരുന്നു. ഇതിഹാസയിലെ കഥാപാത്രം ഏറെ കൈയടി നേടി. ആണ് പെണ്ണായ വേഷം ചെയ്തപ്പോൾ സിനിമ ബോക്‌സോഫീസിലും ഹിറ്റായി. ഇതോടെ അഭിനയ രംഗത്ത് തിരക്കേറിയ താരമായി ഷൈൻ മാറി. മസാല റിപ്പബ്‌ളിക്, കൊന്തയും പൂണൂലും, ഹാങ് ഓവർ, പകിട, കാഞ്ചി, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷം ചെയ്തു. വിശ്വാസം അതല്ലേ എല്ലാം, ബിബ്‌ളിയോ തുടങ്ങി അണിയറയിൽ അഞ്ചിലേറെ സിനിമകൾ അവസാനവട്ട ഒരുക്കത്തിലാണ്. ഇതിനിടെയാണ് കൊക്കെയ്ൻ കേസിൽ അറസ്റ്റിലാകുന്നതും.

സൗഹൃദങ്ങളാണ് ഷൈനിനെ വളർത്തിയതെങ്കിൽ ഇപ്പോൾ തകർച്ചയ്ക്ക് ഇടയാക്കിയും അതേ സൗഹൃദങ്ങൾ തന്നെയായിരുന്നു. തൃശൂരിലെ വിവാദ വ്യവസായി നിസാമുമായും ചങ്ങാത്തവും ഒരു പ്രമുഖ നിർമ്മാതാവിന്റെ സ്വാധീനവും ഷൈനിനെ കുഴിയിൽ ചാടിച്ചു. സിനിമയുടെ പേരിലുള്ള പാർട്ടികളിൽ നിത്യസാന്നിദ്ധ്യമായിരുന്നു ഷൈൻ. ഇങ്ങനെ ലഹരി നുരയുന്ന പാർ്ട്ടികളുടെ ഭാഗമായപ്പോഴും സർക്കാർ ആവിഷ്‌കരിച്ച അഡിക്ടഡ് ടു ലൈഫ് കാമ്പയിനിൽ ഷൈനും പങ്കാളിയായെന്നതാണ് വിചിത്രമായ കാര്യം.

തന്റെ ഫേസ്‌ബുക്ക് പേജിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഷൈനിന്റെ ഇടപെടൽ. സ്ത്രീ സൗഹൃദങ്ങൾ നിരവധി ഉണ്ടായിരുന്നു ഷൈനിന്. മോഡലിങ് രംഗത്തു നിന്നും സിനിമയിൽ നിന്നുമുള്ള ബന്ധം ഒടുവിൽ ഷൈനിനെ കുഴിയിൽ ചാടിച്ചു. എന്നാൽ നിശാപാർട്ടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്വഭാവം ഷൈനിന് ഇല്ലായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. മറ്റ് ചിലർക്ക് വേണ്ടി ഷൈൻ ബലിയാടായത് ആകാമെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP