Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ അറസ്റ്റു ചെയ്തത് റാഞ്ചിയ വിമാനം രക്ഷിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി വിമാനത്തിൽ കൊണ്ടുകൊടുത്ത ഭീകരനെ; ഇന്ത്യയിലെ സർവ്വ ആക്രമണങ്ങളുടെയും സൂത്രധാരൻ; മസൂദിനെ വിട്ടുതരാൻ ഷെരീഫ് തന്റേടം കാട്ടിയാൽ ഇന്തോ-പാക് ബന്ധം വിച്ഛേദിക്കാൻ പിന്നെ ഒരു ഭീകരനും കഴിയില്ല

പാക്കിസ്ഥാൻ അറസ്റ്റു ചെയ്തത് റാഞ്ചിയ വിമാനം രക്ഷിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി വിമാനത്തിൽ കൊണ്ടുകൊടുത്ത ഭീകരനെ; ഇന്ത്യയിലെ സർവ്വ ആക്രമണങ്ങളുടെയും സൂത്രധാരൻ; മസൂദിനെ വിട്ടുതരാൻ ഷെരീഫ് തന്റേടം കാട്ടിയാൽ ഇന്തോ-പാക് ബന്ധം വിച്ഛേദിക്കാൻ പിന്നെ ഒരു ഭീകരനും കഴിയില്ല

ന്യൂഡൽഹി: പഠാൻകോട്ട് ഭീകരാക്രണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്. ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാനിൽ എത്തിയതിന് പിന്നാലെ നടന്ന ആക്രമണം എന്ന നിലയിലായിരുന്നു പ്രശ്‌നം വിദേശബന്ധത്തെ ബാധിക്കുമെന്ന വിലയിരുത്തലിലേക്ക് എത്തിയത്. എന്നാൽ ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മൗലാനാ മസൂദ് അസ്ഹർ ആണെന്ന് വ്യക്തമായതോടെ ഇന്ത്യ കൃത്യമായ തെളിവുകളും കൈമാറി. പാക്കിസ്ഥാൻ ഉടനടി നടപടിയും സ്വീകരിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സൗഹൃദ സംഭാഷങ്ങൾ വീണ്ടും തളിർക്കുകയാണ്.

രണ്ട് പതിറ്റാണ്ടായി ഇന്ത്യയെ വലച്ചുകൊണ്ടിരിക്കുന്ന ഭീകരനാണ് മസൂദ് അസ്ഹർ. പാക്കിസ്ഥാൻ ചാരസംഘടനയുടെ സംരക്ഷണത്തിൽ ഇന്ത്യയിൽ ഭീകരത വിതറുന്ന ഈ ഭീകരൻ ഇന്ത്യ തന്നെ വിട്ടയച്ച കൊടുംകുറ്റവാളിയാണ്. 16 വർഷം മുൻപ് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ 155 യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ഇന്ത്യ തടവിൽനിന്നു മോചിപ്പിച്ച ഭീകരനാണു മൗലാനാ മസൂദ് അസ്ഹർ. 1999 ഡിസംബർ 24നാണു കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐ.സി 814 വിമാനം പാക്ക് ഭീകരർ തട്ടിയെടുത്തത്.

മസൂദിനൊപ്പം അഹമ്മദ് ഉമർ സയീദ് ഷെയ്ഖ്, മുസ്തഫ അഹമ്മദ് സാർഗർ എന്നിവരെയും അന്ന് ഇന്ത്യയ്ക്കു മോചിപ്പിക്കേണ്ടി വന്നു. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് ഇവരെ പ്രത്യേക വിമാനത്തിൽ കാണ്ടഹാറിൽ കൊണ്ടുപോയി റാഞ്ചികൾക്കു കൈമാറുകയായിരുന്നു. ഭീകരതയെ നേരിടുന്നതിൽ ഇന്ത്യക്ക് സംഭവിച്ച ഏറ്റവും വലിയ പിഴവായിരുന്നു ഈ വിട്ടയക്കൽ. അന്ന് ഇന്ത്യ കാണിച്ച മണ്ടത്തരത്തിന്റെ ഫലമാണ് പഠാൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായി ഭവിച്ചത്.

ഇന്ത്യയിൽ നിന്നു ഭീകര സംഘടനകൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലയായിരുന്നു മസൂദ് അസ്ഹറിന്. 1994ൽ വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ കാശ്മീരിൽ വച്ചാണ് മൗലാന മസൂദ് അസർ അറസ്റ്റിലാകുന്നത്. 1999 ഡിസംബർ 24ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർലൈൻസിന്റെ ഐ.സി 814 വിമാനം പാക് ഭീകരർ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയി. വിമാനത്തിലുണ്ടായിരുന്നവരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മസൂദ് അസറിനെ മോചിപ്പിക്കേണ്ടി വരികയായിരുന്നു.

തുടർന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമിയയും ഹർക്കത്തുൽ മുജാഹിദ്ദീനും യോജിപ്പിച്ചു ഹർക്കത്തുൽ അൻസറിനു രൂപം നൽകിയത് അസ്ഹറാണ്. അസ്ഹർ പിന്നീട് ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നൽകി. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. പാക്കിസ്ഥാൻ അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്നാൽ, ലഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടർന്ന് ഒരു വർഷത്തിനുശേഷം മോചിതനായി.

2008ൽ മുംബൈ ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനിൽ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലിൽനിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു.

കറാച്ചി സർവകലാശാലയിൽ നിന്ന് ഇസ്‌ലാമിക പഠനത്തിൽ ബിരുദം നേടിയ അസ്ഹറിനു ഹിന്ദി, ഉറുദു, അറബി, പഞ്ചാബി, ഇംഗ്ലിഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാം. പുറത്ത് ഒരിക്കലും പ്രകോപിതനാകാത്ത ശാന്തപ്രകൃതമാണ് ഇയാളുടേത്. എങ്ങനെ ചോദ്യംചെയ്താലും വിവരം നൽകാത്ത ഉറച്ച മനസ്സ്. ഉജ്വല വാഗ്മി. അസാമാന്യ നേതൃഗുണം. മതപരമായി ഭീകരവാദികളെ ജിഹാദിനു പ്രേരിപ്പിക്കാൻ അസാമാന്യ കഴിവുള്ളയാൾ എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ട്.

യുഎസ് ഭീകര സംഘടനാ പട്ടികയിൽ 2001ൽ തന്നെ അസ്ഹറിന്റെ ജയ്‌ഷെ ഉൾപ്പെട്ടിരുന്നു. അൽ ഖായിദയ്ക്കും താലിബാനും സഹായം നൽകുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി. 2002 ജനുവരിയിൽ യുഎസ് മാദ്ധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഎസ് അസ്ഹറിന്റെ അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അതു നിരസിക്കുകയായിരുന്നു. 2003ൽ അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ ചാവേർ ആക്രമണമുണ്ടായപ്പോൾ അസ്ഹർ വീണ്ടും അറസ്റ്റിലായി. അന്നും വൈകാതെ മോചിതനായി.

2008ൽ മുംബയ് ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനിൽ അസറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ല. പിന്നീട് വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പത്താൻകോട്ട് ആക്രമണത്തിന്റെ മസൂദിനെ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് ഇന്ത്യയ്ക്ക് വുട്ടുനൽകാൻ തയ്യാറായാൽ അത് വിദേശബന്ധത്തിൽ നിർണ്ണായക ഏടായി മാറും.

അസ്ഹറിന്റെ സഹോദരൻ അബ്ദുൽ റഹ്മാൻ റൗഫും മറ്റു ചിലരും പിടിയിലായതായി പാക് മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംഘടനയുടെ ഓഫീസുകളും സീൽ ചെയ്തിട്ടുണ്ട്. എന്നാൽ നിവരധി അറസ്റ്റുകൾ നടന്നതായി വ്യക്തമാക്കിയ പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക പത്രക്കുറിപ്പ് അസ്ഹറിന്റെ അറസ്റ്റ്് സംബന്ധിച്ച് മൗനത്തിലാണ്. ജെയ്ഷിന്റെ ഓഫീസുകളിലെ റെയ്ഡിനു ശേഷം അസ്ഹറിനെ കരുതൽ തടങ്കലിലാക്കിയതാണെന്നും വ്യാഖ്യാനമുണ്ട്.

ഭീകരർക്കെതിരായ നടപടികളിൽ സന്തുഷ്ടി രേഖപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. പത്താൻകോട്ട് ആക്രമണവുമായി ബന്ധമുള്ള ഭീകര സംഘടനകൾക്കെതിരായ നടപടിയിൽ നിർണായക മുന്നേറ്റമുണ്ടായതായും പ്രസ്താവനയിൽ പറയുന്നു. ഇതൊക്കെ ഇന്ത്യ-പാക ബന്ധത്തിൽ അനുകൂലമായി വിവരമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP