Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംബിഎയും മനഃശ്ശാസ്ത്രത്തിൽ എംഎയും നേടിയ രാഷ്ട്രീയക്കാരി; സ്വന്തം പാർട്ടിയിൽ നിന്ന് അമ്മ പുറത്താക്കിയിട്ടും മോദിയുടെ മനസിൽ ഇടം പിടിച്ചു കേന്ദ്രമന്ത്രിയായി; 36കാരിയായ യുപിയിലെ കുർമി സമുദായ നേതാവ് അനുപ്രിയ പട്ടേൽ ഉയർന്നുവന്നത് സ്മൃതി ഇറാനിക്ക് ബദലായി

എംബിഎയും മനഃശ്ശാസ്ത്രത്തിൽ എംഎയും നേടിയ രാഷ്ട്രീയക്കാരി; സ്വന്തം പാർട്ടിയിൽ നിന്ന് അമ്മ പുറത്താക്കിയിട്ടും മോദിയുടെ മനസിൽ ഇടം പിടിച്ചു കേന്ദ്രമന്ത്രിയായി; 36കാരിയായ യുപിയിലെ കുർമി സമുദായ നേതാവ് അനുപ്രിയ പട്ടേൽ ഉയർന്നുവന്നത് സ്മൃതി ഇറാനിക്ക് ബദലായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ പ്രതീക്ഷകളാണ്. ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ അമിത് ഷായും മോദിയും കരുക്കൾ നീക്കുന്നത്. എതിർഭാഗത്ത് പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കളിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിനിടെ ഉത്തർപ്രദേശത്തു നിന്നുള്ള കരുത്തുറ്റ ഒരു യുവമുഖത്തിനെ കേന്ദ്ര സഹമന്ത്രിയാക്കിയാണ് മോദി ഒരു ചുവട് മുന്നോട്ടു വച്ചത്. 36കാരിയായ അനുപ്രിയ സിങ് പട്ടേൽ. ഉത്തർപ്രദേശിയിലെ ചെറുകക്ഷിയായ അപ്‌നാ ദൾ എന്ന പാർട്ടിയുടെ നേതാവിനാണ് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചത്.

ഏറെ സംഭവ ബഹുലമായ രാഷ്ട്രീയ ചരിത്രമുള്ള അനുപ്രിയ പട്ടേലിനെ കേന്ദ്രമന്ത്രിസ്ഥാനത്ത് അവരോധിച്ചത് സ്മൃതി ഇറാനിക്ക് ബദലായാണെന്ന രാഷ്ട്രീയ ചർച്ചകൾ ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമിട്ടാണ് സഖ്യകക്ഷിയായ അപ്നാ ദളിന് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിദ്ധ്യം നൽകിയത്. 36കാരി അനുപ്രിയ സിങ് പട്ടേൽ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായി. സ്വന്തം മാതാവിനോടെ പടപൊരുതി വളർന്ന ചരിത്രമാണ് അനുപ്രിയക്കുള്ളത്. കൃഷ്ണ പട്ടേലിന്റെ എതിർപ്പ് അവഗണിച്ചാണ് ബിജെപി നേതൃത്വം ലോക്സഭയിലെ കന്നിക്കാരിയായ അനുപ്രിയയ്ക്ക് അവസരം നൽകിയത്.

ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗമായ കുർമി സമുദായാംഗമാണ് അനുപ്രിയ. ഡൽഹി എൽഎസ്ആർ കോളേജിൽ നിന്ന് എംബിഎ ബിരുദമെടുത്ത അനുപ്രിയയെ രാഷ്ട്രീയത്തിൽ കൊണ്ടുവരണമെന്ന് പിതാവ് സോനെ ലാൽ പട്ടേൽ ആഗ്രഹിച്ചതല്ല. 2009ൽ റോഡ് അപകടത്തിൽ അദ്ദേഹം മരിച്ചതോടെ രാഷ്ട്രീയത്തിൽ വരാതെ നിർവാഹമില്ലാതായി എന്നാണ് അനുപ്രിയ പറയുന്നത്.

പിതാവിന്റെ മരണ ശേഷം മാതാവ് കൃഷ്ണ പട്ടേലുമായി തെറ്റിയതും ഒരു കാരണമായി പറയുന്നുണ്ട്. ഏതായാലും അമ്മയും മകളും ശത്രുക്കളെപ്പോലെയാണ് ഏതാനും കാലമായി കഴിയുന്നത്. കഴിഞ്ഞ വർഷം കൃഷ്ണ പട്ടേൽ മകളെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ആറുവർഷത്തേക്ക് പുറത്താക്കി. പാർട്ടിയിലെ നല്ലൊരു വിഭാഗം അനുപ്രിയയ്ക്കൊപ്പം നിന്നതിനാൽ അതു നടപ്പായില്ല. 2012ൽ ഉത്തർപ്രദേശ് നിയമസഭയിലെത്തി. 2014ൽ മോദി തരംഗത്തിനൊപ്പം നിന്ന് മിർസാപ്പൂരിൽ നിന്ന് ലോക്സഭയിലേക്കും. ലോക്സഭയിലെ പാർട്ടിയുടെ രണ്ടാമത്തെ എംപി ഹരിബൻഷ് സിങ് മാതാവിനൊപ്പമാണ്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയ അനുപ്രിയയെ മന്ത്രിയാക്കിയാൽ ബിജെപിക്ക് നൽകി വരുന്ന പിന്തുണ പിൻവലിക്കുമെന്ന് അടുത്തിടെ കൃഷ്ണ പട്ടേൽ ഭീഷണി മുഴക്കിയിരുന്നു. അമ്മയും താനും തമ്മിൽ പ്രശ്നമില്ലെന്നും പിതാവിന്റെ കഠിന പ്രയത്‌നത്തിനൊപ്പം അവരുടെ അനുഗ്രഹം കൂടിയുള്ളതുകൊണ്ടാണ് ഇന്നത്തെ നേട്ടങ്ങളുണ്ടായതെന്നും അനുപ്രിയ പറയുന്നു. അനുപ്രിയയ്ക്ക് മന്ത്രിസ്ഥാനം നൽകിയാൽ സഖ്യം വേർപെടുത്തുമെന്ന് കൃഷ്ണ ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെ വന്നാൽ പാർട്ടി പിളർത്തി അനുപ്രിയയെ തങ്ങൾക്കൊപ്പം ചേർക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കുർമി സമുദായത്തിനിടയിൽ അനുപ്രിയയ്ക്കുള്ള സ്വാധീനം നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും പാർട്ടി വിലയിരുത്തുന്നു.

കാൻഷിറാമിനൊപ്പം ബി.എസ്‌പിയുടെ സ്ഥാപക നേതാക്കളിലൊരാളായ സോനെലാൽ പിന്നീട് മായാവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 1994ൽ അപ്നാദൾ രൂപീകരിച്ചത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ്, അലഹബാദ്, വാരണാസി, റോബർട്ട്‌സ്ഗഞ്ച്, മിർസാപൂർ ഭാഗങ്ങളിൽ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് അനുപ്രിയ പട്ടേലിന്റെ പാർട്ടിയായ അപ്നാ ദൾ. മായാവതിയുടെ പിന്നോക്ക വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്താൻ വേണ്ടിയാണ് അനുപ്രിയയെന്ന പിന്നോക്കക്കാരിയെ മന്ത്രിസ്ഥാനത്തേക്ക് അവരോധിച്ചത്. എന്തായാലും, ജാതിരാഷ്ട്രീയം ഏറെ നിർണായകമായ ഉത്തർപ്രദേശിൽ അനുപ്രിയ പട്ടേൽ പ്രതിനിധീകരിക്കുന്ന കുർമി സമുദായത്തിന്റെ വോട്ടുകൂടി ലക്ഷ്യമിട്ടാണ് അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മോദി തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രബലരായ പിന്നാക്കവിഭാഗമാണ് കുർമികൾ.

കുർമി വിഭാഗത്തിൽനിന്നുള്ള നേതാവും ബിജെപിയുടെയും മോദിയുടെയും കടുത്ത വിമർശകനുമായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ദേശീയ രാഷ്ട്രീയത്തിൽ ഉയർത്തിക്കാട്ടാനാകുന്ന ഒരു ബദൽ നേതാവായും ബിജെപി അനുപ്രിയയെ കാണുന്നു. ഡൽഹിയിലെ എൽഎസ്ആർ കോളജിൽ നിന്നും മനഃശാസ്ത്രത്തിൽ ബിരുദവും എംബിഎയും സ്വന്തമാക്കിയ അനുപ്രിയക്ക് യുവാക്കൾക്കിടയിലും നല്ല സ്വാധാനമുണ്ട്. കാര്യശേഷിയുള്ളരാഷ്ട്രീയക്കാരിയായാണ് ഇവർ അറിയിപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വഡോധര മണ്ഡലത്തിൽ അനുപ്രിയയുടെ പ്രവർത്തനം കൊണ്ടു കൂടിയാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം വലിയ തോതിൽ ഉയർന്നത്. ഇക്കാര്യം കൂടിപരിഗണിച്ചാണ് അവർക്ക് മന്ത്രിസ്ഥാനം നൽകിയത്. മോദിയുമായുള്ള അടുപ്പവും അവർക്ക് ഗുണകരമായി മാറി. എന്തായാലും ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായി കൂടി അനുപ്രിയ മാറുകയാണ്. അപ്നാ ദളിന് അനുപ്രിയയെ കൂടാതെ ലോക്‌സഭയിൽ ഒരു എംപി കൂടിയുണ്ട്, ഹരിബൻഷ് സിങ്. ഇദ്ദേഹമാകട്ടെ, അനുപ്രിയയുടെ എതിർവിഭാഗമായ അമ്മ കൃഷ്ണ പട്ടേലിനെ പിന്തുണയ്ക്കുന്നയാളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP