Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സദാചാരവാദികൾ പൊറുക്കുക... ഞങ്ങൾ ചുംബന വിരോധികളല്ല! സദാചാരഗുണ്ടാ വിളയാട്ടത്തിനെതിരെ ചുംബിച്ചു പ്രതിഷേധിക്കാൻ ഒരുങ്ങി യുവാക്കൾ; കൊച്ചിയിലും കോഴിക്കോട്ടും 'ചുംബനക്കൂട്ടായ്മ'കൾ സംഘടിപ്പിക്കുന്നു

സദാചാരവാദികൾ പൊറുക്കുക... ഞങ്ങൾ ചുംബന വിരോധികളല്ല! സദാചാരഗുണ്ടാ വിളയാട്ടത്തിനെതിരെ ചുംബിച്ചു പ്രതിഷേധിക്കാൻ ഒരുങ്ങി യുവാക്കൾ; കൊച്ചിയിലും കോഴിക്കോട്ടും 'ചുംബനക്കൂട്ടായ്മ'കൾ സംഘടിപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരസ്പരം ഉഭയകക്ഷി സമ്മതപ്രകാരം രണ്ട് പേർ ചുംബിച്ചാൽ സദാചാരം ഇടിഞ്ഞു വീഴുമോ? അങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്ന മലയാളികളും നമ്മുടെ സമൂഹത്തിലുണ്ട്. പരസ്പരം സ്‌നേഹിക്കുന്ന ജീവികൾ കൈമാറുന്ന ഒരു സംവേദന മാർഗമാണ് ആലിംഗനവും ചുംബനവും എന്നിരിക്കേ സദാചാര ക്യാമറാ കണ്ണുകൾ നമ്മുടെ യുവതീ യുവാക്കൾക്കുനേരെ തിരയുന്ന കാഴ്‌ച്ച കേരളം കണ്ടു. അനാശാസ്യം നടക്കുന്നുവെന്ന വിധത്തിൽ ജയ്ഹിന്ദ് ചാനൽ രണ്ട് പേർ ചുംബിക്കുന്ന ദൃശ്യങ്ങൾ ചൂണ്ടി വാർത്ത സംപ്രേഷണം ചെയ്തപ്പോൾ ഇതിൽ എവിടെയാണ് അശ്ലീലം എന്നു ചോദിച്ച് ആദ്യം രംഗത്തുവന്നത് സോഷ്യൽ മീഡിയയാണ്.

ചാനൽ വാർത്തയ്ക്ക് പിന്നാലെ ശ്രീരാമസേന മോഡൽ ആക്രമണവുമായി ഒരുപറ്റം ബിജെപി-യുവമോർച്ച പ്രവർത്തകരും രംഗത്തുവന്നു. ഇതോടെ യുവാക്കളുടെ സംരംഭമായ കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടൽ അടിച്ചു തകർക്കപ്പെടുകയും ചെയ്തു. സദാചര ശ്രേണിയിൽ ഏറ്റവും ഒടുവിൽ നടന്നതാണ് കോഴിക്കോട്ടെ സംഭവം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സദാചാര വാദികൾക്കെതിരെ സോഷ്യൽ മീഡിയയുടെ കൂട്ടായ്മയോടെ പ്രതികരിക്കാൻ ഒരുങ്ങുകയാണ് ഒരുപറ്റം യുവാക്കൾ. സദാചാര ഗുണ്ടാ വിളയാട്ടത്തിനെതിെര ചുംബിച്ച് പ്രതിഷേധിക്കാനാണ് ഒരുങ്ങുന്നത്.

സദാചാര ഗുണ്ടായിസത്തിൽ യുവാവിന് ജീവൻ നഷ്ടപ്പെട്ട സംഭവം നടന്ന കോഴിക്കോടും കൊച്ചിയിലുമാണ് യുവാക്കളുടെ കൂട്ടായ്മയിൽ 'ചുംബന കൂട്ടായ്മ' സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. നവംബർ രണ്ടിന് കൊച്ചി മറൈൻ ഡ്രൈവിലാണ് ചുംബനകൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിനത്തെ ചുംബനദിനമായി ആചരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന കൂട്ടായ്മയുടെ തീയതി തീരുമാനിച്ചിട്ടില്ല. സമാന ചിന്താഗതിയുള്ളവരെ പരിപാടിയിൽ സംഘടിപ്പിക്കാൻ 'കിസ് ഓഫ് ലവ്' എന്ന ഫേസ്‌ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒരു ഇവന്റ് ഇൻവിറ്റേഷൻ പേജും ഫേസ്‌ബുക്കിൽ തുടങ്ങിക്കഴിഞ്ഞു. 

കോഴിക്കോട് റെസ്‌റ്റോറെന്റിൽ അനാശാസ്യം നടക്കുന്നുണ്ടെന്ന ജയ്ഹിന്ദ് വാർത്തയും തുടർന്ന് ബിജെപി പ്രവർത്തകരുടെ സദാചാര ഗുണ്ടാ വിളയാട്ടത്തിനുമെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയിയിൽ ഉയർന്നിരുന്നത്. ഇതിനിടെയാണ് ചില ഗ്രൂപ്പുകളിൽ ചുംബന കൂട്ടായ്മ സംഘടിപ്പിച്ചാലോ എന്ന ആശയം മുന്നോട്ടുവച്ചത്. ഇതിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. തുടർന്നാണ് ഇതിനായി 'കിസ്സ് ഓഫ് ലവ്' എന്ന പേരിൽ പേജ് ആരംഭിച്ചത്. ഇതിന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു.

കോഴിക്കോട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, അടുത്തകാലത്തായി സദാചാര പൊലീസിന്റെ ആക്രമണത്തിനെതിരെ കോടതി വിധി പോലും ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു കൊണ്ടാണ് ഇങ്ങനെ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് പരിപാടിയുടെ അണിയറക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം ഇതിൽ രാഷ്ട്രീയം കലർത്താനില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരായല്ല ഈ സംഭവമെന്നും സംഘാടകർ പറഞ്ഞു.

മുമ്പ് ഫ്രീ ഹഗ് ക്യാമ്പയിനും സോഷ്യൽ മീഡിയയുടെ പിന്തുണയോടെ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയെ മാതൃകയാക്കാനാണ് കിസ്സ് ഓഫ് ലവ് ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ നീക്കവും. സ്‌നേഹം പ്രകടിപ്പിക്കുന്ന സ്വകാര്യ ഇടങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്ന ചാനൽ സംസ്‌ക്കാരത്തിന് കൂടി എതിരായാണ് ഈ ചുംബനക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP