Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിയെ കസ്റ്റഡിയിൽ പീഡിപ്പിച്ചതിന് ഡിവൈഎസ്‌പിക്ക് എതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്; കസ്റ്റഡിയിലെ പീഡനം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമെന്ന വാദം കോടതി തള്ളി

പ്രതിയെ കസ്റ്റഡിയിൽ പീഡിപ്പിച്ചതിന് ഡിവൈഎസ്‌പിക്ക് എതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്; കസ്റ്റഡിയിലെ പീഡനം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമെന്ന വാദം കോടതി തള്ളി

കണ്ണൂർ: ഷുക്കൂർ വധക്കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷിനെ കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്ന കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിന് ഇരിട്ടി ഡിവൈഎസ്‌പി പി. സുകുമാരനെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

കണ്ണൂർ ഡിവൈഎസ്‌പി ആയിരുന്ന സുകുമാരൻ തന്നെ കസ്റ്റഡിയിൽ നഗ്നനാക്കി മർദ്ദിക്കുകയും മലദ്വാരത്തിൽ കമ്പി തിരുകിക്കയറ്റുകയും ചെയ്തതായി സുമേഷ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നൽകിയതിനെ തുടർന്നാണു 2012 ഡിസംബറിൽ കോടതി സ്വമേധയാ കേസെടുത്തത്. ഡിവൈഎസ്‌പി സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. മജിസ്‌ട്രേറ്റ് കോടതിയിൽ നിയമനടപടി നേരിടാൻ ഹൈക്കോടതി ഡിവൈഎസ്‌പിയോട് ആവശ്യപ്പെടുകയായിരുന്നു.

മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ടു തവണ കേസ് പരിഗണിച്ചപ്പോഴും ഡിവൈഎസ്‌പി ഹാജരാകാതെ അഭിഭാഷകൻ മുഖേന അവധി അപേക്ഷ നൽകി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസിന് കോടതി നിർജ്ജേശം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്തതു കുറ്റമായി കണക്കാക്കരുതെന്നും, തനിക്കെതിരെ കേസെടുക്കാൻ സർക്കാരിന്റെ അനുമതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സുകുമാരൻ സമീപിച്ചത്.

അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മൂന്നു ദിവസം മുമ്പു തന്നെ വീട്ടിൽ നിന്നു പൊലീസ് പിടിച്ചു കൊണ്ടു പോവുകയും രണ്ടു ദിവസം സിറ്റി പൊലീസ് സ്‌റ്റേഷനു മുകളിലെ ഹാളിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടു മർദ്ദിക്കുകയും ചെയ്തതായി സുമേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു. സുമേഷിന്റെ ശരീരത്തിൽ പ്രത്യക്ഷത്തിൽ പരുക്കുകളില്ലെന്നു ജില്ലാ ആശുപത്രിയിലെ ഡോക്ടർ നൽകിയ സാക്ഷ്യപത്രം പൊലീസ് ഹാജരാക്കിയെങ്കിലും കോടതി സ്വീകരിച്ചില്ല.

മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കുമ്പോൾ ആറു മുറിവുകൾ ഉണ്ടായിരുന്നു. ഹാജരാക്കുന്നതിനു നാലു മണിക്കൂർ മുമ്പാണു ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയത്. അതിൽ നിന്നു തന്നെ പരിശോധനയ്ക്ക് ശേഷവും പ്രതിയെ കസ്റ്റഡിയിൽ വച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് രേഖപ്പെടുത്തുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണു സുമേഷിനെ മർദ്ദിച്ചതെന്നു പറയാനാവില്ലെന്നും കോടതി വിലയിരുത്തിയിരുന്നു.

2012 ഫെബ്രുവരി 20നു സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനം തളിപ്പറമ്പ് അരിയിലിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. തുടർന്ന് സംഘർഷമായി. ഇതിന്റെ പ്രതികാരമായി ലീഗ് പ്രവർത്തകൻ ഷുക്കൂറിനെ ചെറുകുന്ന് കീഴറയിൽ ഒരു സംഘം തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്. സിപിഐ(എം) പാർട്ടി ഗ്രാമമായ ചെറുകുന്നിൽ പ്രവർത്തകർ തടഞ്ഞു വച്ച ഷുക്കൂറിനെ പ്രാദേശിക നേതാക്കളുടെ നിർദേശ പ്രകാരം സുമേഷ് സ്ഥലത്തെത്തി കൊലപ്പെടുത്തിയതായാണു കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP