Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ സി ദിവാകരനെതിരെ കൂടുതൽ നടപടി; ദേശീയ നിർവ്വാഹക സമിതിയിൽ നിന്ന് ഒഴിവാക്കി; ദേശീയ കൗൺസിലിൽ തുടരും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ സി ദിവാകരനെതിരെ കൂടുതൽ നടപടി; ദേശീയ നിർവ്വാഹക സമിതിയിൽ നിന്ന് ഒഴിവാക്കി; ദേശീയ കൗൺസിലിൽ തുടരും

ന്യൂഡൽഹി: തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പ് വിവാദത്തിൽ സംസ്ഥാന ഘടകം കുറ്റക്കാരനെന്ന് കണ്ടെത്തി നടപടിയെടുത്ത സി ദിവാകരനെ ദേശീയ നിർവ്വാഹക സമിതിയിൽ നിന്ന് സിപിഐ ഒഴിവാക്കി. ഇതിനുള്ള ദേശീയ നിർവ്വാഹക സമിതി യോഗത്തിന്റെ ശുപാർശ പാർട്ടി ദേശീയ കൗൺസിലും അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത നിലപാടാണ് ദിവാകരന് ദേശീയ നേതൃയോഗങ്ങളിലും വിനയായത്. എന്നാൽ ദേശീയ കൗൺസിലിൽ ദിവാകരൻ തുടരും.

സംസ്ഥാന നേതൃത്വത്തിന്റെ നടപടിയുടെ സാഹചര്യത്തിൽ നിർവ്വാഹക സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് ദിവാകരൻ കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് ദിവാകരനെ ഒഴിവാക്കുന്നതെന്നാണ് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഢി വിശദീകിരിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ അന്വേഷണ റിപ്പോർട്ട് യോഗം ചർച്ച ചെയ്തു. ഇതു കൂടി പരിഗണിച്ചാണ് ദിവാകരനെ ഒഴിവാക്കിയതെന്നതാണ് വസ്തുത.

സംസ്ഥാന സമിതി നടപടിയെടുത്ത നേതാവിനെ ഉന്നത സമിതിയിൽ നിലനിർത്തുന്നതിനെ സിപിഐ സംസ്ഥാന ഘടകം ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വവും ദിവാകരനെതിരെ അച്ചടക്ക നടപടി എടുക്കുന്നത്. കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ ദിവാകരനെതിരെ കടുത്ത നിലപാടാണ് സംസ്ഥാന നേതാക്കളെടുത്തത്. ദിവാകരനെതിരെ നടപടിയെടുക്കുന്നത് പാർട്ടിയുടെ പ്രിതിശ്ചായ കൂട്ടുമെന്നും വാദിച്ചു. കെ.ഇ. ഇസ്മയിലും ഈ വാദത്തെ പിന്തുണച്ചതോടെ ദിവാകരൻ പുറത്തായി. എന്നാൽ ദിവാകരനെ പോലൊരു മുതിർന്ന നേതാവിനെ ദേശീയ കൗൺസിൽ ഒഴിവാക്കാനാകില്ലെന്നും ദേശീയ നേതൃത്വം നിലപാട് എടുത്തു. ഇതിനെ സംസ്ഥാന നേതാക്കളും അംഗീകരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ട് സി ദിവാകരൻ ഉൾപ്പെടെ മൂന്ന് നേതാക്കൾക്കെതിരെ സിപിഐ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. തുടർന്ന് നടപടിയുടെ ഭാഗമായി സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നും സി ദിവാകരനെ തരം താഴ്‌ത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ദേശീയ നേതൃത്വത്തിന്റേയും തീരുമാനം.

വേണ്ടത്ര ആലോചനയില്ലാതെയാണ് പാർട്ടി അംഗംപോലും അല്ലാതിരുന്ന ബെനറ്റ് എബ്രഹാമിന് അംഗത്വം നൽകി സ്ഥാനാർത്ഥിയാക്കിയതെന്നാണ് പാർട്ടി അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ജില്ലാ നിർവാഹക സമിതിയും ജില്ലാ കൗൺസിലും ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിട്ടും പുനരാലോചനക്ക് തയാറായില്ല. സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി 40 ലക്ഷത്തോളം രൂപ പിരിച്ചിരുന്നു. അതേസമയം, 1.25 കോടിയോളം രൂപ ബെനറ്റ് എബ്രഹാമിൽനിന്ന് ഉപരി കമ്മിറ്റികളുടെ അറിവില്ലാതെ കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ദിവാകരനെ കൂടാതെ രണ്ട് നേതാക്കൾക്കെതിരേയും സംസ്ഥാന നേതൃത്വം നടപടി എടുത്തു. പി രാമചന്ദ്രൻനായരെ സംസ്ഥാന എക്‌സിക്യുട്ടീവിൽ നിന്ന് പുറത്താക്കി. വെഞ്ഞാറമൂട് ശശിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. ഇതേ തുടർന്ന് വെഞ്ഞാറമൂട് ശശി പാർട്ടിയിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തു.

നിയമസഭയിലെ സിപിഐയുടെ കക്ഷി നേതാവ് കൂടിയാണ് ദിവാകരൻ. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ദിവാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP