Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒറ്റക്കൈയനായ ഒരു ഭിക്ഷക്കാരന് പോലും നീതി ലഭിച്ച നിയമ വ്യവസ്ഥയെ ഓർത്ത് നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്? സുപ്രീം കോടതിയിൽ തെളിവില്ലാതെ കേസ് വാദിക്കാൻ പോയ മഹാന്മാരെ എന്ത് പേരിട്ട് വിളിക്കണം? ഇനി നീതി ലഭിക്കേണ്ടത് അനുശാന്തിക്കും അമീറുളിനും

ഒറ്റക്കൈയനായ ഒരു ഭിക്ഷക്കാരന് പോലും നീതി ലഭിച്ച നിയമ വ്യവസ്ഥയെ ഓർത്ത് നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്? സുപ്രീം കോടതിയിൽ തെളിവില്ലാതെ കേസ് വാദിക്കാൻ പോയ മഹാന്മാരെ എന്ത് പേരിട്ട് വിളിക്കണം? ഇനി നീതി ലഭിക്കേണ്ടത് അനുശാന്തിക്കും അമീറുളിനും

എഡിറ്റോറിയൽ

കേരളം കണ്ട ഏറ്റവും വലിയ നാരദന്മാരിൽ ഒരാളായ ഗോവിന്ദചാമിയെ വെറും ഏഴ് വർഷം മാത്രം ശിക്ഷിച്ചു എന്ന നടുക്കത്തിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞ കേരളീയ സമൂഹത്തിന് തെല്ലൊന്നുമല്ല വൈകുന്നേരത്തോടെ പുറത്ത് വന്ന വിധി പകർപ്പ് ആശ്വാസം നൽകുന്നത്. സൗമ്യ എന്ന പെൺകുട്ടിക്ക് നീതി ലഭിച്ചില്ല എന്ന വേദന ഇതോടെ സമൂഹത്തിന് മാറി കിട്ടിയിരിക്കുകയാണ്. ബലാത്സംഗത്തിന് നൽകുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം ഗോവിന്ദചാമിക്ക് ലഭിച്ചു എന്നതാണ് ആശ്വാസകരമായ വസ്തുത. ഇത്തരം ഒരു കുറ്റകൃത്യത്തിന് നൽകാവുന്ന ഏറ്റവും ചെറിയ ശിക്ഷയായ ഏഴ് വർഷം ആയിരുന്നു തടവെങ്കിൽ തീർച്ചയായും അത് നിരാശാജനകം തന്നെ ആയിരുന്നു എന്നു പറയാതെ വയ്യ.

ഗോവിന്ദചാമിക്ക് നൽകിയ വധശിക്ഷ റദ്ദാക്കിയത് കേരളീയ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയും നമ്മുടെ നിയമ വ്യവസ്ഥയ്‌ക്കെതിരെയുമുള്ള ഉറഞ്ഞു തുള്ളലാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഏഴ് വർഷം എന്ന ഷോക്കിൽ നിന്നുണ്ടായ ഈ പ്രചാരണം ജീവപര്യന്തം എന്ന് വ്യക്തമാകുന്നതോടെ മാറുമെന്ന് കരുതാം. എങ്കിൽ വധശിക്ഷ ഇല്ലാതാക്കിയത് ശരിയല്ല എന്നു കരുതുന്നവരാണ് പലരും. ഇന്ത്യൻ നിയമ വ്യവസ്ഥയെക്കുറിച്ചുള്ള തെറ്റായ ധാരണകളിൽ നിന്നുമുള്ള അജപാലനങ്ങളായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.

വധിശിക്ഷ എന്ന കാടൻ കുറ്റകൃത്യം അമേരിക്ക ഒഴികെയുള്ള മിക്ക പരിഷ്‌കൃത രാജ്യങ്ങളും ഇല്ലാതാക്കിയതാണ്. ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി നൽകുന്ന ജീവൻ എടുക്കാൻ ഒരു വ്യക്തിക്കോ ഭരണകൂടത്തിനോ അവകാശം ഇല്ല എന്ന സങ്കൽപ്പത്തിലാണ് ഇങ്ങനെ ഒരു പരിഷ്‌കരണം കാലത്തിന്റെ മാറ്റത്തിനൊപ്പം വന്നത്. കൊടും കുറ്റവാളികളെ ജീവിത കാലം മുഴുവൻ ജയിലിൽ അടച്ചും മറ്റുമാണ് ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയത്. ഇന്ത്യ പക്ഷേ വധശിക്ഷയെ ഇപ്പോഴും അനുകൂലിക്കുന്നു. എന്നാൽ ഒരാളുടെ ജീവൻ എടുക്കണമെങ്കിൽ ഒരു തരിമ്പ് പോലും സംശയം അവശേഷിക്കാതെ വേണം അത് ചെയ്യേണ്ടത് എന്ന കാര്യത്തിൽ സുപ്രീം കോടതി എക്കാലത്തും കർക്കശമായ നിലപാട് എടുത്തിട്ടുണ്ട്.

വധശിക്ഷ നടപ്പിലാക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ മാത്രം ആകണം എന്നു സുപ്രീം കോടതി കർക്കശമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ജഡ്ജി ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചാൽ എന്തുകൊണ്ട് ഇതു അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കുന്നത് എന്നു വിധിന്യായത്തിൽ എഴുതാൻ ബാധ്യസ്തനാണ്. എന്നു മാത്രമല്ല വധശിക്ഷ മാത്രമല്ല വധശിക്ഷകൾ മേൽക്കോടതികളും രാഷ്ട്രപതിയും വരെ പരിഗണിച്ചു എന്തെങ്കിലും പഴുത് ബാക്കിയുണ്ടോ എന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നടപ്പിലാക്കൂ. ഒരു നിരപരാധിയുടെ ജീവൻ ഒരു കാരണവശാലും എടുക്കപ്പെടരുത് എന്ന തികച്ചും ധാർമ്മികതയിൽ അധിഷ്ടിതമായ നിലപാടിന്റെ ഭാഗമാണിത്.

പണവും അധികാര സ്ഥാനങ്ങളും പദവികളും കോടതികളെ സ്വാധീനിക്കാതിരിക്കാൻ നമ്മൾ വേണ്ടത്ര കരുതൽ എടുക്കുമ്പോഴും മാദ്ധ്യമ വിചാരണയിൽ ജഡ്ജിമാർ വീണു പോകുന്ന സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ട്. മാദ്ധ്യമങ്ങളുടെ സ്വാധീനത്തിന് അടിമപ്പെട്ട് ജഡ്ജിമാർ വിധി പറയേണ്ടി വരുന്നത് ഒരു തരിത്തുലുള്ള നീതി നിഷേധമാണ്. പല രാജ്യങ്ങളിലും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്താൻ പോലും അനുവദിക്കുന്നത് ഇതേ കാരണങ്ങൾ ആണ്.അതുകൊണ്ടാണ് ഈ കേസിന്റെ അപ്പീൽ പരിഗണിക്കവേ സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചു ചോദിച്ചത് സൗമ്യയെ ട്രെയിനിൽ നിന്നും ഉന്തിയിട്ടത് ഗോവിന്ദചാമിയാണ് എന്ന് പറയാൻ എന്ത് തെളിവാണുള്ളത് എന്ന്? ആ ചോദ്യത്തിന് മുൻ ഹൈക്കോടതി ജഡ്ജി കൂടി ആയിരുന്ന സർക്കാർ അഭിഷാകൻ പറഞ്ഞത് ഒരു മജിസ്‌ട്രേറ്റ് കോടതിയിലെ വക്കീല് പോലും പറയില്ലാത്ത ഉത്തരം ആയിരുന്നു. അങ്ങനെ ഊഹിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞത്. എന്ന് വച്ചാൽ സൗമ്യയെ കോന്നത് ഗോവിന്ദചാമിയാണ് എന്ന് തെളിയിക്കുന്ന ഒരു വസ്തുതയും കോടതിയുടെ മുൻപിൽ ഹാജരാക്കാൻ പറ്റിയില്ല എന്നർത്ഥം. എന്നു മാത്രമല്ല നമ്മുടെ നീതി വ്യവസ്ഥയെ മുഴുവൻ കളിയാക്കി കൊണ്ടു സർക്കാർ അഭിഭാഷകൻ പറയുന്നു ഗോവിന്ദചാമിയാണ് കൊലപാതകിയെന്ന് ഊഹിച്ചതാണെന്ന്.

ഗോവിന്ദചാമിയാണ് സൗമ്യയെ ബലാംത്സഗം ചെയ്തത് എന്നു സുപ്രീം കോടതിയും അംഗീകരിക്കുന്നു. അതുകൊണ്ടാണ് ആ കുറ്റത്തിന് ജീവപര്യന്തം കോടതി വിധിച്ചത്. ബലാംത്സഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ സൗമ്യയെ ട്രെയിനിൽ നിന്നും അയാൾ തള്ളിയിട്ടെങ്കിൽ ബലാംത്സഗത്തിന് മാത്രമല്ല കൊലപാതകത്തിനും കേസ് എടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണം. ബലാംത്സഗം ചെയ്യാനായി ഒരാളെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി കരുതി വധശിക്ഷയാക്കി നൽകണം. എന്നാൽ കൊലപാതകത്തിൽ ഗോവിന്ദചാമിക്ക് പങ്കുണ്ട് എന്നു തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷന്റെ മാത്രമാണ്. മാദ്ധ്യമങ്ങൾ നൂറ് തവണ ആവർത്തിച്ചതുകൊണ്ട് മാത്രം സുപ്രീം കോടതിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കില്ല.

ട്രെയിനിൽ നിന്നും ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിട്ടെങ്കിൽ അതിന് ദൃക്‌സാക്ഷികൾ ഉണ്ടാവേണ്ടതല്ലേ? എന്തുകൊണ്ട് ദൃക്‌സാക്ഷികളെ കണ്ടെത്താനോ അവരെ സാക്ഷിപ്പട്ടികയിൽ പെടുത്താനോ പൊലീസിന് സാധിച്ചില്ല? സൗമ്യ ട്രെയിനിൽ നിന്നും വീണതോ, അല്ലെങ്കിൽ മറ്റാരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കാൻ നേരം വീണതോ ആണെങ്കിലോ? ട്രാക്കിൽ തളർന്നു കിടന്ന സൗമ്യയെ അതിലെ വന്ന ഗോവിന്ദച്ചാമി വിളിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തതാണെങ്കിലോ? ഈ സാധ്യത കോടതിക്ക് പരിഗണിക്കാതിരിക്കാൻ പറ്റുമോ? മരണ കാരണം ട്രെയിനിൽ നിന്നു വീണതാണെങ്കിൽ അത് ഗോവിന്ദച്ചാമിയാണു തള്ളിയിട്ടതെന്ന് തെളിയിക്കണം. മരണ കാരണം ബലാത്സംഗം ആണെങ്കിൽ അതാണ് കാരണം എന്നും തെളിയിക്കണം. ഇത് രണ്ടും ചെയ്യാതെ ഗോവിന്ദച്ചാമി കൊലനടത്തി എന്നു പറയുന്നത് ഒരാൾ ക്രിമിനൽ ആയതുകൊണ്ടു അല്ലെങ്കിൽ അയാൾ ബലാത്സഗകൻ ആയതുകൊണ്ട് എല്ലാ കുറ്റങ്ങളും അയാളുടെ പുറത്തു കെട്ടി വെയ്ക്കുന്നതിന് തുല്യമാണ്.

ഇന്ത്യൻ പീനൽ കോഡ് പോലെ തന്നെ ക്രിമിനൽ പ്രൊസീജേഴ്‌സ് കോഡും ഇന്ത്യൻ എവിഡൻസ് ആക്ടും നോക്കി മാത്രമെ കോടതിക്ക് ഒരാളെ ശിക്ഷിക്കാനോ നിരപരാധിയാക്കി പ്രഖ്യാപിക്കാനോ സാധിക്കു. അത് മനസിലാക്കാതെയാണ് പലരും കോടതിയെ കുറ്റം പറയുന്നത്. ഒരാൾ കുറ്റം ചെയ്തു എന്നുറപ്പാണെങ്കിൽ കൂടി അയാൾ കുറ്റം ചെയ്തു എന്നു സംശയത്തിന് അതീതമായി തെളിയിക്കാതെ അയാളെ ശിക്ഷിക്കാൻ നമ്മുടെ നിയമം അനുശാസിക്കുന്നില്ല. അതിന് വേണ്ടിയാണ് എവിഡൻസ് ആക്ടിന് രാജ്യം രൂപം നൽകിയത്. ഇത് ജനാധിപത്യ വ്യവസ്ത നിലവിലുള്ള രാജ്യങ്ങളുടെ ഒക്കെ സ്ഥിതിയാണ്.ഇന്ത്യൻ പീനൽ കോഡ് പോലെ തന്നെ ക്രിമിനൽ പ്രൊസീജേഴ്‌സ് കോഡും ഇന്ത്യൻ എവിഡൻസ് ആക്ടും നോക്കി മാത്രമെ കോടതിക്ക് ഒരാളെ ശിക്ഷിക്കാനോ നിരപരാധിയാക്കി പ്രഖ്യാപിക്കാനോ സാധിക്കു. അത് മനസിലാക്കാതെയാണ് പലരും കോടതിയെ കുറ്റം പറയുന്നത്. ഒരാൾ കുറ്റം ചെയ്തു എന്നുറപ്പാണെങ്കിൽ കൂടി അയാൾ കുറ്റം ചെയ്തു എന്നു സംശയത്തിന് അതീതമായി തെളിയിക്കാതെ അയാളെ ശിക്ഷിക്കാൻ നമ്മുടെ നിയമം അനുശാസിക്കുന്നില്ല. അതിന് വേണ്ടിയാണ് എവിഡൻസ് ആക്ടിന് രാജ്യം രൂപം നൽകിയത്. ഇത് ജനാധിപത്യ വ്യവസ്ത നിലവിലുള്ള രാജ്യങ്ങളുടെ ഒക്കെ സ്ഥിതിയാണ്. ഇത്തരം ചട്ടങ്ങൾ നിലവിലില്ലെങ്കിൽ ഭരണകൂടത്തിന് എതിർപ്പുള്ള ആരെയും ശിക്ഷിക്കാവുന്ന തരത്തിലേയ്ക്ക് രാജ്യം മാറും. ഇത്തരം നിയമങ്ങളുടെ കാർക്കശ്യം മൂലമാണ് നമ്മുടെ ജനാധിപത്യം നിലനിൽക്കുന്നതു തന്നെ.

പണവും അധികാര സ്ഥാനങ്ങളും പദവികളും കോടതികളെ സ്വാധീനിക്കാതിരിക്കാൻ നമ്മൾ വേണ്ടത്ര കരുതൽ എടുക്കുമ്പോഴും മാദ്ധ്യമ വിചാരണയിൽ ജഡ്ജിമാർ വീണു പോകുന്ന സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ട്. മാദ്ധ്യമങ്ങളുടെ സ്വാധീനത്തിന് അടിമപ്പെട്ട് ജഡ്ജിമാർ വിധി പറയേണ്ടി വരുന്നത് ഒരു തരിത്തുലുള്ള നീതി നിഷേധമാണ്. പല രാജ്യങ്ങളിലും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്താൻ പോലും അനുവദിക്കുന്നത് ഇതേ കാരണങ്ങൾ ആണ്. സൗമ്യ വധക്കേസിൽ ഇത്തരം ഒരു മാദ്ധ്യമ വിചാരണ നടന്നിരുന്നു. ജഡ്ജിമാർ നിരന്തരം വായിക്കുന്ന പത്രങ്ങളിലും നിരന്തരം കാണുന്ന ചാനലുകളിലും നടുക്കുന്ന വിചാരണകൾ ഒരു പരിധിവരെ അവരെ സ്വാധീനിച്ചെന്ന് കരുതേണ്ട സാചര്യമാണുള്ളത്. സൗമ്യയെ തള്ളിയിട്ടത് ഗോവിന്ദചാമിയാണ് എന്നു ഒരു തെളിവുമില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞിട്ടും കൊലപാതകത്തിന് വധശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധികൾ ഇതു തന്നെയാണ് വ്യക്തമാക്കുന്നത്.

അതുകൊണ്ട് തന്നെ ഈ വിധി ഇന്ത്യൻ നീതിപീഠത്തിന്റെ അന്തസ്സ് ഉയർത്തുന്നതും ഏത് സാധാരണക്കാരനും നീതി ലഭിക്കും എന്ന തോന്നൽ ഉണ്ടാക്കുന്നതുമാണ്. ഗോവിന്ദചാമിയുടെ പിന്നിൽ ഭിക്ഷാടന മാഫിയയാണെന്നും മതപരിവർത്തനം നടത്തുന്നത് സഭാ വിഭാഗം എന്നുമൊക്കെ നമ്മൾ തരാതരം പോലെ പറയുമ്പോഴും ഇതൊന്നും അടിസ്ഥാനപരമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൽ അല്ലെന്നോർക്കണം. അളൂരിനും അഭിഭാഷക സംഘത്തിനും വിമാനത്തിൽ എത്തി കേസ് വാദിക്കാൻ പണം നൽകിയത് ഭിക്ഷാടന മാഫിയ ആണ് എന്നു സംശയിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ആ ഭിക്ഷാടന മാഫിയക്ക് സുപ്രീം കോടതിയെ സ്വാധീനിക്കാൻ പറ്റും എന്നു കരുതുന്നത് എത്രമാത്രം യുക്തിഷ്ടമാണ്. അതുകൊണ്ട് തന്നെ ഒറ്റക്കയ്യനായ ഒരു ഭിക്ഷക്കാരന് പോലും നീതി ലഭിച്ച നീതി വ്യവസ്ഥ എന്ന നിലയിൽ നമ്മുടെ സുപ്രീം കോടതിയെ കയ്യടിച്ചു അഭിമാനിക്കുകയല്ലേ വേണ്ടത്?

ജയലളിത കേസിലും സൽമാൻഖാൻ കേസിലും ഒക്കെ നിഷേധിക്കപ്പെട്ട നീതിയാണ് നമ്മൾ യഥാർത്ഥത്തിൽ ഭയപ്പെടേണ്ട വസ്തുത. ഒരു ഭിക്ഷക്കാരൻ ശിക്ഷിക്കപ്പെടാതിരിക്കുന്നതിന്റെ പേരിൽ ജഡ്ജിമാരെ പുലഭ്യം പറയുന്നത് ഇന്ത്യൻ തെളിവ് നിയമത്തെക്കുറിച്ചുള്ള മാത്രമാണ്. ഗോവിന്ദചാമിക്ക് നീതി ലഭിച്ചാൽ ഏത് സാധാരണക്കാരും നീതി ലഭിക്കും എന്നു ഉറച്ചു വിശ്വസിക്കാം. ചാമിമാർക്ക് വേണ്ടി പണം മുടക്കുന്നത് ആര് എന്നു കണ്ടെത്തേണ്ടത് ആവശ്യം ആണെങ്കിൽ കൂടി ചാമിയുടെ ജീവപര്യന്തം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. അഥവാ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ കേസ് നടത്തുന്നതിൽ വീഴ്ച പറ്റിയ ഭരണകൂടത്തിന് തന്നെയാണ് തെറ്റ് പറ്റിയിട്ടുള്ളത്. ഏതു സർക്കാരാണ് അതിന് ഉത്തരവാദി എന്ന തർക്കം തന്നെ അപ്രസക്തമാണ്. എന്നാൽ അത്തരം വീഴ്ചകൾ പറ്റാൻ അനുവദിക്കാതിരിക്കുക തന്നെ വേണം.

ഇത്തരത്തിൽ വലിയ മാദ്ധ്യമ വിചാരണ നടന്ന കുറച്ച് കേസുകൾ കൂടിയുണ്ട് ഇവിടെ. നിസ്സാം എന്ന കൊലയാളി പാവപ്പെട്ട ഒരു സെക്യൂരിറ്റിക്കാരനെ ഇടിച്ചു കൊന്നതാണ് അതിലൊന്ന്. ആ കേസിൽ എങ്കിലും വേണ്ടത്ര തെളിവ് കണ്ടെത്തി കുറ്റവാളിയെ ശിക്ഷിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ജിഷ വധക്കേസിലും കഴക്കൂട്ടം ടെക്കി കേസിലും എന്താണ് സംഭവിച്ചത് എന്നു ഒരു വ്യക്തതയും ഇപ്പോഴും ഇല്ല എന്നതാണ് സത്യം. ജിഷ കൊലക്കേസിൽ പിടിയിലായ അമറൂളിനെ കുറിച്ച് ഇപ്പോഴും ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയാണ്. അമറൂൾ തന്നെയാണ് ഇത്തരം ഒരു ക്രൂരത ചെയ്തത് എന്നു വിശ്വസനീയമായ തെളിവുകൾ ഒന്നും ഇനിയും പ്രോസിക്യൂഷന് ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് കുറ്റപത്രം പോലും വൈകുന്നത്. സൗമ്യ വധക്കേസിനുണ്ടായ അതേ ദുരന്തം ജിഷ വധക്കേസിലും ഉണ്ടാവാതിരിക്കേണ്ടത് ആവശ്യമാണ്.

കഴക്കൂട്ടം ടെക്കി കൊലക്കേസ് ആണ് മാദ്ധ്യമവിചാരണയ്ക്ക് അടിമപ്പെട്ട മറ്റൊരു കേസ്. ആ കേസിൽ ഇരട്ടജീവപര്യന്തം ശിക്ഷിക്കപ്പെട്ട അനുശാന്തിക്കെതിരെയുള്ള വിധി വികാരപ്രകടനവും, മാദ്ധ്യമങ്ങളുടെ സ്വാധീനത്തിന് അടിമപ്പെട്ടതും ആണെന്നു മുമ്പ് ഞങ്ങൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അവിഹിതബന്ധത്തിന്റെ പേരിൽ ജീവപര്യന്തം വിധിക്കാൻ ഇന്ത്യൻ പീനൽ കോഡ് വകുപ്പുകൾ ഇല്ല എന്നറിയാതെ ആയിരുന്നു ജഡ്ജിയുടെ തീരുമാനം. കോടതി അനുശാന്തിയെ ശിക്ഷിച്ചത് വാട്‌സ്ആപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. തന്റെ മകനെയും അമ്മായിയമ്മയെയും കൊല്ലാൻ കാമുകന് വഴി പറഞ്ഞു കൊടുത്തു എന്നും രക്ഷപെടാൻ വീടിന്റെ ചിത്രങ്ങൾ അയച്ചു കൊടുത്തു എന്നുമൊക്കെയുള്ള പ്രോസിക്യൂഷന്റെ ആരോപണങ്ങൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ഒക്കെ തെളിവ് ചോദിക്കുമ്പോൾ വീണ്ടും നമുക്ക് കോടതിയെ തെറി പറയേണ്ടി വരും.

കോടതി റിപ്പോർട്ടിങ്ങിൽ മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ വരുത്തിയ ഗുരുതരമായ പിഴവ് കൂടി ഇക്കൂട്ടത്തിൽ ചർച്ച ചെയ്യേണ്ടതാണ്. ഒരു തിരുത്തു പോലും നൽകാതെ രാവിലെ മുതൽ നടത്തിയ വിചാരണ അവസാനിപ്പിച്ച് മറ്റൊരു വാദം പരിചരിപ്പിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ എന്നു മറക്കരുത്. കോടതി വിധിയുടെ പൂർണ്ണരൂപം അറിയാതെ മാദ്ധ്യമങ്ങൾ നടത്തിയ വാർത്തയും അതിനെ തുടർന്നുള്ള വിചാരണയും മലയാള മാദ്ധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ നാടകമായി അവസാനിച്ചേക്കും. ആ നാണക്കേടിന് ഞങ്ങൾക്കുമുണ്ട് ഉത്തരവാദിത്തം എന്നു സമ്മതിച്ചുകൊണ്ടാണ് ഇതെഴുതുന്നത്. ഇനിയെങ്കിലും ഇത്തരം പിഴവുകൾ സംഭവിക്കാതിരിക്കാൻ മാദ്ധ്യമങ്ങൾ കൂട്ടായ ചില തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു. സുപ്രീം കോടതിയുടെ വിധി തുറന്ന് തന്നിരിക്കുന്നത് ഏത് സാധാരണക്കാരനും നീതി കിട്ടും എന്ന ആത്മവിശ്വാസം ആണ്. ആ ആത്മവിശ്വാസം നമ്മുടെ നീതി പീഠങ്ങൾക്ക് നിലനിർത്താൻ കഴിയട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP