Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നുകിൽ ആ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണം; അല്ലെങ്കിൽ ആ വിദ്യാർത്ഥികളെക്കൊണ്ട് നുണ പറയിച്ചവരെ: സാമൂതിരി സ്‌കൂൾ പീഡനം ഇങ്ങനെ തീർന്നാൽ മതിയോ?

ഒന്നുകിൽ ആ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണം; അല്ലെങ്കിൽ ആ വിദ്യാർത്ഥികളെക്കൊണ്ട് നുണ പറയിച്ചവരെ: സാമൂതിരി സ്‌കൂൾ പീഡനം ഇങ്ങനെ തീർന്നാൽ മതിയോ?

എഡിറ്റോറിയൽ

ണ്ടു ദിവസം മുൻപ് മനോരമ ചാനൽ ആയിരുന്നു ആ വാർത്ത ആദ്യം ബ്രേക്ക് ചെയ്തത്. കോഴിക്കോട്ടെ സാമൂതിരി സ്‌കൂളിലെ ഒരു അദ്ധ്യാപകൻ അവിടുത്തെ വിദ്യാർത്ഥിനികളെ ഒരു മുറിയിൽ അടച്ച് പൂട്ടി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും നിരന്തരമായി അവഹേളിക്കുകയും ചെയ്യുന്നു എന്നായിരുന്നു ആ റിപ്പോർട്ട്. സ്‌കൂളിന്റെ പേര് പുറത്തുപറയാതെ മനോരമ നടത്തിയ റിപ്പോർട്ടിൽ ആരോപിച്ചത് ആ അദ്ധ്യാപകൻ 21 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നായിരുന്നു. പതിവുപോലെ മിക്ക മലയാളം ചാനലുകളും ഈ വാർത്ത ഏറ്റെടുത്തു. ഒരു പ്രമുഖ സ്‌കൂൾ എന്ന നിലയിലുള്ള റിപ്പോർട്ട് അധാർമ്മികമാണെന്ന് തോന്നിയതുകൊണ്ട് ഞങ്ങളുടെ കോഴിക്കോട് ലേഖകൻ റാഫി പൊലീസുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ പേരും റിപ്പോർട്ട് ചെയ്തു.

വ്യക്തികളും സംഘടനകളും വരെ പീഡന കേസ് ശത്രുനിഗ്രഹത്തിന് ഉപയോഗിക്കുന്നതിനാൽ സാധാരണഗതിക്ക് ഒരു പീഡന കേസ് ഉയർന്നു വന്നാൽ ആരും ആദ്യം സംശയിക്കും. ഈ സംശയം ഈ വിഷയത്തിൽ ഞങ്ങൾക്ക് ഇല്ലാതെ പോയത് മനോരമ ചാനൽ സംപ്രേഷണം ചെയ്ത പെൺകുട്ടികളുടെ മൊഴി മൂലമായിരുന്നു. തനി കോഴിക്കോടൻ ഭാഷയിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ പറഞ്ഞ മൊഴി മനസ്സാക്ഷിയുള്ള ആരെയും നൊമ്പരപ്പെടുത്തുന്നത് ആയിരുന്നു. അതുകൊണ്ടാണ് വാർത്ത വെളിയിൽ വന്ന ഉടൻ ഞങ്ങളുടെ ലേഖകൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വിവരം തിരക്കിയത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായെന്നും നിജസ്ഥിതി അന്വേഷിക്കാൻ സർക്കിൾ ഇൻസ്‌പെക്ടറെ സ്‌കൂളിലേക്ക് അയച്ചിട്ടുണ്ട് എന്നുമായിരുന്നു കമ്മീഷണറുടെ മറുപടി. സ്‌കൂളിന്റെ പേര് വെളിപ്പെടുത്താൻ കമ്മീഷണർ കാട്ടിയ വിമുഖത തന്നെ ദുരൂഹമായി തോന്നിയിരുന്നു.

21 കുട്ടികളെ പീഡിപ്പിച്ച സംഭവം വലിയൊരു വിവാദമായി മാറേണ്ടതാണെങ്കിലും അന്ന് വൈകുന്നേരത്തോടെ വാർത്തയുടെ ചൂട് ചോർന്നൊലിക്കുന്നതാണ് കണ്ടത്. വാർത്ത വെളിയിൽ കൊണ്ടുവന്ന മനോരമ ചാനൽ തന്നെ പതിയെ പിറകോട്ട് പോയി. പീഡനകഥ വ്യാജം ആണ് എന്ന് പറഞ്ഞ് മറ്റ് ചാനലുകളും മുങ്ങി. പീഡന കഥ വ്യാജം ആണെന്ന് പൊലീസും വ്യക്തമാക്കിയതോടെ കേരള സമൂഹത്തിൽ വലിയ വിവാദം ആകേണ്ട ഒരു സംഭവം അവിടെ അവസാനിച്ചു. വാർത്ത വെളിയിൽ കൊണ്ടുവന്ന ചാനലുകളും പത്രങ്ങളും പുതിയ വിവാദ വിഷയങ്ങൾ തേടി പോയി. എന്നാൽ ഈ സംഭവം ഉണർത്തിയ നൊമ്പരം മനസ്സാക്ഷിയുള്ള മലയാളികളുടെ മനസ്സിൽ അവശേഷിക്കുകയാണ്.

ഈ സംഭവം വെളിയിൽ കൊണ്ട് വന്നതിന്റെ പേരിൽ പുറത്താക്കപ്പെട്ട പിടിഎ പ്രസിഡന്റ് മറുനാടൻ മലയാളിയോട് ഇപ്പോഴും പറയുന്നത് പീഡനം നടന്നു എന്നും പെൺകുട്ടികളുടെ മൊഴിയുണ്ടെന്നുമാണ്. എന്നാൽ മുൻ പിടിഎ പ്രസിഡന്റും അച്ചടക്ക നടപടിക്ക് വിധേയനായ ഒരു ഹിന്ദി അദ്ധ്യാപകനും ചേർന്നൊരുക്കിയ വ്യാജ പരാതിയാണ് എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്‌കൂൾ മാനേജ്‌മെന്റ്. പൊലീസും സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദമാണ് അംഗീകരിക്കുന്നത്. ഇവിടെ രണ്ട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ അദ്ധ്യാപകൻ നിരപരാധി ആണെങ്കിൽ അയാളെ പീഡകനാക്കി മാറ്റിയവരൊക്കെ ശിക്ഷിക്കപ്പെടേണ്ടതല്ലേ എന്നതാണ് ആദ്യ ചോദ്യം. രണ്ടാമത്തെ ചോദ്യം അങ്ങനെ എങ്കിൽ ചില വിദ്യാർത്ഥിനികൾ ഒളിക്യാമറയ്ക്ക് മുമ്പിൽ അദ്ധ്യാപകൻ സ്വകാര്യ ഭാഗത്ത് പിടിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം എന്തെന്നതാണ്.

രണ്ട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ അദ്ധ്യാപകൻ നിരപരാധി ആണെങ്കിൽ അയാളെ പീഡകനാക്കി മാറ്റിയവരൊക്കെ ശിക്ഷിക്കപ്പെടേണ്ടതല്ലേ എന്നതാണ് ആദ്യ ചോദ്യം. രണ്ടാമത്തെ ചോദ്യം അങ്ങനെ എങ്കിൽ ചില വിദ്യാർത്ഥികൾ ഒളിക്യാമറയ്ക്ക് മുമ്പിൽ അദ്ധ്യാപകൻ സ്വകാര്യ ഭാഗത്ത് പിടിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം എന്തെന്നതാണ്. നിരപരാധിയായ ഒരു അദ്ധ്യാപകനെ 21 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ആളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി എടുക്കുന്നില്ലെങ്കിൽ അത് നമ്മുടെ നിയമ വ്യവസ്ഥയോടും ആ മനുഷ്യനോടും ചെയ്യുന്ന ക്രൂരതയ്യാണ്. അതിനെക്കാൾ ഗുരുതരമായ തെറ്റ് സ്‌കൂൾ വിദ്യാർത്ഥിനികളോട് വ്യാജപീഡന ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചവരുടെയാണ്. ഇത് അവരുടെ ഭാവി ജീവിതത്തെപ്പോലും ബാധിക്കുന്ന സംഭവം ആണ് എന്നു വരുമ്പോൾ. പൊലീസ് അന്വേഷണത്തിൽ വ്യാജം ആണെന്ന് കണ്ടെത്തി എന്ന് പറയുമ്പോൾ അതിനർത്ഥം പീഡിപ്പിച്ചു എന്നു പറഞ്ഞ പെൺകുട്ടികൾ മൊഴി മാറ്റിയെന്നു തന്നെയാണ്. മൊഴി മാറ്റിയവരോട് എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ഒരു മൊഴി ആദ്യം നല്കിയതെന്ന് പൊലീസ് സ്വാഭാവികമായും ചോദിക്കണമല്ലോ? അപ്പോൾ ആരാണ് തങ്ങളെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്നും പെൺകുട്ടികൾ പറഞ്ഞിരിക്കണം. അങ്ങനെ എങ്കിൽ ഒട്ടും സമയം കളയാതെ അതിനു കാരണമായവരെ അറസ്റ്റ് ചെയ്ത് കേസ് എടുക്കാൻ പൊലീസിനു സാധിക്കും. വ്യാജ പീഡന ആരോപണങ്ങൾ ഉണ്ടാക്കുന്നവർക്കൊക്കെ ഒരു മാതൃകയായി ഇതുമാറുകയും വേണം.

ഇത്തരത്തിൽ ഒരു സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നു കേൾക്കുന്നത് ഈ സംഭവത്തിൽ ദുരൂഹത അവശേഷിപ്പിക്കുന്നു. വ്യാജ ആരോപണത്തിന് ഇരയായ അദ്ധ്യാപകനോ സ്‌കൂൾ മാനേജ്‌മെന്റോ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ടിട്ടുമില്ല. അതിന് തയ്യാറാകാത്തതിൽ നിന്നും മനസ്സിലാക്കേണ്ടത് വിദ്യാർത്ഥിനികളെ ചിലർ സ്വാധീനിച്ച് മൊഴിയിൽ നിന്നും പിന്മാറ്റി എന്നും പരസ്പരധാരണയുടെ പുറത്ത് പ്രശ്‌നം പരിഹരിച്ചു എന്നുമാണ്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയാണ് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇങ്ങനെ ഒരു ഒത്തുതീർപ്പാണ് ഇവിടെ നടന്നതെങ്കിൽ അതിനർത്ഥം കുരുന്നു പെൺകുട്ടികളെ പീഡിപ്പിച്ച ഒരു അദ്ധ്യാപകനും ഇരകളുടെ മുമ്പിലൂടെ കൂസലില്ലാതെ നടക്കുന്നു എന്നു തന്നെയാണ്. ഈ പെൺകുട്ടികൾ വീണ്ടും ഇയാളുടെ ഇരകളായി മാറിയെന്നു വരാം.

ഒന്നുകിൽ പീഡകനായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക. അല്ലെങ്കിൽ നിരപരാധിയായ അദ്ധ്യാപകനെ കുടുക്കാൻ ശ്രമിച്ചവരെ കണ്ടെത്തി അവർക്കു മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക. ഇത് ചെയ്യാൻ സാധിച്ചില്ലെങ്കിൽ രമേശ് ചെന്നിത്തലയുടെ പൊലീസ് ചെയ്യുന്നത് നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുകയാണ്.ഇവിടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിക്കേണ്ടത്. പരാതി കിട്ടിയില്ല എന്നതു മാത്രം ഇത്രയും വിവാദമായ ഒരു വിഷയത്തിൽ ഇടപെടാതിരിക്കാനുള്ള കാരണമായി പൊലീസ് കണ്ടുകൂടാ. പൗരന്റെ സ്വത്തിനും ജീവനും മാനത്തിനും ഒക്കെ സംരക്ഷണം നല്‌കേണ്ട പൊലീസ് ഒരു ക്രിമിനൽ പ്രവൃത്തിയുടെ സൂചന ലഭിച്ചാൽ പോലും ഇടപെടുകയും അന്വേഷിച്ച് സത്യം കണ്ടെത്തുകയും ചെയ്യാൻ ബാദ്ധ്യസ്ഥരാണ്. നമ്മുടെ നാടിന്റെ നല്ല ഭാവിക്ക് വേണ്ടി ഒന്നുകിൽ പീഡകനായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക. അല്ലെങ്കിൽ നിരപരാധിയായ അദ്ധ്യാപകനെ കുടുക്കാൻ ശ്രമിച്ചവരെ കണ്ടെത്തി അവർക്കു മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക. ഇത് ചെയ്യാൻ സാധിച്ചില്ലെങ്കിൽ രമേശ് ചെന്നിത്തലയുടെ പൊലീസ് ചെയ്യുന്നത് നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP