Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജു അച്ചന്റെ ബാലികാ പീഡനം എന്ത് കൊണ്ട് മാദ്ധ്യമങ്ങൾ മുക്കിയില്ല? പാതിയോളം ആൺകുട്ടികളും നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടിട്ടും ആരും ഒന്നും മിണ്ടാത്തത് എന്ത് കൊണ്ട്?

രാജു അച്ചന്റെ ബാലികാ പീഡനം എന്ത് കൊണ്ട് മാദ്ധ്യമങ്ങൾ മുക്കിയില്ല? പാതിയോളം ആൺകുട്ടികളും നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടിട്ടും ആരും ഒന്നും മിണ്ടാത്തത് എന്ത് കൊണ്ട്?

എഡിറ്റോറിയൽ

തെങ്കിലും ഒരു മത പുരോഹിതനെതിരെ എന്തെങ്കിലും വാർത്ത ഒന്നോ രണ്ടോ വർഷം മുൻപ് വരെ പത്രങ്ങളിൽ വരുന്ന കാര്യം ആർക്കും ചിന്തിക്കാൻ കഴിയുമായിരുന്നില്ല. മതം എന്നത് തൊട്ടാൽ പൊള്ളുന്ന വിഷയം ആയത് കൊണ്ടും മതത്തിൽ ഉറച്ച് വിശ്വസിക്കുന്ന ഭൂരിപക്ഷം പേരും അവരുടെ മതത്തിലെ കൊള്ളരുതായ്മകൾ പോലും പുറത്ത് ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തത് കൊണ്ടും ഒരു വിഭാഗത്തെ പിണക്കാതിരിക്കുക, ആ വിഭാഗത്തിന്റെ വാർത്തകളാണ് എന്ന ലേബൽ പതിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ മാദ്ധ്യമങ്ങൾ സ്വയം നിർമ്മിച്ച ഒരു വേലി ആയിരുന്നു ഇത്.

ഈ വേലിയുടെ സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ആസ്വദിച്ചത് വ്യവസ്ഥാപിത മതങ്ങൾ ആയിരുന്നു. മത സംഘടനകളിലെ കൊള്ളരുതായ്മകളും മത പുരോഹിതന്മാരുടെ ക്രിമിനൽ കുറ്റങ്ങളും വരെ അങ്ങനെ വെള്ളയടിക്കപ്പെട്ടു. ഈ രീതിയക്ക് നേരിയ മാറ്റം ഉണ്ടായത് മംഗളം ദിനപത്രം നടത്തിയ ചില ഇടപെടലുകൾ വഴി ആയിരുന്നു. എന്നാൽ ഏറെ നാൾ ഈ ധീരത നീണ്ട് നിന്നില്ല. ചാനലുകളുടെ കാലമായപ്പോഴും ഈ എഴുതപ്പെടാത്ത നിയമം ലംഘിക്കാൻ അധികം ആളുകൾ ഉണ്ടായിരുന്നില്ല. ഇന്ത്യാവിഷൻ മാത്രമാണ് ഈ രംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തിയത്.

കേരളകൗമുദി, മാദ്ധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ തങ്ങളുടെ താല്പര്യങ്ങളെ ബാധിക്കുന്നതല്ലെങ്കിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കാൻ ചിലപ്പോഴൊക്കെ മടി കാണിച്ചിരുന്നില്ല. ഈ രീതിക്ക് ഉണ്ടായ ആദ്യത്തെ പൊളിച്ചെഴുത്താണ് കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു കത്തോലിക്ക വൈദികൻ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം. എല്ലാ ചാനലുകളും ആ വാർത്ത നൽകുകയും ഇന്നലെ മനോരമയും മാതൃഭൂമിയും അടങ്ങുന്ന സർവ്വ പത്രങ്ങളും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കത്തോലിക്ക സഭയ്ക്ക് നേരിട്ട് ബന്ധമുള്ള രഷ്ട്രദീപിക പോലും ആ വാർത്ത പ്രസിദ്ധീകരിച്ചത് എന്തുകൊണ്ടാണ് എന്നാണ് ചിന്തിക്കേണ്ടത്.

ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് മറുനാടൻ മലയാളി ആണെന്ന് പറഞ്ഞ് അവകാശ വാദങ്ങൾ ഒന്നും നടത്താൻ ഞങ്ങൾ ഇല്ല. വാസ്തവത്തിൽ ഇത് ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് ചില ചാനൽ വാർത്തകൾ വഴിയാണ്. തുടർന്ന് പൊലീസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിക്കുക ആയിരുന്നു. ഇത്തരം ഒരു വാർത്തയ്ക്ക് അർഹിക്കുന്ന പ്രാധാന്യം ഇന്ന് എല്ലാ പത്രങ്ങളും നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ ഈ വൈദികൻ അറസ്റ്റിൽ ആകുമ്പോൾ ഇതേ പ്രാധാന്യം തുടരുമെന്ന് തന്നെ കരുതാം. ഇങ്ങനെ ഒരു നിലപാട് പത്രങ്ങൾ എടുക്കാൻ കാരണം മറുനാടൻ അടങ്ങുന്ന നവ മാദ്ധ്യമങ്ങളുടെ സ്വാധീനം ആണ് എന്ന് പറയാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്. സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളും ഓൺലൈൻ മാദ്ധ്യമങ്ങളും സജീവമായിരുന്നില്ലെങ്കിൽ ഇങ്ങനെ ഒരു നിലപാട് മാറ്റം പത്രങ്ങൾ സ്വീകരിക്കുമായിരുന്നില്ല എന്ന് തീർത്ത് പറയേണ്ടി വരും.

ഈ നിലപാട് മാറ്റത്തിന്റെ തുടക്കം ഏതാനും മാസങ്ങൾക്ക് മുൻപ് ഞങ്ങൾ നടത്തിയ ചില ഇടപെടലുകൾ ആയിരുന്നു, കരിക്കിനേത്ത് ടെക്‌സ്റ്റെയിൽസിലെ കൊലപാതക വാർത്ത ഞങ്ങൾ ഒഴികെ ഏതെങ്കിലും ഒരു ചാനലോ പത്രമോ പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാൽ ഈ വാർത്താ നിഷേധം മുഖ്യധാര മാദ്ധ്യമങ്ങൾക്ക് വലിയ തോതിൽ വിശ്വാസ്യത നഷ്ടമുണ്ടാക്കി. അത് കൊണ്ടാണ് മലബാർ ഗോൾഡിന്റെ ഓഫീസ് ഫയാസ് ബന്ധവുമായി ബന്ധപ്പെട്ട് പൊലീസ് സീൽ വച്ചപ്പോൾ ചില മാദ്ധ്യമങ്ങൾ എങ്കിലും പ്രസിദ്ധീകരിച്ചത്. നവ മാദ്ധ്യമങ്ങളുടെ സ്വാധീനം മൂലം മലബാർ ഗോൾഡിന്റെ പങ്കാളിത്തം മറച്ച് വയ്ക്കാൻ സാധിക്കാത്ത വിധം ഒട്ടേറെ മാദ്ധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു.

അമൃത മഠത്തിനെതിരെ ഉയർന്ന ലൈംഗീക ആരോപണങ്ങൾ ആയിരുന്നു ഈ വിഷയത്തിൽ നാഴികകല്ലായി മാറിയത്. മുൻപ് ആയിരുന്നെങ്കിൽ ഒരിക്കലും പുറം ലോകം അറിയുമായിരുന്നില്ലാത്ത ഒരു സംഭവമാണ് നവ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. മാദ്ധ്യമം എടുത്ത നിലപാട് അവരുടെ നിലപാടുകളുടെ തുടർച്ചയായി ആണ് എന്ന വ്യാഖ്യാനിക്കപ്പെടുകയാണെങ്കിലും മംഗളം, ഇന്ത്യാവിഷൻ, കൈരളി, ദേശാഭിമാനി തുടങ്ങിയ മാദ്ധ്യമങ്ങളും ഇതേറ്റെടുത്തു. പത്രമുത്തശ്ശിമാർ മഠത്തിന്റെ നിഷേധ കുറിപ്പുകളും പ്രതിഷേധ പ്രകടനങ്ങളും പ്രസിദ്ധീകരിക്കുക വഴി പറയാതെ പറയാനും ശ്രമിച്ചു. ഇതോടെ മുഖ്യധാര മാദ്ധ്യമങ്ങൾ മറച്ച് വച്ചിട്ടും പൊതു സമൂഹം മൊത്തം അറിയുകയും ചർച്ച ചെയ്യുകയും ചെയ്ത സംഭവം ആയി അമൃതമഠത്തിനെതിരെയുള്ള ആരോപണങ്ങൾ രൂപം പ്രാപിക്കുക ആയിരുന്നു.

ഇതിന്റെ തുടർച്ചയാണ് തൈക്കാട്ടുശേരിയിൽ വൈദികന്റെ പീഡന വാർത്ത വെളിയിൽ വരുന്നത്. മറ്റൊന്നും ആലോചിക്കാതെ പത്രങ്ങൾ അത് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുകയും ചെയ്തു. ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് തൊടുപുഴ ന്യൂ മാൻ കോളേജ് അദ്ധ്യാപകൻ ആയിരുന്ന പ്രൊഫ ടിജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത സംഭവവും. പിറ്റേ ദിവസത്തെ പത്രത്തിലെ ഒരു കോളം ചരമ വാർത്ത ആകേണ്ടിയിരുന്ന സംഭവം മലയാളികളുടെ മനസ്സാക്ഷിക്ക് നേരെ ഉയർത്തിയ ഒരു കണ്ണാടി ആക്കി മാറ്റിയതിനും മുട്ടുന്യായം ഉപേക്ഷിച്ച് പ്രൊഫ. ജോസഫിന് നീതി നേടി കൊടുക്കുന്നതിനും വലിയ പങ്കുവഹിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്. വാർത്തിയിലെ വ്യക്തികൾ മറുനാടനെപോലെയുള്ള പത്രങ്ങൾ വായിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നു എന്ന് മാത്രമല്ല, മറുനാടന്റെ നിലപാട് ചില മുഖ്യധാര മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും വരെ വഴി കാട്ടി ആകുന്നു എന്നും അഭിമാനത്തോടെയാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.

തൈക്കാട്ടുശ്ശേരിയിലെ വൈദികനെതിരെയുള്ള ആരോപണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്. സാധാരണക്കാർ തെറ്റ് വരുത്തുന്നത് പോലെ അല്ല വൈദിക ശക്തിയുള്ള മത പുരോഹിതർ തെറ്റ് വരുത്തുന്നത്. വൈദികരും മനുഷ്യരല്ലെ എന്ന മുട്ടുന്യായം ഇതിന് പരിഹാരമല്ല. മനുഷ്യത്വവും മാറ്റി വച്ച് ദൈവികമായി ഇടപെടാനും മറ്റുള്ളവരെ വളർത്താനുമാണ് വൈദികർ തിരുപ്പട്ടം സ്വീകരിക്കുന്നത്. ബ്രഹ്മചര്യം വിധിക്കപ്പെട്ട ഇവർ സമ്മതത്തോടെ പ്രായപൂർത്തി ആയവരുമായി ശാരീരിക ബന്ധത്തിൽ ഇടപെടുന്നത് പോലും ഗുരുതരമായ തെറ്റ് തന്നെയാണ്. പ്രലോഭനങ്ങളെ അതി ജീവിക്കാൻ കഴിയാത്തവർ തിരുവസ്ത്രം ഉപേക്ഷിച്ച് സാധാരണക്കാരായി കുടുംബ ജീവിതം നയിക്കുകയാണ് വേണ്ടത്. ഇത്തരം ഒറ്റപ്പെട്ട ചില തെറ്റുകൾ കൊണ്ട് സഭയും വിശ്വാസ സമൂഹവും തന്നെ കുറ്റക്കാരായി വിധിക്കപ്പെടുകയാണ്.

ഈ സംഭവം കേവലം ഒരു പീഡനക്കേസ് മാത്രമല്ല, ഇവിടെ ഇരയായിരിക്കുന്നത് പാവപ്പെട്ട വീട്ടിലെ ഒൻപത് വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുകുഞ്ഞാണ്. അത് കൊണ്ട് തന്നെ ഈ പാപത്തിന്റെ വലിപ്പം നൂറ് മടങ്ങാണ്. ഒരു കാരണവശാലും ഈ വൈദികനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ സഭ നേതൃത്വം തുനിയാൻ പാടില്ല. ഇയാളെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരികയും വൈദികൻ എന്ന പദവയിൽ നിന്നും അടിയന്തിരമായി നീക്കുകയും ചെയ്യണം. ഇത് മാത്രം പോര സഭയിലൊരിടത്തും ഇങ്ങനെ വൈദികരാൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളോ മുതിർന്നവരോ ഇല്ല എന്ന് ഉറപ്പ് വരുത്തുകയും വേണം. അമേരിക്കയിലെയും അയർലന്റിലെയും ഒക്കെ കത്തോലിക്ക സഭയിലെ വൈദികർ അനേകായിരം കുരുന്നുകളെ ഇങ്ങനെ പീഡിപ്പിച്ചിട്ടുണ്ട്. ഇത്തരം പീഡകർക്ക് നഷ്ടപരിഹാരം നൽകി പല പള്ളികളും അടച്ച് പൂട്ടപ്പെട്ട ചരിത്രം നമ്മുടെ മുൻപിൽ ഉണ്ട്. അത്തരം ഒരു നാണം കെട്ട അവസ്ഥയിലേക്ക് പോവാതിരിക്കാൻ ഈ സംഭവം നിമിത്തം ആവട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.

ഇതോടൊപ്പം ചർച്ച ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട വിഷയം കൂടി ഉണ്ട്. സമൂഹവും സർക്കാരും പൊലീസും മാദ്ധ്യമങ്ങളും ഒക്കെ തിന്മയായി കരുതുന്നതും പ്രാധാന്യത്തോടെ നേരിടുന്നതും പെൺകുട്ടികൾക്ക് ഉണ്ടാകുന്ന പീഡനങ്ങൾ മാത്രമാണ്. എന്നാൽ ഞെട്ടിക്കുന്ന യാഥാർത്ഥ്യം കേരളത്തിൽ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് ആൺകുട്ടികൾ ആണ് എന്നതാണ്. പെൺകുട്ടികളുടെ മേൽ മാതാപിതാക്കളും സമൂഹവും നൽകുന്ന കരുതൽ മൂലമാണ് കെണിയിൽ വീഴുന്ന പെൺകുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്. എന്നാൽ മാതാപിതാക്കളോ സമൂഹമോ നിയമ വ്യത്യസ്തതയോ ഒന്നും ആൺകുട്ടികൾ നേരിടുന്ന പീഡനത്തിന്റെ വ്യാപ്തി അളക്കാൻ ശ്രമിക്കുന്നില്ല. ഒരു പക്ഷെ കേരളത്തിൽ ബാല്യവും കൗമാരവും പിന്നിട്ട ഒട്ടു മിക്ക ആൺകുട്ടികളും ഒരിക്കൽ എങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവാൻ ഇടയുണ്ട്. ഇങ്ങനെ പറയുന്നത് അതിശയോക്തി കലർത്തി അല്ല. ഇത് വായിക്കുന്ന എല്ലാവരും സ്വയം ചിന്തിച്ച് നോക്കുക. നിങ്ങളും ബാല്യത്തിൽ ഇത്തരം പീഡനങ്ങൾക്ക് ഇരയായിട്ടില്ലേ?

സന്ദർശകരായി എത്തുന്ന ബന്ധുക്കൾ, കൂട്ടുകിടക്കാനായി പോകുന്ന അയൽപക്കക്കാർ, കുടുംബ സുഹൃത്തുക്കളായി നമ്മൾ കരുതുന്ന വീട്ടിലെ മുതിർന്ന അംഗങ്ങൾ, കൂട്ടുകാരുടെ വീട്ടിലെ മറ്റംഗങ്ങൾ, അയൽപക്കത്തെ മുതിർന്നവർ, ആരാധനാലയങ്ങളിലെ പാതിരിമാരും, വിദ്യ പറഞ്ഞ് കൊടുക്കേണ്ട അദ്ധ്യാപകർ ഒക്കെയാണ് ഇത്തരം പീഡകരുടെ മുൻപന്തി അലങ്കരിക്കുന്നവർ. സ്‌കൂൾ അദ്ധ്യാപകരും ട്യൂഷൻ അദ്ധ്യാപകരുമാണ് ഇക്കാര്യത്തിൽ മുൻപിൽ എന്ന് പറയേണ്ടി വരും. മക്കൾ വഴി പിഴക്കാതിരിക്കാനായി മതപഠനങ്ങൾക്കും മറ്റും മക്കളെ പറഞ്ഞ് വിടുന്ന മാതാപിതാക്കൾ മറ്റൊന്നും ചിന്തിക്കുന്നേയില്ല. ഇത്തരം ഒരു അവസ്ഥയിൽ എത്തപ്പെടുന്ന ആൺകുട്ടികൾ ഇത് മാതാപിതാക്കളോട് പങ്ക് വയ്ക്കാൻ ഭയപ്പെടുന്നു. ഈ ഭയവും ലൈംഗിതയോടുള്ള അവരുടെ അപക്വമായ കൗതുകമാണ് ഇത്തരം പീഡനങ്ങൾക്ക് മറയായി മാറുന്നത്.

പാശ്ചാത്യ നാടുകളിൽ പെൺകുട്ടികൾക്കൊപ്പം കരുതൽ ആൺകുട്ടികൾക്കും നൽകുന്നത് ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. അനേക വനിത അദ്ധ്യാപകർ പതിനഞ്ചും പതിനാറും വയസ്സുള്ള ആൺകുട്ടികളുമായി അവരുടെ താല്പര്യ പ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ ബ്രിട്ടണിലും അമേരിക്കയിലും ഒക്കെ ജയിലിൽ പിടിച്ചിട്ടിട്ടുണ്ട്. ആൺ കുട്ടികളെ അനുചിതമായിമായി സ്പർശിച്ചതിന്റെ പേരിൽ അനേകം പേരെ പീഡകർ ആയി കരുതി ജയിലിൽ അടക്കുന്നു. സെക്‌സ് ഓഫെൻഡേർസ് രജിസ്റ്റർ പുസ്തകം തന്നെ ഉണ്ടാക്കി ബാല പീഡകരെ ആർക്കും തിരിച്ചറിയാവുന്ന തരത്തിൽ ഇവർ കൈകാര്യം ചെയ്യുന്നു.

എന്നാൽ നമ്മുടെ നാട്ടിൽ പതിനഞ്ചുകാരനോടൊപ്പം ഒളിച്ചോടിയ അദ്ധ്യാപികയ്‌ക്കെതിരെ പോലും കേസ് എടുത്തിട്ടില്ല. ആൺകുട്ടികളെ ഉന്നം വച്ച് പീഡിപ്പിക്കുന്നവരെ കുണ്ടന്മാർ എന്ന് വിളിച്ച് കളിയാക്കുന്നതല്ലാതെ അവരെ നിയമത്തിന്റെ വഴിയിലേക്ക് കൊണ്ട് പോകാൻ മാർഗ്ഗങ്ങൾ ഇല്ല. ആൺ കുട്ടികളെ പീഡിപ്പിച്ച് എന്ന പേരിൽ പൊലീസ് എത്ര കേസുകൾ എടുത്തിട്ടുണ്ട് എന്ന് പരിശോധിച്ചാൽ അറിയാം സർക്കാർ ഭാഗത്ത് നിന്നുള്ള അലംഭാവത്തിന്റെ ആഴം. പീഡിപ്പിക്കപ്പെടണമെങ്കിൽ അത് പെൺകുട്ടികൾ ആകണം എന്ന അടിയുറച്ച അന്ധ വിശ്വാസമാണ് നമ്മുടെ വ്യവസ്ഥയെ നയിക്കുന്നത്. അത് കൊണ്ട് മാത്രമാണ് ഇത്തരം അലംഭാവം ഉണ്ടാകുന്നത്.

ഇനിയെങ്കിലും ഈ വിഷയത്തിൽ ശക്തമായ നിയന്ത്രണം ഉണ്ടാവുകയും ബാലപീഡകരെ അഴിക്കുള്ളിൽ ആക്കാനുള്ള ഏർപ്പാട് ചെയ്യുകയും വേണം. ആൺകുട്ടികളെ പീഡിപ്പിക്കുന്നവരെ പിടികൂടാൻ പ്രത്യേക സംവിധാനവും ആൺകുട്ടികൾക്കിടയിൽ ബോധവൽക്കരണവും ആവശ്യമാണ്. ഇങ്ങനെ പീഡകരായി മാറുന്നവർ കാലം ചെല്ലുന്തോറും ബലാത്സംഗവീരന്മാരായി മാറിയെന്ന് വരാം. അതിനുള്ള പഴുത് അടച്ച് നിയമ നിർമ്മാണം നടത്താൻ സർക്കാർ മുൻകൈ എടുക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP