Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജസ്റ്റീസ് സദാശിവം പണി തുടങ്ങിയതേയുള്ളൂ; ലതയ്ക്ക് പുറമേ നായരേയും വിസിയാക്കിയത് സർക്കാർ ലിസ്റ്റ് വെട്ടി; പാവ ഗവർണ്ണറെ കണ്ട് ശീലിച്ച മുഖ്യമന്ത്രിക്ക് വരാൻ ഇരിക്കുന്ന 'ശുഭദിനങ്ങളെ' ഓർത്ത് ആധിപെരുകി

ജസ്റ്റീസ് സദാശിവം പണി തുടങ്ങിയതേയുള്ളൂ; ലതയ്ക്ക് പുറമേ നായരേയും വിസിയാക്കിയത് സർക്കാർ ലിസ്റ്റ് വെട്ടി; പാവ ഗവർണ്ണറെ കണ്ട് ശീലിച്ച മുഖ്യമന്ത്രിക്ക് വരാൻ ഇരിക്കുന്ന 'ശുഭദിനങ്ങളെ' ഓർത്ത് ആധിപെരുകി

തിരുവനന്തപുരം: കുസാറ്റിന് വൈസ് ചാനസലറെ നിശ്ചയിച്ചപ്പോഴേ ഗവർണ്ണർ പി. സദാശിവം ചിലതെല്ലാം വ്യക്തമാക്കിയിരുന്നു. എല്ലാം കണ്ണുംപൂട്ടി ഒപ്പിടുന്ന വ്യക്തിയല്ല ഗവർണ്ണർ. സർക്കാർ എന്ത് നൽകിയാലും അത് നൂലിഴ കീറി പരിശോധിക്കും. ശരിയെന്ന് തോന്നുന്നതേ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റീസ് പദവി ഒഴിഞ്ഞ് കേരളത്തിലെത്തിയ സദാശിവം ചെയ്യൂ. അതു തന്നെയാണ് ആരോഗ്യ സർവ്വകലാശാലയിൽ നടത്തും.

സർക്കാർ നിർദ്ദേശിച്ചയാളെ അവഗണിച്ച്, ആരോഗ്യസർവകലാശാല വൈസ് ചാൻസലറായി തിരുവനന്തപുരം മെഡിക്കൽ കോളജ് ശിശുവികസനകേന്ദ്രം ഡയറക്ടർ ഡോ. എം.കെ.സി. നായരെ നിയമിച്ചു. വി സി. സ്ഥാനത്തേക്ക് അഞ്ചുപേരുടെ പട്ടികയാണു സെർച്ച് കമ്മിറ്റി ഗവർണർക്കു സമർപ്പിച്ചത്. ഇതിൽ സർക്കാരിന്റെ നോമിനി പി.എസ്.സി. മുൻ അംഗവും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉപാധ്യക്ഷനും ആക്ടിങ് ചെയർമാനും തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായഡോ. കേശവൻകുട്ടിനായരായിരുന്നു. എന്നാൽ പരിശോധനകളിൽ നിന്ന് ആരോഗ്യ സർവ്വകലാശലയ്ക്ക് മികച്ചത് എം.കെ.സി നായരാണെന്ന് ഗവർണ്ണർ വിധിയെഴുതി.

കൊച്ചി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പ്രവീൺലാൽ, തിരുവനന്തപുരം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിലെ ഡോ. ഡാലസ്, ഡൽഹി എയിംസിലെ ഒരു ഡോക്ടർ എന്നിവരും പട്ടികയിലുണ്ടായിരുന്നു. ഡോ. കേശവൻകുട്ടിനായർ പി.എസ്.സി. അംഗമായിരുന്നതിനാൽ, ഭരണഘടനപ്രകാരം, തുടർന്നു ശമ്പളം വാങ്ങുന്ന പദവികൾ വഹിക്കാനാവില്ല. സർവകലാശാല പി.എസ്.സിക്കു താഴെയുള്ള സ്ഥാപനമാണെന്നും ഗവർണർ നിലപാട് എടുത്തു. ബാക്കി പേരുകാരുടെ വിജിലൻസ് അന്വേഷണവും ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ വിസി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തിയും അറിയിച്ചു.

അതിനാൽ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം നിയമനം നടത്തിയാൽ മതിയെന്ന നിലപാട് ഗവർണ്ണറെടുത്തു. തിരുവനന്തപുരം തൈക്കാട് റോസ് ഹൗസിനു സമീപം മുട്ടത്തു വീട്ടിൽ ഡോ.എം.കെ.സി. നായർ ശിശുരോഗവിദഗ്ധനാണ്. 1974ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് എം.ബി.ബി.എസ്. നേടിയ അദ്ദേഹം തുടർന്നു പീഡിയാട്രിക്‌സിൽ പി.ജി. കരസ്ഥമാക്കി. ഫിലോസഫിയിലും പത്രപ്രവർത്തനത്തിലും എം.എയും ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ എം.ബി.എയുമുണ്ട്. കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ കോഴ്‌സ് ഡയറക്ടറും ഹെൽത്ത് സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമായിരുന്നു. പീഡിയാട്രിക്‌സ് ഇന്ത്യൻ അക്കാദമി, ഇന്ത്യൻ ക്ലിനിക്കൽ എപ്പിഡെമിയോളജി നെറ്റ്‌വർക്, നാഷണൽ നിയോനാറ്റോളജി ഫോറം എന്നിവയുടെ ദേശീയാധ്യക്ഷനാണ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വി സിയെ നിയമിച്ചപ്പോഴും സർക്കാർ നിർദ്ദേശം തള്ളിയാണ് ലതയെ നിയമിച്ചത്. കോൺഗ്രസ് രാഷ്ട്രീയത്തോട് അനുഭാവക്കുറവുള്ള ലതയെ വിസിയാക്കിയതിനെതിരെ പ്രതിഷേധവും ഉയർന്നു. ഇതെല്ലാം കണക്കിലെടുത്തിട്ടും ആരോഗ്യ സർവ്വകലാശാലയിലും സർക്കാർ താൽപ്പര്യത്തിന് ഗവർണ്ണർ വഴങ്ങിയില്ല. നേരത്തെ നികുതിവർധന സംബന്ധിച്ച ഓർഡിനൻസ് ഒപ്പവയ്ക്കുന്നതിനു മുമ്പ് സർക്കാരിനോടു ഗവർണ്ണർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിയമപരമായി പഴുതടച്ചുള്ള ഗവർണ്ണറുടെ തീരുമാനം ചോദ്യം ചെയ്യാനും കഴിയില്ല.

വരും ദിനങ്ങളിലും സർക്കാരിന്റെ തീരുമാനങ്ങളെ സംശയ ദൃഷ്ടിയോടെ നോക്കി മാത്രമേ ഗവർണ്ണർ നിലപാടുകളെടുക്കൂ. അതുകൊണ്ട് തന്നെ നൂറ് ശതമാനവും ന്യായമായതേ ഗവർണ്ണറുടെ അംഗീകാരത്തിനായി ഉമ്മൻ ചാണ്ടി സർക്കാർ രാജ്ഭവനിലേക്ക് അയച്ചിട്ട് കാര്യമുള്ളൂ എന്നതാണ് വിസി നിയമനങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP