Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വീട്ടമ്മ അറസ്റ്റിൽ; പിടിയിലാകുമ്പോൾ 63 കേസുകളിൽ പ്രതി

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വീട്ടമ്മ അറസ്റ്റിൽ; പിടിയിലാകുമ്പോൾ 63 കേസുകളിൽ പ്രതി

അടൂർ: 63 മോഷണകേസുകളിലെ പ്രതിയായ വീട്ടമ്മ അറസ്റ്റിൽ. കൊട്ടാരക്കര തേവലപ്പുറം സന്തോഷ് വിലാസം സരസ്വതി (വാവ 47) യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികളിൽ നിന്നും കൂട്ടിരുപ്പുകാരിൽ നിന്നും സ്വർണാഭരണങ്ങൾ അപഹരിച്ച കേസിലാണ് സരസ്വതി അറസ്റ്റിലായത്. ആശുപത്രികളിൽ രമ എന്ന വ്യാജപേരിലാണ് ഇവർ മോഷണങ്ങൾ നടത്തിയത്. അടൂർ മരിയാ ആശുപത്രിയിൽ വാർഡിൽ ഉണ്ടായിരുന്ന മുണ്ടപ്പള്ളി ആശാലയത്തിൽ ആശ (33)യുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല അപഹരിച്ച സംഭവം കഴിഞ്ഞ ജൂൺ 9-നാണ് നടന്നത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന മകനോടൊപ്പം കൂട്ടിരുന്ന ആശയുമായി സരസ്വതി സൗഹൃദം സ്ഥാപിച്ച് കാപ്പിയിൽ ഉറക്കഗുളിക ചേർത്തുനൽകി മയക്കിയ ശേഷം ഒന്നേമുക്കാൽ പവൻ തൂക്കംവരുന്ന സ്വർണ്ണമാല അപഹരിക്കുകയായിരുന്നു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സംശയം തോന്നിയവരുടെ ദൃശ്യങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂയത്. അടൂർ ഡി. വൈ. എസ്. പി. എ. നസീമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പുത്തൂരുള്ള തയ്യൽക്കടയിൽ എത്തി ഇവരെ സി.ഐ ഓഫീസിലേക്ക് വ്യാഴാഴ്ച കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പരാതിക്കാരി സരസ്വതിയെ തിരിച്ചറിഞ്ഞതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ആശുപത്രിയിലെ രോഗികളിൽനിന്നും സ്വർണാഭരണങ്ങൾ അപഹരിച്ചതിന് ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. 63 മോഷണക്കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. സരസ്വതിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് 63 മോഷണക്കേസുകളിൽ ഇവർക്ക് പങ്കുള്ളതായി മനസിലായതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് പറഞ്ഞു. എട്ടുകേസുകളിൽ റിക്കവറി നടപടികൾ ഉണ്ടായിട്ടുണ്ട്. ആശുപത്രികളിൽ എക്‌സ്‌റേ എടുക്കാൻ ക്യൂനിൽക്കുന്ന രോഗികൾക്കിടയിൽ ഇടിച്ചുകയറി അവരുമായി ചങ്ങാത്തം സ്ഥാപിച്ചശേഷം അവർക്കൊപ്പം എക്‌സ്‌റേ എടുക്കുന്ന മുറിയിലേക്ക് ചെല്ലും. രോഗിയെ എക്‌സ്‌റേ ടേബിളിൽ കിടത്തുമ്പോൾ രോഗി ഊരിനൽകുന്ന സ്വർണാഭരണങ്ങൾ കൂട്ടിരിപ്പുകാരിയെന്നുപറഞ്ഞ് വാങ്ങി മുങ്ങുന്നതാണ് ഇവരുടെ മറ്റൊരു മോഷണരീതി. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികളുമായും കൂട്ടിരുപ്പുകാരുമായും ചങ്ങാത്തം സ്ഥാപിച്ചശേഷം മരുന്നും മറ്റും വാങ്ങിക്കൊടുത്ത് സഹായിച്ച് വിശ്വസനീയത ഉറപ്പാക്കി തന്ത്രപരമായ നീക്കത്തിലൂടെ സ്വർണാഭരണങ്ങളുമായി കടക്കുകയാണ് പതിവ്. രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ചായയുംമറ്റും വാങ്ങിനൽകുമ്പോൾ മയക്കുമരുന്ന് കലർത്തും. മയങ്ങുമ്പോൾ അവരുടെ സ്വർണാഭരണങ്ങൾ കവരുന്നതും പതിവാണ്.

പുനലൂർ ഗവൺമെന്റ് ആശുപത്രി, തിരുവല്ല ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്നും ഇവർ സ്വർണാഭരണങ്ങൾ അപഹരിച്ചിട്ടുണ്ട്. അപഹരിക്കുന്ന സ്വർണം കൊല്ലത്തുള്ള അഞ്ച് പണമിടപാട് സ്ഥാപനങ്ങളിലാണ് പണയംവയ്ക്കുകയും വിൽക്കുകയും ചെയ്യുന്നത്. പണയംവയ്ക്കുന്ന സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കാറുമില്ല. പുലർച്ചെ 6 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങുന്ന ഇവർ ആശുപത്രിയിൽ കറങ്ങിയാണ് മോഷണം നടത്തുന്നത്. ആറുവർഷംമുമ്പ് ഹരിപ്പാട് പൊലീസ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. അഞ്ചൽ പ്രൈമറി ഹെൽത്ത് സെന്ററിൽ വച്ച് രോഗിയുടെ കൈയിൽ നിന്നും അപഹരിച്ച രണ്ട് പവൻ സ്വർണം പൊലീസ് പിന്നീട് കണ്ടെടുത്തു. 15000 രൂപ സരസ്വതിയുടെ കൈയിൽ നിന്നും മൂന്നുപവന്റെ രണ്ട് സ്വർണ്ണമാല ഇവരുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളജിൽ എത്തി രോഗികളുടെ കൈയിൽനിന്നും മൂന്നുതവണ സ്വർണാഭരണങ്ങൾ അപഹരിച്ചിട്ടുണ്ട്. രോഗിയുടെ താമസസ്ഥലത്തെ പഞ്ചായത്ത് അംഗത്തിന്റെ സഹോദരിയാണെന്നും പഞ്ചായത്ത് അംഗം വനിതയാണെങ്കിൽ നാത്തൂനാണെന്നും പറഞ്ഞാണ് ഇവർ രോഗികളുമായി ചങ്ങാത്തം കൂടുന്നത.് തിരുവനന്തപുരത്ത് 17 മോഷണവും കൊല്ലത്ത് പതിനൊന്നും ആലപ്പുഴയിൽ പതിനഞ്ചും പത്തനംതിട്ടയിൽ പതിമൂന്നും കോട്ടയത്ത് ഒമ്പതും മോഷണങ്ങൾ നടത്തിയതായാണ് സരസ്വതി പൊലീസിന് നൽകിയിരിക്കുന്ന വിവരം. പലയിടങ്ങളിൽനിന്നായി ഏകദേശം ഒരുകിലോ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായാണ് കണക്കാക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി. മറ്റ് ആറുകേസുകളിലെ തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനായി ഇവരെ പൊലീസ് കസ്റ്റഡിയിൽവാങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP