Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കസബിന്റെ ജീവൻ എടുത്തതുകൊണ്ട് നമ്മുടെ രാജ്യം കൂടുതൽ സുരക്ഷിതമാവുമോ? അഫ്‌സൽ ഗുരുവിനെ തൊടാൻ നാം ആരെയാണ് പേടിക്കുന്നത്?

കസബിന്റെ ജീവൻ എടുത്തതുകൊണ്ട് നമ്മുടെ രാജ്യം കൂടുതൽ സുരക്ഷിതമാവുമോ? അഫ്‌സൽ ഗുരുവിനെ തൊടാൻ നാം ആരെയാണ് പേടിക്കുന്നത്?

എഡിറ്റോറിയൽ

ല്ലാ ഇന്ത്യാക്കാരും ഇന്ന് ഉറക്കം ഉണർന്നത് അവർ ഈ അടുത്ത കാലത്തെങ്ങും കേൾക്കും എന്നു കരുതിയിട്ടില്ലാത്ത അപ്രതീക്ഷിതമായ ഒരു സന്തോഷവാർത്ത കേട്ട് കൊണ്ടാണ്. ഇന്ത്യ ഏറ്റവും അധികം വെറുക്കുന്ന അജ്മൽ കസബ് എന്ന പാക്കിസ്ഥാനി പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നതായിരുന്നു എങ്ങും കൈയ്യടി ഉണ്ടാക്കിയ ഈ വാർത്ത. ഒരു കുറ്റത്തിന് ഇന്ത്യയിൽ നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് വധശിക്ഷ. അനേകം പേരുടെ ജീവൻ എടുക്കുകയും ഇന്ത്യാമഹാരാജ്യത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയും ചെയ്ത ഈ ഭീകരവാദിയുടെ ജീവൻ എടുത്തതിൽ ഒരു കുറ്റവും ആർക്കും പറയാൻ കഴിയില്ല. ഇന്ത്യയെ സ്‌നേഹിക്കുന്ന ആർക്കും ഇതിൽ കൈയ്യടിക്കാതിരിക്കാൻ കഴിയില്ല. കസബ് എന്ന വാക്കു പോലും അത്രമേൽ ഭീതിതമായ ഓർമ്മയാണ് ഇന്ത്യയ്ക്ക് നൽകുന്നത്. അമേരിക്കയിൽ വേൾഡ് ട്രയ്ഡ് സെന്റർ ആക്രമിച്ചപ്പോൾ പോലും പ്രതികളെ ന്യായീകരിച്ച് കൊണ്ട് വേറൊരു തിയറി പ്രചരിച്ചിരുന്നു. എന്നാൽ മുംബൈ ഭീകരാക്രമണ കേസിൽ അത്തരം തിയറികൾ ഒന്നും പുറത്തു വന്നില്ല. ബിബിസിയെപോലെയുള്ള മാദ്ധ്യമങ്ങൾ കസബിന്റെ കുറ്റസമ്മതത്തിന്റെ തെളിവുകൾ പുറത്തുവിട്ടു. പാക്കിസ്ഥാൻ പോലും കസബിനു വേണ്ടി രംഗത്തിറങ്ങിയിരുന്നില്ല. ഇപ്പോൾ കസബിന്റെ വധശിക്ഷ നടന്നപ്പോൾ മൃതദേഹത്തിനു പോലും അവകാശികൾ ഉണ്ടായിരുന്നില്ല എന്നോർക്കണം. ഇതുകൊണ്ടൊക്കെ തന്നെ കസബിന്റെ വധശിക്ഷയെ കുറ്റം പറയാൻ ഒരു സാഹചര്യവും ഇല്ല.

  • ഇന്ത്യൻ ജനത ഒന്നാകെ കൈയ്യടിക്കുന്നു; അജ്മൽ കസബിനെ തൂക്കിക്കൊന്നു; രാജ്യം കാത്തിരുന്ന ശിക്ഷ നടപ്പാക്കിയത് രാവിലെ 7.30ന്
  • കസബിന്റെ മൃതദേഹം പാക്കിസ്ഥാന് വേണ്ട; പൂനൈന ഏർവാഡ ജയിൽ വളപ്പിൽ സംസ്‌ക്കരിച്ചു
  • അല്ലാഹു എന്നോട് ക്ഷമിക്കട്ടെ; ഇനിയൊരിക്കലും ഇതാവർത്തിക്കില്ല; അജ്മൽ കസബിന്റെ അന്ത്യവാക്കുകൾ


കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് മൂന്നു ചേദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ചുമതല നമുക്കുണ്ട്. ഇതിൽ ആദ്യത്തെ ചോദ്യം കസബിന്റെ വധശിക്ഷ കൊണ്ട് ഇന്ത്യ കൂടുതൽ സമാധാന പൂർണ്ണമാകുമോ എന്നതാണ്. രണ്ടാമത്തേത് ഈ വധശിക്ഷ എന്ന സമ്പ്രദായം അത്രമേൽ അനിവാര്യമാണോ എന്നതും മൂന്നാമത്തേത് കസബിനെക്കാൾ ഭീകരനായിരുന്ന അഫ്‌സൽ ഗുരുവിനെ സുപ്രീം കോടതി വധശിക്ഷ വിധിച്ച് പത്തു വർഷം കഴിഞ്ഞിട്ടും അത് നടപ്പിലാക്കാൻ ഇന്ത്യ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്നതുമാണ്.

ഈ മൂന്നു ചോദ്യങ്ങൾക്കും അതിന്റെതായ പ്രസക്തി ഉണ്ട്. ആദ്യത്തെ ചോദ്യത്തിന് ഒരു ഉത്തരം പറയുക പ്രയാസമാണ്. കാലം ചെല്ലും തോറും ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ കൂടി കൂടി വരികയാണ്. ഒരു അജ്മൽ കസബ് മരിച്ചു എന്നതുകൊണ്ട് ഇന്ത്യ സമാധാനത്തിന്റെ വിളനിലമായി മാറുകയില്ല. ഒരു ഭീകരനെ ഇല്ലാതാക്കുമ്പോൾ രണ്ടു ഭീകരന്മാർ ജനിക്കുകയാണ്. ഭീകരന്മാരെ സൃഷ്ടിക്കുന്ന സാമൂഹ്യക്രമത്തിൽ മാറ്റം വരാതെ അതിനു ശമനം ഉണ്ടാവുകയില്ല. കസബിനെക്കാൾ വലിയ ഭീകരന്മാർ ഇപ്പോഴും മാന്യന്മാരായി വിലസുന്ന ഒരു രാജ്യത്ത് ഈ മരണം ഒരു ചലനവും ഉണ്ടാക്കില്ല. എന്നിരുന്നാലും ഭീകര പ്രവർത്തനം നടത്തിയ ശേഷം ഇവിടെ സുഖമായി കഴിയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്കുള്ള കൃത്യമായ സന്ദേശം എന്ന നിലയിൽ ഇതിനു പ്രസക്തിയുണ്ട്.

രണ്ടാമത്തെ ചോദ്യത്തിന് ഇപ്പോൾ തീർച്ചയായും വളരെയേറെ പ്രസക്തിയുണ്ട്. വധശിക്ഷ എന്ന ശിക്ഷാ നടപടി പരിഷ്‌കൃത ലോകത്ത് ഇനിയും ആവശ്യമുണ്ടോ എന്നതാണ് ആ ചോദ്യം. കസബിന് വധശിക്ഷയോളം പോന്ന മറ്റൊരു ശിക്ഷയും ബാക്കിയുണ്ടായിരുന്നില്ല എന്നു സമ്മതിക്കുമ്പോൾ തന്നെ ഒരു മനുഷ്യന്റെ ജീവനെടുക്കാൻ അവൻ എത്രവലിയ രാജ്യദ്രോഹിയാണെങ്കിലും ഒരു ഭരണകൂടത്തിനും അധികാരം ഉണ്ടാകരുത് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. അമേരിക്ക ഒഴികെയുള്ള ഒരു പരിഷ്‌കൃത രാജ്യവും ഇപ്പോൾ വധശിക്ഷയെ അംഗീകരിക്കുന്നില്ല. അമേരിക്ക പരിഷ്‌കൃതരാജ്യമാണെങ്കിലും അവരുടെ നയങ്ങളിലെ കാടത്തം എല്ലാവർക്കും അറിയാവുന്നതാണ്. മനുഷ്യന് ജന്മം നൽകാൻ ദൈവത്തിനാണ് അധികാരം എങ്കിൽ ആ ജീവനെടുക്കാനും ദൈവത്തിനു മാത്രമേ അധികാരം ഉണ്ടാകാവൂ. ഭരണകൂടങ്ങൾ ഇതിനു തുനിയുന്നത് ഒട്ടും ആശാസ്യമല്ല.

വധശിക്ഷ എന്നത് തികച്ചും അപരിഷ്‌കൃതമാണെന്ന് വിശ്വസിക്കുന്ന ഒട്ടേറെ പേർ നമുക്കിടയിലുണ്ട്. കേരളം ഇന്നെവരെ കണ്ട ഏറ്റവും പ്രതിബദ്ധതയുള്ള മാദ്ധ്യമ പ്രവർത്തകനായ ബിആർപി ഭാസ്‌കർ തന്റെ ഫേസ്‌ബുക്ക് വാളിൽ എഴുതിയത് പ്രസക്തമാണ്. 'വധശിക്ഷയിൽ വിശ്വസിക്കുന്ന സംവിധാനം, ശിക്ഷ എന്നാൽ പ്രതികാരം എന്നർത്ഥമാക്കുന്ന സമൂഹം, ഇവ രണ്ടും ചേർന്ന് അജ്മൽ കസബിന്റെ വിധി നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. കമാൻഡൊയുടെ കയ്യിൽ പെടാതെ സാധാരണ പൊലീസുകാരന്റെ മുന്നിൽ ചെന്നുപെട്ടതുകൊണ്ട് അയാൾക്ക് കോടതിയിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ലഭിച്ചു. പക്ഷെ മതതീവ്രവാദം മരണം വിതറുന്ന മനുഷ്യയന്ത്രമാക്കി മാറ്റിയ അയാൾക്ക് അതെങ്ങനെ പ്രയോജനപ്പെടുത്താനാകും? ഒടുവിൽ ഭരണകക്ഷിക്ക് രാഷ്ട്രീയലാഭം ഉണ്ടാക്കാനാവുന്ന വിധത്തിൽ, അഥവാ മുഖ്യപ്രതിപക്ഷകക്ഷിക്ക് രാഷ്ട്രീയലാഭം നിഷേധിക്കാനാവുന്ന വിധത്തിൽ ആ വിധി നടപ്പാക്കപ്പെട്ടുന'. ഇതാണ് ഭാസ്‌ക്കറുടെ അഭിപ്രായം.

ഈ അഭിപ്രായത്തിൽ കുറച്ച് ശരിയില്ലാതെയില്ല. പരിഷ്‌കൃത രാജ്യങ്ങൾ കൊടിയ കുറ്റവാളികൾക്കു നൽകുന്നത് ജീവിതകാലം മുഴുവനുമുള്ള തടവു ശിക്ഷയാണ്. ബ്രിട്ടണിലെ ഹോളിവെൽസ്, ജെസിക്ക ചാപ്മാൻ എന്നീ കുട്ടികളെ ബലാൽസംഘം ചെയ്ത് കൊന്ന ഇയാൻ ഹന്റ്‌ലി എന്ന യുവാവിന് വിധിച്ചിരിക്കുന്നത് ഇത്തരം ഒരു തടവാണ്. ജീവപര്യന്തം എന്നാൽ ജീവിതകാലം മുഴുവൻ എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ഒരാളെ ജീവിതകാലം മുഴുവൻ ജാമ്യമോ പരോളോ ഇല്ലാതെ ഒറ്റയ്ക്ക് അഴിക്കുള്ളിൽ അടച്ചിടുക എന്നതിനോളം വരികയില്ല വധശിക്ഷ. അത്തരം ഒരു അവസ്ഥയിൽ ജീവിക്കുന്ന ഒരാൾ എത്രയും വേഗം മരിക്കാൻ ആഗ്രഹിക്കും. അവന് മരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതാകുന്നിടത്താണ് ശിക്ഷയുടെ രൂക്ഷത ഉണ്ടാകുക. അതുകൊണ്ട് കസബിനെപ്പോലുള്ള കുറ്റവാളികളെ ശരിക്കും പുറം ലോകം കാണാതെ ഒറ്റമുറിയിൽ ആയുഷ്‌കാലം ജീവിക്കാൻ വിധിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്?. ആത്മഹത്യ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട കസബിനെ സംബന്ധിച്ചിടത്തോളം ഈ വധശിക്ഷ ഒരു അനുഗ്രഹമായി മാറിയിരിക്കുകയല്ലേ? വലിയ കുറ്റവാളികൾ മരണത്തെ ഭയക്കാത്തവരാണ് അതുകൊണ്ട് തന്നെ വധശിക്ഷ അവരുടെ ധീരതയ്ക്കുള്ള അംഗീകാരമായി മാറുന്നു. ഈ തെറ്റാണ് വാസ്തവത്തിൽ ഈ നടപടിയിലൂടെ ഇന്ത്യ ചെയ്തിരിക്കുന്നത്.

മൂന്നാമത്തെ ചോദ്യമാണ് ഏറ്റവും പ്രസക്തമായിട്ടുള്ളത്. നാലു വർഷം മുമ്പ് നടന്ന മുംബൈ ആക്രമണകേസിലെ പ്രധാന പ്രതിയായ കസബിനെ തൂക്കികൊന്ന നമ്മുടെ നിയമസംവിധാനത്തിന് എന്തുകൊണ്ട് ഒരു പതിറ്റാണ്ട് മുമ്പ് വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സൽ ഗുരുവിനെതിരെ നടപടി എടുക്കാൻ കഴിയുന്നില്ല എന്നതാണിത്. കസബ് ഭീകരവാദികളുടെ കയ്യിലെ പാവയായ ഒരു മന്ദബുദ്ധി ആയിരുന്നെങ്കിൽ ഗുരു ഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം ആയിരുന്നു. 2001ൽ ഇന്ത്യയിലെ എംപിമാരെ മുഴുവൻ ഇല്ലാത്താക്കാൻ ശ്രമിച്ച ഈ ഭീകരനു സുപ്രീം കോടതി വധശിക്ഷ വിധിച്ചിട്ടു വർഷം എട്ടായി എന്നു മറക്കരുത്. കസബിന്റെ വധശിക്ഷയുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടതും കണ്ടെത്തേണ്ടതുമായ ദുരൂഹതയാണ് ഇത്. ഇതിന്റെ പിറകിൽ ഇന്ത്യയ്ക്ക് ഒളിച്ചു വയ്ക്കാനുള്ളത് എന്താണ്? ആരെയാണ് ഇന്ത്യ ഭയപ്പെടുന്നത്. വധശിക്ഷയെ അംഗീകരിക്കാൻ എന്തിനാണ് ഇങ്ങനൊരു അമാന്തം? ഈ ഉത്തരം ഇന്ത്യൻ ജനതയ്ക്കു ആരു നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP