Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഒന്നാംഘട്ടം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ എംഎൽഎയുടെ പ്രതിഷേധത്തിനിടെ ഒന്നാം ഘട്ടത്തിന് തുടക്കം

കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഒന്നാംഘട്ടം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ എംഎൽഎയുടെ പ്രതിഷേധത്തിനിടെ ഒന്നാം ഘട്ടത്തിന് തുടക്കം

തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഒന്നാംഘട്ടമായ കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള റോഡ് വികസനം ഒരു വർഷത്തിനുള്ളിൽതന്നെ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. രണ്ടാം ഘട്ടമായ പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയുള്ള വികസന പ്രവർത്തനങ്ങൾ ഒന്നാം ഘട്ടം അവസാനിക്കുന്നതിന് മുമ്പുതന്നെ ആരംഭിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കരമന-പ്രാവച്ചമ്പലം ഒന്നാംഘട്ട റോഡ് നിർമ്മാണോദ്ഘാടനം പാപ്പനംകോട് നടന്ന ചടങ്ങിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടിസ്ഥാന സൗകര്യവികസനം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇതിന് പൊതുജനങ്ങളുടെയാകെ സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. റിസൾട്ട് ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. വികസനം യാഥാർത്ഥ്യമാക്കുന്നതിന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധത്തിനിടെയായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ സ്വാഗതം പറഞ്ഞ നേമം എം.എൽഎ. ശിവൻകുട്ടി ഇടത് സർക്കാരാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് വിശദീകരിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ കാര്യമായെന്നും ചെയ്തില്ലെന്നും വിമർശിച്ചു. ഇതിന് ശേഷം പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് വിളിച്ചില്ലെന്ന പരാതിയുമായി വേദിവിട്ടു. ഇതോടെ ഇടത് പ്രവർത്തകരും കോൺഗ്രസുകാരും തമ്മിൽ തർക്കമായി. മുഖ്യമന്ത്രി ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ശിവൻകുട്ടിയുടെ ആരോപണത്തിന് ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് മറുപടിയും നൽകി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 2011 ഒക്ടോബർ മൂന്നിന് കൂടിയ സർവ്വകക്ഷിയോഗത്തിലാണ് കരമന-കളിയിക്കാവിള വികസനത്തിന് ജീവൻ വച്ചതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. എന്നാൽ വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇന്ന് സാക്ഷാത്ക്കരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി എസ്.ശിവകുമാർ പറഞ്ഞു. 285 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള റോഡ് വികസനത്തിന് 76 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ എംപി, ഡപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ, എംഎ‍ൽഎമാരായ ആർ.സെൽവരാജ്, എ.ടി.ജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അൻസജിതാ റസൽ, പ്രമുഖ ഗാന്ധിയനായ പി.ഗോപിനാഥൻ നായർ, മറ്റ് ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP