Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭൂനികുതിയും വെള്ളക്കരവും വർദ്ധിപ്പിച്ചു; വീര്യം കൂടിയ മദ്യത്തിന് 20 ശതമാനം നികുതി കൂട്ടി; ബിയറിന്റെയും വൈനിന്റെയും സിഗരറ്റിന്റെയും വില കൂടും: കാലിയായ ഖജനാവ് നിറയ്ക്കാൻ ജനങ്ങളെ പിഴിയാൻ ഉറച്ച് യുഡിഎഫ് സർക്കാർ

ഭൂനികുതിയും വെള്ളക്കരവും വർദ്ധിപ്പിച്ചു; വീര്യം കൂടിയ മദ്യത്തിന് 20 ശതമാനം നികുതി കൂട്ടി; ബിയറിന്റെയും വൈനിന്റെയും സിഗരറ്റിന്റെയും വില കൂടും: കാലിയായ ഖജനാവ് നിറയ്ക്കാൻ ജനങ്ങളെ പിഴിയാൻ ഉറച്ച് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: സമ്പൂർണ്ണ മദ്യനിരോധം ഏർപ്പെടുത്തുന്നതിന് മുമ്പുതന്നെ സംസ്ഥാന സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ വെള്ളക്കരവും ഭൂനികുതിയും മദ്യവിലയും വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളക്കരം 50 ശതമാനം മുതൽ 60 ശതമാനംവരെ വർധിപ്പിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

10,000 ലിറ്റർവരെ വെള്ളം ഉപയോഗിക്കുന്ന ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായി വെള്ളം നൽകുന്നത് തുടരും. 10,000 ലിറ്റർവരെ വെള്ളം ഉപയോഗിക്കുന്നവർക്കും നിരക്കുവർധനവ് ഏർപ്പെടുത്തിയിട്ടില്ല. അതിനുമുകളിൽ വെള്ളം ഉപയോഗിക്കുന്നവർക്കാണ് നികുതി വർദ്ധന ബാധകമാകുക. അധികമായി ഉപയോഗിക്കുന്ന ഓരോ കിലോലിറ്ററിനും രണ്ട് രൂപയുടെ വർധന. 10,000 കിലോ ലിറ്ററിനു മുകളിൽ ഓരോ കിലോലിറ്ററിനും ആറ് രൂപ നൽകണം. നേരത്തെ ഇത് നാലു രൂപയായിരുന്നു.

വീര്യം കൂടിയ മദ്യത്തിലും ബിയറിനും സിഗരറ്റിനും വിലകൂട്ടാനും സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്തസമ്മേളത്തിൽ അറിയിച്ചു. ബിവറേജസ് കോർപ്പറേഷനിൽ നിന്നും വിൽക്കുന്ന ബിയർ, വൈൻ ഒഴിച്ചുള്ള മദ്യത്തിന്റെ നികുതി ഇരുപത് ശതമാനമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ബാർ തൊഴിലാളികളുടെ പുനരുദ്ധാരണത്തിനായി അഞ്ച് ശതമാനം അധിക സെസ്സും ഈടാക്കുമെന്ന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങൾ വിശദീകരിക്കവെ ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ബിയർ വൈൻ തുടങ്ങിയവയുടെ നികുതി 50 ശതമാനത്തിൽ നിന്നും 70 ശതമാനമായി വർധിപ്പിക്കാൻ തീരുമാനമായി. ഇതോടെ 1200 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിഗററ്റ്, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് 30 ശതമാനത്തിൽ നിന്നും 55 ശതമാനമായി നികുതി വർധിപ്പിച്ചു. നികുതി വർധനയിലൂടെ 1130 കോടി അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഭൂനികുതിയും വർധിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിൽ ഇരുപത് സെന്റ് വരെ സെന്റിന് ഒരു രൂപയും ഇതുപത് സെന്റിന് മുകളിൽ രണ്ട് രൂപയുമായിരിക്കും. മുനിസിപ്പാലിറ്റി ടൗൺഷിപ്പുകളിൽ ആറ് സെന്റ് വരെ ഒരു രൂപയും, ആറ് സെന്റിന് മുകളിൽ നാല് രൂപയും കോർപ്പറേഷനുകളിൽ നാല് സെന്റ് വരെ നാല് രൂപയും നാല് സെന്റിന് മുകളിൽ എട്ട് രൂപയുമായിരിക്കും. പത്തുമുതൽ 1,000 രൂപവരെയുള്ള ഫീസുകൾ 50 ശതമാനം വർധിക്കും. 1,000 മുതൽ 2,000 വരെയുള്ള ഫീസുകൾ 25 ശതമാനവും 10,000 ന് മുകളിലുള്ള ഫീസുകൾ 15 ശതമാനവും വർധിപ്പിക്കും. വിദ്യാഭ്യാസ രംഗത്തെ ഫീസുകൾക്ക് വർധന ബാധകമല്ല.

പ്ലാന്റേഷൻ നികുതി വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. തെങ്ങ്, കവുങ്ങ്, റബർ, കാപ്പി, തേയില, ഏലം, കുരുമുളക് തോട്ടങ്ങളുടെ നികുതിയിലാണ് വർദ്ധന വരുത്തിയത്. 2 ഹെക്ടറിൽ താഴെ തോട്ടങ്ങൾക്ക് നികുതിയില്ല. തുടർന്നുള്ള സ്ലാബുകളിലും ആദ്യത്തെ രണ്ടു ഹെക്ടറിനു നികുതിയില്ല. 2-4 സ്ലാബിൽ മൂന്നും നാലും ഹെക്ടറിന് 100 രൂപ വീതവും 4-8 സ്ലാബിൽ മൂന്നു മുതൽ 8 വരെ ഹെക്ടറിന് 300 രൂപയും വർദ്ധിപ്പിക്കും. എട്ട് മുതൽ 15 ഹെക്ടർ വരെ സ്ഥലമുള്ളവരുടെ നികുതി 400 ആയും 15-25 സ്ലാബിൽ ഹെക്ടറിന് 500 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 25 ഹെക്ടറിനു മുകളിൽ മൂന്നു മുതൽ ഹെക്ടറിന് 700 രൂപയാണ് വർദ്ധന.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിയമന നിരോധനമില്ല, എന്നാൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നികുതി കുടിശിക പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കും. മന്ത്രിമാർ അത്യാവശ്യത്തിന് മാത്രമെ വിദേശയാത്രകൾ നടത്തൂ. മന്ത്രിമാർ മാർച്ച് മാസംവരെ ശമ്പളത്തിന്റെ 20 ശതമാനം വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശയാത്രകൾ അത്യാവിശ്യത്തിന് മാത്രം നടത്തിയാൽ മതിയെന്നും തീരുമാനിച്ചു. കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതംകുറഞ്ഞതാണ് സർക്കാറിനെ ബാധിച്ചു. വികസന പ്രവർത്തനത്തിനുള്ള ചെലവ് വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP