Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്‍മോഹന്‍, ബ്രിട്ടന്റെ ഈ എച്ചില്‍ വേണ്ടന്നുവയ്ക്കാന്‍ അങ്ങയ്ക്ക് കഴിയില്ലേ?

മന്‍മോഹന്‍, ബ്രിട്ടന്റെ ഈ എച്ചില്‍ വേണ്ടന്നുവയ്ക്കാന്‍ അങ്ങയ്ക്ക് കഴിയില്ലേ?

എഡിറ്റോറിയൽ

ഇന്നിറങ്ങിയ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ രണ്ട് വാര്‍ത്തകളാണ് ഇന്ത്യയെ ഇകഴ്ത്താനും ഇകഴ്ത്തി വാഴ്ത്താനുമായി ഉപയോഗിക്കുന്നത്. ഒന്ന് വിദേശകാര്യമന്ത്രി കൃഷ്ണ നടത്തിയ കുപ്രസിദ്ധ പോര്‍ച്ചുഗീസ് പ്രസംഗംആണ്. രണ്ടാമത്തേത് ഇന്ത്യക്ക് വര്‍ഷം തോറും 280 മില്ല്യണ്‍ പൗണ്ട് വീതം സഹായം ചെയ്യുന്നതിലെ അപാകത ചൂണ്ടിക്കാട്ടി, ഇകഴ്ത്തുവാന്‍ വേണ്ടുയുള്ള ഒരു പുകഴ്ത്തലും.

ഡെയ്‌ലി മെയില്‍ മുതല്‍ ടെലഗ്രാഫ് വരെയുള്ള പത്രങ്ങള്‍ പതിവുപോലെ ഇന്ത്യയെ ആക്ഷേപിക്കുന്ന എല്ലാ പദങ്ങളും ഉപയോഗിച്ചാണ് വരുന്ന അഞ്ച് വര്‍ഷക്കാലം ഇന്ത്യയുടെ പിച്ചച്ചട്ടിയില്‍ ബ്രിട്ടന്‍ വലിച്ചിടുവാന്‍ പോകുന്ന ഒരു ബില്ല്യണ്‍ പൗണ്ടിന്റെ ചരിത്രം എഴുതിയിരിക്കുന്നത്. ഇന്ത്യ ഇതിന് അഹര്‍തയില്ലാത്ത രാജ്യമാണ് എന്ന് സ്ഥാപിക്കുവാന്‍ വേണ്ടി ആണെങ്കില്‍ കൂടി ഇന്ത്യയെ കുറിച്ച് ചില നല്ല കാര്യങ്ങള്‍ എഴുതുവാന്‍ ഈ പത്രങ്ങള്‍ക്ക് കഴിഞ്ഞുവല്ലോ എന്നാശ്വസിക്കാം. ഇതിനെയാണ് ഞങ്ങള്‍ ഇകഴ്ത്തുവാന്‍ വേണ്ടിയുള്ള പുകഴ്ത്തല്‍ എന്ന് വിശേഷിപ്പിച്ചത്.

ഇന്നിറങ്ങിയ ഡെയ്‌ലി മെയില്‍ ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവര്‍ ഇമേജായി നല്‍കിയിരിക്കുന്നത് ശില്‍പ്പ ഷെട്ടിയുടെയും വിജയ് മല്യയുടെയും ചിത്രങ്ങളാണ്.''Our £1bn aid to India: A nation with three times as many billionaires as we have
'''എന്ന വിശാലമായ തലക്കെട്ടില്‍ ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'എ ജെയ്ന്റ് ലിവിങ് പൊവേര്‍ട്ടി ബാക്ക് എന്ന സബ് ടൈറ്റിലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫാക്റ്റ് ഫയലില്‍ ഇന്ത്യയുടെ സാമ്പത്തിക ശക്തിയെയാണ് വര്‍ണ്ണിക്കുന്നത്.

ഡെയ്‌ലി ടെലഗ്രാഫും ഡെയ്‌ലി എക്‌സ്പ്രസുമൊക്കെ ഇതേ വഴിയെ തന്നെ ആക്ഷേപം ചൊരിയുകയാണ്. ഇവരൊക്കെ ഒറ്റസ്വരത്തില്‍ പറയുന്നത് ഇന്ത്യയെ പോലൊരു രാജ്യത്തിന് സാമ്പത്തിക സഹായം ചെയ്യുന്നത് നിര്‍ത്തണം എന്നാണ്. അവര്‍ക്ക് അതിന് പറയുവാന്‍ ഏറെ ന്യായങ്ങള്‍ ഉണ്ട്. ബ്രിട്ടണില്‍ വെറും 29 ബില്ല്യണേഴ്‌സ് ഉള്ളപ്പോള്‍ ഇന്ത്യയില്‍ 69 പേര്‍ ഡോളര്‍ അടിസ്ഥാനത്തിലുള്ള ബില്ല്യണേഴ്‌സ് ആണെന്ന് ഈ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ബ്രിട്ടന്റെ ജനസംഖ്യയോട് ഏതാണ്ട് അടുത്തുവരുന്ന എണ്ണമായ 46.7 മില്ല്യണ്‍ ആളുകള്‍ ഇന്ത്യയില്‍ ഉയര്‍ന്ന വരുമാനം ഉള്ളവരുടെ ഗണത്തില്‍ പെടുന്നവരാണെന്നാണ് ഇവര്‍ കണക്കുകളെ ഉദ്ധരിച്ച് പറയുന്നത്.

ജിഡിപി അടിസ്ഥാനത്തില്‍ ലോകത്തെ സമ്പന്നമായ രാജ്യങ്ങളില്‍ 11-ാം സ്ഥാനത്തുള്ള, ചൈന കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന (വളര്‍ച്ചാ നിരക്ക് 8.5 ശതമാനം), 23 ബില്ല്യണ്‍ പൗണ്ട് വാര്‍ഷിക പ്രതിരോധ ബഡ്ജറ്റ് ഉള്ള ഇന്ത്യയ്ക്ക് എന്തിന് നമ്മള്‍ സഹായം ചെയ്യണമെന്നതാണ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. മൊത്തം വരുമാനത്തിന്റെ രണ്ട് ശതമാനം മാത്രം പ്രതിരോധ ആവശ്യത്തിന് വേണ്ടി ബ്രിട്ടണ്‍ ചിലവാക്കുമ്പോള്‍ ഇന്ത്യ ചിലവാക്കുന്നത് 2.6 ശതമാനം ആണെന്ന് ആരോപിക്കുന്ന മാധ്യമങ്ങള്‍ ഏറ്റവും ഒടുവിലായി പറഞ്ഞവസാനിപ്പിക്കുന്നത് വലിയൊരു കുശുമ്പാണ്. 1.7 ബില്ല്യണ്‍ പൗണ്ട് മുടക്കി 2016- ശൂന്യാകാശത്തേക്ക് ആളെ അയക്കുവാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഈ സഹായം വേണോ എന്നതാണ്.

ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളെ നമുക്ക് കുറ്റം പറയാന്‍ കഴിയില്ല. ഇവരുടെ വാക്കുകളിലെ കുശുമ്പു മാറ്റി നിര്‍ത്തിയാല്‍ ഇവര്‍ ഈപ്പറയുന്നതൊക്കെ പച്ച പരമാര്‍ത്ഥമല്ലേ? വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ നില്‍ക്കുന്ന ഒരു രാജ്യം, ഏത് നിമിഷവും തകര്‍ന്നു വീഴുന്ന എന്‍എച്ച്എസ് പോലെയുള്ള ഒരു ആരോഗ്യ സംവിധാനം കാത്ത് സൂക്ഷിക്കുവാന്‍ പെടാപ്പെടുന്ന ഒരു രാജ്യം, പണം ഇല്ലാത്തതുകൊണ്ട് അനേകം പൊതുമേഖല ജോലികള്‍ വെട്ടികുറയ്ക്കുന്ന ഒരു രാജ്യം, ഇവര്‍ ഇന്ത്യയെ പോലെ പത്ത് ശതമാനത്തിനടുത്ത് വളര്‍ച്ചാനിരക്ക് കാണിക്കുന്ന ഒരു രാജ്യത്തിന് സഹായം ചെയ്യണമോ എന്ന ചോദ്യത്തില്‍ എന്താണ് പിശക്?

ബഹുമാന്യനായ പ്രധാനമന്ത്രി, പാശ്ചാത്യ മാധ്യമങ്ങളിലെ ഈ വിചാരണ കാണുമ്പോള്‍ ഞങ്ങള്‍ പ്രവാസികളുടെ തൊലി ഉരിയുകയാണ്. എന്തിനുവേണ്ടിയണ് അങ്ങ് ഈ പിച്ച വാങ്ങാനായി ഒരുളുപ്പുമില്ലാതെ ഭിക്ഷാപാത്രവുമായി ക്യൂ നില്‍ക്കുന്നത്? ഹുങ്കു പറഞ്ഞു നടക്കുന്ന ഇത്തരം പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ മനുഷ്യ വിഭവ ശേഷിയും സമ്പത്തുമൊക്കെ നമുക്കില്ലേ? നേരാംവണ്ണം നികുതി പിരിച്ചാല്‍ ഇവര്‍ വച്ചു നീട്ടുന്ന പിച്ചക്കാശിന്റെ പതിന്‍മടങ്ങ് അങ്ങയ്ക്ക് ശേഖരിക്കുവാന്‍ കഴിയില്ലേ? സ്വിസ്സ് ബാങ്കുകളും മറ്റും ഒളിച്ചുവച്ചിരിക്കുന്ന കോടാനുകോടി കള്ളപ്പണം കണ്ടെടുത്താല്‍ ഇവരുടെ ഈ ദയാദാക്ഷിണ്യം തിരസ്‌കരിക്കുവാന്‍ കഴിയില്ലേ? അഴിമതിയുടെ പേരില്‍ ഈ രാജ്യത്തെ നിയമ സംവിധാനം മുതല്‍ രാഷ്ട്രീയ കോമരങ്ങള്‍ വരെ വാരിക്കൂട്ടിയിരിക്കുന്ന കണക്കില്ലാത്ത സ്വത്ത് പിടിച്ചെടുക്കുവാനും അങ്ങ് നോക്കിയാല്‍ കഴിയില്ലേ?

സുനാമി ഉണ്ടായപ്പോള്‍ സഹായ വാഗ്ദാനങ്ങളുമായി വാതില്‍ മുട്ടിയ വിദേശ രാജ്യങ്ങളോട,#് വേണ്ട ഞങ്ങള്‍ക്കിത് മാനേജ്‌ചെയ്യാന്‍ അറിയാം എന്ന അങ്ങ് പറഞ്ഞതു കേട്ട് അഭിമാനപൂര്‍വ്വം നടന്നവരാണ് ഞങ്ങള്‍. ആ തന്റേടമാണ് പിച്ചക്കാശിന് കണക്കു പറയുന്ന ബ്രിട്ടനോട് കാണിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബ്രിട്ടനോട് മാത്രമല്ല, ഞങ്ങളുടെ സഹായം കൊണ്ടാണ് നമ്മള്‍ ജീവിച്ചുപോകുന്നത് എന്ന് കരുതുന്ന എല്ലാ രാജ്യങ്ങളോടും ഇനി നിങ്ങളുടെ ഔദാര്യം വേണ്ടന്നു പറയണം.

സ്വത്തിനോട് ഭ്രാന്തുള്ള ഒരു സാദാ രാഷ്ട്രീയക്കാരന്‍ അല്ല അങ്ങ് എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ യാചിക്കുകയാണ്, ദയവായി ഈ ഭിക്ഷ വേണ്ട എന്ന് തന്റേടത്തോടെ വിളിച്ചു പറയുക. അങ്ങേയ്ക്ക് മാത്രമേ അതിന് കഴിയൂ. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഊച്ചാളി രാഷട്രീയക്കാര്‍ക്ക് അതിനുള്ള നട്ടെല്ലുണ്ടാകില്ല. ഇന്ത്യക്ക് ഇപ്പോള്‍ വേണ്ടത് ഇത്തരം തന്റേടമാണ്, അല്ലാതെ സായിപ്പന്‍മാര്‍ വച്ചു നീട്ടുന്ന ഈ പിച്ചക്കാശല്ല. അങ്ങ് ഇത് തിരിച്ചറിയുമോ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP