Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോൾ,ഡീസൽ വില കേരളത്തിൽ മാത്രം കുറയില്ല! സാമ്പത്തിക പ്രതിസന്ധയിൽ ലൈറ്റ് മെട്രോയ്ക്കായി സർക്കാർ ഖജനാവിൽ കാശില്ല; ഇന്ധന സെസിലൂടെ മൂലധനം കണ്ടെത്താൻ പൊതുമരാമത്ത് വകുപ്പ്; പെട്രോളിനും ഡീസലിനും 5 രൂപ കൂടിയേക്കും

പെട്രോൾ,ഡീസൽ വില കേരളത്തിൽ മാത്രം കുറയില്ല! സാമ്പത്തിക പ്രതിസന്ധയിൽ ലൈറ്റ് മെട്രോയ്ക്കായി സർക്കാർ ഖജനാവിൽ കാശില്ല; ഇന്ധന സെസിലൂടെ മൂലധനം കണ്ടെത്താൻ പൊതുമരാമത്ത് വകുപ്പ്; പെട്രോളിനും ഡീസലിനും 5 രൂപ കൂടിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റേയും കൊച്ചിയുടേയും സ്വപ്‌നമായിരുന്നു മോണോ റയിൽ. എന്നാൽ പദ്ധതി ചെലവ് ഉയർന്നതോടെ പ്രതീക്ഷ തകർന്നു. പകരം ലൈറ്റ് മെട്രോയെത്തി. തീരുമാനമെല്ലാം എടുത്തു. പക്ഷേ പദ്ധതിക്ക് ചെലവിടാൻ സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ കാശില്ല. അതുകൊണ്ട് തന്നെ പെട്രോൾ-ഡീസൽ വില ഉയർത്തി മൂലധനം കണ്ടെത്താനാണ് തീരുമാനം.

പദ്ധതിക്ക് പണമില്ലെന്ന് ധനവകുപ്പ് കടുപ്പിച്ചതോടെയാണ് പൊതുമരാമത്ത് വകുപ്പ് പ്രതിസന്ധിയിലാകുന്നത്. എന്തായാലും പദ്ധതി ഉപേക്ഷിക്കാനും കഴിയില്ല. അതിനാൽ തലസ്ഥാനത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നിർമ്മിക്കുന്നതിനു വേണ്ട ഫണ്ട് കണ്ടെത്താൻ ഇന്ധന വിലയിൽ അഞ്ചു ശതമാനം വരെ സെസ്സ് ചുമത്താൻ പൊതുമരാമത്ത് വകുപ്പ് ശുപാർശ നൽകും. 5,510 കോടി രൂപയുടെ പദ്ധതിക്ക് പ്രത്യേക ഫണ്ട് കണ്ടെത്താതെ അനുമതി നൽകാൻ നിവൃത്തിയില്ലെന്ന നിലപാടാണ് ഇതിന് കാരണം.

ഇതോടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുടെ കുറവ് കേരളത്തിലേയും പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കില്ലെന്ന് വ്യക്തമായി. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശത്തിന് അടുത്ത മന്ത്രിസഭ അംഗീകാരം നൽകിയാൽ പെട്രോളിനും ഡീസലിനും അഞ്ച് രൂപ വില കൂടുമെന്ന് സാരം. ശമ്പളം കൊടുക്കാൻ പോലും കടമെടുക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്ന ചോദ്യം ധനവകുപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തേയും മലബാറിന്റേയും വികസന സ്വപ്നത്തെ തകർക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും.

8000 കോടിയിലേറെ രൂപ ഈ വർഷം തന്നെ കടമെടുത്തു കഴിഞ്ഞു. സഞ്ചിത കടം 1,26,000 കോടിയിലും എത്തി നിൽക്കുന്നു. അതിനാൽ ലൈറ്റ് മെട്രോയ്ക്കായി 5510 കോടി രൂപയുടെ പദ്ധതി സാമ്പത്തിക സ്ഥിതി തകർക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്. ദേശീയ പാതാ വികസനത്തിന് സ്ഥലമെടുപ്പും നടത്തണം. ഇതിനും വലിയ തുക വേണം. വിപണി വിലയിൽ സ്ഥലം ഏറ്റെടുക്കലെന്ന സർക്കാർ നയമാണ് ബാധ്യത കൂട്ടുന്നത്. ഇതിനൊപ്പം വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവള പദ്ധതിയും വെല്ലുവിളിയായുണ്ട്.

അതുകൊണ്ടാണ് മറ്റ് സാമ്പത്തിക വഴികൾ തേടിയേ പറ്റൂ എന്ന നിലപാട് ലൈറ്റ് മെട്രോയിൽ ധനവകുപ്പ് എടുത്തത്. കൂറ്റൻ ചെലവ് പ്രതീക്ഷിക്കുന്ന ലൈറ്റ് മെട്രോയുടെ സാമ്പത്തിക സ്രോതസ്സ് തീരുമാനിക്കാതെ മുന്നോട്ടു പോകുന്നതിൽ അർഥമില്ലെന്ന നിലപാട് ധനവകുപ്പ് എടുത്തത്. ഇത് പരിഗണിച്ചാണ് ഇന്ധന സെസ് എന്ന നിലപാടിലേക്ക് പൊതുമരാമത്ത് വകുപ്പ് എത്തുന്നത്. സാധന വില വർദ്ധനയും യാത്രാ ചെലവും കൂട്ടുന്ന ഈ തീരുമാനം പ്രതിഷേധമുണ്ടാക്കുമെന്നും അറിയാം. എന്നാൽ ഇതല്ലാതെ മറ്റ് വഴികളില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് നൽകുന്ന സൂചന.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഈ ചിന്തയിലേക്ക് എത്തിക്കുന്നത്. അധിക വിഭവ സമാഹരണത്തിനായി വെള്ളക്കരവും കെട്ടിടനികുതിയും എല്ലാം ഉയർത്തി. എന്നിട്ടും വികസന പ്രവർത്തനത്തിന് തികയുന്നില്ലെന്നാതണ് വസ്തുത. ഈ മാസം 29ന് പണം കിട്ടത്തക്ക വിധം 500 കോടി രൂപയുടെ കടപ്പത്രം ഇറക്കുന്നതിന് ധനവകുപ്പ് വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 14ന് 1000 കോടി കടമെടുത്തിരുന്നു. ഇതോടെ ഈ മാസം മാത്രം കടമെടുക്കുന്ന തുക 1500 കോടിയായി.

ഈ സാമ്പത്തിക വർഷം 13,000 കോടിയിലേറെ രൂപയാണ് കടമെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പരിധി. ഇപ്പോഴത്തേതും കൂടിയാകുമ്പോൾ അതിൽ 8500 കോടിയും കടമെടുത്തു കഴിയും. സാമ്പത്തിക വർഷത്തിൽ ഇനി അഞ്ച് മാസം അവശേഷിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ലൈറ്റ് മെട്രോയ്ക്ക് ഇന്ധന സെസ് എന്ന ആശയമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP