Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറിവില്ലായ്മ മൂലം ദേശീയ പതാക തിരിച്ചുകെട്ടിയതിന് ഒരു പാവം കോടതി കയറിയത് ഏഴുവർഷം; ഈ പഴഞ്ചൻ നിയമങ്ങൾ മാറ്റാൻ നേരമായില്ലേ?

അറിവില്ലായ്മ മൂലം ദേശീയ പതാക തിരിച്ചുകെട്ടിയതിന് ഒരു പാവം കോടതി കയറിയത് ഏഴുവർഷം; ഈ പഴഞ്ചൻ നിയമങ്ങൾ മാറ്റാൻ നേരമായില്ലേ?

ദേശീയ പതാകയോടും ദേശീയ ചിഹ്നങ്ങളോടും അനാദരവ് കാട്ടുന്നത് തീർച്ചയായും ശിക്ഷാർഹമായ തെറ്റുതന്നെയാണ്. എന്നാൽ, അജ്ഞതമൂലം ദേശീയ പതാക തലതിരിച്ചുകെട്ടിയതിന് ഒരു പാവത്തിനെ ഏഴുവർഷം കോടതി കയറ്റുന്നത് നീതിയാണോ? ദേശീയ പതാകയോടുള്ള ആദരവ് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നുവെന്ന് ആവശ്യപ്പെടുന്നതാണ് മൂന്നാറിലെ സൂര്യമുത്തുവിന്റെ അനുഭവം.

മൂന്നാറിലെ പിഡബ്ല്യുഡി ഓഫീസിൽ താൽക്കാലിക ജീവനക്കാരനാണ് സൂര്യമുത്തു. 2007-ലെ സ്വാതന്ത്ര്യദിനത്തിൽ ഓഫീസിനുമുന്നിൽ ദേശീയ പതാക ഉയർത്തിയതാണ് സൂര്യമുത്തുവിന്റെ ജീവിതത്തെ കോടതി വരാന്തയിലേക്ക് തള്ളിയിട്ടത്. ദേശീയ പതാകയെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ കൈയബദ്ധം പറ്റിയതുകൊണ്ടോ സൂര്യമൂർത്തി ഉയർത്തിയ പതാക തലതിരിഞ്ഞുപോയി.

പിഡബ്ല്യുഡി ഓഫീസിൽ പതാക തലകീഴായി ഉയർത്തിയിരിക്കുന്നതു കണ്ട് ഒരു സ്വകാര്യ വ്യക്തി പൊലീസിനെ അറിയിക്കുകയായിരുന്നു. സർക്കാർ അധികൃതർ തന്നെ ദേശീയ പതാകയെ അവഹേളിക്കുന്നുവെന്ന പരാതിയിൽ സൂര്യമുത്തുവാണ് പതാക ഉയർത്തിയതെന്ന് കണ്ടെത്തി. കേസ് കോടതിയിലുമെത്തി. ഏഴുവർഷമാണ് ഈ കേസിന്റെ വാദപ്രതിവാദങ്ങൾ നീണ്ടുപോയത്.

സൂര്യമുത്തുവിന്റെ അറിവില്ലായ്മയാണ് പതാക തലകീഴായി ഉയർത്താനിടയാക്കിയതെന്നും മനപ്പൂർവം ദേശീയ പതാകയെ അവഹേളിക്കുകയായിരുന്നില്ലെന്നുമുള്ള അഭിഭാഷകരുടെ വാദം ഒടുവിൽ ദേവികുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. വാദം കേട്ട ജഡ്ജി പ്രമോദ് മുരളി, ശനിയാഴ്ച സൂര്യമുത്തുവിനെ വെറുതെവിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

സൂര്യമുത്തുവിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ഓരോ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും കടന്നുപോകുന്നത് ഇതുപോലുള്ള ഒട്ടേറെ കേസ്സുകൾക്ക് വഴിയൊരുക്കിക്കൊണ്ടാണ്. ദേശീയ പതാകയുടെ രൂപം എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാവില്ല ചിലപ്പോൾ സംഭവിക്കുന്നത്. ചിലപ്പോൾ, പതാക കെട്ടുന്നതിനുള്ള അബദ്ധം പോലും ഒരാളെ കേസ്സിൽകുരുക്കാം. ദേശീയ പതാക തലകീഴായി തൂക്കുന്നത് തെറ്റുതന്നെയാണെങ്കിലും, ആ തെറ്റിന് ഏഴുവർഷം കോടതി കയറിയിറങ്ങേണ്ടിവരുന്നത് അതിലും വലിയ പാതകമാണെന്ന കാര്യത്തിൽ സംശയമില്ല.

ദേശീയ പതാകയോടും ദേശീയ ഗാനത്തോടും ദേശീയ ചിഹ്നങ്ങളോടും പുലർത്തേണ്ട മര്യാദകളെക്കുറിച്ചും വ്യക്തമായ നിർദേശങ്ങൾ നൽകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അടുത്തിടെ തിരുവനന്തപുരത്ത് സിനിമാ തീയറ്ററിൽ ദേശീയ ഗാനം മുഴങ്ങിയപ്പോഴുണ്ടായ വിവാദം ഇനിയും അസ്തമിച്ചിട്ടില്ല. ബോധപൂർവമായ അവഹേളനം ശിക്ഷാർഹമാണെങ്കിലും, അജ്ഞതയെയും കൈയബദ്ധങ്ങളെയും അതേ രീതിയിൽ കാണാനും നിയമങ്ങൾക്കാവണം. സാഹചര്യം വിലയിരുത്തിവേണം നിയമപാലകർ ഇക്കാര്യത്തിൽ നടപടികളെടുക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP