Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സദ്ദാം ഹുസൈൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഫ്രാൻസിലെ നിരപരാധികൾ കൂട്ടക്കൊലയ്ക്ക് ഇരയാകുമായിരുന്നോ? സിറിയയുടെ കണ്ണുനീരിന് നേരെ അറബ് രാഷ്ട്രങ്ങളെപ്പോലെ മുഖം തിരിച്ചിരുന്നെങ്കിൽ യൂറോപ്പിന് ഇങ്ങനെ കരയേണ്ടി വരുമായിരുന്നോ?

സദ്ദാം ഹുസൈൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഫ്രാൻസിലെ നിരപരാധികൾ കൂട്ടക്കൊലയ്ക്ക് ഇരയാകുമായിരുന്നോ? സിറിയയുടെ കണ്ണുനീരിന് നേരെ അറബ് രാഷ്ട്രങ്ങളെപ്പോലെ മുഖം തിരിച്ചിരുന്നെങ്കിൽ യൂറോപ്പിന് ഇങ്ങനെ കരയേണ്ടി വരുമായിരുന്നോ?

എഡിറ്റോറിയൽ

ന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക ഭീകരതയാണ് എന്നു പറയുന്നതിൽ ആർക്കെങ്കിലും അഭിപ്രായഭിന്നത ഉണ്ടാകുമെന്ന് തോന്നുന്നില്ല. പണ്ടൊക്കെ ഇസ്ലാമിക ഭീകരത എന്ന വാക്കുപോലും ഉപയോഗിച്ചാൽ നാനാഭാഗത്ത് നിന്നും ആക്രമണം പതിവായിരുന്നു. എന്നാൽ ഇന്ന് അതൊരു സത്യമായി ഇസ്ലാമിക ലോകം പോലും അംഗീകരിച്ചിരിക്കുന്നു. ലോകത്ത് ഒരു മതവും മറ്റുള്ളവരെ കൊല്ലാനോ ഇല്ലാതാക്കാനോ പഠിപ്പിക്കില്ല എന്നിരിക്കെ നിരപരാധികളെ കൊന്നൊടുക്കിയും പാവങ്ങളുടെ തല അറുത്തും ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പെടുക്കാൻ ഒരു പറ്റം കാപാലികർ നടത്തുന്ന ശ്രമം ഒരു മതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെ തന്നെ ഛിന്നഭിന്നമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

പാരീസിൽ നടന്ന കൂട്ടക്കൊല ആ കഠിനമായ ആധുനിക ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായങ്ങളാണ്. ജാതിയും മതവും വർണ്ണവും നിറവും ഒന്നുമില്ലാത്ത അനേകം നിരപരാധികളാണ് അവിടെ മരിച്ചുവീണത്. ഇറാഖിലും സിറിയയിലും സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ദൈനംദിനം ഇങ്ങനെ അനേകം നിരപരാധികൾ ഇതേ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്നു. ഇത്തരം ആക്രമണങ്ങൾ ഏത് നിമിഷവും ഉണ്ടായേക്കാം എന്ന് ഭയന്ന് ബ്രിട്ടനും ജെർമനിയും അടങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളും, റഷ്യയും ഇന്ത്യയുമൊക്കെ ഉറക്കമിളയ്ക്കുന്നു. അല്പമെങ്കിലും ഇക്കാര്യത്തിൽ ഭയം കുറവുള്ളത് ലോകത്ത് രണ്ട് രാഷ്ട്രങ്ങൾക്ക് മാത്രമാണ്, അമേരിക്കയ്ക്കും ഇസ്രയേലിനും.

പരിശുദ്ധ ഖുറാന്റെ ചില ഏടുകൾ സാന്ദർഭികമായി എടുത്ത് വച്ച് പ്രവാചകൻ അന്യമത വിശ്വാസികളെ വധിക്കാൻ പഠിപ്പിക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കാൻ ഒരു വലിയ വിഭാഗം സജീവമാണ്. അതിലെ വാസ്തവം ചൂണ്ടിക്കാട്ടി ഇസ്ലാമിനെ പ്രതിരോധിക്കാനോ അക്രമങ്ങൾക്കെതിരെ കടുത്ത നിലപാട് എടുക്കാനോ യഥാർത്ഥ ഇസ്ലാമിന് ഒരു പരിധിക്കപ്പുറം വിജയിക്കാൻ സാധിക്കുന്നില്ല. മോദിയുടെ യുഎഇ സന്ദർശനം വരെ ഗൾഫ് രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ച് ഐസിസ് അടങ്ങിയ ഭീകരർക്ക് ഓശാന പാടുന്നവരും നേരിയ സഹിഷ്ണുത പോലുമില്ലാത്തവരുമായ ഒരു വലിയ വിഭാഗം മലയാളികളെ നമുക്ക് കാണാൻ കഴിയുമായിരുന്നു. എന്തായാലും ആ വിഭാഗം ഇപ്പോൾ ഏതാണ്ട് പൂർണ്ണമായും പിന്മാറിയിരിക്കുന്നു എന്നത് തന്നെ ആശ്വാസകരമായ വസ്തുതയാണ്.

ഇന്ന് ഫ്രാൻസ് ഒലിപ്പിക്കുന്ന കണ്ണുനീർ അല്ലെങ്കിൽ പശ്ചാത്യലോകം അനുഭവിക്കുന്ന ചങ്കിടിപ്പ് ഒരു പരിധി വരെ അവർ സ്വയം വരുത്തിവച്ച വിനയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടർത്ഥത്തിലാണ് അത് പറയേണ്ടത്. ഒന്ന് പാശ്ചാത്യ ലോകത്തിന് സ്വന്തമായുള്ള മനുഷ്യാവകാശം മനുഷ്യസ്‌നേഹം എന്നിവയുടെ ദുരന്തമാണിത്. ഇപ്പോൾ ബോബ് പൊട്ടിച്ചവരിൽ ചിലർ ഏതാനും ആഴ്ചകൾക്ക് മുമ്പ് അഭയം തേടി സിറിയയിൽ നിന്നും എത്തിയവരാണ് എന്നത് ഇതിന് തെളിവായി മാറുന്നു. സിറിയയിൽ നിന്നും വീടും കൂടും നഷ്ടപ്പെട്ട് ആയിരങ്ങൾ കടൽ താണ്ടിയും പുഴ നീന്തിക്കൊണ്ടും ജീവൻ പണയപ്പെടുത്തി എത്തിയപ്പോൾ അവരെ രണ്ട് കൈയും നീട്ടി സ്വീകരിച്ചതാണ് യൂറോപ്പ് ചെയ്ത തെറ്റ്.

ഒഴുകിയെത്തിയവരുടെ എണ്ണം പെരുകിയപ്പോൾ ഇടയ്ക്ക് അവർ അതിർത്തി അടയ്ക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ എന്തായിരുന്നു ഒരു ബഹളം. കണ്ണിൽ ചോരയില്ലാത്ത പാശ്ചാത്യ ലോകത്തെ ഓർത്ത് നമ്മൾ ആക്രോശിക്കുകയായിരുന്നില്ലേ? അഭയാർത്ഥികൾക്കൊപ്പം ഭീകരരും എത്തുന്നു എന്ന വിശ്വസനീയമായ വാർത്ത ലഭിച്ചപ്പോൾ അതേക്കുറിച്ച് ചില നിയന്ത്രണങ്ങൾ ആലോചിച്ചപ്പോൾ നമ്മൾ ഉറക്കെ അവരുടെ ജനാധിപത്യ ബോധത്തെ പരിഹസിച്ചു. എന്നിട്ട് ഇപ്പോൾ നമ്മൾ സുരക്ഷിതരായി നമ്മുടെ വീടുകളിൽ കഴിയുമ്പോൾ ഈ പരിഹാസവും പഴിയും കേട്ടവർ അതിന്റെ ദുരന്തം ഏറ്റ് വാങ്ങുന്നു. പാരീസ് നഗരത്തിൽ പൊലിഞ്ഞുപോയ ഓരോ ജീവനും മഹത്തായ മാനവികതയുടെ അധ്യായങ്ങളാവുന്നത് ഇങ്ങനെയാണ്.

എന്തുകൊണ്ടാണ് നമ്മളാരും കണ്ണ് തുറക്കാത്ത അറബ് രാഷ്ട്രങ്ങളെക്കുറിച്ച് വ്യാകുലപ്പെട്ടില്ല? ഈ അഭയാർത്ഥികളെ മുഴുവൻ സ്വീകരിക്കാൻ ഈ അറബ് രാഷ്ട്രങ്ങൾക്ക് സാധിക്കുമായിരുന്നില്ലേ? അത് ആരും ചോദിക്കുന്നില്ല. ഇവർ ഇപ്പോൾ മാത്രമല്ല അബദ്ധം കാണിച്ചത് എന്നതും ശ്രദ്ധിക്കണം. ഒരൊറ്റ കറുത്ത വർഗ്ഗക്കാരനോ അറബിയോ ഏഷ്യക്കാരനോ ഈ രാജ്യത്ത് കയറിപ്പറ്റുമായിരുന്നില്ല അവർക്ക് മാനവികത ഇല്ലായിരുന്നെങ്കിൽ. അറബ് രാഷ്ട്രങ്ങൾ ഇപ്പോഴും വിദേശികളെ ജോലിക്കെടുത്ത് ആവശ്യം കഴിഞ്ഞ് തിരിച്ചയക്കാറുണ്ട്. എന്നാൽ പാശ്ചാത്യ ലോകം അവിടെ വിദേശികളെ സ്വീകരിച്ച് അവന് തുല്യ പരിഗണന നൽകി പൗരത്വവും മറ്റ് ആവശ്യങ്ങളും നൽകി അവരുടെ ഭാഗമാക്കി വളർത്തിയ ശേഷം അവരാൽ തിരിച്ചടി ഏറ്റെടുക്കുകയാണ് ഇപ്പോൾ. അതാണ് ചരിത്രത്തിലെ ഏറ്റവും ഹീനമായ തമാശ.

അതേസമയം അമേരിക്കൻ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ നടന്ന ശ്രമങ്ങൾക്ക് യൂറോപ്പ് അറിയാതെയെങ്കിലും ഓശാന പാടിയത് ഈ ദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ട് എന്ന് സമ്മതിക്കാതിരുന്നുകൂടാ. എണ്ണ ലക്ഷ്യമിട്ടു കൊണ്ട് അമേരിക്ക പശ്ചിമേഷ്യയിൽ നടത്തിയ അനാവശ്യ ഇടപെടലുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം. മുസ്ലിം ഹൃദയം മുറിച്ചെടുത്ത് സ്വദേശികളെ പുറത്താക്കി ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ രൂപീകരണം മുതൽ ആരംഭിച്ച അവസ്ഥാണ് ഇന്ന് യുദ്ധമായും കലഹമായും ഖിലാഫത്തായുമൊക്കെ മാറിയിരിക്കുന്നത്.

ഇസ്രയേലിന് ഭിക്ഷണി ഉയർത്താൻ ഇടയുള്ള ഒരു രാജ്യത്തെയും വളരാൻ സമ്മതിക്കരുത് എന്ന വാശിയും താല്പര്യവും കൂടിക്കുഴഞ്ഞാണ് ഇതുവരെ പശ്ചിമേഷ്യയിൽ രാഷ്ട്രീയം രൂപം കൊണ്ടത്. സദ്ദാം ഹുസൈൻ എന്ന ഭരണാധികാരിയെ അനാവശ്യമായി കൊന്നൊടുക്കിയില്ലായിരുന്നെങ്കിൽ ഐസിസ് പിറക്കുമായിരുന്നോ എന്ന ഒറ്റ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ മതി ഈ പ്രശ്‌നത്തിന് പരിഹാരമാകാൻ. ഇറാഖ് പോലെ വളരെ സങ്കീർണമായ ഒരു രാജ്യത്തെ ഒരുമിപ്പിച്ച് കൊണ്ടുപോയിരുന്നത് ഹുസൈന്റെ സാമ്രാജ്യം ആയിരുന്നു എന്ന് ഇപ്പോഴെങ്കിലും അമേരിക്ക തിരിച്ചറിയട്ടെ. ഹുസൈൻ കൊല്ലപ്പെട്ടതോടെ വിഷവിത്തുകൾ ഐസിസിന്റെ രൂപത്തിൽ വെളിയിൽ വരികയായിരുന്നു.

ഇറാനെയും സിറിയെയും ശിഥിലീകരിക്കാൻ
 ഇപ്പോൾ നടത്തുന്ന ശ്രമങ്ങളും ഐസിസിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. സിറിയയിൽ വിമതരെ ഇറക്കി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഐസിസിനെ വളർത്തിയത്. മുമ്പ് അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെ എതിർത്ത് നടത്തിയ ഇടപെടൽ ബിൽ ലാദനെ സൃഷ്ടിച്ചു എന്നറിയാവുന്ന അമേരിക്ക അത് വീണ്ടും ഇങ്ങനെ ആവർത്തിക്കുന്നത് മനഃപൂർവ്വം അല്ല എന്ന് പറയാമോ? ഇന്ന് ലോകം നേരിടുന്ന ഏറ്റവും വിലയ ഭീകരതയുടെ ഉത്തരവാദിത്തത്തിൽ നിന്നും അമേരിക്കയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല എന്ന് തീർച്ച.

ഐസിസിനെ തുടച്ചു നീക്കാൻ റഷ്യ നടത്തിയ ശ്രമങ്ങളോട് അമേരിക്ക കാട്ടിയ ചെറുത്തുനിൽപ്പാണ് എല്ലാവരും കണ്ടത്. ഇനിയെങ്കിലും ചരിത്രത്തിന്റെ ഏടുകൾ തിരുത്തി ലോകം ഒരുമിച്ചുനിന്ന് ഈ ഭീകരതയിൽ നിന്നും നമ്മുടെ ലോകത്തെ രക്ഷിക്കേണ്ടിയിരിക്കുന്നു. ഐസിസിനെ തുടച്ചു നീക്കേണ്ടത്, നിരപരാധികളെ കൊല്ലുന്ന എല്ലാ സംഘടനകളും ഇല്ലാതാക്കേണ്ടത് ഈ ലോകത്തിന്റെ നിലനില്പിന് ആവശ്യമാണ്. അതിന് മൂലകാരണമായ ഭരണകൂട ഭീകരതകൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്നു പറയുമ്പോൾ തന്നെ ഭിന്നതകൾ മാറ്റി വച്ച് ഒരുമിച്ച് നിന്ന് തുടച്ചു നീക്കിയില്ലെങ്കിൽ ഈ ലോകം അവർ തുടച്ചു നീക്കും. അതിനുള്ള വെളിപാടായി വേണം പാരീസ് ആക്രമണം പാഠമാകാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP