Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇതാ സോണിയയുടെ ആദ്യ കാമുകൻ; 14-ാം വയസ്സിൽ മനസ്സുകവർന്ന അന്റോണിയ മെയ്‌നോയുടെ കഥ പറഞ്ഞ് ഇറ്റാലിയൻ ഫുട്‌ബോൾ താരം

ഇതാ സോണിയയുടെ ആദ്യ കാമുകൻ; 14-ാം വയസ്സിൽ മനസ്സുകവർന്ന അന്റോണിയ മെയ്‌നോയുടെ കഥ പറഞ്ഞ് ഇറ്റാലിയൻ ഫുട്‌ബോൾ താരം

ന്റോണിയ ആൽബിനോ മെയ്‌നയെ അധികമാരും അറിയില്ല. ഫ്രാങ്കോ ലൂയിസൺ എന്ന പഴയ ഫുട്‌ബോൾ താരത്തെയും. നാലുവർഷത്തോളം ഇണക്കുരുവികളായി നടന്ന കൗമാരകാലം ഇവർക്കുണ്ടായിരുന്നു. ഫ്രാങ്കോ ലൂയിസൺ അത് വെളിപ്പെടുത്തുന്നതുവരെ ആ കഥ ലോകത്തിന് അജ്ഞാതമായിരുന്നു.

അന്റോണിയ മെയ്‌ന മറ്റാരുമല്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണത്. ഫ്രാങ്കോ ലൂയിസൺ, ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ഒരുകാലത്ത് തിളങ്ങിനിന്ന താരവും. ഇറ്റാലിയൻ മാഗസിനായ 'ജെന്റെ'ക്ക് നൽകിയ ഇന്റർവ്യുവിലാണ് സോണിയ ഗാന്ധിയുമായുള്ള പ്രണയകാലത്തെക്കുറിച്ച് ഫ്രാങ്കോ മനസ് തുറന്നിരിക്കുന്നത്. തനിക്ക് 14 വയസ്സുള്ളപ്പോഴാണ് അന്നേ ഫുട്‌ബോൾ താരമായിരുന്ന ഫ്രാങ്കോയെ അന്റോണിയ കണ്ടുമുട്ടുന്നത്. ജെസോളോയിലെ കടൽത്തീരത്തുവച്ച് ആദ്യ കാഴ്ചയിൽത്തന്നെ അവർക്കിടയിൽ അനുരാഗം മൊട്ടിട്ടു. 26 വയസ്സായിരുന്നു അന്ന് ഫ്രാങ്കോയ്ക്ക് പ്രായം.

നാലുവർഷത്തോളം അവർ പ്രണയിച്ചു. ഇരുവരും ഒന്നിക്കുന്നതിൽ രണ്ടുവീട്ടുകാർക്കും താത്പര്യമായിരുന്നു. ടൂറിനടുത്ത് ഒബ്രെസാനോയിലുള്ള അന്റോണിയയുടെ വീട്ടിൽ ഫ്രാങ്കോ ഒട്ടേറെത്തവണ പോയിട്ടുണ്ട്. വളരെയേറെ സന്തോഷത്തോടെയാണ് അന്റോണിയയുടെ വീട്ടുകാർ ഫ്രാങ്കോയെ സ്വീരിച്ചിരുന്നതും. പരിശീലനമില്ലാത്ത സമയങ്ങളിലെല്ലാം ഫ്രാങ്കോയും അന്റോണിയയും ഒരുമിച്ചാണ് ചെലവഴിച്ചിരുന്നത്.

ഫുട്‌ബോളിനോട് അന്റോണിയക്ക് കാര്യമായ ഭ്രമമൊന്നും ഉണ്ടായിരുന്നില്ല. ചുരുക്കം ചില മത്സരങ്ങൾക്കുമാത്രമാണ് അന്റോണിയ സ്‌റ്റേഡിയത്തിലെത്തിയിട്ടുള്ളത്. ഓരോ സീസൺ കഴിയുന്നതും കാത്തിരിക്കുകയായിരുന്നു അവരുടെ പതിവ്. വേനൽക്കാലത്ത് അവർ ഇരുവരും വിസെൻസയിലേക്ക് പോയി അവധിക്കാലം ആഘോഷിച്ചിരുന്നു. ഫ്രാങ്കോയെ വിവാഹം കഴിക്കണമെന്ന് അന്റോണിയ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ, ഫ്രാങ്കോ വാക്കു നൽകിയില്ല. ഓരോ തവണയും ഓരോ ന്യായങ്ങൾ പറഞ്ഞു അയാൾ ഒഴിഞ്ഞുമാറി.

ഇതിനിടെയാണ് അന്റോണിയ ഇംഗ്ലീഷ് പഠനത്തിനായി കേംബ്രിഡ്ജിലേക്ക് പോയത്. 1964-ൽ. കേംബ്രിഡ്ജിൽ അന്റോണിയയുടെ മനസ്സ് കീഴടക്കാൻ മറ്റൊരാൾ കാത്തുനിന്നിരുന്നു. അന്റോണിയ ഇംഗ്ലണ്ടിലേക്ക് പോകുന്നതിനോട് ഫ്രാങ്കോയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, അവർ പോവുക തന്നെ ചെയ്തു. ഒരു അവധിക്കാലത്ത് ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ അന്റോണിയ കേംബ്രിഡ്ജിൽ താൻ പരിചയപ്പെട്ട യുവാവിനെക്കുറിച്ച് ഫ്രാങ്കോയോട് പറഞ്ഞു.

രാജീവ്. ഇന്ത്യയിലെ വലിയ നേതാവ് ഇന്ദിരാ ഗാന്ധിയുടെ മകൻ. 'എന്നെ രാജീവ് ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമ്മയെ കാണാൻ. ഞാനുടനെ ഡൽഹിക്ക് പോകും'. അന്റോണിയ തിരിച്ചുവന്നത് രാജീവുമായുള്ള വിവാഹം ഉറപ്പിച്ചുകൊണ്ടാണ്. അതുതന്നെ വളരെയേറെ വിഷമിപ്പിച്ചെങ്കിലും, അന്റോണിയയുടെ തീരുമാനം ഫ്രാങ്കോ അംഗീകരിച്ചു. അന്റോണിയ ഇന്ത്യയിലെത്തി സോണിയയായി. 1968-ൽ സോണിയയും രാജീവും വിവാഹിതരായി. അതിന് മുന്നെ ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി.

അന്റോണിയ വേർപിരിഞ്ഞെങ്കിലും, അവരുടെ വീട്ടുകാരുമായി ഫ്രാങ്കോ ഇപ്പോഴും അടുപ്പം പുലർത്തുന്നു. അന്റോണിയ കൈവിട്ടശേഷം പ്രണയിച്ച നോറയാണ് ഫ്രാങ്കോയുടെ ജീവിതസഖി. ആദ്യകാലത്ത് പരിചയപ്പെടുന്നവരെല്ലാം അന്റോണിയയെക്കുറിച്ചാണ് പറഞ്ഞിരുന്നതെന്ന് നോറ പറയുന്നു. അക്കാലത്ത്, അന്റോണിയ തിരിച്ചുവന്ന് ഫ്രാങ്കോയെ സ്വന്തമാക്കുമെന്നുപോലും താൻ ഭയന്നിരുന്നുവെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP