Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പിരിറ്റ് കടത്തുകാരെ ഗുണ്ടാലിസ്റ്റിൽ പെടുത്തും; മദ്യാസക്തിയുള്ള പൊലീസുകാരെ ലഹരിവിമുക്ത കേന്ദ്രങ്ങളിലേക്ക് അയയ്ക്കും; അതിർത്തിയിൽ കർശന പരിശോധന; മദ്യദുരന്തം സൃഷ്ടിച്ചു മദ്യനയം അട്ടിമറിക്കാനുള്ള ശ്രമം തടയും: കർമ്മപദ്ധതിയുമായി രമേശ് ചെന്നിത്തല

സ്പിരിറ്റ് കടത്തുകാരെ ഗുണ്ടാലിസ്റ്റിൽ പെടുത്തും; മദ്യാസക്തിയുള്ള പൊലീസുകാരെ ലഹരിവിമുക്ത കേന്ദ്രങ്ങളിലേക്ക് അയയ്ക്കും; അതിർത്തിയിൽ കർശന പരിശോധന; മദ്യദുരന്തം സൃഷ്ടിച്ചു മദ്യനയം അട്ടിമറിക്കാനുള്ള ശ്രമം തടയും: കർമ്മപദ്ധതിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം കർശനമായി നടപ്പാക്കാൻ കർമ്മപദ്ധതിക്കു രൂപം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്പിരിറ്റ് കടത്തുന്നവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തും. മദ്യലഭ്യത കുറയ്ക്കുന്നതിനൊപ്പം മദ്യാസക്തി കുറയ്ക്കാനും നടപടി സ്വീകരിക്കും. പൊലീസ് മുൻകൈയെടുത്ത് മദ്യാസക്തർക്ക് കൗൺസിലിങ് നടത്തും. മദ്യാസക്തിയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹിമുക്ത കേന്ദ്രങ്ങളിലേക്ക് അയച്ച് ലഹരിമോചന ചികിത്സ നൽകും. മദ്യം ലഭിക്കാതെയാവുമ്പോൾ മയക്കുമരുന്നിലേക്ക് തിരിയാനുള്ള സാധ്യത അടയ്ക്കാൻ ആവശ്യമായ നിയന്ത്രണം കൊണ്ടുവരും.

അനധികൃത സ്പിരിറ്റ് വരാനുള്ള സാധ്യത കണക്കിലെടുത്ത് അത്തരം പഴുതുകളെല്ലാം അടയ്ക്കാൻ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കാര്യക്ഷമമായ നിയന്ത്രണം ഏർപ്പെടുത്തും. അനധികൃത സ്പിരിറ്റ് റൂട്ട് കണ്ടെത്തുന്നതിനും കടത്ത് തുടയുന്നതിനും പൊലീസിനെ വിന്യസിക്കും. മുൻകാലത്ത് ഈശ്വരമൂർത്തിമാരെയും മണിച്ചന്മാരെയും സൃഷ്ടിച്ചത് രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടായിരുന്നു. അങ്ങനെ വീണ്ടും സംഭവിക്കാതിരിക്കാൻ പൊലീസ് നിതാന്ത ജാഗ്രതപുലർത്തും. അനധികൃത മദ്യക്കടത്തിന് നേതൃത്വം നൽകുന്നവരെയും കൂട്ടുനിൽക്കുന്നവരെയും ഗുണ്ടാനിയമത്തിന്റെ പരിധിയിൽ പെടുത്തും. ഗുണ്ടാനിയമം അതിനായി ആവശ്യമെങ്കിൽ ഭേദഗതി ചെയ്യും.

കടൽ മാർഗ്ഗം സ്പിരിറ്റ് കടത്ത് തടയാൻ കോസ്റ്റൽ പൊലീസിനു നിർദ്ദേശം നൽകും. ട്രെയിൻ മാർഗ്ഗം സ്പിരിറ്റ് കടത്ത് തടയാൽ റെയിൽവെ പൊലീസിനെയും സജ്ജമാക്കും. ഡിസ്റ്റിലറിയിൽ നിന്ന് സ്പിരിറ്റ് ലോബിക്കും വ്യാജമദ്യ സംഘങ്ങൾക്കും സ്പിരിറ്റ് ലഭിക്കുന്നത് തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കും. സംഘടിതമായ വ്യാജമദ്യ ഉത്പാദനവും വ്യാജവാറ്റും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യത തടയുന്നതിന്റെ ഭാഗമായി ഓരോ ജില്ലയിലും മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അത്തരം ലോബികൾ സജീവമാകാനിടയുള്ള മേഖലകൾ കണ്ടെത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് തെറ്റായ പ്രവണതകൾ മുളയിലെ നുള്ളാൻ എക്സൈസും പൊലീസും ചേർന്നു സംയുക്തമായ നടപടി സ്വീകരിക്കും. പുതിയ നയം മൂലം ബഹിഷ്കൃതരാകുന്ന മദ്യലോബിയും മറ്റുള്ളവരും ചേർന്ന അതിശക്തമായ മാഫിയ വെല്ലുവിളി ഉയർത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. നിരോധനം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ള സാഹചര്യം കൂടി വിലയിരുത്തി അത്തരം മാഫിയകളെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നേരിടും.

വ്യാജമദ്യ ലോബിക്കു പിന്തുണ നൽകുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സഹായങ്ങൾ നൽകുന്ന രാഷ്ട്രീയക്കാർക്കെതിരെയും ഉദ്യോഗസ്ഥരുടെ പേരിലും മുഖം നോക്കാതെ നടപടിയെടുക്കും. മദ്യക്കടത്ത് കണ്ടെത്താനായി ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. അതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തും. മദ്യവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ക്രിമിനൽ കേസുകളുടെ വിചാരണ സത്വരവും കാര്യക്ഷമമവുമായി നടത്തുന്നതിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തും.

സർക്കാരിന്റെ പുതിയ മദ്യനയത്തോടു എതിർപ്പുള്ള ലോബികൾ സംസ്ഥാനത്തൊരു മദ്യദുരന്തം സൃഷ്ടിച്ച് പുതിയ നയം പരാജയമാണെന്നു വരുത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഒരു കാരണവശാലും അത്തരം മദ്യദുരന്തം കേരളത്തിൽ ഉണ്ടാവാതിരിക്കാനുള്ള അതിശക്തമായ നടപടി ഉണ്ടാകും. ക്വാളിറ്റി പരിശീലനം നടത്താതെ കൊണ്ടുവരുന്ന വ്യാജമദ്യം, സ്പിരിറ്റ്, വ്യാജവാറ്റ് തുടങ്ങി മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തടയാൻ എക്സൈസും പൊലീസും ചേർന്നു ശക്തമായ നടപടി സ്വീകരിക്കും.

മദ്യത്തിന്റെ ലഹരി കുറയുമ്പോൾ മയക്കുമരുന്നിലേക്കു ഷിഫ്റ്റ് ചെയ്യാനുള്ള സാധ്യത തടയാനായി ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ക്യാമ്പെയ്‌ൻ ശക്തിപ്പെടുത്തും. കള്ളിൽ മായം ചേർക്കുന്നതും കൃത്രിമമായ കള്ളുത്പാദനവും നിരുത്സാഹപ്പെടുത്താൻ നടപടിയെടുക്കും. വ്യാജ സ്പിരിറ്റ് സംഭരണ, മിശ്രണ കേന്ദ്രങ്ങൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും.

ബാറുകൾ ഇല്ലാതാവുന്നതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കു മുന്നിലുള്ള ക്യൂ വർധിക്കാനും സംഘർഷമുണ്ടാവാനുമുള്ള സാധ്യത കണക്കിലെടുത്ത് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പാടാക്കും, പട്രോളിങ് ശക്തിപ്പെടുത്തും. ഒക്ടോബർ 2 മുതൽ ഞായറാഴ്ചകൾ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചതിനാൽ ശനിയാഴ്ചകളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ തിരക്ക് നിയന്ത്രണാതീതമായി വർദ്ധിക്കുന്നതിനെ ശക്തമായി തടയും.

വൈദ്യശാസ്ത്രപരമായ ആവശ്യം മുൻനിർത്തി മദ്യം സൂക്ഷിക്കാനുള്ള സ്പെഷ്യൽ ലൈസൻസിന്റെ മറവിൽ മദ്യമുല്പാദിച്ചു വിതരണം നടത്തുന്നതിനെ തടയും. തമിഴ്‌നാട്, കർണ്ണാടക അതിർത്തികളിലും മാഹിയിൽ നിന്നും വിലകുറഞ്ഞ മദ്യം എത്തിക്കാനുള്ള ശ്രമം അതിർത്തി നിരീക്ഷണം ശക്തിപ്പെടുത്തി തടയും.

പുതിയ മദ്യനയം നടപ്പാക്കുന്നതിൽ പൊലീസിന്റെ ഉത്തരവാദിത്വം വലിയതാണ്. ഇതിനായി പൊലീസിന്റെ അംഗബലം വർദ്ധിപ്പിക്കേണ്ടിവരും, മലബാറിൽ മദ്യനിരോധനം നടപ്പാക്കിയിരുന്ന കാലത്ത് പണ്ട് പ്രത്യേക പ്രൊഹിബിഷൻ പൊലീസ് ഉണ്ടായിരുന്നു. പൊലീസിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നും വാഹനങ്ങൾ ലഭ്യമാക്കണമെന്നും സർക്കാരിൽ ആവശ്യപ്പെടുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. മദ്യനയം നടപ്പാക്കാൻ എന്തൊക്കെ ചെയ്യാനാവുമെന്ന് ചർച്ചചെയ്തു തീരുമാനിക്കാൻ സെപ്റ്റംബർ 3ന് എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ടെങ്കിലും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP