Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാൻ മുൻകൂർ അനുമതി വേണ്ട; മന്ത്രിമാർക്കും നിയമപരിരക്ഷയില്ല; നടന്നത് ഗുരുതരമായ അഴിമതി: വിധിപ്പകർപ്പ് പുറത്തുവന്നതോടെ ഉമ്മൻ ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിൽ

ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാൻ മുൻകൂർ അനുമതി വേണ്ട; മന്ത്രിമാർക്കും നിയമപരിരക്ഷയില്ല; നടന്നത് ഗുരുതരമായ അഴിമതി: വിധിപ്പകർപ്പ് പുറത്തുവന്നതോടെ ഉമ്മൻ ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിൽ

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി വേണ്ടെന്ന് വിജിലൻസ് കോടതി. മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ അഴിമതി നിരോധന നിയമപ്രകരാമുള്ള നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. കേസെടുക്കുന്ന സമയത്ത് ഇവർ മന്ത്രിമാരായിരുന്നില്ല എന്നും കോടതി പറഞ്ഞു. വിജിലൻസ് കോടതിയുടെ ഇന്നലത്തെ വിധിന്യായത്തിന്റെ വിശദാംശങ്ങളാണ് ഇന്ന് പുറത്തു വന്നത്. ഇതോടെ ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നില കൂടുതൽ പരുങ്ങലിലായി. 

അഴിമതി നിരോധനത്തിന്റെ സെക്ഷൻ 19 പ്രകാരമുള്ള പരിരക്ഷ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ലഭിക്കില്ല. പരാതി നൽകുന്ന സമയത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റ് പ്രതികൾക്കും നിയമപരിരക്ഷ കിട്ടില്ല. ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ടൈറ്റാനിയത്തിൽ നടന്നത് ഗരുരുതരമായ അഴിമതിയാണ്. മാലിന്യ പ്ലാന്റ് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് എന്രർപ്രൈസ് ബോർഡിന്രേയും ടൈറ്റാനിയം ഡയറക്ടർ ബോർഡിന്രേയും നടപടികൾ ദുരൂഹമാണെന്ന് നിരീക്ഷിച്ച കോടതി സത്യം പുറത്തു വരാനായി കെ.കെ.രാമചന്ദ്രന്രെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ടു. കേസിലെ പ്രതികളായ ഡി.കെ. ബാസുവിനേയും രാജീവിനേയും ചോദ്യം ചെയ്യാത്തതിനെ കോടതി വിമർശിച്ചു. 

ടൈറ്റാനിയത്തിൽ നടന്ന 360 കോടിയുടെ അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർ ഉൾപ്പെടെ പതിനൊന്ന് പേരെ പ്രതികളാക്കി കേസെടുത്ത് അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ ഇന്നലെയാണ് ഇന്നലെ ഉത്തരവിട്ടത്. ടൈറ്റാനിയത്തിൽ മാലിന്യ നിർമ്മാർജന പ്ലാന്റ് നിർമ്മിച്ചതിലുണ്ടായ നഷ്ടത്തിന് രാഷ്ട്രീയ നേതൃത്വത്തെയോ ഉദ്യോഗസ്ഥരെയോ കുറ്റപ്പെടുത്താനാകില്ലെന്ന വിജിലൻസ് റിപ്പോർട്ട് തള്ളിയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

വേണ്ടത്ര പഠനമില്ലാതെയും വിദഗ്ദ്ധ റിപ്പോർട്ടുകൾ പരിഗണിക്കാതെയുമാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ടൈറ്റാനിയം മുൻ ജീവനക്കാരനായ ജയൻ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ഇവയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. നാലു മാസത്തിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിലുണ്ട്.

2006ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല കെപിസിസി പ്രസിഡണ്ടും ആയിരിക്കെയാണ് അഴിമതി ഉണ്ടായത്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ടൈറ്റാനിയം കേസ് ജനശ്രദ്ധയിൽ വന്നത്. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് ഉമ്മൻ ചാണ്ടിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതുകൊണ്ടാണെന്നാണ് രാമചന്ദ്രന്മാസ്റ്റർ ആരോപിച്ചത്.

ടൈറ്റാനിയം കമ്പനിയിൽനിന്നും കടലിലേക്കൊഴുക്കുന്ന മലിനജലം സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ മുൻ എൽഡിഎഫ് സർക്കാർ 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. യുഡിഎഫ് ഗവൺമെന്റ് വന്നതോടെ പഴയ പ്രോജക്റ്റ് അട്ടിമറിച്ചു. പകരം 270 കോടി രൂപയുടെ പുതിയ മാലിന്യ സംസ്‌കരണ പ്രോജക്റ്റ് ആസൂത്രണം ചെയ്തു. മെ­ക്കോൺ കമ്പനിക്കായിരുന്നു കരാർ. നൂറ് കോടിയോളം രൂപയുടെ ആസ്തിയുള്ള കമ്പനി അതിന്റെ മൂന്നിരട്ടിയോളം രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതിലെ തട്ടിപ്പ് മറച്ചുവെക്കാൻ കമ്പനിയിലെ ഉല്പാദനം പെരുപ്പിച്ച് കാണിക്കുന്ന കൃത്രിമംപോലും ഉണ്ടായതായി ആക്ഷേപം ഉയർന്നു. അഴിമതി നിറഞ്ഞതാണ് എന്ന് വ്യക്തമായതിനാൽ കരാർ ഒപ്പിടാൻ താൻ തയ്യാറായില്ല എന്നതിനാൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് എന്നാണ് രാമചന്ദ്രൻ മാസ്റ്റർ പത്രസമ്മേളനത്തിൽ ആവർത്തിച്ചു പറഞ്ഞത്.

സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശിനെ അനുകൂലിച്ചുകൊണ്ട് തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും രംഗത്ത് വന്നു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷത്തിന്റെ ആവശ്യം മാത്രമാണെന്നും കേസിൽ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ സുധീരൻ കോടതി വിധി മുഖ്യമന്ത്രിക്കെതിരാണോയെന്ന് പാർട്ടി പരിശോധിക്കുമെന്നും പറഞ്ഞു. 

അതേ സമയം ടൈറ്റാനിയം കേസിലെ പുതിയ വിധിയിൽ സർക്കാർ അപ്പീൽ നൽകിയേക്കും. ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഇന്നു തന്നെ അപ്പീൽ നൽകാനാണ് തീരുമാനം. അപ്പീലിന് പോയാൽ കേസ് നിലനിൽക്കില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. 

സിബിഐ അന്വേഷണം നടത്തണം: വി.മുരളീധരൻ
ടൈറ്റാനിയം കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ. കോൺഗ്രസും സിപിഐഎമ്മും ചേർന്ന് നടത്തിയ അഴിമതി ഇവിടെ അന്വേഷിച്ചാൽ ശരിയാവില്ലെന്നും കേന്ദ്ര ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതു വരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമടക്കം 3 മന്ത്രിമാരും സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് കരാറെങ്കിലും എല്ലാ ചർച്ചകളും പൂർത്തിയാക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്നും മുരളീധരൻ ആരോപിച്ചു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP