Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോണോ റെയിൽ കേരളത്തിൽ ഓടില്ല! ഭീമമായ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ തിരുവനന്തപുരം - കോഴിക്കോട് മോണോറെയിൽ പദ്ധതികൾ ഉപേക്ഷിച്ചു; പകരം ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

മോണോ റെയിൽ കേരളത്തിൽ ഓടില്ല!  ഭീമമായ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ തിരുവനന്തപുരം - കോഴിക്കോട് മോണോറെയിൽ പദ്ധതികൾ ഉപേക്ഷിച്ചു; പകരം ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം: തിരുവനന്തപുരം - കോഴിക്കോട് മോണോറെയിൽ പദ്ധതി ഉപേക്ഷിച്ചു. ഇതിന് പകരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനും തീരുമാനമായി. ഇതിന്റെ രൂപരേഖ നാലാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കാനും ഡി.എം.ആർ.സിയോട് നിർദ്ദേശിച്ചു. പദ്ധതി ഉപേക്ഷിച്ച കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞാണ് അറിയിച്ചത്. പദ്ധതിക്ക് ആവശ്യമായ ഭീമമായ തുക താങ്ങാൻ സാധിക്കില്ലെന്നത് തന്നെയാണ് പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിന് പിന്നിലുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

സംസ്ഥാന സർക്കാറിന്റൈ സ്വപ്ന പദ്ധതിയില്പെട്ടുവെന്ന് പറഞ്ഞാണ് സർക്കാർ ഇക്കാര്യം അവതരിപ്പിച്ചത്. പദ്ധതി സംബന്ധിച്ച് നിലനിന്ന എല്ലാ അനിശ്ചിതത്ത്വങ്ങളും അവസാനിച്ചെന്നും കേരള മോണോ റെയിൽ കോർപറേഷൻ ലിമിറ്റഡിനായിരിക്കും നിർമ്മാണ ചുമതലയെന്നും നേരത്തെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ട് പദ്ധതി തുടങ്ങി ഒരുമാസത്തിനകം തിരുവനന്തപുരത്ത് നിർമ്മാണം ആരംഭിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ഡിസംബറിൽ രണ്ട് പദ്ധതികളിലെയും വിശദ പ്രോജക്ട് റിപ്പോർട്ട് ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ. ശ്രീധരൻ സർക്കാറിന് സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം മോണോ റെയിലിനുവേണ്ടി നാഷനൽ ട്രാൻസ്‌പോർട്ടേഷൻ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്ററാണ് പദ്ധതി രേഖ തയാറാക്കിയത്. രണ്ട് ഘട്ടങ്ങളിലായി 41.8 കിലോ മീറ്ററാണ് തിരുവനന്തപുരം മോണോ റെയിലിന്റെ ദൈർഘ്യം. 3590 കോടിയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിച്ചത്. കഴക്കൂട്ടം ടെക്‌നോസിറ്റി മുതൽ തമ്പാനൂർ വരെ എന്ന നിലയിലാണ് ഒന്നാം ഘട്ടം പ്രഖ്യാപിച്ചത്. തുടർന്ന് കരമന നെയ്യാറ്റിൻകര റൂട്ടിലാണ് രണ്ടാംഘട്ട നിർമ്മാണം. മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. മന്ത്രിസഭാ അനുമതി ലഭിച്ച് മൂന്നുമാസത്തിനകം സ്ഥലം ഏറ്റെടുത്ത് നിർമ്മാണം തുടങ്ങാനാണ് തീരുമാനം.

കോഴിക്കോട് മോണോ റെയിലിന്റെ ഒന്നാംഘട്ടത്തിന് 1700 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ജങ്ഷൻ മുതൽ രാമനാട്ടുകര വരെ 23 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. മെഡിക്കൽ കോളജ് ഹോസ്റ്റൽ മുതൽ മീഞ്ചന്ത വരെയുള്ള 14.2 കിലോമീറ്ററും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. മാവൂർ റോഡ്, മാനാഞ്ചിറ വഴിയാണ് മോണോ റെയിൽ നിർമ്മിക്കുന്നത്. റോഡിൽ നിന്ന് 20 മീറ്റർ ഉയരത്തിലാകും ഇവയുടെ നിർമ്മാണം ലക്ഷ്യമിട്ടത്.

കൊച്ചി മെട്രോ റെയിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതും അത് തീർത്ത ഗതാഗത പ്രശ്‌നങ്ങളും കൂടി കണക്കിലെടുത്താണ് സർക്കാർ മോണോ റെയിൽ പദ്ധതിയെ ഉപേക്ഷിക്കാൻ തീരുമാനം കൈക്കൊണ്ടത്. വ്യാപാരികളുടെ ഭാഗത്തു നിന്നും മോണോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നിരുന്നു. ഇതും തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകാൻ കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP