Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട് പ്രസ്‌ക്ലബ് അംഗങ്ങൾ ഇനി മദ്യസൽക്കാരങ്ങളിൽ പങ്കെടുക്കില്ല; വാർത്താസമ്മേളനം നടത്തുന്നവരുടെ ഭക്ഷണവും സമ്മാനവും തിരസ്‌ക്കരിക്കും: തിരുവനന്തപുരത്തെ പത്രപ്രവർത്തകർ കണ്ടുപഠിക്കാൻ ഒരു വയനാടൻ മാതൃക

വയനാട് പ്രസ്‌ക്ലബ് അംഗങ്ങൾ ഇനി മദ്യസൽക്കാരങ്ങളിൽ പങ്കെടുക്കില്ല; വാർത്താസമ്മേളനം നടത്തുന്നവരുടെ ഭക്ഷണവും സമ്മാനവും തിരസ്‌ക്കരിക്കും: തിരുവനന്തപുരത്തെ പത്രപ്രവർത്തകർ കണ്ടുപഠിക്കാൻ ഒരു വയനാടൻ മാതൃക

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ: മദ്യവിരുദ്ധ കാമ്പയിനിന് മുൻകൈയെടുത്ത കെപിസിസി പ്രസിഡന്റ് വി എം സുധീരന് എല്ലാ പിന്തുണയും നൽകിയത് സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരായിരുന്നു. എന്നാൽ മദ്യത്തിനെതിരെ വാർത്തകൾ നൽകുന്നതിനൊപ്പം തന്നെ അനധികൃത ബാർ പ്രവർത്തിപ്പിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ് മാദ്ധ്യമ പ്രവർത്തകർക്ക് തന്നെ നാണക്കേടുണ്ടാക്കി. അതേസമയം ഈ നാണക്കേട് കഴുകിക്കളയാൻ വയനാട്ടിലെ ഒരു വിഭാഗം പത്രപ്രവർത്തകർ രംഗത്തെത്തി. ഇനി മുതൽ മദ്യസൽക്കാരങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടാണ് വയനാട്ടിലെ പത്രക്കാർ തിരുവനന്തപുരത്തുകാർക്ക് കണ്ടുപഠിക്കാൻ മാതൃക തീർത്തത്.

കേരളത്തിൽ ബാറും മദ്യവും ചർച്ചയാകുന്ന സാഹചര്യത്തിലാണ് വയനാട് പ്രസ് ക്ലബിന്റെ ഈ വിപ്ലവകരമായ തീരുമാനം. ചില കീഴ് വഴക്കങ്ങളെ തൂത്തെറിയേണ്ടത് അത്യാവശ്യമാണെന്ന ചില യുവമാദ്ധ്യമപ്രവർത്തകരുടെ നീക്കമാണ് തീരുമാനത്തിന് ഇപ്പോഴത്തെ ശ്രമത്തിന് പിന്നിൽ. അതിന്റെ തുടക്കമാണിത്. കഴിഞ്ഞദിവസം പ്രസ് ക്ലബിൽ വിളിച്ചുചേർത്ത ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ ഐക്യകണ്‌ഠേനയായിരുന്നു ഈ തീരുമാനം. കഴിഞ്ഞയാഴ്‌ച്ച പ്രസ് ക്ലബിൽ നടന്ന കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ജനറൽ ബോഡി യോഗത്തിലും ഈ തീരുമാനമുയർന്നിരുന്നു.

എന്നാൽ ഇത് തീരുമാനമാകാതെ വന്നതോടെയാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ ഏകകണ്ഠമായി ഇങ്ങനയൊരു ആവശ്യമുയർന്നത്. ഒരു വിഭാഗത്തിന് ഇതിൽ കാര്യമായ താൽപര്യം തോന്നിയില്ലെങ്കിലും ചില മാദ്ധ്യമപ്രവർത്തകർ തീരുമാനത്തിൽ ഉറച്ചുനിന്നു. വയനാട് പ്രസ് ക്ലബ്ബിലെ ഇപ്പോഴത്തെ സെക്രട്ടറിയായ ദേശാഭിമാനി ലേഖകൻ ഒ വി സുരേഷ് നാളുകളായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു, ഇത്. റിപ്പോർട്ടർ ചാനൽ പ്രതിനിധിയും പ്രസ് ക്ലബ് ട്രഷററുമായ എം കമൽ, ഇന്ത്യാവിഷൻ പ്രതിനിധി എസ്. വിനേഷ് കുമാർ, ഏഷ്യാനെറ്റ് പ്രതിനിധി ജയ്‌സൺ മണിയങ്ങാട്, മലയാള മനോരമ ലേഖകൻ രമേശ് എഴുത്തച്ഛൻ, തേജസ് ലേഖകൻ ജംഷീർ ഉൾപ്പെടെയുള്ളവരാണ് പൂർണമായും മദ്യനിരോധനം വേണമെന്ന ആവശ്യമുയർത്തിയത്. സ്വകാര്യസർക്കാർ പരിപാടികളിൽ മാദ്ധ്യമപ്രവർത്തകർ മദ്യസൽക്കാരത്തിൽ ഇനി മുതൽ പങ്കെടുക്കില്ല. അത്തരത്തിൽ പങ്കെടുക്കുന്നത് വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

മാത്രമല്ല വാർത്താസമ്മേളനം നടത്തുന്നവരുടെ സൗജന്യഭക്ഷണവും ഇനിമുതൽ മാദ്ധ്യമപ്രവർത്തകർ ഒഴിവാക്കും. അതേസമയം സർക്കാർ പരിപാടികളിൽ മാദ്ധ്യമപ്രവർത്തകർക്ക് ഭക്ഷണം ഏർപ്പാടാക്കിയാൽ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും. എല്ലാപരിപാടികളും പൂർണ്ണമായും പ്രസ് ക്ലബിന്റെ തീരുമാനമനുസരിച്ചാവും. സ്വകാര്യ ഏജൻസികളോ മറ്റോ പ്രസ് ക്ലബിലേക്ക് ഭക്ഷണംകൊണ്ടുവരുന്നതിനും നിരോധനമുണ്ടാകും. മാദ്ധ്യമപ്രവർത്തകരുടെ പേരിൽ വ്യാജന്മാരും ഇടനിലക്കാരും വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു കൂട്ടായ തീരുമാനം. മദ്യപിക്കാത്തവരായി വിരലിലെണ്ണാവുന്നവർ മാത്രമുള്ള കൂട്ടായ്മയാണ് വയനാട് പ്രസ് ക്ലബിലെന്നിരിക്കെയും മാതൃകയാക്കേണ്ടൊരു തീരുമാനമായിതിനെ വിലയിരുത്താം. 25 പ്രസ് ക്ലബ് അംഗങ്ങളും 55ഓളം അംഗങ്ങളല്ലാത്തവരും ഉൾപ്പെടെ 80ഓളം പേരാണ് വയനാട് പ്രസ് ക്ലബിൽ എത്താറ്.

ഈ അടുത്തകാലത്തായി വാർത്ത പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി മാദ്ധ്യമപ്രവർത്തകർക്ക് മദ്യവും ഭക്ഷണവും ഏർപ്പാടാക്കുന്ന പ്രവണത വ്യാപകമായിരുന്നു. പ്രധാനമായും റിസോർട്ടുടമകളും വിംസ് പോലുള്ള ആശുപത്രിയും മറ്റ് സ്വകാര്യ സംഘടനകളും എൻജിഒകളുമാണിതിന് പിന്നിൽ. ഇതിന് ചില വിരുതന്മാർ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മാദ്ധ്യമപ്രവർത്തകരുടെ ശിങ്കിടി ചമഞ്ഞ് കാര്യംകാണുന്നവരും വയനാട്ടിലെ മാദ്ധ്യമപ്രവർത്തകർക്കിടയിൽ വ്യാപകമായിട്ടുണ്ട്.

ഈയൊരു സാഹചര്യത്തിലാണ് മദ്യനിരോധനവും സൗജന്യഭക്ഷണം വേണ്ടാന്ന് വയ്ക്കാനും തീരുമാനം. ഒപ്പം മാദ്ധ്യമപ്രവർത്തകരുടെ പേര് പറഞ്ഞ് കാര്യം നേടുന്നവരെയും വാഹനങ്ങളിൽ പ്രസ് സ്റ്റിക്കർ പതിച്ച് പോകുന്ന വ്യാജന്മാരെയും നിയമപരമായി നേരിടാനും ഇത്തരക്കാരെ നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP