Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്ന് കൂവിയാൽ ജാമ്യം കൊടുക്കരുതെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്? ദേശീയതയെ അപമാനിച്ച സൽമാനെ രക്തസാക്ഷിയാക്കണമെന്ന് രമേശ് ചെന്നിത്തലയ്ക്ക് എന്താണ് ഇത്ര നിർബന്ധം?

ഒന്ന് കൂവിയാൽ ജാമ്യം കൊടുക്കരുതെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്? ദേശീയതയെ അപമാനിച്ച സൽമാനെ രക്തസാക്ഷിയാക്കണമെന്ന് രമേശ് ചെന്നിത്തലയ്ക്ക് എന്താണ് ഇത്ര നിർബന്ധം?

എഡിറ്റോറിയൽ

ബ്ദുൾ നാസർ മഅ്ദനി ഒരുപക്ഷേ, ഭീകരനായിരുന്നിരിക്കാം എന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നിരപരാധികളെ കൊല്ലുന്നതിന് വേണ്ടി മഅ്ദനി ഒരുപക്ഷേ, ബോംബ് സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടാകണം. ഇങ്ങനെ എഴുതാൻ കാരണം പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളും മഅ്ദനിക്കെതിരെ രേഖപ്പെടുത്തപ്പെട്ട കുറ്റങ്ങളുമാണ്. എന്നിട്ടും മ്അദനിയോട് ഭരണകൂടം കാണിക്കുന്നത് ക്രൂരതയാണ് എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. രാജ്യത്തെ സർവ്വ നിയമങ്ങൾക്കും വിരുദ്ധമായി ഒരു വിചാരണ തടവുകാരനെ ജീവപര്യന്തം തടവിനേക്കാൾ കൂടുതൽ കാലം തടവിൽ വയ്ക്കുന്നു എന്നതിന്റെ ക്രൂരത മൂലമാണ്. ഇത്രനാളായിട്ടും മഅ്ദനിക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്ത് അർഹിക്കുന്ന ശിക്ഷ കൊടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല എന്നതിനർത്ഥം മഅ്ദനിക്കെതിരെയുള്ള ആരോപണങ്ങളിൽ പലതും കെട്ടിച്ചമച്ചത് തന്നെയാണ് എന്നാണ്.

ഈ നിലപാട് മൂലം മഅ്ദനി അനേകരുടെ മനസ്സിൽ വിഗ്രഹമായി മാറുന്നു. മുസ്ലീമായതുകൊണ്ട് മാത്രമാണ് മഅ്ദനി കൊല്ലാക്കൊല ചെയ്യപ്പെടുന്നത് എന്ന തോന്നൽ മുസ്ലിം സമൂഹത്തിന്റെ മനസ്സിൽ ഒരു മുറിവായി രൂപപ്പെടുന്നു. ഇങ്ങനെ ഒരു വിഗ്രഹത്തെ ശിക്ഷിക്കുന്നതും ഒരു സമൂഹത്തിന്റെ മനസ്സിൽ വ്രണം ഉണ്ടാക്കുന്നതും അങ്ങേയറ്റം വിവേകശൂന്യമായ ഭരണതന്ത്രമാണ്. അത്തരം ഒരു വിവേക ശുന്യതയാണ് ഒരു മാസത്തിൽ അധികമായി സൽമാൻ എന്ന മുസ്ലിം പേരുകാരനായ യുവാവിനെ തടവിലാക്കി വച്ചിരിക്കുന്നത് വഴി കേരളത്തിന്റെ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തലയും ചെയ്യുന്നത്. തലസ്ഥാനത്തെ ഒരു സർക്കാർ തീയേറ്ററിൽ ഒരു സിനിമ കാണാൻ എത്തിയ സൽമാൻ ദേശീയ ഗാനത്തെ ആക്ഷേപിച്ചു എന്നതാണ് സൽമാൻ ചെയ്ത തെറ്റ്. ദേശീയ ഗാനം പാടി കഴിഞ്ഞ ഉടൻ സൽമാൻ കൂവിയെന്നും സൽമാനും സുഹൃത്തുക്കളും ദേശീയ ഗാനത്തെ അപമാനിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്നതുമാണ് ആരോപിക്കപ്പെടുന്ന കുറ്റം.

സൽമാന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നു വിശ്വസിക്കുകയും അതിനെ കഠിനമായി വിമർശിച്ചു വാർത്ത എഴുതുകയും ചെയ്ത ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി. ഈ സംഭവത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് വാസ്തവത്തിൽ ഞങ്ങൾ ആയിരുന്നു. ആ നിലപാടിൽ ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ല. ദേശീയഗാന സമയത്ത് എണീറ്റ് നിൽക്കാതിരുന്നതും അതിന് ശേഷം കൂവിയതും ഭാരതത്തെ അണ്ടർവെയറിനോടുപമിച്ച് പോസ്റ്റിട്ടതും അറസ്റ്റിലായപ്പോൾ തനിക്ക് ദേശീയതയിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് പറഞ്ഞ് ന്യായീകരിച്ചതും തെറ്റ് തന്നെയാണ്. ഈ ചെയ്ത കാര്യങ്ങൾ നിയമവിരുദ്ധമാണെന്നു നിയമത്തിൽ എഴുതി വച്ചിട്ടുണ്ടെങ്കിൽ അതിന് അർഹമായ ശിക്ഷ നൽകുകയും വേണം. എന്നാൽ തികച്ചും നിയമവിരുദ്ധമായി ഈ യുവാവിന് ജാമ്യം പോലും നൽകാതെ തടവിൽ വച്ചിരിക്കുന്നത് ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണങ്ങളിൽ ഒന്നാണെന്ന് പറയാതെ വയ്യ.

Prevention of Insults to National Honour Act, 1971 എന്ന നിയമം അനുസരിച്ചുള്ള കുറ്റമാണ് സൽമാന്റെ മേലെ ആദ്യം ചുമത്തിയത്. ഈ നിയമത്തിന്റെ മൂന്നാം വകുപ്പിലാണ് ദേശീയഗാനാലാപനത്തെ മനഃപൂർവ്വം തടസ്സപ്പെടുത്തുന്നത് പരമാവധി ഒരു വർഷം മുതൽ മൂന്നുവർഷം വരെയുള്ള തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാക്കി നിജപ്പെടുത്തിയിരിക്കുന്നത്. നിയമത്തിന്റെ നൂലിഴ കീറി പരിശോധിച്ചാൽ ഈ കുറ്റം സൽമാനെതിരെ നിലനിൽക്കില്ല. കാരണം, ദേശീയ ഗാനാലാപനത്തെ സൽമാനോ കൂട്ടാളികളോ തടസ്സപ്പെടുത്തിയില്ല. അത് തീർന്നതിനു ശേഷം മാത്രമാണ്, അവർ കൂവിയത്. ഫേസ്‌ബുക്കിലെ കമന്റാവട്ടെ, 'ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല' എന്ന ദേശഭക്തി ഗാനത്തിന്റെ പാരഡി മാത്രമാണ്. അത് ദേശീയഗാനം ആവുന്നില്ല. ഇങ്ങനെ ചെയ്യുന്നത് ജാമ്യം ഇല്ലാത്ത ഒരു കുറ്റമായി ഇന്ത്യൻ പീനൽ കോഡിലോ ഭരണഘടനയിലോ പറഞ്ഞിട്ടില്ല. ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റു നിൽക്കണമെന്നു യാതൊരു നിർബന്ധവുമില്ലെന്ന് ലല്ലു പ്രസാദ് യാദവിനും റാബറി ദേവിക്കുമെതിരായ കേസിൽ 2005ൽ ബീഹാർ ഹൈക്കോടതിയുടെ വിധിയും നിലവിലുണ്ട്. അതറിയാവുന്നതുകൊണ്ടാണ്, പൊലീസ് ഐപിസി 124എ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം അടക്കം കൂട്ടിച്ചേർത്ത് സൽമാനെതിരായ കേസ് ബലപ്പെടുത്തിയത്. ഇന്നിപ്പോൾ ജാമ്യം പോലും നിഷേധിച്ച് സൽമാനെ ജയിലിൽ നിന്ന് പുറത്തിറക്കാതെ നോക്കുകയാണ് രമേശ് ചെന്നിത്തലയുടെ പൊലീസ്.

തീയേറ്ററിൽ ദേശീയഗാനം പാടിയപ്പോൾ എഴുന്നേറ്റു നിന്നില്ല, ആലാപനം കഴിഞ്ഞപ്പോൾ കൂവിയാർത്തു, സ്വാതന്ത്ര്യദിനത്തിൽ ഫേസ്‌ബുക്കിൽ ഇന്ത്യൻ ദേശീയതയെ അപമാനിക്കുംവിധം കമന്റ് ചെയ്തു തുടങ്ങിയ കുറ്റങ്ങളുടെ പുറത്ത് തിരുവന്തപുരം പേരൂർക്കട സ്വദേശിയായ ഫിലോസഫി ബിരുദാന്തര ബിരുദ വിദ്യാർത്ഥിയെ തടവിൽ അടച്ചിട്ട് ഒരു മാസം പിന്നിടുന്നു. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയ്ക്കു മുമ്പു സർക്കാർ തീയേറ്ററായ നിളയിൽ ദേശീയഗാനം അടങ്ങിയ മ്യൂസിക് വീഡിയോ പ്രർദശിപ്പിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്ന സൽമാനും സുഹൃത്തുക്കൾക്കുമെതിരെ തിരുവന്തപുരത്തെ അഭിനയ എന്ന തീയേറ്റർ ഗ്രൂപ്പിലെ രണ്ടു യുവാക്കളാണ് ഓഗസ്റ്റ് 18ന് പൊലീസിൽ പരാതിപ്പെട്ടത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൽമാനെ 19ന് അർദ്ധരാത്രിയോടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയായിരുന്നു. ഐപിസി 124എ, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കൽ, ഐടി നിയമത്തിലെ വിവിധ ആക്റ്റുകൾ തുടങ്ങിയവ പ്രകാരമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി തമ്പാനൂർ പൊലീസ് സിഐ റഫീഖും സംഘവും സൽമാനെതിരെ എഫ്ഐആർ തയ്യാറാക്കിയത്. ജൂഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സൽമാനെതിരെ ആദ്യം ചുമത്തിയ ഐടി നിയമവും ദേശീയ ഗാനത്തെ അവഹേളിച്ചെന്ന കുറ്റവും നിലനിൽക്കില്ലെന്ന തിരിച്ചറിവിലാണ് പൊലീസ് ഐപിസി 124 എ വകുപ്പ് (ദേശദ്രോഹകുറ്റം) കൂടി ചുമത്തിയത്.എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ, വിമർശനങ്ങൾക്ക് വിലങ്ങ് തീർക്കാൻ ജനാധിപത്യ ഇന്ത്യയിലുടനീളം ഭരണകൂടത്തിന് എളുപ്പം സാധിക്കുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തുക എന്നതാണ്. സ്വന്തം ഭൂമിക്ക് വേണ്ടി പോരാടുന്ന ആദിവാസികൾക്ക് മേലും സംസ്ഥാനങ്ങളുടെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പൗരനു മേലും എന്തിനേറെ, ഭരണകൂടം ചോദ്യം ചെയ്യപ്പെടും എന്നുറപ്പുള്ള ഇടങ്ങളിലെല്ലാം ഈ വകുപ്പ് ഉപയോഗിച്ച് ജനതയെ നിശബ്ദമാക്കുന്ന ഒരിടത്ത് നിന്നാണ് നമുക്ക് ദേശദ്രോഹകുറ്റത്തിന്റെ സാധുതയെ കുറിച്ച് സംസാരിക്കേണ്ടി വരുന്നത്.

റിമാൻഡ് തടവിലിരിക്കെ സൽമാന്റെ ജാമ്യത്തിനായി ബന്ധുക്കളും സുഹൃത്തുക്കളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും കൊലപാതകത്തെക്കാൾ കൊടിയ കുറ്റമാണ് ദേശീയ ചിഹ്നങ്ങളെ അപമാനിക്കൽ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഈ നിലപാട് പൊതുസമൂഹത്തിൽ ഒട്ടേറെ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. സിനിമ തുടങ്ങുന്നതിനു മുമ്പു ദേശീയഗാനം പ്രദർശിപ്പിക്കുന്നതാണ് കൂടുതൽ അപമാനമെന്നും അത് ഉടൻ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ രംഗത്തുവന്നു. സെഡീഷൻ വകുപ്പുകളെ അപ്പാടെ ഭരണഘടനയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ ദേശാഭിമാനിയിൽ ലേഖനമെഴുതി. സൽമാനെ അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥൻ മുസ്ലിം നാമധാരിയാണ്. സൽമാന് ജാമ്യം നിഷേധിച്ച അവധിക്കാല ജില്ലാ സെഷൻസ് ജഡ്ജി വാദം കേൾക്കുന്നതിനിടയിൽ സന്ദർഭം ആവശ്യപ്പെടാത്ത തരത്തിലുള്ള ഒരഭിപ്രായ പ്രകടനം നടത്തുകയുണ്ടായി. അദ്ദേഹവും മുസ്ലിം നാമധാരിയാണ്. ഈ പശ്ചാത്തലത്തിൽ ഹിന്ദുത്വവാദികളിൽ രാജ്യസ്നേഹ വികാരം ആളിക്കത്തിക്കുന്ന സംഭവങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ബന്ധപ്പെട്ടവർക്ക് അവരുടെ പേരുകൾ ബാദ്ധ്യതയാകുന്നുണ്ടോ എന്നത് സൂക്ഷ്മപരിശോധന അർഹിക്കുന്നു എന്ന് മുതിർന്ന പത്രപ്രവർത്തകനായ ബിആർപി ഭാസ്കർ, ഫേസ്‌ബുക്കിൽ എഴുതി. പുരോഗമന കലാസാഹിത്യ സംഘം അടക്കം അറസ്റ്റിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ഫോർ സൽമാൻ വേദിയുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. ലെനിൻ രാജേന്ദ്രൻ മുതൽ ജി പി രാമചന്ദ്രൻ വരെയുള്ള സിനിമാ - സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ തീയേറ്ററിൽ ദേശീയഗാനം പ്ലേ ചെയ്യുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്ക്‌ മുൻകൂർ ജാമ്യം ലഭിച്ചപ്പോൾ സൽമാൻ ഇപ്പോ‍ഴും വിചാരണ തടവുകാരനായി തുടരുകയാണ്. സൽമാനൊപ്പം കേസിൽ ഉൾപ്പെട്ട ഹരിഹര ശർമ്മയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സൽമാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്, ജസ്റ്റിസ് ഫോർ സൽമാൻ വേദി.

അതിനിടെ മൈത്രി പ്രസാദ് ഫയൽ ചെയ്ത പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സിറ്റി പൊലീസ് കമ്മിഷണർ എച്ച് വെങ്കിടേശിന് നോട്ടീസ് അയച്ചിരിക്കയാണിപ്പോൾ. ഓഗസ്റ്റ് 19ന് പൊലീസ് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവർത്തകൻ സൽമാനെ അതിനു ശേഷം കാണാനില്ല എന്നാരോപിച്ചാണ് മൈത്രി പ്രസാദ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. പരാതി അന്വേഷിച്ച് സെപ്റ്റംബർ 30നകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജെ ബി കോശി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ഒക്ടോബർ 8ന് മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ പരിഗണനയ്ക്ക് എത്തും.

എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ, വിമർശനങ്ങൾക്ക് വിലങ്ങ് തീർക്കാൻ ജനാധിപത്യ ഇന്ത്യയിലുടനീളം ഭരണകൂടത്തിന് എളുപ്പം സാധിക്കുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തുക എന്നതാണ്. സ്വന്തം ഭൂമിക്ക് വേണ്ടി പോരാടുന്ന ആദിവാസികൾക്ക് മേലും സംസ്ഥാനങ്ങളുടെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പൗരനു മേലും എന്തിനേറെ, ഭരണകൂടം ചോദ്യം ചെയ്യപ്പെടും എന്നുറപ്പുള്ള ഇടങ്ങളിലെല്ലാം ഈ വകുപ്പ് ഉപയോഗിച്ച് ജനതയെ നിശബ്ദമാക്കുന്ന ഒരിടത്ത് നിന്നാണ് നമുക്ക് ദേശദ്രോഹകുറ്റത്തിന്റെ സാധുതയെ കുറിച്ച് സംസാരിക്കേണ്ടി വരുന്നത്.സൽമാനെ ഒരു മാസമോ മൂന്നു വർഷമോ ജീവപര്യന്തമോ തടവിലിടാനായേക്കും. ഇതുവഴി ചിലർക്ക് ആഘോഷിക്കാൻ ഒരു 'ജീവിക്കുന്ന രക്തസാക്ഷി'യെ ആണ് ലഭിക്കുന്നത്. പരമാവധി പോയാൽ 'സുബോധമില്ലാത്ത അരാജകവാദി' എന്നു വിശേഷിപ്പിക്കാവുന്ന ഒരു യുവാവിനെ ദേശീയതയുടെ റോഡ് റോളറിൽ ഞെരിഞ്ഞമർന്നുപോയ വിമതശബ്ദത്തിന്റെ ഉടമയാക്കി അനശ്വരനാക്കാനാണ് ഇത്തരം നടപടികൾ സഹായിക്കുക.

ഒരാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കിൽ അയാൾ ആക്രമണങ്ങൾക്ക് പ്രേരിപ്പിച്ചതിന് തെളിവ് വേണമെന്ന് അഞ്ച് പതിറ്റാണ്ട് മുമ്പുതന്നെ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേദാർനാഥ് വേഴ്സസ് ദി സ്റ്റേറ്റ് ഓഫ് ബീഹാർ (AIR 1962 SC 955) എന്ന കേസിൽ ഈ വകുപ്പിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നതിന്റെ അടുത്തെത്തിയിരുന്നു, സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യം പ്രധാനം ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19, വകുപ്പ് 2ന്റെ പരിധിയിൽ വരുന്ന കാര്യത്തിനെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ഈ വിധിയിൽ വ്യക്തമായി പറയുന്നു. സൽമാൻ രാജ്യത്തിനെതിരെയോ ഏതെങ്കിലും വ്യക്തികൾക്കെതിരെയോ സ്ഥാപനങ്ങൾക്കെതിരെയോ ആക്രമണം സംഘടിപ്പിച്ചതിന്റെയോ അതിനായി ആഹ്വാനം ചെയ്തതിന്റെയോ ആലോചിച്ചതിന്റെയോ പോലും തെളിവുകളില്ല. ആ സാഹചര്യത്തിൽ ഈ കരിനിയമം ചുമത്തി ജാമ്യം നൽകാതെ സൽമാനെ അകത്തിട്ടിരിക്കുന്നത് അക്ഷന്തവ്യമായ പൗരാവകാശ ലംഘനമാണ്. നിവർത്തിച്ച കുറ്റത്തിന് ആനുപാതികമായി നിയമം അനുശാസിക്കുന്ന ശിക്ഷ മാത്രമേ ഏതു പൗരനും നൽകാവൂ. അതിരുകടന്ന നിയമം അടിച്ചേൽപ്പിക്കലുകൾ നിയമവ്യവസ്ഥയിലുള്ള വിശ്വാസം തന്നെ ഇല്ലാതാക്കും.

മനുഷ്യാവകാശ സംഘടനകളിലും മറ്റും പ്രവർത്തിച്ചത് ചൂണ്ടിക്കാട്ടിയാണ് സൽമാനെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഒച്ച എന്ന സംഘടനയുടെയും, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയുടെയും പ്രവർത്തകനാണ് സൽമാൻ എന്നാണ് ഇന്റലിജൻസിന്റെ കണ്ടുപിടുത്തം. ഈ സംഘടനകളൊന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യുകയോ നിരോധനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നിരിക്കെയാണ് സൽമാനെതിരെ ഈ സംഘടനകളുടെ പ്രവർത്തകനാണ് എന്ന ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.

ഇന്ത്യൻ നിയമത്തിലൂടെ സ്ഥാപിക്കപ്പെടുന്ന ഗവൺമെന്റുകളോട് ഏതെങ്കിലുമൊരാൾക്ക് നീരസം തോന്നുകയാണെങ്കിൽ അഥവാ നീരസം പ്രകടിപ്പിക്കാൻ അയാൾ തയ്യാറാവുകയാണെങ്കിൽ അയാളെ ജീവപര്യന്തം തടവിലടക്കാൻ ഐപിസി 124 എ വകുപ്പ് അനുശാസിക്കുന്നു. വിശ്വാസമില്ലായ്മയും വിദ്വേഷപരമായ വികാരങ്ങളുമൊക്കെ ഈ നീരസ പ്രകടനത്തിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഭരിച്ചിരുന്നപ്പോൾ അവർ ഉൾപ്പെടുത്തിയതാണ് ഈ വകുപ്പ്. 1870ലെ ഐപിസി (ഭേദഗതി) നിയമത്തിലൂടെ കൂട്ടിച്ചേർക്കപ്പെടയും 1898ൽ മറ്റൊരു ഭേദഗതിയിലൂടെ പരിഷ്കരിക്കുകയും ചെയ്ത വകുപ്പാണിത്.

ബാലഗംഗാധര തിലകനും ആനി ബസന്റുമടക്കം നിരവധി സ്വാതന്ത്ര്യസമര പോരാളികൾക്കെതിരെ ഈ സാമ്രാജ്യത്വ നിയമം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ പീനൽ സംവിധാനത്തിലെ ഏറ്റവും നാണക്കേടുണ്ടാക്കുന്ന ഭാഗമെന്നാണ് ഈ വകുപ്പിനെ കുറിച്ച് ജസ്റ്റിസ് രജീന്ദർ സച്ചാർ ഒരിക്കൽ പരാമർശിച്ചത്. നെഹ്രുവിന്റെ അഭിപ്രായവും പൂർണമായും ഈ വകുപ്പിന് എതിരായിരുന്നു. 1951 ൽ അദ്ദേഹം ഈ വകുപ്പിനെതിരെ തന്റെ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങേയറ്റം നിഷേധാത്മകവും നിന്ദാർഹവുമാണ് ഈ വകുപ്പെന്നായിരുന്നു നെഹ്‌റു പറഞ്ഞിരുന്നത്. നടപ്പാക്കാൻ പോകുന്ന ഒരു നിയമസംവിധാനത്തിലും ഈ വകുപ്പിന് പ്രായോഗികമോ ചരിത്രപരമോ ആയ യാതൊരു പ്രാധാന്യവുമില്ല. എത്രയും വേഗം ഈ വകുപ്പ് ഉപേക്ഷിക്കുന്നുവോ അത്രയും നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

മഹത്തായ അഹമ്മദാബാദ് വിചാരണ എന്നു പേരുകേട്ട 1922ലെ ബ്രിട്ടീഷ് ഭരണകാലത്തെ കോടതി നടപടിയാണ് സെഡീഷൻ കേസുകളിൽ ഏറ്റവും പ്രശസ്തം. സ്വാതന്ത്ര്യസമര നേതൃത്വം കയ്യാളിയിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിക്കെതിരെ "നീരസം പടർത്തുന്നു" എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അദ്ദേഹം സ്വയം അതു സമ്മതിക്കുകയും തുടർന്ന് ആറുവർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. ആ വിചാരണയിൽ ഗാന്ധി പറഞ്ഞ പ്രശസ്തമായ ഒരു വാചകമുണ്ട്. നിയമത്തിലൂടെ മമതയുണ്ടാക്കാനോ നീരസം നിയന്ത്രിക്കാനോ കഴിയില്ലെന്നാണ് ഗാന്ധിജി അന്നു പ്രസ്താവിച്ചത്. ലിബറൽ തത്വങ്ങൾക്ക് എതിരും നീതിരഹിതവും സത്യവിരുദ്ധവും ആണ് 124A എന്ന് അദ്ദേഹം വിമർശിച്ചു. പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്താനായി ഒരുക്കിയ ഇന്ത്യൻ പീനൽ കോഡ് വ്യവസ്ഥകളിലെ രാജകുമാരൻ എന്നാണ് അദ്ദേഹം ഈ നിയമവ്യവസ്ഥയെ വിശദീകരിച്ചത്. ഒരു വ്യക്തിയോടോ കാര്യത്തോടോ ഒരാൾക്ക് യാതൊരു മമതയും ഇല്ലെങ്കിൽ അക്രമം കാട്ടാനോ പ്രോത്സാഹിപ്പിക്കാനോ അതേക്കുറിച്ച് ആലോചിക്കാനോ അയാൾ ശ്രമിക്കുന്നിടം വരേയും തന്റെ നീരസം പ്രകടിപ്പിക്കാനുള്ള സമ്പൂർണ്ണമായ സ്വാതന്ത്ര്യം അയാൾക്ക് നൽകണമെന്ന് മഹാത്മാ ഗാന്ധി കോടതിയോട് ആവശ്യപ്പെട്ടു.

സൽമാനെ ഒരു മാസമോ മൂന്നു വർഷമോ ജീവപര്യന്തമോ തടവിലിടാനായേക്കും. ഇതുവഴി ചിലർക്ക് ആഘോഷിക്കാൻ ഒരു 'ജീവിക്കുന്ന രക്തസാക്ഷി'യെ ആണ് ലഭിക്കുന്നത്. പരമാവധി പോയാൽ 'സുബോധമില്ലാത്ത അരാജകവാദി' എന്നു വിശേഷിപ്പിക്കാവുന്ന ഒരു യുവാവിനെ ദേശീയതയുടെ റോഡ് റോളറിൽ ഞെരിഞ്ഞമർന്നുപോയ വിമതശബ്ദത്തിന്റെ ഉടമയാക്കി അനശ്വരനാക്കാനാണ് ഇത്തരം നടപടികൾ സഹായിക്കുക. ഇത്തരം നിയമങ്ങളിലൂടെ ഒരു തരത്തിലും ദേശഭക്തിയുണർത്താൻ കഴിയില്ല. വിദേശരാഷ്ട്രങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ വച്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെടുമ്പോൾ ആ രാഷ്ട്രങ്ങൾ പ്രതിയാക്കപ്പെട്ട തങ്ങളുടെ പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എപ്രകാരമിടപെടുന്നു എന്ന് ഇന്ത്യ കണ്ടു പഠിക്കേണ്ടതാണ്. ഒരു പൗരനെ സ്വയം താൻ ഇന്ത്യയുടെ ഭാഗമാണെന്നു തോന്നിപ്പിക്കുന്നതിലൂടെ മാത്രമേ ദേശസ്നേഹം എന്ന വികാരം അവനിൽ/അവളിൽ ഉണർത്താൻ സാധിക്കൂ. അതു കഴിയാത്തിടത്തോളം രമേശ് ചെന്നിത്തലയുടെ പൊലീസ് ചെയ്യുന്നത് സമൂഹത്തെ കൂടുതൽ ധ്രുവീകരിക്കാൻ മാത്രമേ സഹായിക്കൂ. സൽമാന് എത്രയും പെട്ടെന്ന് മാന്യമായ വിചാരണ അനുവദിച്ച് ചെയ്ത കുറ്റത്തിന് ആനുപാതികമായ ശിക്ഷ നൽകി, ചെയ്യാത്ത കുറ്റത്തിന് അനധികൃതമായി തടവിൽ പാർപ്പിക്കാതെ വിട്ടയയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അത്തരമൊരു അവസരമൊരുക്കാൻ അന്വേഷണ സംഘവും പ്രൊസിക്യൂഷനും മുന്നോട്ടുവരട്ടെ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP