Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്യാണിന്റെ കള്ളസ്വർണ്ണത്തെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കടുത്ത സമ്മർദ്ദം; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കല്യാണരാമൻ ആവശ്യപ്പെട്ടിട്ടും നിയമം അനുശാസിക്കാത്തതിന്റെ പേരിൽ മടിച്ചു നിന്ന പൊലീസിന് ഉറക്കം കൊടുക്കാതെ മാതൃഭൂമിയും മനോരമയും; നിവർത്തിയില്ലാതെ രണ്ട് പേർക്കെതിരെ പെറ്റി കേസ് എടുത്ത് തടിതപ്പി പൊലീസ്; സമ്പന്നർക്കെതിരെ മിണ്ടിയാൽ ഇവിടെ കാര്യങ്ങൾ ഇങ്ങനെയൊക്കെ

കല്യാണിന്റെ കള്ളസ്വർണ്ണത്തെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കടുത്ത സമ്മർദ്ദം; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കല്യാണരാമൻ ആവശ്യപ്പെട്ടിട്ടും നിയമം അനുശാസിക്കാത്തതിന്റെ പേരിൽ മടിച്ചു നിന്ന പൊലീസിന് ഉറക്കം കൊടുക്കാതെ മാതൃഭൂമിയും മനോരമയും; നിവർത്തിയില്ലാതെ രണ്ട് പേർക്കെതിരെ പെറ്റി കേസ് എടുത്ത് തടിതപ്പി പൊലീസ്; സമ്പന്നർക്കെതിരെ മിണ്ടിയാൽ ഇവിടെ കാര്യങ്ങൾ ഇങ്ങനെയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം നൽകുന്ന ഒരു ശതകോടീശ്വരന് ചെറുതായൊന്ന് മുറിവേറ്റാൽ പോലും അവർ വെറുതെയിരിക്കില്ലെന്ന് തീർച്ച. കല്യാൺ ജൂവലറിയുടെ തിരുവനനന്തപുരത്ത് ഷോറൂമിൽ മെഴുകു നിറച്ച സ്വർണം വിറ്റ വാർത്ത പുറത്തു വന്നപ്പോൾ അത് ഒരിക്കൽ കൂടി അടിവരയിരുന്നു. സത്യസന്ധമായ വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കാൻ ഉന്നത തലത്തിൽ ഉണ്ടായ സമ്മർദ്ദത്തിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ സത്യത്തിനൊപ്പം നിന്നവർ മൂക്കത്ത് വിരൽ വയ്ക്കുകയാണ്. കല്യാൺ ജൂവലേഴ്‌സിനെതിരെ വ്യാജ വാർത്ത ഷെയർ ചെയ്ത രണ്ട് പേർ അറസ്റ്റിൽ എന്ന പേരിൽ ഇന്നലെ കേരളത്തിലെ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ പിന്നാമ്പുറം തേടി പായുമ്പോൾ ആണ് അതിസമ്പന്നർ നമ്മുടെ നാട്ടിലെ നിയമങ്ങൾ ദുരൂപയോഗിക്കുന്നത് എങ്ങനെ എന്ന് വ്യക്തമാകുന്നത്.

കല്യാൺ ജൂവലേഴ്‌സിലെ കള്ള സ്വർണ്ണത്തെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കാൻ പൊലീസിൽ സമ്മർദ്ദം ചെലുത്തിയവരിൽ മാതൃഭൂമിയും മനോരമയും വരെ. കല്യാൺ പരാതി കൊടുത്തവർക്കെതിരെ കേസെടുത്തോ എന്ന ചോദ്യവുമായി നിരവധി ഫോൺ കോളുകളാണ് പൊലീസ് ഉദ്യോഗസ്ഥരെ തേടിയെത്തിയത്. പ്രതികളെ പിടികൂടാൻ വൈകുന്നത് എന്ത് എന്ന് പോലും ചോദ്യവുമായി റിപ്പോർട്ടർമാരെത്തി. ഈ സമ്മർദ്ദം ശക്തമായപ്പോൾ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. പെറ്റിക്കേസ് മാത്രമാണ് എടുത്തത്. അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രമെന്ന മറുനാടൻ വാർത്തയായിരുന്നു കല്യാണിനെ വിളറി പിടിപ്പിച്ചത്. മറുനാടൻ കൊടുത്ത ഈ വാർത്ത മറ്റ് മാധ്യമങ്ങളിൽ വരുന്നില്ലെന്ന് ഉറപ്പാക്കാൻ വാരിക്കോരിയാണ് പരസ്യം കല്യാൺ കൊടുത്തത്. ഇതിന്റെ വെളിച്ചത്തിലാണോ ഒരു തെറ്റും ചെയ്യാത്തവരെ കുടുക്കാൻ മാധ്യമങ്ങൾ ശ്രമിച്ചതെന്ന സംശയമാണ് ഇപ്പോൾ സജീവമാകുന്നത്.

കല്യാൺ ജ്യൂലേഴ്‌സിനെതിരെ മറുനാടൻ മലയാളിയിലൂടെ സോഷ്യൽ മീഡിയ ചർച്ചയാക്കിയ വാർത്ത ശരിയെന്ന് തൃശൂർ പൊലീസും സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. വാർത്ത നൽകിയതിന്റേയോ ഷെയർ ചെയ്തതിന്റേയോ പേരിൽ ആർക്കെതിരേയും നടപടിയെടുക്കാനാവില്ലെന്നാണ് അന്വേഷണം നടത്തിയ ഡിവൈഎസ് പി ഉന്നത പൊലീസ് നേൃത്വത്തിന് റിപ്പോർട്ടും നൽകി. കല്യാൺ ജൂലേഴ്‌സിനെതിരെ ഇത്തരത്തിലൊരു പരാതിയുണ്ടായിരുന്നുവെന്നും തമ്പാനൂർ പൊലീസിന്റെ ഇടപെടിലിലൂടെ പണം തിരികെ നൽകിയെന്നുമാണ് തൃശൂർ പൊലീസും ഉറപ്പിക്കുന്നത്. എന്നിട്ടും രണ്ട് പേരെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു. സത്യം പറഞ്ഞാലും അത് പണമുള്ളവർക്കെതിരെയാണെങ്കിൽ കുടുക്കാനാകുമെന്ന സന്ദേശമാണ് പൊലീസും ഇതിലൂടെ നൽകുന്നത്. ഇതിനെ തുടർന്ന് കല്യാൺ ജുവലേഴ്സിനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് ഇന്നത്തെ മാധ്യമങ്ങളിൽ വാർത്തയും വന്നു. സംഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചെന്നും വിവിധ മാധ്യമങ്ങൾ പറയുന്നു.

മനക്കൊടി സ്വദേശി താണിക്കൽ ചമ്മനത്ത് വീട്ടിൽ സിന്റോ ഫ്രാൻസിസ്, അന്തിക്കാട് ആലപ്പാട് സ്വദേശി കാരേപറമ്പിൽ ഭവേഷ് എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വ്യാജ വാർത്ത ഇവർ ഫേസ്‌ബുക്ക്, വാട്ട്സ് ആപ് അടക്കമുള്ള നവ മാധ്യമങ്ങളിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കല്യാൺ ജുവലേഴ്സ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കഴമ്പില്ലെന്നും അതുകൊണ്ട് തന്നെ ഐപിഎസി പ്രകാരം കേസെടുക്കാനാവില്ലെന്നുമായിരുന്നു തൃശൂർ പൊലീസിന്റെ നിലപാട്. എന്നാൽ സമ്മർദ്ദങ്ങൾക്കിടെ കേരളാ പൊലീസ് ആക്ടിലെ 120 ഒ പ്രകാരം രണ്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിൽ വമ്പൻ ഇടപെടലുകൾ നടന്നുവെന്ന് മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞു. കേരളാ പൊലീസ് ആക്ടിലെ 120 ഒ പ്രകാരം ആരേയും ജയിലിൽ അടക്കാനാകില്ല. ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പരമാവധി 5000രൂപ പഴിയോ ആണ് ഈ വകുപ്പ് അനുശാസിക്കുന്ന ശിക്ഷ. അതുകൊണ്ട് തന്നെ ഇത് പെറ്റികേസ് മാത്രമാണ്. ശിക്ഷയിൽ പിഴയും പറയുന്നതിനാൽ അത് മാത്രമേ കോടതി ശിക്ഷയായി നൽകൂ. പിഴ നൽകിയില്ലെങ്കിൽ മാത്രമേ ജയിൽ വാസം വരൂ.

തൃശൂർ റേഞ്ച് ഐജിക്കാണ് കല്യാൺ ഗ്രുപ്പ് പരാതി നൽകിയത്. മെഴുക് വാർത്ത വന്നതോടെ ഉടലെടുത്ത പ്രതിസന്ധിയെ മറികടക്കാനായിരുന്നു ഇത്. വമ്പൻ പത്രങ്ങളിൽ പരസ്യം നൽകിയിട്ടും ഫലം കാണാതെ വന്നതോടെ പൊലീസിൽ സ്വാധീനം ചെലുത്തിയത്. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ഐജിക്കും സമ്മർദ്ദമെത്തി. ഇതോടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ കല്യാണുമായി ബന്ധപ്പെട്ട് പരാതി കിട്ടിയെന്നും അത് തമ്പാനൂർ പൊലീസ് പരിഗണിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇവർക്ക് നഷ്ടപരിഹാരം കൊടുത്തുവെന്നതും സത്യമാണ്. അതുകൊണ്ട് തന്നെ ഐടി ആക്ട് പ്രകാരം കേസെടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. സത്യസന്ധമായ വാർത്ത എഴുതിയവരെ കുടുക്കാനുള്ള നീക്കം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ കേസെടുത്തേ പറ്റൂവെന്ന് ചില കേന്ദ്രങ്ങൾ ശാഠ്യം പിടിച്ചു. അങ്ങനെയാണ് മനക്കൊടി സ്വദേശി താണിക്കൽ ചമ്മനത്ത് വീട്ടിൽ സിന്റോ ഫ്രാൻസിസ്, അന്തിക്കാട് ആലപ്പാട് സ്വദേശി കാരേപറമ്പിൽ ഭവേഷ് എന്നിവരിലേക്ക് കാര്യങ്ങളെത്തിയത്.

സ്വർണ്ണത്തിലെ മെഴുക് വാർത്ത വാട്‌സ് ആപ്പിലും മറ്റും ഷെയർ ചെയ്യുന്നതിനിടെ ഇവർ മറ്റ് ചില അപകീർത്തികരമായ പദങ്ങൾ കൂടി ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പൊലീസ് ആക്ടിലെ 120 ഒ വകുപ്പ് പ്രകാരം കേസെടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഇതിന് പൊലീസിന് നേരിട്ട് കഴിയുകയുമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റം ചാർത്തി പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. കേസെടുക്കാൻ കോടതി അനുമതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്. നടപടിക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തി അവരെ ഉടൻ വിട്ടയയ്ക്കുകയും ചെയ്തു. തിരുവനന്തപുരത്തെ സ്വർണ്ണത്തിനൊപ്പം മെഴുകു വിൽപ്പന സത്യസന്ധമാണെന്നാണ് തൃശൂർ പൊലീസും കണ്ടെത്തിയിരിക്കുന്നത്. എന്നിട്ടും കേസെടുക്കേണ്ടി വന്നത് പരാതിക്കാരൻ മുതലാളി ആയതു കൊണ്ട് മാത്രമാണ്.

അതിനിടെ 120 ഒ പ്രകാരം കേസെടുത്തവരെ അറസ്റ്റ് ചെയ്യാൻ മാധ്യമങ്ങൾ പോലും പൊലീസിൽ സമ്മർദ്ദം ചെലുത്തി. പലരും നിരന്തരം പ്രതികളെ അറസ്റ്റ് ചെയ്‌തോയെന്ന് പൊലീസിൽ തിരിക്കി. കൊടു കുറ്റവാളികളുടെ അറസ്റ്റിന് വേണ്ടി പോലും ശ്രമിക്കാത്തവരാണ് ഇവർ. അതിനിടെ തൃശൂരിലെത്തിയ മുഖ്യമന്ത്രിയേയും കല്യാണരാമൻ നേരിട്ട് കണ്ടിരുന്നു. പരാതി കൊടുത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ തിരുവനന്തപുരത്തെ മെഴുകു വിൽപ്പന സത്യസന്ധമായതു കൊണ്ട് തന്നെ കടുത്ത നടപടികളെടുക്കരുതെന്നും നിയമ പ്രകാരം മാത്രമേ പ്രവർത്തിക്കാവൂവെന്നുമായിരുന്നു പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദ്ദേശം. എന്നാൽ പൊലീസിലെ ഒരു ഉന്നതൻ കല്യാണിന് വേണ്ടി വാദമുയർത്തിയതോടെയാണ് 120 ഒ പ്രകാരം പാവപ്പെട്ട രണ്ടു പേർക്കെതിരെ കോടതി നിർദ്ദേശ പ്രകാരം കേസെടുക്കാൻ നിർബന്ധിതമായത്.

കല്യാൺ ജുവലേഴ്സിനെതിരേ നടക്കുന്ന കുപ്രചാരണങ്ങൾ ആസൂത്രിതമാണെന്നു നേരത്തെ കല്യാൺ ജൂവലേഴ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ കല്യാൺ ജുവലേഴ്സിനെതിരേ വ്യാജപ്രചാരണം നടത്തിയെന്ന കേസിൽ നേരത്തെ ദുബായ് പൊലീസ് ഒരാളെ പിടികൂടിയിരുന്നുവെന്നും വിശദീകരിക്കുന്നു. എന്നാൽ ദുബായിൽ പിടികൂടിയ ആളിന്റെ പേര് പറയുന്നുമില്ല. ഇതിനൊപ്പം നേരത്തെ ദുബായിൽ രണ്ട് പേരെ പിടികൂടിയെന്നായിരുന്നു കല്യാൺ പറഞ്ഞിരുന്നുവെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം കല്യാൺ ജൂവലറിയിൽ നിന്നും കല്യാണ ആവശ്യത്തിന് 2013 നവംബറിൽ ആണ് ആന്റീക് മോഡൽ നെക്ളേസ് 49.580 ഗ്രാം ഇതിൽ കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം ഏകദേശം 5.5 പവൻ 17-03-2018-ൽ ബാങ്കിൽ പണയം വയ്ക്കാൻ കൊടുത്തപ്പോൾ, ബാങ്ക് അപ്രൈസറുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വർണം വെറും 12 ഗ്രാം മാത്രം അതായത് വെറും ഒന്നര പവൻ. സ്വർണാഭരണത്തിന്റെ അകഭാഗത്ത് മെഴുകു കട്ടകൾ നിറച്ചു വെച്ചിരിക്കയായിരുന്നു. അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവൻ, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നൽകിയത്.

ഇതോടെ ആഭരണം വാങ്ങിയ കല്യാൺ ജുവലറിയിൽ തിരിച്ചു കൊണ്ടു ചെന്നപ്പോൾ ബ്രാഞ്ച് മാനേജർ ഷോബിൻ പറഞ്ഞതാകട്ടെ ഇത്തരം ആഭരണം മെഴുകിൽ ആണ് നിർമ്മിക്കുന്നതെന്നും, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമാണ്. ഏതായാലും മെഴുകിന് സ്വർണത്തിന്റെ വില നൽകാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം കസ്റ്റമർ തിരിച്ചു ചോദിച്ചു. ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് നിലവിലുള്ള സ്വർണത്തിന്റെ കാശ് തരാം എന്നറിയിച്ചു എങ്കിലും, നൽകിയ മുഴുവൻ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, 21.03.2018-ൽ കല്യാൺ ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ആ കാശ് മുഴുവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കല്യാൺ ജൂവലറി അധികൃതരെ വിളിച്ച് വരുത്തിയെന്നും ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് പണം നൽകാമെന്ന ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തില്ലെന്നും എന്നാൽ പരസ്പര ധാരണയിൽ പണം നൽകി പ്രശ്‌നം അവർ തന്നെ പരിഹരിക്കുകയായിരുന്നുവെന്നും തമ്പാനൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ഉന്നത ഇടപെടലിന്റെ അടിസ്ഥാനത്തിൽ സത്യം പറഞ്ഞ എസ് ഐയെ തമ്പാനൂരിൽ നിന്ന് സ്ഥലം മാറ്റുകയാണ് ഉണ്ടായത്.

സ്വർണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാവരും പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡൽ ആഭരണങ്ങൾ ആണെങ്കിൽ, നിങ്ങളുടെ ആഭരണങ്ങൾ നന്നായി ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന കുറിപ്പും കല്യാണിൽ നിന്നും ആഭരണം വാങ്ങിയ ആളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 2013ൽ ഒരു ലക്ഷത്തി നാൽപത്തി ഒൻപതിനായിരം രൂപം നൽകിയാണ് ലളിത എന്നയാളുടെ പേരിൽ ബിൽ നൽകി സ്വർണം വിറ്റത്. സംഭവം കേസാകാതിരിക്കാനായി ഇതോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പണം നൽകിയത്. സാധാരണഗതിയിൽ അൽപമെങ്കിലും പിടിച്ച് നിൽക്കാൻ കഴിയുമായിരുന്നെങ്കിൽ ഉപഭോക്താക്കളെ പറഞ്ഞ് പറ്റിക്കുന്ന ജുവല്ലറി ഉടമകൾ പക്ഷേ തെളിവായ ബില്ലും മെഴുകിന്റെ അളവും കൃത്യമായി സൂക്ഷിച്ചതിനാൽ പണം നൽകി തടി തപ്പുകയല്ലാതെ ഉടമകൾക്ക് വേറെ മാർഗമില്ലായിരുന്നു. വലിയ തട്ടിപ്പ് നടന്നുവെങ്കിലും പരസ്യ വരുമാനം ഇല്ലാതാകുമെന്ന ഭയത്താൽ മുഖ്യധാര മാധ്യമങ്ങൾ ഈ വിഷയം കണ്ട ഭാവം നടിച്ചിട്ടില്ല. ഇതിന്റെ ഫലമായി മാതൃഭൂമിയിലും മനോരമയിലും അടക്കം ഫ്രണ്ട് പേജിൽ മുഴുവൻ പരസ്യം കല്യാൺ നൽകി. നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ ഇതിലൂടേയും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലും കല്യാണിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തുവെന്ന് വരുത്താൻ അവിഹിത ഇടപെടൽ കല്യാൺ നടത്തുന്നത്.

സ്വർണ്ണ തട്ടിപ്പ് നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണവ്യാപാരികൾക്കെതിരെയുള്ള വാർത്ത മുക്കിയതിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധവും നടക്കുന്നുണ്ട്. സംഭവം ഒത്തു തീർപ്പായെങ്കിലും ഉപഭോക്താക്കൾക്കുള്ള ജാഗ്രതാ നിർദ്ദേശം എന്ന നിലയിൽ സംഭവത്തെ കുരിച്ചുള്ള വിവരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതെല്ലാം പ്രതികൂലമായതോടെയാണ് ഇങ്ങനേയും സോഷ്യൽ മീഡിയയുടെ സത്യം പറച്ചിൽ അവസാനിപ്പിക്കാൻ തന്ത്രങ്ങളുമായി കല്യാൺ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP