Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലസ് ടു കോഴ്‌സ് അനുവദിച്ചതിന്റെ മറവിൽ വമ്പൻ വിദ്യാഭ്യാസ കച്ചവടം; 5540 സീറ്റ് ഒഴിഞ്ഞു കിടക്കുന്ന മലപ്പുറത്ത് മാത്രം 74 സ്‌കൂളിൽ പുതിയ ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി; ആയിരത്തോളം അദ്ധ്യാപക നിയമനം വഴി 400 കോടിയുടെ കോഴ വാങ്ങാൻ തയ്യാറെടുത്ത് മാനേജ്‌മെന്റുകൾ

പ്ലസ് ടു കോഴ്‌സ് അനുവദിച്ചതിന്റെ മറവിൽ വമ്പൻ വിദ്യാഭ്യാസ കച്ചവടം; 5540 സീറ്റ് ഒഴിഞ്ഞു കിടക്കുന്ന മലപ്പുറത്ത് മാത്രം 74 സ്‌കൂളിൽ പുതിയ ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി; ആയിരത്തോളം അദ്ധ്യാപക നിയമനം വഴി 400 കോടിയുടെ കോഴ വാങ്ങാൻ തയ്യാറെടുത്ത് മാനേജ്‌മെന്റുകൾ

തിരുവനന്തപുരം: 2015-16 വർഷത്തിൽ സർക്കാർ അനുവദിച്ച ഹയർ സെക്കൻഡറി സ്‌കൂളുകളുടെയും അധികബാച്ചിന്റെയും പിന്നിൽ മാനേജ്‌മെന്റുകൾക്കു വൻതോതിൽ അഴിമതി നടത്താനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണു ലക്ഷ്യമെന്ന് ഇതു സംബന്ധിച്ച രേഖകൾ തെളിയിക്കുന്നു.

'വിദ്യാഭ്യാസ ആവശ്യകത'യുടെ പേരു പറഞ്ഞു ഹയർ സെക്കൻഡറി ഡയറക്ടർ കഴിഞ്ഞ മാർച്ച് ഒമ്പതിനു പുറപ്പെടുവിച്ച ഉത്തരവ് ഒന്നോടിച്ചുനോക്കിയാൽ നാം ഞെട്ടിപ്പോകും. യഥാർത്ഥത്തിൽ ആവശ്യകതയൊന്നുമില്ലാതെയാണ് സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 5540 +2 സീറ്റുകൾ ഒഴിഞ്ഞുകിടന്ന മലപ്പുറം ജില്ലയിൽ 94 പുതിയ +2 ബാച്ച് അനുവദിച്ചിരിക്കുന്നതു തന്നെ ഉദാഹരണം. ആവശ്യമുണ്ടായിട്ടല്ല, വിവിധ മാനേജ്‌മെന്റുകൾക്കു കോഴവാങ്ങി അദ്ധ്യാപകരെ നിയമിക്കാൻ സൗകര്യം ചെയ്തു കൊടുക്കുകയാണ് ഈ ഉത്തരവിന്റെ ലക്ഷ്യം.

പദ്ധതിവിഹിതം പോലും നൽകാൻ കഴിയാതെ അസാധാരണമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മാനേജ്‌മെന്റുകളുടെ പകൽക്കൊള്ളയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നത്. മൂന്നു വിഭാഗമായി തിരിച്ചാണ് സ്‌കൂളുകൾ അനുവദിച്ചിട്ടുള്ളത്. ഹയർ സെക്കൻഡറി സ്‌കൂളുകൾ നിലവിലില്ലാത്ത പഞ്ചായത്തുകളിൽ പുതുതായി അനുവദിച്ചുകൊണ്ടും എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലായി വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തിൽ ഹൈസ്‌കൂളുകളെ ഹയർ സെക്കൻഡറി സ്‌കൂളുകളായി ഉയർത്തിക്കൊണ്ടും അധികബാച്ച് അനുവദിച്ചുകൊണ്ടുമാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

ഹയർ സെക്കൻഡറി സ്‌കൂളുകൾ നിലവിലില്ലാത്ത 122 പഞ്ചായത്തുകളിൽ സ്‌കൂളുകൾ അനുവദിച്ചതിൽ 30 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. വിദ്യാഭ്യാസ ആവശ്യകത എന്നതിന്റെ അടിസ്ഥാനത്തിൽ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 90 സ്‌കൂളുകൾ ഹയർ സെക്കൻഡറി ആയി ഉയർത്തിയതിൽ സർക്കാർ സ്‌കൂളുകൾ വെറും രണ്ടെണ്ണം മാത്രമാണ്. 162 സകൂളുകൾക്ക് അധികബാച്ച് അനുവദിച്ചതിൽ സർക്കാർ സ്‌കൂളുകൾ ഏഴെണ്ണത്തിൽ ഒതുക്കി. ഈ 162 സ്‌കൂളുകളിൽ 74 സ്‌കൂളുകളും മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്നവയാണ്.

എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലായി വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തിൽ സ്‌കൂളുകളും അധികബാച്ചുകളും അനുവദിക്കുന്നുവെന്ന ഉത്തരവിലെ വാദം തട്ടിപ്പാണെന്ന് കഴിഞ്ഞ വർഷത്തെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ കണക്കെടുത്താൽ വ്യക്തമാകും. തിരുവനന്തപുരം-2488, കൊല്ലം-1805, പത്തനംതിട്ട-1435, ആലപ്പുഴ-1074, കോട്ടയം-1684, ഇടുക്കി-1128, എറണാകുളം-2227, തൃശൂർ-2482, പാലക്കാട്-2169, കോഴിക്കോട്-2749, മലപ്പുറം-5540, വയനാട്-361, കണ്ണൂർ-1601, കാസർഗോഡ്-1469. ഈ കണക്കുകളിൽനിന്നു തന്നെ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള സ്‌കൂളുകളിൽ കഴിഞ്ഞ വർഷം പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി സർക്കാർ കണക്കുകൾ തന്നെ പറയുന്നുണ്ട്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം 5540 സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് പുതിയ 74 ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് +2 കോഴ്‌സ് ലഭിക്കുന്നത്. ഇനി മലപ്പുറം ജില്ലയിൽ +2 ഇല്ലാത്ത ഒരു സ്‌കൂളും ബാക്കിയുണ്ടാവാൻ വഴിയില്ല.

ആയിരത്തോളം പുതിയ തസ്തികകളാണ് ഉണ്ടാകാൻ പോകുന്നത്. ഒരു ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനെ നിയമിക്കുന്നതിന് മാനേജ്്‌മെന്റുകൾ 40 ലക്ഷം രൂപ വരെ വാങ്ങുന്നതായാണ് അറിവ്. ഏകദേശം 400 കോടി രൂപയുടെ കോഴപ്പണമാണ് അങ്ങനെ ഒഴുകുന്നത്. ഇതിന്റെ ഒരു ഭാഗം യുഡിഎഫിലെ പ്രബലന്മാർക്ക് ലഭിക്കും. ബാർകോഴ ഇടപാടിനേക്കാൾ വലിയ അഴിമതിയാണ് സർക്കാർ ഒത്താശയോടുകൂടി ഉണ്ടായിട്ടുള്ളത്. എന്നാൽ അതിനനുസരിച്ചുള്ള പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ലായെന്നുവേണം കരുതാൻ. കേരളത്തിൽ ഇത്രയും വലിയ തീവെട്ടിക്കൊള്ള നടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളും മാദ്ധ്യമങ്ങളും ബാർ കോഴയുടെ മാത്രം പുറകെ പോകുന്നത് ദുരൂഹമാണ്.

കഴിഞ്ഞ കൊല്ലം ധൃതിയിൽ +2 സ്‌കൂളുകൾ അനുവദിച്ചു കച്ചവടം ഉറപ്പാക്കാൻ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടർ ചെയർമാനായ ആറംഗ സമിതി ശുപാർശ ചെയ്ത് സർക്കാരിലേക്കു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ അംഗീകരിക്കണമെന്നതാണ് വ്യവസ്ഥയെങ്കിലും അതിലും എത്രയോ ഇരട്ടി സ്‌കൂളുകൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാകുന്നതിനുവേണ്ടി ഹൈക്കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിലെന്നും ഉത്തരവിൽ കാണുന്നുണ്ട്.

പിഎസ്‌സി നിയമനങ്ങൾ കഴിഞ്ഞ കുറെക്കാലമായി മന്ദഗതിയിൽ ആയിരിക്കുകയാണ്. പുതിയ തസ്തികകൾ വ്യാപകമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. സർക്കാർ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ധ്യാപകരെ നിയമിക്കുന്നില്ല. ഒരാൾ വിരമിക്കുന്നതോടെ അയാളുടെ തസ്തിക ഇല്ലാതാകുകയാണ്. എന്നാൽ എയ്ഡഡ് സ്‌ക്കൂളുകളിൽ നിയമനങ്ങൾ കൊഴുക്കുകയാണ്. ജാതി സംവരണം ഇവിടെ ബാധകമല്ല.

മാനേജ്‌മെന്റ് തന്നിഷ്ടപ്രകാരം ലക്ഷങ്ങൾ കോഴ വാങ്ങി നിയമിക്കുന്നവർക്ക് പൊതു ഖജനാവിൽനിന്നാണ് വേതനം നൽകേണ്ടത്. പൊതുജനത്തിന്റെ നികുതിപ്പണം എടുത്ത് ഇവർക്ക് വേതനം നൽകാനുള്ള ധാർമ്മികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അതിനനുസരിച്ചുള്ള ബഹുജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള കടമ രാഷ്ട്രീയ പാർട്ടികൾക്കും മാദ്ധ്യമങ്ങൾക്കും ഉണ്ട്. ബാർകോഴയോടൊപ്പം ഈ വലിയ അഴിമതിയും ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP