Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചങ്ക് ബ്രോ അലിഭായിയെ കൈവിടാതെ നൃത്താധ്യാപികയുടെ ഭർത്താവ് സത്താർ; പൊലീസ് വലയിലേക്ക് സുഹൃത്ത് പോകുന്നതറിഞ്ഞ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് സുഹൃത്തിനൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പ്രൊഫൈൽ ഇമേജാക്കി; കവറിൽ ഉള്ളത് മകളും കൊലക്കേസ് പ്രതിയുമായുള്ള ഫോട്ടോ; റേഡിയോ ജോക്കി രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതിന്റെ തെളിവ് തേടി ഇനി മറ്റെവിടെയും പോകേണ്ടെന്ന് വിലയിരുത്തി അന്വേഷണ സംഘവും

ചങ്ക് ബ്രോ അലിഭായിയെ കൈവിടാതെ നൃത്താധ്യാപികയുടെ ഭർത്താവ് സത്താർ; പൊലീസ് വലയിലേക്ക് സുഹൃത്ത് പോകുന്നതറിഞ്ഞ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് സുഹൃത്തിനൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പ്രൊഫൈൽ ഇമേജാക്കി; കവറിൽ ഉള്ളത് മകളും കൊലക്കേസ് പ്രതിയുമായുള്ള ഫോട്ടോ; റേഡിയോ ജോക്കി രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതിന്റെ തെളിവ് തേടി ഇനി മറ്റെവിടെയും പോകേണ്ടെന്ന് വിലയിരുത്തി അന്വേഷണ സംഘവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അബ്ദുൾ സത്താർ അബ്ദുൾ അസീസ്-ഖത്തറിലെ മലയാളി വ്യവസായിയുടെ ഫെയ്‌സ് ബുക്ക് പേജ് ഇങ്ങനെയാണ്. മടവൂരിൽ ആർ ജെ രാജേഷ് കൊല്ലപ്പെട്ട ശേഷം ഈ ഫെയ്‌സ് ബുക്ക് പേജ് തീർത്തും നിശ്ചലമായിരുന്നു. ഈ പേജിൽ സുഹൃത്ത് സാലിഹ് ബിൻ ജലാലുമായുള്ള യാത്രയും സൗഹൃദവുമാണ് സത്താർ നിറച്ചത്. എവിടെ പോയാലും സത്താറിനൊപ്പമുള്ള ചങ്ക് ബ്രോ. തന്റെ ജിമ്മിലെ പ്രധാന ജീവനക്കാരൻ. ഒച്ചിറയിലെ പഴയ കളിക്കൂട്ടുകാരൻ. അങ്ങനെ സത്താറും സാലിഹെന്ന അലിഭായിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഏറെ വലുതാണ്.

പൊലീസിന് കീഴടങ്ങാൻ പത്ത് മണിക്കൂർ മുമ്പാണ് സാലിഹ് ഖത്തർ വിട്ടത്. ഇതേ സമയം സത്താറിന്റെ ഫെയ്‌സ് ബുക്കിൽ വീണ്ടും ചലനങ്ങളുണ്ടായി. കൊലക്കേസിൽ പ്രതിയായ സുഹൃത്തിനൊപ്പം മകൾ നിൽക്കുന്ന ചിത്രം സത്താർ മുഖചിത്രമാക്കി. സുഹൃത്തും താനുമൊത്തുമുള്ള ചിത്രം പ്രൊഫൈലുമാക്കി. എന്തുവന്നാലും താൻ ഒപ്പമുണ്ടെന്ന സന്ദേശം അലിഭായിക്ക് നൽകുകയാണ് സത്താർ ചെയ്ത്. ഇതോടെ ഇവർ തമ്മിലുള്ള ആത്മബന്ധവും വ്യക്തമായി. കേരളത്തിൽ കീഴടങ്ങാനെത്തിയ പ്രതിക്ക് അഭിവാദ്യം രേഖപ്പെടുത്തിയതിലൂടെ കേസിൽ സത്താറിന്റെ പങ്കും വ്യക്തമായന്നെ് പൊലീസ് പറയുന്നു. സത്താറിന് വേണ്ടിയാണ് രാജേഷിനെ സാലിഹ് കൊലപ്പെടുത്തിയെന്ന് ഉറപ്പിക്കാൻ പോന്ന ശക്തമായ തെളിവും. തനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവനാണ് സാലിഹ് എന്ന് ഫെയ്‌സ് ബുക്കിലെ മാറ്റങ്ങളിലൂടെ സത്താർ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.

രാജഷിന്റെ കൊലയിൽ ഖത്തറിലെ നൃത്താധ്യാപികയുടെ ബന്ധം പൊലീസ് സംശയിച്ചിരുന്നു. കൊലയ്ക്ക് നാലംഗ സംഘം എത്തിയതും മടവൂരിലെത്തിയ കാർ തിരിച്ചറിഞ്ഞതും നിർണ്ണായകമായി. കാറിലുണ്ടായിരുന്നത് സാലിഹാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ കൊലയ്ക്ക് ശേഷം കാഠ്മണ്ടു വഴി നേപ്പാളിലെത്തിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ ഗൂഡാലോചകന്റെ പേരിനൊപ്പം സത്താറുമെത്തി. എന്നാൽ സാലിഹ് തന്റെ ജിമ്മിലുണ്ടായിരുന്നുവെന്ന് പറഞ്ഞ് രക്ഷിക്കാനാണ് സത്താർ ശ്രമിച്ചത്. സാലിഹ് ഖത്തറിലുണ്ടെന്ന് സത്താറിന്റെ മുൻ ഭാര്യയും വെളിപ്പെടുത്തി. ഇതോടെ മൂന്നാമതൊരാളായ അബ്ദുൾ കബീറിലേക്ക് ചർച്ചകളെത്തി. പക്ഷേ പൊലീസ് ഉറച്ച നിലപാടിലായിരുന്നു. സാലിഹ് കേരളത്തിലെത്തിയതിന് തെളിവ് അന്വേ,ണ സംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ഇതോടെ സാലിഹിനെ രക്ഷിക്കാനുള്ള തന്ത്രമെല്ലാം പൊളിഞ്ഞു.

ഖത്തറിലെ ഇന്ത്യൻ എംബസി വഴി നിർണ്ണായക ഇടപെടൽ പൊലീസ് നടത്തി. ഇതിന്റെ ഫലമായി സാലിഹിന്റെ വിസ റദ്ദാക്കപ്പെടുന്ന അവസ്ഥയിലെത്തി. അതിബുദ്ധികാട്ടി കൊല നടത്തിയ ശേഷം കാഠ്മണ്ടു വഴി കൃത്യമായി ഖത്തറിലെത്തിയതാണ് സാലിഹിന് വിനയാകുന്നത്. പിടിക്കപ്പെടില്ലെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ കൊലയ്‌ക്കെത്തിയ കാർ പിടിയിലായതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അന്വേഷണം സാലിഹിലേക്ക് എത്തി. ഇത് മനസ്സിലായതോടെയാണ് മറ്റ് പോംവഴികളില്ലാതെ സാലിഹ് ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്. സുഹൃത്തായ സത്താറിന്റെ വീട്ടിലെത്തിയ ശേഷമായിരുന്ന യാത്രയെന്ന് വേണം ഫെയ്‌സ് ബുക്കിലെ മാറ്റങ്ങളിൽ നിന്ന് അനുമാനിക്കാൻ. അതായത് സാലിഹിനെതിരെ തെളിവുണ്ടെന്ന് പൊലീസ് പ്രഖ്യാപിക്കുമ്പോഴും സത്താറിന് സുഹൃത്തിനെ കൈവിടാൻ പറ്റുന്നില്ല.

തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് സാലിഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തറിൽ നിന്നും ഇയാൾ കേരളത്തിലെത്തുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലും പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങാൻ സന്നദ്ധമാണെന്ന് തന്റെ അഭിഭാഷകൻ മുഖേന അലിഭായി പൊലീസിനെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കീഴടങ്ങുന്നതിന് മുമ്പുതന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തിയത്. കൊല നടത്താൻ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഷംസീർ എന്ന ഒരാളാണ് കസ്റ്റഡിയിലുള്ളത്. ഇതോടെയാണ് അലിഭായിയെന്ന സാലിഹിന്റെ പ്രതിരോധം പൊളിഞ്ഞത്. കേസിലെ മറ്റൊരു പ്രതി അപ്പുണ്ണിയും ഉടൻ കുടുങ്ങുമെന്നാണ് സൂചന.

രാജേഷിനെ കൊലപ്പെടുത്തിയത് അലിഭായിയുടെ നേതൃത്വത്തിൽ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കൊല നടത്താൻ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി രാജേഷിനെ കൊന്ന ശേഷം കാർ മാർഗം ബംഗളൂരുവിലേക്ക് കടന്ന് അവിടെനിന്ന് നേപ്പാൾ വഴി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാൻ പൊലീസ് ശ്രമം നടത്തിവരുകയായിരുന്നു. വിദേശത്തുനിന്നുള്ള ക്വട്ടേഷനാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ മുൻഭർത്താവിന്റെ ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തുള്ള വനിതക്കും അവരുടെ മുൻഭർത്താവിനും ഗൾഫിൽ സഞ്ചാര വിലക്കുണ്ട്. അതിനാൽ അവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാൻ പൊലീസ് ഗൾഫിലേക്ക് പോകാനും ഒരുങ്ങുകയാണ്. ഇവർക്ക് കേസിൽ പങ്കുണ്ടെങ്കിൽ ഖത്തർ പൊലീസിനെ കാര്യങ്ങൾ ധരിപ്പിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്യും. അതിനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP